" ബസ്സിനടിയിലൂടെ രണ്ട് കാലുകൾ വളരെ വേഗതയിൽ എൻറെ അടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു. ബസ്സിന്റെ വിൻഡോകളിലൂടെ കുറെ തലകൾ താഴേക്ക് എത്തി നോക്കുന്നു....
ചേട്ടാ ഒന്ന് പിടിക്കോ...
കണ്ടക്ടർ തൻറെ പണം അടങ്ങുന്ന പേഴ്സ് റോഡിലേക്ക് ഇട്ടുകൊണ്ട്, എൻറെ മേലെ കിടക്കുന്ന ബൈക്ക് എടുത്തുപൊക്കുന്നു. അപ്പോഴേക്കും ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി വന്ന ഡ്രൈവർ ചേട്ടൻ എൻറെ കൈപിടിച്ചു എന്നെ പൊക്കി.
എവിടെ നിന്നൊക്കെയോ ആളുകൾ ഓടിക്കൂടി; അപ്പോഴേക്കും ചോദ്യങ്ങൾ തുടങ്ങി...
കുഴപ്പമൊന്നുമില്ലല്ലോ...?
പാൻറ് കീറിയിട്ടുണ്ട്...?
കാലും കയ്യും പൊട്ടിയിട്ടുണ്ട്, എന്തായാലും ഡോക്ടറെ കാണിക്കൂ...
തൊട്ടടുത്ത് തന്നെ ഹോസ്പിറ്റൽ ഉണ്ട് അങ്ങോട്ട് പോകാം...
ചോദ്യങ്ങൾ പതുക്കെ കുറഞ്ഞു.
ഞാൻ പറഞ്ഞു കുഴപ്പമില്ല.. ചെറിയ പൊട്ടലുണ്ട്... ഹോസ്പിറ്റൽ പോയില്ലെങ്കിലും കുഴപ്പമില്ല.
അപ്പോഴേക്കും ബസ് ഡ്രൈവർ പറഞ്ഞു, എങ്കിൽ ബ്രോ ഞങ്ങൾ പോകട്ടെ. കുഴപ്പമൊന്നുമില്ലല്ലോ. അവരുടെ സമയം കളയാതെ അവരോട് യാത്ര പറഞ്ഞു...
" രാവിലെ 9 മണി ആയി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ. എറണാകുളത്തേക്കുള്ള പോക്കാണ്. ഡെയിലി പോകുന്ന വഴിയാണ് ഒട്ടും പ്രതീക്ഷിച്ചില്ല ഈ അപകടം. വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ റോഡ് പണി നടക്കുന്നതിനാൽ നിറയെ ചരലും റോഡ് കുണ്ടും കുഴിയും ആയി കിടക്കുകയാണ്... എതിരെ വന്ന ബസ് കണ്ടപ്പോൾ ഒന്ന് ഒതുങ്ങി ഓടിച്ചതാണ്. ചെറിയൊരു കുഴിയായിരുന്നു. മുൻപിലത്തെ ടയർ ഇറങ്ങി, പിന്നെ അ ടയർ കുഴിയിൽ നിന്ന് കയറിയില്ല. ഞാനും ബൈക്കും നേരെ റോഡിലേക്ക് മറിഞ്ഞു.
എതിരെ വന്ന ബസ്സ് കയറിയെന്ന് വിചാരിച്ചു. ഡ്രൈവറുടെ ഡ്രൈവിംഗ് പാഡവം അവിടെ തെളിഞ്ഞു. എന്തോ ഒരു ഭാഗ്യം. ഞാൻ നോക്കുമ്പോൾ ഒരു കൈ അകലത്തിൽ ബസ്സിന്റെ രണ്ട് ടയറുകൾ എൻറെ തലക്ക് നേരെ. പൊളി സീൻ " ചെറുതായി ഒന്ന് കിളി പോയി..." അപ്പോഴേക്കും ആരൊക്കെയോ എന്തൊക്കെയോ വിളിച്ചു പറയുന്നു...
ബസിനടിയിലൂടെ ഉള്ള കാഴ്ചയിൽ കുറെ കാലുകൾ ഓടിവരുന്നുണ്ട്....
ആദ്യം എത്തിയത് ആ ബസിന്റെ കണ്ടക്ടർ തന്നെ. ബൈക്ക് പിടിച്ചു പൊക്കി സഹായിച്ചു. ബൈക്ക് തെന്നി വീണതാണ്. വലിയ പരിക്കുകൾ ഇല്ലാതെ രക്ഷിച്ചതിന് നന്ദി. '
ബൈക്ക് റോഡിൻറെ സൈഡിലേക്ക് ഒതുക്കി വെച്ചു. ബൈക്കിന്റെ മുൻവശം റോഡിൽ ഉരഞ്ഞ് അടിപൊളിയായിട്ടുണ്ട്. അപ്പോഴേക്കും അതുവഴി വന്ന ഒരു കാറിൽ എന്നെ കയറ്റി ഒരു കിലോമീറ്റർ അകലെയുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. ഹോസ്പിറ്റലിന്റെ പഠിക്കൽ നിന്നും ഞാൻ അത്യാഹിത വിഭാഗത്തിലേക്ക് പതുക്കെ നടന്നു.
അത്യാഹിത കവാടത്തിലേക്കുള്ള നടത്തതിനിടയിൽ ഞാൻ ഓഫീസിലേക്ക് വിളിച്ചുപറഞ്ഞു ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം. തുടർന്ന് അച്ഛനെ വിളിച്ചു. ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു വലിയ പ്രശ്നങ്ങളൊന്നുമില്ല ചെറിയ ചതവുണ്ട്... കാലിനും കയ്യിക്കും കുറച്ചു തൊലി പോയിട്ടുണ്ട്,...
ടി ടീ എടുത്തു. ചതവിനും മുറിവിനും പുരട്ടാൻ മരുന്ന് കിട്ടി.
അപ്പോഴേക്കും അച്ഛൻ വന്നു. അവിടെ നിന്നും അപകടം നടന്ന സ്ഥലത്തേക്ക് പോയി. തിരിച്ച് ബൈക്ക് എടുത്ത് നേരെ വീട്ടിലേക്ക്.
NB: " സമയം കയ്യിൽ പിടിച്ചു കൊണ്ട് പോകുമ്പോൾ കിട്ടുന്ന ചില പാഠങ്ങൾ. "
" പുലർച്ചെ കാണുന്ന സ്വപ്നങ്ങൾ, പിന്നെ കുറേ കഴിയുമ്പോൾ തോന്നും എന്നോ എവിടെയോ ഒക്കെ നടന്നിട്ടുള്ളത് പോലെ... ചില സ്വപ്നങ്ങൾ അങ്ങനെയാണ്... അല്ലേലും നമ്മുടെ ജീവിതം ഒക്കെ ഒരു സ്വപ്നം പോലെ അല്ലേ... "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ