പേജുകള്‍‌

2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

ഓർമ്മകളിൽ ഒരു ഓണക്കാലം - അമൽദേവ് .പി.ഡി

ഓർമ്മകളിൽ ഒരു ഓണക്കാലം - അമൽദേവ് .പി.ഡി 
--------------------------------------------------------------------------------------------------------------
'' ഓർത്തെടുക്കാൻ ഒത്തിരിയുണ്ടാകും എല്ലാവർക്കും അവരുടെ കഴിഞ്ഞുപോയ ഓണക്കാലത്തെ കുറിച്ച്. ''ഓണം'' എന്നു കേൾക്കുന്പോഴേ മനസ്സിലേക്ക്ക് ഓടിയെത്തുന്ന ചിങ്ങമാസപുലരിയിലെ ഇളവെയിൽ കായുന്ന ഓണതുന്പികളും, നാട്ടിടവഴികളിൽ പൂവിട്ട തുന്പപ്പൂക്കളും മുക്കുറ്റിച്ചെടികളും, മുറ്റത്തു വിരിഞ്ഞ മന്ദാരപ്പൂവുകളും ചെത്തിയും, നിറകതിരിട്ട വയലേലകളും, ഓണപ്പാട്ടുകളും, ഓണസദ്യയുമായി അങ്ങനെ ഒത്തിരിയൊത്തിരിയുണ്ടാകും, മനസ്സിന്റെ അഗ്രഹാരത്തിൽ അടങ്ങാത്ത ആവേശമായ, ഒരു ഓണക്കാലത്തിന്റെ വിശുദ്ധിയും നൈർമല്ല്യവും കാത്തുസൂക്ഷിക്കുന്ന ഓർമ്മകളായി.''
'' കർക്കിടകത്തിൽ കാർമേഘംവിതറിയ മഴനാളുകൾ ഇടിമുഴക്കങ്ങളും ഇടിമിന്നലുമൊക്കെയായി കോരിച്ചൊരിയുന്ന മഴക്കാലത്തെ ഏറെ സുന്ദരമാക്കി. ( കാലമേറെ കടന്നു, ഇന്നിന്റെ യാത്രാവേളയിൽ കർക്കിടകവും ചെറുമഴചാറ്റലോടെ കടന്നുപോയി. ) എങ്ങും പച്ചയണിഞ്ഞ വയൽവരന്പുകളും തൊടികളും നാട്ടിടവഴികളും. മഴയുടെ ആദിതാളം കർക്കിടകത്തിന്റെ യാത്രപറച്ചിലിൽ ഒന്ന് മുറുകിയമർന്നപ്പോൾ, പച്ചിലപ്പടർപ്പുകളെ തൊട്ടു ചിങ്ങപ്പുലരിയുടെ വെള്ളിനൂലിഴകൾ പറന്നിറങ്ങി, മധുരസ്മരണകളുണർത്തി എന്റെ വീട്ടുമുറ്റത്തും ഒരോണക്കാലം വിരുന്നു വന്നു.''
ഓണക്കാലമെന്നാൽ അന്നൊക്കെ കുട്ടികളായിരുന്ന ഞങ്ങൾക്ക് വീണ്ടുമൊരവധിക്കാലം കൂടിയായിരുന്നു. ഓണപ്പരീക്ഷയെന്ന കടന്പ കടന്ന് കിട്ടുന്ന പത്ത് ദിവസത്തെ അവധിക്കാലം. ഓണക്കാലത്തെ മധുരസ്മരണകളിൽ ഏറെ മാധുര്യമേറിയ നിമിഷങ്ങൾക്ക് ഉണർവേകുന്ന ദിനങ്ങൾ. വീടിന്റെ അടുത്തുപ്രദേശത്തുള്ള ഏതാനും പറന്പുകളും തോടും കുളവും നാട്ടിടവഴികളും പാടവരന്പുകളുമെല്ലാം ഈ അവധിക്കാലത്ത് ഞങ്ങളുടെ സാമ്രാജ്യമാണ്. കളിയും കാര്യവുമായി ചങ്ങാതിമാർക്കൊപ്പം പങ്കുവയ്‌ക്കുന്ന ഓണനാളുകൾ എന്നു തന്നെ പറയാം. കർക്കിടകത്തിന്റെ നനവുതീർത്ത മണ്ണിൽ മുളപൊട്ടിയ ചിങ്ങവെയിലിൽ കുളിച്ചും, ഓണപ്പാട്ടിന്റെ അകന്പടിയിൽ തൊടിയിലെ പൂക്കളിറുത്തും, പൊട്ടക്കുളത്തിലെ ചൊറിയൻ തവളയെ കല്ലെറിഞ്ഞും പൊടിമീൻകുരുന്നിനെ ചെന്പിലത്താളിൽ പിടിച്ചും, പേരമരത്തിലെ തടിയൻ കൊന്പിൽ കെട്ടിയ ഊഞ്ഞാലിലാടിയും അങ്ങനെ ഓണാവധിയൊരാഘോഷമായിരുന്നു....
അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസം വരെ മുടങ്ങാതെ പൂക്കളമിടാൻ, കുളിച്ചൊരുങ്ങി അതിരാവിലെ തന്നെ ഞാനും അയല്പക്കത്തെ എന്റെ കൂട്ടുകാരും ചേർന്ന് തൊടിയിലേക്കിറങ്ങും, വേലിക്കൽ പൂത്തുനിൽക്കുന്ന ചെന്പരത്തിയും ചെത്തിയും മന്ദാരവും മുക്കുറ്റിപ്പൂവും ജെമന്തിയുമെല്ലാം ഞങ്ങളൊരുക്കുന്ന കൊച്ചുപ്പൂക്കളത്തിലെ വലിയ സാന്നിധ്യമായിരുന്നു. ചാണകം മെഴുകിയ മുറ്റത്ത് വട്ടത്തിൽ പൂക്കളും ഇലകളും നുള്ളിയിട്ട് ഞങ്ങളൊരുക്കുന്ന പൂക്കളം ഏറെ സുന്ദരമായിരുന്നു. ചില ദിവസങ്ങളിൽ രണ്ടു തരം പൂക്കളാൽ മാത്രം സന്പന്നമാകും പൂക്കളം. പറിച്ചെടുക്കുന്ന പൂക്കൾ പങ്കുവച്ചായിരുന്നു ഞങ്ങൾ ഓരോ വീടുകളിലും പൂക്കളം ഒരുക്കിയിരുന്നത്. ഓണക്കാലമാവുന്നതിന് മുന്നേ, കർക്കിടകത്തിലെ മഴയിൽ കുളിച്ചുണർന്ന ചെടികളെല്ലാം പൂവിടാൻ തുടങ്ങുന്നത് അന്ന് ഞങ്ങൾക്കൊരത്ഭുതമായിരുന്നു. കാലം തെറ്റാതെ, ഓരോ ചിങ്ങത്തിലും തൊടികളിലും വേലിപ്പടർപ്പുകളിലും ചെടികൾ പൂവിട്ടു; മുറതെറ്റാതെ ഞങ്ങളാപ്പൂക്കളിറുത്തു ഓണനാളുകളിൽ ഓണമുറ്റത്ത് പൂക്കളമിട്ടു.
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ലനാളുകളാണ് ഓണക്കാലം. സന്പന്നമായ ഒരു ഭൂതകാലത്തിന്റെ മാധുര്യമേറിയ ഓർമകളിലാണ് നാം ഓണം ആഘോഷിച്ചു വരുന്നത്. തിരുവോണനാളിൽ മഹാബലി തന്പുരാൻ തൻറെ പ്രജകളെ കാണുവാൻ വരുമെന്നതാണ് വിശ്വാസം. അന്നേ ദിവസം മേലേവിമന്നനെ വരവേല്‌ക്കുന്നതിനായി മനോഹരമായ പൂക്കളമൊരുക്കിയും വിഭവസമൃദ്ധമായ സദ്യവട്ടങ്ങൾ ഒരുക്കിയും പ്രജകൾ കാത്തിരിക്കണം എന്നാണ്. ഓരോമലയാളിയ്ക്കും ഓണനാളുകൾ പ്രത്ത്യേകിച്ചും തിരുവോണദിനം കാത്തിരിപ്പിന്റെ സാഫല്യദിനം കൂടിയാണ്. ഒരു ഒത്തുചേരലിന്റെ ദിനം. 
തിരുവോണനാളിൽ അതികാലത്ത് തന്നെ എഴുന്നേൽക്കുമായിരുന്നു ഞങ്ങൾ, മാവേലി തന്പുരാനേ വരവേല്‌ക്കുന്നതിനായി കുളിച്ചൊരുങ്ങി കോടിയുടുത്ത് ആർപ്പുവിളികളുമായി അണിയിച്ചൊരുക്കിയ ഓണത്തപ്പനെ വണങ്ങി തൊഴുതുനില്‌ക്കും. വീടിന്റെ ഇറയത്തും മുറ്റത്തേയ്‌ക്ക് കയറുന്നിടത്തിലുമാണ് ഓണത്തപ്പനെ അണിയിച്ചിരുത്തുന്നത്. നിലവിളക്ക് കൊളുത്തി വച്ച്, നാളികേരമുടച്ച് ഇളനീർ കളയാതെ അതിൽ തുന്പച്ചെടിയുടെ ഇല നുള്ളിയിട്ട് അണിയിച്ചൊരുക്കിയ മാവേലിമന്നന്റെ രൂപത്തിന് സമീപമായി ഇരുവശത്തും വയ്‌ക്കും. നിരവധി നിറങ്ങൾ വാരിവിതറിയ പോലെ, പലതരം പൂക്കളാലും നിറങ്ങളാലും, അരിമാവ് കുഴച്ച് ചാലിച്ചൊഴിച്ചും അണിയിച്ചൊരുക്കിയാവും ഓണത്തപ്പനെ വീടിന്റെ ഉമ്മറത്ത് വയ്ക്കുന്നത്. നാളികേരമിട്ടുവേവിച്ച ഇലയടയും, പൂവൻപഴവും പായസവും മധുരവുമെല്ലാം അടുത്തുതന്നെ നാക്കിലയിൽ വിളന്പിവച്ചിട്ടുണ്ടാകും. വികൃതികളായ ഞങ്ങളുടെ തിരുവോണനാളിലെ പ്രധാനവിനോദവും ഓണത്തപ്പനായി ഒരുക്കിവച്ചിരിക്കുന്ന ഇലയടയും മധുരവുമെല്ലാം എടുത്തു കഴിക്കുന്നതിലായിരുന്നു. ഏകദേശം വൈകുന്നേരമാവുന്നതോടെ നിലവിളക്കും പൂക്കളുമൊഴിച്ച് നാളികേരക്കൊത്തുകൾ വരെ കാലിയായിട്ടുണ്ടാകും.
ഓണത്തപ്പനെ കണ്ട് വണങ്ങികഴിഞ്ഞാൽ പിന്നെ ഓണക്കോടി ചുറ്റി വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൈർഘ്യം ദൂരമുള്ള ശ്രീകൃഷ്‌ണന്റെ അന്പലത്തിലേക്ക് പോകും. എന്നും മുടങ്ങാതെ ക്ഷേത്രദർശനം പതിവുള്ളതാണെങ്കിലും തിരുവോണനാളിലെ ദർശനത്തിന് ഒരു പ്രത്യേകതയുണ്ട്. അച്ഛനും അമ്മയും വാങ്ങിത്തന്ന പുത്തനുടുപ്പിട്ടാകും അന്പലത്തിലേയക്ക്ക് പോകുക. കൂട്ടുകാർ എല്ലാവരുമൊത്തുചേർന്ന് വഴിയിൽ കാണുന്ന ചേട്ടന്മാരോടും ചേച്ചിമാരോടൊക്കെ ഓണക്കോടിയുടെ വിശേഷങ്ങൾ പറഞ്ഞും കളിച്ചൊല്ലിയുമൊക്കെയാകും അന്പലത്തിലേക്കുള്ള നടത്തം. ക്ഷേതത്തിന് മുൻപിലുള്ള അന്പലക്കുളത്തിൽ കാലും കഴുകി ക്ഷേത്രദദർശനം നടത്തും. അന്നേ ദിവസം വിശേഷാൽ പൂജകളും മറ്റുമുള്ളതിനാൽ നിരവധിയാളുകളാവും അന്പലത്തിലുണ്ടാവുക. ക്ഷേത്ര ദർശനത്തിനിടയിൽ ആരെക്കിലും നമ്മെ ഓണക്കോടിയിട്ട് നല്ല ഭംഗിയുണ്ടല്ലോ എന്നൊക്കെ പറഞ്ഞാൽ പിന്നെ, വല്യകാര്യമാണ്, ഓണവിശേഷം കൂടും. ക്ഷേത്രദർശനത്തിനു ശേഷം തിരിച്ചു വീട്ടിലെത്തി അമ്മയുണ്ടാക്കിയ പ്രാതലും ചായയും കഴിച്ചുകഴിഞ്ഞാൽ പിന്നെ അയല്പക്കങ്ങളിലേയ്‌ക്കാണ്, പുതിയ ഓണക്കോടി എല്ലാവരെയും കാണിക്കണം. കൂട്ടുകാർ എല്ലാവരും അവരവരുടെ ഓണക്കോടികളെക്കുറിച്ച് വലിയവർത്തമാനങ്ങളാകും പറയുക. തിരുവോണനാളിൽ വൈകുന്നേരമായാലും ഓണക്കോടി അഴിച്ചു വയ്‌ക്കാൻ പിന്നെ വലിയ മടിയാണ്. ഓണാവധി കഴിഞ്ഞ് സ്‌കൂളിൽ പോകുന്ന ആദ്യദിവസം എല്ലാവരും ഓണക്കോടിയിട്ടാകും ക്ളാസിലേക്ക് വരുന്നത്. പിന്നെയും പറയാനേറെ വിശേഷങ്ങളാണ് ക്ലാസ്മുറികളിലും നിറയുന്നത്...
ഓണനാളുകളിലെ മറ്റൊരു പ്രധാനഇഷ്ട്ടം മധുരപലഹാരങ്ങളിലാണ്. ഓണമാകുന്പോൾ അമ്മയുടെ വക സദ്യയ്‌ക്ക് പുറമെ പലതരം മധുരപലഹാരങ്ങളും വീട്ടിൽ ഉണ്ടാക്കും. അത് ഓണക്കാലം കഴിഞ്ഞും വീട്ടിലെ അടുക്കള മുറിയിൽ ഭദ്രമായി ഉണ്ടാകുമെന്നത് ഒരു പ്രത്യേകതയാണ്. ഓണനാളുകളിൽ അച്ഛനും അമ്മയ്‌ക്കൊപ്പം പാചകത്തിൽ കൂടും. നാളികേരവും ശർക്കരയുമിട്ട കൊഴുക്കട്ടയും, ഇലയടയും, കിണ്ണത്തപ്പവും, ശർക്കര വരട്ടിയും, കായ ഉപ്പേരിയും, അങ്ങനെ എത്രയെത്ര വിഭവങ്ങൾ... ഇലയടയായിരുന്നു എനിക്ക് ഏറെ പ്രിയം. നാളികേരം ചിരകിയിട്ട്, അതിൽ ശർക്കരനീര് പിഴിഞ്ഞും വാഴയിലക്കീറിൽ വേവിച്ചെടുക്കുന്ന ഇലയട കുട്ടിക്കാലത്തെ ഓണവിഭവങ്ങളിൽ പ്രധാനമായിരുന്നു. പിന്നെ, പഴം നുറുക്ക് വെളിച്ചെണ്ണയിൽ വറുത്തെടുത്ത കായ ഉപ്പെരിയാണ് മറ്റൊരു പ്രധാനവിഭവം. കൂട്ടുകാരൊത്ത് കളിക്കുന്ന സമയങ്ങളിൽ പഴം നുറുക്ക് കയ്യിലുണ്ടാകും, എല്ലാവരും കൂടി പങ്കുവയ്ച്ച് മധുരം നിറഞ്ഞ കുട്ടികളികളുമായി ഞങ്ങളാഓണക്കാലം ആഘോഷിച്ചു. സ്‌കൂൾ തുറന്ന് ക്ലാസിൽ പോകുന്പോൾ ഓണവിഭവങ്ങളും കൂട്ടുകാർക്കായി കൊണ്ടുപോകുക അന്നൊക്കെ പതിവായിരുന്നു. 
''ഉണ്ടറിയണം ഓണം'' എന്ന പഴമൊഴിയിൽ നിന്ന് ഓർക്കുന്പോൾ നാവിൽ വെള്ളമൂറുന്ന ഓണസദ്യയും ഏറെ കെങ്കേമം. ഉച്ചയ്‌ക്ക്ക് വീട്ടുകാർക്കൊപ്പമിരുന്ന് വിഭവസമൃദമായ സദ്യയാവും തിരുവോണനാളിൽ ഉണ്ടാകുക. വാഴയിലയിൽ വിളന്പിയ ഇഞ്ചിപുളിയും, അച്ചാറുകൾ പലവിധം, കാളൻ, ഓലൻ, പച്ചടി, കിച്ചടി, അവിയൽ, എരിശ്ശേരി, പഴംനുറുക്ക്, ശർക്കര വരട്ടി, പപ്പടം, പഴം, പായസം എന്നിങ്ങനെ ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ.... പായസം തന്നെ പലവിധമുണ്ടാകും, പാലടയും, അടപ്രഥമനും, പരിപ്പുപായസവും ഇവയൊക്കെ പപ്പടം കൂട്ടിക്കുഴച്ച് കോരിക്കുടിയ്ക്കുന്പോൾ മനസ്സും വയറും ഒരുമിച്ച് നിറയും. ഓണസദ്യയൊരുക്കുന്നത് കാണാൻ തന്നെ നല്ല രസാണ്, പിന്നെ സദ്യ ഉണ്ണുന്പോഴുള്ള രസം പറയണോ... ഓണനാളുകളിൽ ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കുന്നതും കുട്ടിക്കാലത്തെ ഓർമകളിലെ മധുരക്കാഴ്ചകളാണ്. വീട്ടുകാരൊത്തുചേർന്ന് തിരുവോണനാളിൽ ഒരുമേശയ്‌ക്ക് ചുറ്റുമിരുന്ന് ഓണസദ്യ കഴിയ്‌ക്കുന്നത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല നിമിഷങ്ങളാണ് പങ്കുവയ്ക്കുന്നത്. 
കാലമേറെ കടന്നുപോയി, കള്ളവും ചതിയുമില്ലാത്ത സന്പത്സമൃദ്ധിയും സാഹോദര്യവും തുളുന്പുന്ന നല്ലൊരു നാളെയെ കനവുകണ്ടു, വീടിനുള്ളിൽ പുതുതായി വാങ്ങിയ ഹോം തീയറ്ററിൽ തെളിഞ്ഞുവരുന്ന ഓണതുന്പിയെയും, തുന്പപ്പൂവിനെയും, ഓണസദ്യയും കണ്ട്, മാർബിളുകൾ വിരിച്ച വീട്ടുമുറ്റത്ത് പ്ലാസ്റ്റിക്ക് പൂക്കളങ്ങളൊരുക്കി, ഓർഡർ ചെയ്ത ഓണസദ്യയും ഉണ്ട് ഷോപ്പിങ്ങിനും സിനിമയ്‌ക്കുമായി ഇറങ്ങുന്പോൾ.... സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും നിറകതിരുകളും പൂക്കളും നിറഞ്ഞ വയലേലകളും, നാട്ടിടവഴികളും ഊഞ്ഞാലുകളും, ഓണസദ്യയും, ആർപ്പുവിളികളും എല്ലാം അന്യമാകുന്നതറിയാതെ ഇന്നിന്റെ ലോകം ഒരു ഇൻസ്റ്റന്റ് ജീവിതത്തിലേയ്‌ക്കുള്ള യാത്ര തുടരുകയാണ്.
മണ്ണിനെ നനയ്‌ക്കാതെ കർക്കിടകം പെയ്തൊഴിഞ്ഞപ്പോഴും, തൊടിയിലും മുറ്റത്തും ചിങ്ങമാസപുലരിയുടെ പുതുവട്ടം വന്നുവീണപ്പോഴും, പൂവിടാൻ മറന്ന മന്ദാരവും, തുന്പയും, ചെത്തിയുമെല്ലാം ഇന്നിന്റെ ഓണനാളുകളിലെ ഓർമ്മകളായപ്പോഴും, ഓണവെയിലേൽക്കാതെ ഓണത്തുന്പിയും പോയ്മറഞ്ഞപ്പോഴും, നാട്ടുമാഞ്ചില്ലമേൽ ഓണഞ്ഞാലുകെട്ടാതെ, ഒരു ഓണക്കാലംകൂടി കടന്നുപോകുന്പോൾ ഓർമ്മകളിലെങ്കിലും നല്ലൊരോണക്കാലം കണ്ട സംതൃപ്തിയിൽ നമുക്ക് ഓണമാഘോഷിക്കാം. 
=========================================================================================
അമൽദേവ്.പി.ഡി
=========================================================================================

amaldevpd@gmail.com
amaldevpd@yahoo.in

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ