പേജുകള്‍‌

2022, നവംബർ 11, വെള്ളിയാഴ്‌ച

ഈ രാത്രിയും ആവർത്തനങ്ങളുടെ ആഢംഭരം നിറഞ്ഞ യാത്രയിലാണ്.

             


               "സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചം വീണു കറുപ്പായ് നീളുന്ന പാതയുടെ മനോഹരമായ ഒരു രാത്രി കാഴ്ച്ച. നിശയുടെ ഒറ്റ നിറത്തിനുള്ളിൽ ആ വെളിച്ചം ഒരു മൂകത സമ്മാനിക്കുന്നു. തുടരെ തുടരെ കടന്നുപോകുന്ന വാഹനങ്ങളുടെ ചുവപ്പ് വെട്ടം ആ മൂകതയെ കീറിമുറിച്ച് എങ്ങോട്ടെന്നില്ലാതെ പാഞ്ഞു... "



                  പറഞ്ഞു പഴകിയ, ചിലപ്പോഴൊക്കെ പാതിയിൽ പറഞ്ഞുപേക്ഷിച്ച മനോഹാരിത. ഈ രാത്രിയും ആവർത്തനങ്ങളുടെ ആഢംഭരം നിറഞ്ഞ യാത്രയിലാണ്. അതേ, ഇരുട്ട് ... അതേ, വഴികൾ ... അതേ, മുകത ... ഇടയ്ക്കെപ്പോഴോ പെയ്ത മഴച്ചാറ്റലിൽ ഏതേതോ ഓർമ്മകളുടെ വേലിയേറ്റം. 


                 അതേ, ഈ രാത്രിയെത്ര സുന്ദരമാണ്...



                 മഴ വീണു നനവുപടർന്ന മണ്ണിലൂടെ, രാത്രിയുടെ അതിശയിപ്പിക്കുന്ന മൗനത്തിലേയ്ക്ക്... നടന്നുകയറുമ്പോൾ; ഉള്ളിലൊരാളലുണ്ട്. അപ്പോഴൊക്കെ അകച്ചുരുളിൽ കത്തിപ്പടരുന്ന ഓർമ്മകളുടെ വന്യതയിലേയ്ക്ക് ഞാനോടിക്കയറും. കണ്ണും മുഖവും പൊത്തിപിടിച്ചു, അതിൽ ലയിക്കും. സിരകളിലേയ്ക്ക് ഇരമ്പിക്കയറുന്ന ലഹരിയാണ് ഇന്നാ ഓർമ്മകൾ. 







                അറ്റമില്ലാത്ത ഈ ജീവിതപാത താണ്ടി, എത്രയെത്ര ആത്മാക്കളാണ് നടന്നകലുന്നത്. നിസ്സാരമായ ഈ ചെറു ജീവിതം കലഹപൂർണ്ണവും, നിരർത്ഥകവുമാക്കി എത്രയെത്ര നിഴലുകളാണ് വഴിപിരിയുന്നത്. വെറുതെയെങ്കിലും, ആ നിസ്സാരതയിൽ ഞാനും വീണുടയുകയാണ്....



                മണ്ണടികൾ പിന്നിട്ട്, ദേശങ്ങൾ കടന്നു, യാത്ര തുടരുകയാണ്. രാത്രിയെന്നോ, പകലെന്നോ നോക്കാതെ അത് തീരാത്ത യാത്രയുടെ അടിയൊഴുക്കിലേയ്ക്ക് കുത്തിയൊലിച്ചു പായുകയാണ്. ആനന്ദത്തിലേയ്ക്ക്... ആത്മാവിലേക്ക്...



                നീളുന്ന നിശയുടെ ഉൾച്ചുഴിയിൽപ്പെട്ട്, ഉന്മാദത്തിന്റെ അതിരറ്റത്തു ചെന്നുനില്ക്കുമ്പോൾ... അകലെയെവിടെയോ ആനന്ദത്തിന്റെ ആർപ്പുവിളികൾ മുഴങ്ങുന്നത് കേൾക്കാം. ഞാനും എന്റെ കനപ്പെട്ട മൗനത്തെ വെറുതെ ഉയർത്തിപ്പിടിക്കും.



                 വിജനമായ വഴിയോരത്ത് നിരത്തിയ മേശയ്ക്കരികിൽ ഞാനൽപ്പമിരുന്നു. കടലാസു ഗ്ലാസിൽ നിറച്ച ഫിൽറ്റർ കോഫി മഴയ്ക്കൊപ്പമൽപ്പം കുടിച്ചു. കാലമേറെയായി, കടലാസു പോലെ മഴയിൽ കുതിർന്നു പോകുന്ന ഈ ജീവിതവുമായി തുടരുന്ന യാത്ര. എവിടെയൊക്കെയോ... എപ്പോഴൊക്കെയോ... അവസാനിച്ചു; വീണ്ടും എന്തിനെന്നില്ലാതെ തുടരുന്ന യാത്ര. അങ്ങനെ, മടുപ്പിക്കുന്ന തുടർച്ചകളുടെ അനിവാര്യതയിലേയ്ക്ക് എന്നെങ്കിലും എവിടെവച്ചെങ്കിലും തീരുമെന്ന കനപ്പെട്ട വിചാരത്തിലൂന്നി ഞാനെന്റ മൗനം തുർന്നു. "





                      

















 amaldevpd@gmail.com

 http://www.instagram.com/pdamaldev_globetrotter

    







1 അഭിപ്രായം: