പേജുകള്‍‌

2019, ഏപ്രിൽ 8, തിങ്കളാഴ്‌ച

വരിമറന്ന കവിത


...........................

ഉടലാകെ ഉരുകുകയാണ്
പ്രണയത്തിന്റെ
തീപ്പൊള്ളലേറ്റുവെന്തമനസ്സും,

മഴമടങ്ങിയവഴിയോരങ്ങളിൽ
ഒരു യാചകമുഖം
വികൃതമായിചിരിച്ചു.

അവളുടെ ഓർമ്മക-
ലടർന്നുവീണ്
ഭൂമിപിളർന്നു...
അതിന്റെയാഴങ്ങളി-
ലൊരുസൂര്യൻ
തപസ്സിരുന്നു.

നാടുതെണ്ടികിട്ടിയ
നാലണതുട്ടിൽ
അവൾക്കുള്ള
സമ്മാനപ്പൊതിയൊരുക്കി
ആ ഭ്രാന്തൻ
പിന്നെയും ചിരിച്ചു.

മധുരമൊഴുകുന്ന
ചിരിയുമായവൾ
മടിമായാതെ
ഏറ്റുവാങ്ങിയാ...
സമ്മാനങ്ങളൊക്കെയും.

മറവിയുടെ
മാറാലമൂടിയ
പെൺമനസ്സിൽ
പ്രണയമൊരു
ചിതല്പുറ്റുപോലെ
വളർന്നുവന്നു.

വെയിലടർന്നു
മഴവീണുടഞ്ഞപ്പോൾ
ആചിതൽപുറ്റും
മണ്ണിലലിഞ്ഞു.

നിറംമങ്ങിയ
കടലാസുപൂവിനെ
ചിതയിലെറിഞ്ഞു,
കവിതമൂളിയവൾ
പറന്നുപോയി.

പാതിയിൽ,
വഴിയറിയാതെ
ഒഴുക്കുനിലച്ച
പുഴപോലെ
ഞാനാതെരുവിലേകനായി...

വിധിപകർന്ന
വിമൂകതയിൽ
വരിമറന്ന
കവിതപോലെ
ഞാനീമണൽത്തരികളെ
ചുംബിച്ചുകൊണ്ടിരുന്നു....


........... അമൽദേവ് .പി. ഡി.........................................

http://www.facebook.com/amaldevpd


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ