പേജുകള്‍‌

2016, ജൂൺ 13, തിങ്കളാഴ്‌ച

വിധി

.........
ന്യായാന്യായമിടത്തൊരു നേരത്ത്
ന്യായാധിപനൊരു വാക്കെറിഞ്ഞു
നേരറിയുന്നോരാളാ,മുറിയുടെ
വാതിലിൻ മറവിൽ ഒളിച്ച നേരം.
പതിരും കതിരും കൊത്തിയ പൈങ്കിളി
കൂടതിൽ കയറി കരഞ്ഞു നിന്നു
കയ്യിൽ വാളും പരിചയുമായി
വക്കീലൊരു നുണക്കഥയെറിഞ്ഞു.
ന്യായം തെറ്റിച്ചിവളൊരു വേശ്യാ-
വൃത്തിയിലെങ്ങുമരങ്ങേറും
വീറും വാശിയുമുള്ളോരവളുടെ
ചേലയഴിക്കും തെറ്റാണോ..?
ചേല തുമ്പിൽ താളം തുള്ളും
നാണവുമൊരു പിടിയില്ലെന്നാൽ
ചാടിതുള്ളും താടകയിവളൊരു,
നാണക്കേടിൻ ഇറ്റില്ലം.
മാന്യന്മാരെ വട്ടം ചുറ്റും
കരിവണ്ടായിവൾ നടന്നീടും
മാന്യരാമീ,നമ്മളുമിവളുടെ
പാട്ടിലൊരൽപ,മലിഞ്ഞാലോ...?
ന്യായം ചൊല്ലും ന്യായാധിപനേ
ചൊല്ലുയിവൾക്കാ,യന്ത്യ മൊഴി
ന്യായം തെറ്റിച്ചിവളാമാന്യരെ
അന്യായത്തിലളന്നെഴുതി..
ന്യായാധിപനായന്തം വിട്ട്
ചെറുചിരിയോടെ മൊഴിഞ്ഞല്ലോ
ന്യായം തെറ്റിച്ചായേലും ഇവൾ
വൃത്തിയോടല്ലേയരങ്ങേറ്റം...
മാന്യൻമാർക്കീ പകൽ വെട്ടത്തിൽ
മാന്യത കൂടും മരിക്കോളം
മാനക്കേടിൻ രോഷം തീർക്കാൻ
ചൊല്ലേണ്ടിവളുടെ പേരിവിടെ.
വെള്ള കോട്ടിന്നുള്ളിലിരിക്കും
കറുത്ത ഹൃദയം പറിച്ചെറിയു,
പെണ്ണെന്നാലത് വേശ്യയാണെന്നൊരു
വികൃതവികാരം തെറ്റല്ലോ,
ന്യായാന്യായമിടയും നേരം
ന്യായാധിപനൊരു വിധി ചൊല്ലി
വീറും വാശിയുമേറെ കാണും
മാന്യന്മാർക്കതിലാവോളം
മാതൃത്വത്തിൻ വിലയറിയാത്തവർ
മാന്യന്മാരായില്ലിവിടെ...
-------------------------------------------
©  അമൽദേവ്.പി.ഡി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ