---------------------------------------------
ഹൃദ്യമീ വരികളെന്നാലുമുണ്ടതില്‍
വര്‍ത്തമാനത്തിന്‍ തെറ്റും ശരികളും
വക്കുപൊട്ടിയ ചിന്തകളോരോന്നും
വീണുരുളുന്നീയൊഴിഞ്ഞ മൂലയില്‍.
വ്യക്തമാം ദൃഷ്ടിയെറിയുന്നു ദിക്കിലും
വക്രമാം നോട്ടമെറിയുന്ന പാവകള്‍
നഗ്നമാം വിരല്‍ തൊട്ടുണര്‍ത്തുന്ന
നഷ്ടബോധത്തില്‍ നിഴല്‍വീണ ജന്മങ്ങള്‍.
മൃത്യുവേ, മിഴിപൂട്ടിയടുക്കുന്ന
മിച്ചഭൂവിലെ ഇരുകാലിഞാനെന്നും
മര്‍ത്യരാം ഗുണശ്യൂന്യരോ നിങ്ങള്‍തന്‍
തിക്തമാം പൂനര്‍ദൃശ്യങ്ങളേതുമേ,
കണ്ണറിയാതെയേതോ,വിജനമാം
വിണ്‍മതില്‍കെട്ടകന്നിന്നു പോകവേ,
ഇപ്പഴങ്കൂടുതേടുന്ന പക്ഷിയായ്
ചിറകടിച്ചുയരുന്നു ഞാനുമിന്നേകനായ്
നിന്‍ ചിരിയോളമെത്തിയവരികളില്‍
പെട്ടുപോയൊരാ താരാഗണങ്ങളും
നീട്ടിനില്‍ക്കുന്ന ചോദ്യശരങ്ങളില്‍
തട്ടിയുടയുന്ന ഭാഷാവിതാനവും
മുക്തമായൊരാ നര്‍മ്മസല്ലാപത്തെ
വെൺ ചിരിയാലെയുടച്ചുകളഞ്ഞ നാള്‍
കണ്‍തുറന്നിന്നു ഞാനടുക്കുന്നു
മിച്ചഭൂവിലെ കനലായെരിയുവാന്‍.
------------------------------
© അമല്‍ദേവ്.പി.ഡി
------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ