പേജുകള്‍‌

2016, ഡിസംബർ 31, ശനിയാഴ്‌ച

പുതുവത്സരാശംസകൾ... :)

''ഓരോ ദിനവും ലക്ഷ്യങ്ങളിലേക്കുള്ള പടവുകളാണ്, ആ പടവുകൾ കയറുന്പോൾ നാം ഇടക്കൊക്കെ ഒന്നിടറിയെന്നു വരാം. ചിലപ്പോൾ ആ ലക്ഷ്യങ്ങളിലെക്കെത്തുവാൻ ഈ ജീവിതം മുഴുവൻ നമുക്ക് നടന്നു തീർക്കേണ്ടി വരും. അതുപോലെയാണ് സ്വപ്‌നങ്ങളും, ഓരോ ഉണർവിലും ഓരോ സ്വപ്നങ്ങളാണ്. ജീവിതത്തിന്റെ അരണ്ട ഇടനാഴിയിൽ ഒരു സൂര്യവെളിച്ചം പോലെ മിന്നിമറയും ചിലതൊക്കെ. ചിലപ്പോൾ വെളിച്ചത്തെ തല്ലിക്കെടുത്തതും.''

പുതിയപ്രഭാതങ്ങൾ, പുതിയലക്ഷ്യങ്ങൾ, പുതിയസ്വപ്നങ്ങൾ, പുതിയഓർമ്മകൾ, പുതിയരീതികൾ, പുതിയഭാഷകൾ, പുതിയഭാവങ്ങൾ, പുതിയമുഖങ്ങൾ, പുതിയരസങ്ങൾ, പുതിയഭക്ഷണങ്ങൾ, പുതിയരുചികൾ, പുതിയയാത്രകൾ, പുതിയസൗഹൃദങ്ങൾ, പുതിയകാഴ്ച്ചകൾ,... ഇങ്ങനെ പുതിയതായി നമ്മൾ മാറുന്നതും, മാറ്റുന്നതുമായ കാര്യങ്ങൾ, അവയിലെ പുതുമ നഷ്ടപ്പെടുന്നത് വരെ മാത്രം.

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹദീപം എന്നും ജ്വലിച്ചുനിൽക്കട്ടെ. ദിനങ്ങളും, ആഴ്ചകളും, മാസങ്ങളും, വർഷങ്ങളും നാമറിയാതെ നമ്മെ കടന്നു പോകുന്നു. ആഘോഷങ്ങളിൽ മതിമറക്കുന്ന ജീവിതങ്ങൾ, ഒരു ഭാഗത്ത് ആഘോഷമെന്തെന്നറിയാത്ത മനുഷ്യർ. ഓണവും, വിഷുവും, ക്രിസ്മസുമെല്ലാം വന്നുപോകും, ആഘോഷങ്ങൾക്ക് രുചിയിലും ഭാവത്തിലും മാറ്റങ്ങൾ വന്നുചേരും. ഇലകൾ കൊഴിഞ്ഞു പോകും, പുതുനാന്പുകൾ തളിരിടും. ഓരോ പകൽ പിറക്കുന്പോഴും നമ്മളറിയാതെ നമ്മൾ യാത്രപുറപ്പെടുന്നു. രാത്രിയിൽ കനവുകൾ നിറച്ച പട്ടുമെത്തയിൽ സുഖനിദ്രയും. സ്വപ്‌നങ്ങൾ പകൽ പോലെയാണ്, അവ വേഗതയാർന്ന നിമിഷങ്ങളാണ്, തിരക്കേറിയ യാത്രകളാണ്. ഒന്നിനുമീതെ ഒന്നായി വന്നുചേരും. സഫലമാകാതെ അവ വീണുടയും.

പുതുവർഷം ആയിരിക്കുന്നു. പതിവിലേറെ സന്തോഷത്തിലും സമാധാനത്തിലുമാണ് ഞാനും. ആഘോഷങ്ങൾക്ക് പിടികൊടുത്തില്ല. പുതുവത്സരാശംസകൾ നേർന്ന് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ട്വിറ്ററിലുമൊക്കെയായി സന്ദേശങ്ങൾ ഒരുപാടെത്തി. ഒന്നിനും ഈ നിമിഷം വരെ മറുപടി കൊടുത്തിട്ടില്ല. കൊടുക്കണം, പുതുവർഷം നല്ലൊരു ജീവിതം സമ്മാനിക്കട്ടെ...'' പതിവിലും കുറവായിരുന്നു ഫോണിൽ വിളിച്ച് ആശംസകൾ പറഞ്ഞവർ. ആരെയും അങ്ങോട്ടും വിളിച്ചില്ല. ഒരു രാത്രി വഴിമാറി പകലിന്റെ അനന്തമായ സാധ്യതകൾ തുറന്നിടുന്നു, ഒപ്പം അതൊരു പുതുവർഷത്തിന്റെ പിറവി കൂടിയാകുന്പോൾ ആശംസാപ്രവാഹങ്ങളുടെയും, അനുഗ്രഹങ്ങളുടെയും നിമിഷങ്ങളാകും.

''നടന്നു തീർക്കാൻ ഒരുപാട് ദൂരമുണ്ട് ഇനിയും, ഈ യാത്രയിൽ കണ്ടുമുട്ടാൻ ഏറെ മുഖങ്ങളും. മറവികൂടാതെ അനുഗ്രഹങ്ങളും ആശംസകളും നേരുവാൻ മനസ്സുണ്ടാകണം. ചിലരെ ഒപ്പം കൂട്ടേണ്ടി വരും, ചിലരെ അകറ്റി നിർത്തേണ്ടി വരും. എങ്കിലും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഞ്ഞു തുള്ളികൾ എന്നും നമ്മിൽ പതിക്കട്ടെ. എന്റെ എല്ലാ കൂട്ടുകാർക്കും, സഹോദരങ്ങൾക്കും സ്നേഹാദരങ്ങളോടെ  ഒരു പുതുവർഷപ്പുലരി നേരുന്നു.... പുതുവത്സരാശംസകൾ... :)


അമൽദേവ്.പി.ഡി
-----------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ