പേജുകള്‍‌

2015, നവംബർ 6, വെള്ളിയാഴ്‌ച

"വർത്തമാനകവിതയും ആചാരവിധികളും, ഒരു ആത്മനിവേദനം"

    "ഞാന്‍ യാത്ര തുടരുകയാണ്, കവിതയുടെ ഉന്മാദകത്വം സിരകളില്‍ ജ്വലിപ്പിച്ച് ഏറെ കാലം കടന്നുപോയി, പഴമയുടെ രുചിയറിയാനുള്ള വര്‍ത്തമാനത്തിന്റെ ആത്മാവിഷ്‌ക്കാരം. മൂല്യവത്തായ മഹത്‌വചനങ്ങളില്‍ ചെളി തെറിപ്പിച്ച് കടന്നുപോയ കാലഘട്ടത്തിന്റെ ഉന്തുവണ്ടിയില്‍ ചിതലരിച്ച പുസ്തകതാളുകള്‍ ചിതകൂട്ടി എരിച്ചുകളയുകയായിരുന്നു. ബാക്കിവന്ന ഏടുകളിലെ വടിവൊത്ത അക്ഷരലോകത്തെ തിരിച്ചും മറിച്ചും നോക്കിയിട്ടും അവന്റെ കാഴ്ച്ചയില്‍ എല്ലാം ശൂന്യമായിരുന്നു. പഴമയുടെ കയ്യൊപ്പുപതിഞ്ഞ പുരാണേതിഹാസങ്ങള്‍ തൊട്ട്, പുതിയ സൃഷ്ടിയുടെ ലഹരി നിറഞ്ഞ വിത്തുകള്‍ വരെ ഇന്നീ കരിയിലചൂളയില്‍ വെന്തുപുളയുകയാണ്. "

     "വിചിത്രമായ സങ്കല്പങ്ങളും ആചാരങ്ങളുമൊക്കെയായി കുലമഹിമ പുലമ്പുന്ന ഇളമുറകുടിയാന്മാര്‍, അവസരോചിതമായ ഇടപെടലുകളിലെ അസങ്കടിതരായ ഇവരുടെ ചെയ്തികള്‍ക്ക് - കര്‍മ്മങ്ങള്‍ക്ക് യോഗം വിധി എന്നീ വാക്കുകളിൽ  കോര്‍ത്ത കണക്കുകളുടെ  ജീവിതസഞ്ചാരം  തുറന്നു കിട്ടുന്നത് ഒന്നുമറിയാത്ത അല്ലെങ്കില്‍ ഒന്നുമല്ലാത്ത മനുഷ്യകുലങ്ങള്‍ക്കും." ആചാരമര്യാധകള്‍ പാലിക്കാതെ പുണ്യപുരാണങ്ങളെ കണക്കിലെടുക്കാതെ മനുഷ്യദേഹത്തെ അസാധാരണത്വമുള്ള ഒന്നാക്കി തീര്‍ക്കുന്നത് പാപമല്ലേ.; തലവര ശരിയല്ലാത്ത കാരണം ചൂണ്ടിക്കാട്ടി, ശനിദശയുടെ മൂര്‍ദ്ധന്യത്തില്‍ പെട്ടുപോകുന്ന അപകടങ്ങളില്‍ നിന്നും രക്ഷനേടിതരുന്നതിന് ഇന്ന് ദൈവപുത്രന്മാര്‍ തെരുവിലിറങ്ങുന്നു. വിശ്വാസം ഇല്ലാത്തവരെ പോലും അന്ധതയില്‍ ലയിപ്പിച്ച് വിശ്വാസിയാക്കുന്നു. കിട്ടിയ മഹത്തായ സിദ്ധിയില്‍ മനുഷ്യകുലത്തിന് മഹിമകള്‍ ചെയ്യാന്‍ ദൈവം തന്നെ നിയോഗിച്ചിരിക്കുന്നു എന്ന വ്യർത്ഥമായ അറിയിപ്പും.

    "മനുഷ്യദൈവങ്ങളുടെ മടിയിലിരുന്ന് സ്വന്തം ജീവിതനിലവാരം ഉയര്‍ത്തികാട്ടുന്നതിനായി പ്രാര്‍ത്ഥനകളും ഹോമങ്ങളുമായി ജീവിതത്തിലെ നല്ലൊരു സമയം കളഞ്ഞുമുടിക്കുന്നു..! വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങള്‍ക്കും, ജീവിതസൗഖ്യത്തിനുമായി ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് സ്വയം അവരോധിക്കപ്പെടുന്ന ഇത്തരം വ്യാമോഹികളുടേയും ചപലതകളുടേയും കൈകളില്‍ നിന്ന് രക്ഷനേടാനാകാതെ വിശ്യാസസമൂഹം തടങ്കലിലാകുന്ന  അവസ്ഥയാണ് എവിടെയും കാണാന്‍ സാധ്യമാകുത്. സ്വന്തം സമ്പാദ്യമെല്ലാം അപഹരിക്കപ്പെടുന്നതറിയാതെ  പിന്നീട് സ്വന്തം ചെയ്തികളില്‍ പശ്ചാതപിക്കാന്‍ സമയം കിട്ടാതെ ഈ ഒരു വിഭാഗം സമൂഹത്തില്‍ നോക്കുകുത്തികളാകുന്നു. മാറാരോഗങ്ങളാലും, അപകടങ്ങളാലും, ആത്മഹത്യകളാലും, അടിച്ചമർത്തലുകളാലും,
പീഢനങ്ങളാലും മരണത്തിലേക്കടുക്കുന്ന മനുഷ്യരാശിയെ രക്ഷിക്കാന്‍ പണ്ടുമുതല്‍ക്കെ മനുഷ്യർ  ഏറ്റെടുത്ത ദേവീ-ദേവന്മാര്‍ക്കും മറ്റു ദൈവങ്ങൾക്കും തീർത്തും കഴിയാത്ത അവസ്ഥയാണ് ഇന്ന്, അപരാധിയെ വെറുതെ വിടുകയും നിരപരാധിയെ തുറങ്കിലടക്കുകയും ചെയ്യുന്നു. അവിടെ; മനുഷ്യനെ മാംസപിണ്ഢമായി സ്വയം അവരോധിക്കപ്പെടുന്നു, തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയാണ് അവന്‍ അല്ല ഒരു തരത്തിൽ നമ്മുടെ സാമൂഹ്യവ്യവസ്ഥ അവനെ അങ്ങനെയാക്കുകയാണ് ചെയ്യുന്നത്. ചെയ്ത തെറ്റു തിരുത്താന്‍ അവസരം കൊടുക്കാതെ കൂടുതല്‍ തെറ്റുകളിലേക്ക് പോകും തരത്തിലാണ് ഇപ്പോഴത്തെ നീതിന്യായ വിധികള്‍... "

           "ഈ അനന്തമായ ലോകത്തില്‍ തീർത്തും വ്യക്തിനിഷ്ഠമായിരിക്കുന്നു പ്രകൃതി നിയമങ്ങൾ പോലും, ജിവിതം സാധാരണ രീതിയിൽ സാധ്യമല്ലാതായിരിക്കുന്നു, അസാധാരണമായ ചെയ്തികളിലൂടെ മനുഷ്യരാശി മുന്നേറുകയാണ് ഒരു പടി ദൈവത്തേക്കാളുമുപരി എന്നുപറയാം. അന്ധമായ വിശ്വാസ പ്രമാണങ്ങളും, അവിശുദ്ധമായ കൂട്ടുകെട്ടുകളും ഇന്ന് മനുഷ്യകുലത്തെ രണ്ടാക്കിമുറിച്ചിരിക്കുന്നു. മനസ്സ്  -  ചിന്ത എന്നത് വെറും ഒരു സങ്കല്പത്തില്‍ വിരാചിക്കുന്ന ആന്തരീകമായ പ്രേരണയെ ഉള്‍ക്കൊള്ളുന്ന ഒന്നാണ് എന്ന തിരിച്ചറിവ് മനുഷ്യത്വത്തെ വില്ക്കുന്ന അവസ്ഥയില്‍ എത്തിക്കുന്നു. മനുഷ്യശരീരത്തിന് വെറും ചീഞ്ഞു നാറു മാംസപിംഢത്തിന്റെ വിലയാണ് ഇപ്പോഴുള്ളത്. അസന്മാര്‍ഗീക രീതിയിലൂടെ നേട്ടങ്ങള്‍ കൈവരിക്കാന്‍ തിടുക്കം കൂട്ടുന്ന കപടചിന്തകന്മാരും കഴുകന്‍ കണ്ണുകളുമാണ് എപ്പോഴും ചുറ്റിലും കാണാവുന്നത്. എന്റേത് ഈ അനുഗ്രഹീതമായ പ്രപഞ്ച സൃഷ്ടിയിലൂറുന്ന ഏക ദൈവ വിശ്വാസം.  കുലതയെ മുടിക്കുന്ന ദൈവങ്ങളുടെ അനുഗ്രഹം എനിക്ക് വേണ്ട. അന്ധമായ വിശ്വാസങ്ങളും അനാചാരങ്ങളുമായി ജീവിതം ഒരു പടിപോലും മുമ്പോട്ടുപോകുവാന്‍ എനിക്കാവില്ല. ഇരുത്തം വരാത്ത മനസ്സുമായി കയറി ഇറങ്ങിയ മനുഷ്യദൈവങ്ങളുടെ കോട്ടകളില്‍ ഞാന്‍ എന്റെ ദൈവത്തെ കണ്ടെത്തിയിരുന്നില്ല. മനുഷ്യമനസ്സുകള്‍ തമ്മില്‍ കലഹിക്കുമ്പോഴും, അനന്തമായ ഈ യാത്ര എവിടെ  വരെ എന്ന് ചിന്തിക്കില്ല ആരും. സ്വന്തം കുടുംബങ്ങളില്‍ സ്വസ്തഥയും സമാധാനവും  കൈവരിക്കാന്‍ ആള്‍ ദൈവങ്ങളെ കൂട്ടുപിടിക്കുന്ന ഇത്തരം നികൃഷ്ടമായ സ്വഭാവ പരമ്പര നിറഞ്ഞ ലോകം പെരുകുകയാണ്. അന്ധമായ വിശ്വാസം ആള്‍ രൂപമായി ഇറങ്ങി വന്നിരിക്കുന്നു, ഇനി നിങ്ങളാരും ഭയപ്പെടേണ്ട എന്റെ ദൗത്യം മാനവ രക്ഷ, മനുഷ്യനെന്ന ഭാവത്തെ ഞാനെന്ന ഭാവത്തിലൂന്നി അതിന്റെ മൂല്യമില്ലാതാക്കി മനുഷ്യനല്ലാതാക്കിമാറ്റുകയാണ് ഇവിടെ. സ്വയം പ്രഭോഷിപ്പിക്കുകയും ആത്മപ്രശംസ നടത്തുകയും ചെയ്ത് മനുഷ്യത്വത്തെ ചോര്‍ത്തികളഞ്ഞും ഈ സ്വയംഭോഗികള്‍ ആത്മനിര്‍വൃതി തേടുകയാണ്."

    വെറുക്കുന്നു ഇത്തരം അന്ധമായ വിശ്വാസ പ്രമാണങ്ങളെ. എന്റെ രക്തമൂറ്റികുടിക്കുവാന്‍ വരുന്ന കഴുകന്‍ കണ്ണുകള്‍ക്ക് നേരെ  വില്ലുകുലക്കുവാന്‍ ആത്മധൈര്യം എനിക്കുണ്ട്.  ഈ ഹിജടകളുടെ ലോകത്ത് ആത്മാഭിമാനത്തെ ഉള്‍ക്കരുത്താക്കിയ ഒരുപറ്റം മനുഷ്യമനസ്സുകള്‍ എനിക്കൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ക്ക് ഇതുവരെ മങ്ങലേറ്റട്ടില്ല. എന്റെ ലോകത്തെ ഞാന്‍ നയിക്കും, എന്റെ വിശ്വാസത്തെ ഞാന്‍ ഉണര്‍ത്തും, ഇതാണ് എന്റെ ചെയ്തികള്‍, ഇതാണെന്റെ ജീവിതം, അന്ധമായ വിശ്വാസ പ്രമാണത്തിന്റെ  വഴിത്താരയിലൂടെ നടന്നുനീങ്ങുന്ന പഴമയുടെ പുതുജീവനുകള്‍ ഇനിയും തിരഞ്ഞെടുക്കുന്ന വഴികള്‍ ശൂന്യമാകാതിരിക്കട്ടെ.  
     "പൂര്‍ണമാകുമ്പോള്‍ കവിതയില്‍ ഉള്‍തിരിഞ്ഞ പ്രതിസന്ധികള്‍, പ്രഹരങ്ങള്‍ എല്ലാം കവിയുടെ മനസ്സിനെ മുറിവേല്പിച്ചുകാണും. എങ്കിലും ഞാൻ അതിന്റെ ഉന്മാദകത്വം നിറഞ്ഞ യൗവനതീഷ്ണത ആസ്വതിച്ചിരുന്നു അനുഭവിച്ചിരുന്നു. അര്‍ത്ഥപൂര്‍ണ്ണമായ അവിശ്വസനീയമായ ലോക സഞ്ചാരം നടത്താന്‍ ഈ കവിതകളുടെ വരികളിലൂടെ പുതുജീവനുകള്‍ക്കാകുമോ... വ്യര്‍ത്ഥമായ ചിന്തകളും, ആഭിചാരക്രിയകളും, അധ:മവിചാര-വികാരങ്ങളുമായി ഒരു പറ്റം ഹിജടകള്‍ അപ്പോഴും ചിരിക്കുന്നുണ്ടാകാം അത് അവരുടെ കഴിവുകേടായി കണാം നമുക്ക്. മുൻപേ പറഞ്ഞ അന്ധവിശ്വാസധാരയിൽ പഴമയുടെ ഉള്ളറിവ് സാധാരണമാണ്. സിരകളില്‍ നിറയുന്ന ലഹരിയിൽ മനുഷ്യത്വത്തെ മടുപ്പിക്കുന്ന അവസ്ഥ കവിതയുടെ ഉള്‍കണ്ണില്‍ തെളിയിക്കുന്നുണ്ട്. ചെളി തെറിച്ച് മാഞ്ഞുപോയ അക്ഷരലോകം മുട്ടുമടക്കി കവിയുടെ മുമ്പിലിരിക്കുന്നു.  ചിതലരിച്ച പുസ്തക താളുകള്‍ പുതിയ ലോകത്തെ അറിയാനും  തുടങ്ങി. ഇനി കവിതയില്‍ നിന്ന് നിനക്ക് അറിയേണ്ട കാര്യങ്ങള്‍ വ്യക്തം. ഈ അക്ഷരലോകത്തില്‍ നിന്റെ ജീവിതം തെളിയുമോ. അന്ധവിശ്വാസങ്ങളും ആഭിചാരങ്ങളുമായി ഇനിയും അരങ്ങുവാഴുമോ. കവിതയില്‍ കുറച്ച് വരികള്‍ മാത്രം  കുറിച്ചു വക്കുന്നു, അതിന്റെ പൊരുൾ ഒരു  ആത്മനിവേദനമായി മാനവരാശിയുടെ മനസ്സുകളിലേക്കും... "

amaldevpd@gmail.com
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
www.mizhipakarppukal.blogspot.in

11.12.2012  - ൽ എഴുതിയ ആത്മനിവേദനം എന്ന കവിതയെ കുറിച്ച്  2012 ൽ എഴുതിയ വിവരണം.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ