പേജുകള്‍‌

2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

അമ്മാനിലാവ്


--------------


മകനെ,യെൻമകനെ നീയുറങ്ങു
മനതാരിൽ കതിരിടും നന്മയുമായി
ഒരു വെയിൽ ചില്ലമേൽ കൂട്ടിരിക്കാം
അമ്മതൻ പൊൻകുരുന്നേ ഉറങ്ങൂ...

മധുരമായ് പാടിയുറക്കിടാം ഞാൻ
മാറോടുചേർന്നു നീ ചായുറങ്ങൂ
ചിരിതൂകും നിന്നധരങ്ങളിൽ ഞാൻ
ഒരു നൂറുചുംബനം പകർന്നുതരാം.

അമ്മപ്പൊൻകുരുന്നിനു പാലമൃതായ്
തേനൂറും പാട്ടുകൾ പകർന്നുതരാം
മന്ദാരപ്പൂവിതളേ മകനെ,
അമ്മമടിയിലായ് മുത്തേ ചായുറങ്ങ്.

നിൻകുഞ്ഞുനാവിനാലന്നു മെല്ലെ
അമ്മയെന്നാദ്യം ചൊല്ലിയതും
നിൻകുഞ്ഞു കൈവിരൽ തുന്പിനാളെ
കെട്ടിപ്പുണർന്നനാളെൻ സുഹൃദം...

കുഞ്ഞിക്കാൽ വളരുന്ന മാത്രകളിൽ
ഒരടിവച്ചുനീ, വീണനാളിൽ
വാരിപ്പുണർന്നമ്മയെൻ മകനെ
വാടാതെ സൂക്ഷിച്ചു ഇന്നുവരെ.

കുഞ്ഞുനുണക്കുഴിച്ചന്തമോടെ
ചുണ്ടിൽക്കൊരുത്തൊരു ചിരിയുമായി
ചാഞ്ഞും ചെരിഞ്ഞുംനീ അമ്മമാറിൽ
ചായുറങ്ങൂ കുഞ്ഞേ ചായുറങ്ങൂ...

-----------അമൽദേവ്.പി.ഡി...........


amaldevpd@gmail.com


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ