മനസ്സില്‍ കൊരുത്തുവച്ച ഒരുപാടു സ്വപ്നങ്ങള്‍, നടന്ന് തീര്‍ക്കാന്‍ ഒരുപാടു വഴികള്‍. ജീവിതം അര്‍ത്ഥ സമ്പുഷ്ടവുമുള്ളതാകുന്നത് എപ്പോഴൊക്കെയാണ്..
ഉള്ളില്‍ എരിഞ്ഞു തീരുന്ന കനലുകളില്‍ കയറിനില്‍ക്കുകയാണ് ഞാന്‍. എന്‍റെ കൈകള്‍ക്ക് ശക്തിയില്ലാതെയായിരിക്കുന്നു, കണ്ണുകള്‍ക്ക് നിന്‍റെ സൃഷ്ടികളെ കണ്ട് ആസ്വദിക്കാനാകുന്നില്ല, കാലുകള്‍ തളര്‍ന്നിരിക്കുന്നു ഒരു പടി മുന്നോട്ടുപോകുവാന്‍ ആകാതെയായി, വിറയ്ക്കുന്ന ശരീരവുമായി ഞാന്‍ ഒറ്റപ്പെടുകയാണ്. എന്‍റെ ദൈവമേ, നിനക്കറിയാം എന്നും നിന്നെ സാക്ഷി നിര്‍ത്തി ഞാന്‍ ചെയ്ത പാപങ്ങള്‍.. നിന്‍റെ സാമീപ്യത്തെ അറിയാതെ നിന്‍റെ അഭിപ്രായത്തെ മാനിക്കാതെ ഞാന്‍ വളര്‍ന്നു, എന്‍റെ തെറ്റ്.
ആരെയും കാണാതെ ആരെയും വകവയ്ക്കാതെ ഒരു തെമ്മാടിയെ പോലെ, വിരസമായി അലഞ്ഞു നടക്കാന്‍ ചിലപ്പോള്‍ തോന്നും, ചിലപ്പോള്‍ നിഷ്‌കളങ്കമായ ചിരിയോടെ സ്‌നേഹത്തിന്‍റെ തണല്‍മരമായി വളരാനും. നല്ലതിനേക്കാള്‍ ചീത്തയാണല്ലോ പെട്ടന്ന് വഴങ്ങുക, അതായിരിക്കാം ഞാന്‍ ഇത്തരത്തില്‍ ഒരു കത്തെഴുതാന്‍ പ്രേരിതനായത്..
ആത്മഹത്യയെ കുറിച്ച് ഒരുപാടു ആലോചിച്ചു, പക്ഷെ എന്തുകൊണ്ടോ ആത്മഹത്യയേയും അത് ചെയ്യുന്നവരോടും എനിക്ക് താല്പര്യമില്ല. മടുപ്പുകലര്‍ന്ന ഈ ജീവിതത്തില്‍ നിന്നും എനിക്ക് മോചിതനാകണം. എന്‍റെ രീതിയെ, എന്‍റെ ഇഷ്ടങ്ങളെ തിരിച്ചറിയാനുള്ള ശക്തി എനിക്ക് പണ്ടെ നഷ്ടപ്പെട്ടിരിക്കുന്നു. എന്‍റെ സ്വപ്നങ്ങളെ തച്ചുടച്ചുകളയാന്‍ തിടുക്കം കൂട്ടുകയാണ് ഇവിടെ ഞാന്‍.
എല്ലാവര്‍ക്കും സ്വന്തം കാര്യങ്ങളെകുറിച്ച് മാത്രമേ ആലോചിക്കാനും പ്രവര്‍ത്തിക്കാനും സമയമുള്ളു. എന്തിനാണ് ഇങ്ങനെയൊരു ജന്മം. രാത്രിയുടെ കറുത്ത കണ്ണാടികൂടിനുള്ളിലൂടെ കണ്ണിലേക്കരിച്ചിറങ്ങുന്ന ചന്ദ്രകിരണങ്ങളെ നോക്കിയിരിക്കാറുണ്ട്, സ്വപ്നങ്ങളെ ബലി കൊടുത്ത് അടര്‍ന്നകലുന്ന ആത്മാവിനെ കുറിച്ചാലോചിച്ച് ഞാന്‍ കരയുമായിരുന്നു. സത്യങ്ങള്‍ എത്രമാത്രം സത്യമായിരിക്കും. ഈ ലോകം വളരുകയാണ് പക്ഷെ എന്‍റെ സ്വപ്നങ്ങള്‍. . എന്‍റെ ജീവിതം. . എവിടെ വരെ. .
ഒരുപാടു വിഷമസന്ധികള്‍ ഉണ്ടായിട്ടുണ്ട്, സംശയകരമായ ചിന്തകളിലെന്നില്‍ കൂടുകൂട്ടുന്നുണ്ടായിരുന്നു, അവ എന്നെ വിടാതെ പിന്തുടരുന്നു. മറക്കാനും മരിക്കാനും കഴിയാത്ത അവസ്ഥ... എങ്കിലും എന്‍റെ കാതുകളില്‍ മുഴങ്ങുന്നത് എനിക്കറിയാം എന്‍റെ ആത്മാവ് എന്നെ വിട്ടകലുവാന്‍ വെമ്പുന്നു. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം എന്‍റെ ആത്മാവ് കൊതിക്കുന്നതില്‍ എന്താണ് തെറ്റ്. എന്‍റെ ആത്മാവ് സ്വയം തേടിയിറങ്ങുകയാണ് സന്തോഷവും സമാധാനവും സ്‌നേഹവും കിട്ടുന്ന മറ്റൊരിടം.
എന്‍റെ സ്വപ്നങ്ങളില്‍ പങ്കുകൊണ്ട് എന്‍റെ ആത്മാവ് സന്തോഷിക്കുന്ന ഒരു ദിനം ഇനിയില്ല, വെന്തെരിയുന്ന കനലിന്‍റെ ചൂട് എന്‍റെ ദേഹത്തെ വരിഞ്ഞുമുറുക്കുന്നു, ചെയ്ത തെറ്റുകള്‍ക്കെല്ലാം മാപ്പ്. ഇനിയും തെറ്റുകളിലേക്ക് യാത്ര തിരിക്കയാകാം, എങ്കിലും ദൈവമേ നിന്‍റെ ലോകം എത്ര സുന്ദരമായിരുന്നു, സന്തോഷപ്രദമായിരുന്നു. അതിലെ സുന്ദര സ്വപ്നങ്ങളെ എരിച്ചുകളയുന്ന ചിതകളിലേക്ക് ഇനിയൊരു ജീവനേയും എറിയരുതേ..
**********************************************************************************
2013 ജൂലൈ 9 ലെ ഡയറി കുറിപ്പ്;
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ