പേജുകള്‍‌

2021, ജൂൺ 6, ഞായറാഴ്‌ച

"കുട്ടിക്കാലത്തെ കൗതുകം"

"കുട്ടിക്കാലത്തെ കൗതുകം"

         ആകാശത്തിൻ്റെ അറ്റത്തൂടെ റോക്കറ്റ് അതായത് ജെറ്റ് ( റോക്കറ്റ് പോകുന്നു എന്നാണ് പറയുക ഞങ്ങള് കുട്ടികൾ )  പോകുന്നത് കാണുമ്പോൾ വീടിൻ്റെ പുറകിലെ പാടത്തിൻ്റെ ഒരറ്റത്ത് നീളത്തിലൊഴുകുന്ന തോട്ടിൽ നിന്നും
പൊടിമീനിനെ പിടിക്കുന്ന തിരക്കിലാണെങ്കിലും
ഒരുപറ്റം കണ്ണുകൾ ആശ്ചര്യത്തോടെയും കൗതുകത്തോടെയും മുകളിലേക്ക് പോകും.

         പാടവരമ്പിനോടു  ചേർന്നോഴുകുന്ന കീരിത്തോട്ടിലൂടെ അലസമായി ഒഴുകുന്ന തെളിവെള്ളത്തിന് മീതേവന്ന്
എത്തി നോക്കുന്ന നെറ്റിപ്പൊട്ടനും പരൽ മീനുകൾക്കും എല്ലാം ആ റോക്കറ്റിനോളം വലുപ്പം ഉണ്ടെന്ന തിരിച്ചറിവ് ഒരു പൊട്ടു പോലെ ആകാശത്തോപ്പിലൂടെ പറന്നു പോകുന്ന റോക്കറ്റിനേ കാണുമ്പോൾ ഞങ്ങൾക്കുണ്ടായി. ആ സത്യം മനസ്സിലാക്കിയ ഞങ്ങൾക്ക് മുൻപിൽ പിന്നെ പരലുകൾ ഇത്തിരി അഹങ്കാരത്തോടെ നീന്തി. പിന്നെ ചേമ്പിലത്താളിൽ അനുസരണയോടെ ഇരുന്നെങ്കിലും....

      അതേസമയം, റോക്കറ്റ് പോയ വഴിയേ നിറഞ്ഞ പുക ആകാശത്ത് മറ്റൊരു മേഘവലയം തീർക്കുമ്പോൾ അതിശയത്തിൻ്റെ മറ്റൊരു വാതിൽ കൂടെ തുറന്നിടുകയായിരുന്നു. പിന്നെ പിന്നെ തുടരുന്ന കളികൾക്കിടയിലും സ്കൂൾ വഴികളിലും എല്ലാം ഞങ്ങളുടെ കണ്ണുകൾ ആകാശത്തെ കീറി മുറിച്ചകലുന്ന  റോക്കറ്റിനേ പ്രതീക്ഷിച്ചു. പലപ്പോഴും കണ്ണിന് വിരുന്നൊരുക്കി മഴവില്ലുകൾക്കിടയിലൂടെ ആ പരൽകുഞ്ഞ് പുതിയ മേഘവഴി തീർത്ത് പോകും. അപ്പോഴൊക്കെ ആശ്ചര്യവും ആനന്ദവും കൗതുകവും നിറഞ്ഞ  കണ്ണുകൾ മുകളിലേക്ക് പറക്കും.

    പിന്നെയെപ്പോഴോ മറന്നയിടവഴികൾ, പാടവരമ്പ്,  നെറ്റിപ്പൊട്ടനും പരൽമീനുകളും,  കളികൂട്ടുകാർ അതിനിടയിൽ കാണാൻ മറന്ന ആകാശക്കാഴ്ചകൾ....

   ഇന്ന് ആ കൗതുകം പിന്നെയും ആകാശത്തിൻ്റെ അറ്റത്തൂടെ ഒരു പരൽ മീനിനെ പോലെ നീന്തിയകന്നപ്പോൾ ബാക്കിയായ മേഘവഴികൾ; കുട്ടിക്കാലത്തിൻ്റെ നനുത്ത ഓർമ്മകൾ വിങ്ങുന്ന ഇടവഴികൾ പിന്നിട്ടു.... ❤️❤️❤️

Devaragam Pdamaldev

#മിഴിപകർപ്പുകൾ






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ