പേജുകള്‍‌

2020, ഫെബ്രുവരി 19, ബുധനാഴ്‌ച

മൗനാന്തരം

മൗനാന്തരം
....................


പാതിവെന്ത മനുഷ്യത്വം
ഇപ്പാഴ്മരുഭൂവിതിലൊരിറ്റു,
ദാഹജലം തേടി.
പതിരടർന്ന പദപ്രയോഗങ്ങൾ
പലകുറിയണിഞ്ഞനാവിൽ
പാൽമണം മാറിയിട്ടില്ലെന്നാരും
പാഴ്‌വാക്കായി മൊഴിഞ്ഞിലിതുവരെ.
ഉടലുരുകിയൊഴുകുന്ന-
കണ്ണുനീരിലൊരു മൗനം മിണ്ടാതിരുന്നു.
തൊണ്ടവിണ്ടുകീറി
വേദന,ഹൃദയത്തിൽ തൊട്ടു,
മരിച്ചമനസ്സിലെവിടെ മനുഷ്യത്വം.
കടലാഴമെന്നോണമളന്നെടുത്ത
സ്നേഹവായ്പ്പുകൾ,
നെറുകയിൽചൂടിച്ച ചുംബനപ്പൂക്കൾ
എല്ലാം, ഇടറിയവരികളിൽ
കുറിച്ചിട്ടവൾ...
കരിപടർന്നമുഖത്തിൽ
കിളികൊഞ്ചലകന്നിട്ടില്ല.
മധുരമായിരുന്നു, സ്നേഹമായിരുന്നു.
ഒടുവിലൊരുപെരുമഴയായി
പെയ്തിറങ്ങിയെന്നി-
ലാനന്ദമൊഴുക്കിയപ്പോൾ
മൗനത്തിന്റെ ഇടമുറിയാത്ത നൊമ്പരം
വീണുടയുന്നത് ഞാനറിഞ്ഞു.
പിന്നെയൊഴുകിയതെന്റെ
രക്തമായിരുന്നു...
മതിലുകെട്ടിത്തിരിച്ച
മനുഷ്യമുഖത്തിന്റെ
മറവിനിറഞ്ഞഓർമ്മകളിൽ
അഭിനയരസമറിഞ്ഞു നിന്നു.
'അകലം' ഒരനുഭൂതിയായി
അറിയാതെയെന്നിൽ നിറഞ്ഞിരുന്നു.


.....അമൽദേവ് പി ഡി ........



amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ