പേജുകള്‍‌

2016, സെപ്റ്റംബർ 10, ശനിയാഴ്‌ച

ഓര്‍മ്മച്ചിറകുകള്‍

:::::::::::::::::::::::::::::::::::::::::::::::::::::::

മാരിവില്‍ച്ചില്ലമേലായിരം ചിറകുകള്‍
കൂടണയാന്‍വരുംസന്ധ്യകളില്‍
മന്ദാരക്കാവിലെ പൂമണംചോലുന്ന
തേന്‍മുല്ലയൊരുകൊച്ചുകഥ പറഞ്ഞു.

മധുരമൊരോര്‍മ്മയിലന്പിളിത്തെന്നല-
ന്നഴകെഴുമീറന്‍നിലാവുമൊത്ത്
മിഴികളിലെഴുതിയ നറുമലരന്പുമായ്
ഒരുമാന്‍കിടാവന്നെന്നരികിലെത്തി.

ചിലുചിലെ ചിരിയുമായവളൊരു സുന്ദര-
പ്രേമത്തിന്‍ സിന്ദൂരതിലകവുമായ്
കനവുകള്‍ മൂടിയ കവിതതന്‍വരികളില്‍
കനല്‍ കോരിയിട്ടെങ്ങോ, അകന്നുപോയി.

നിഴല്‍നീട്ടുമാശകള്‍ നീന്തുന്ന നിശയിലെന്‍-
കദനത്തിന്‍ കടലൊന്നു കരകവിഞ്ഞു.
അകലെയൊരു ദീപമുരുകുമീ സന്ധ്യതന്‍-
ചോട്ടിലണയാതിരിപ്പതിന്നാര്‍ക്കുവേണ്ടി ?

ഇടറിയ കണ്ഠമുരചെയ്ത കനവുകള്‍
ചന്ദനച്ചിതയിലനശ്വരമായ്
ചലനമറ്റതിലൊരു കാവ്യബിംബമായ്
ആര്‍ദ്രയാമിന്നു ഞാനുറങ്ങി...

വിടവാങ്ങുമാ തീര്‍ത്ഥയാത്രതന്‍പാതിയില്‍
ചിറകു കുഴഞ്ഞൊരു കുയില്‍ പാട്ടു പാടുന്നു
മറവിയായ് നീ നിത്യമെന്നില്‍ നിറച്ചൊരു
ഓര്‍മ്മപ്പെടുത്തലുകളാണീ പുകച്ചുരുള്‍...

കാത്തിരുന്നാ സ്വരമേതോ വിജനമാം
പൂവനങ്ങള്‍ പൂത്തിറങ്ങുന്ന ചില്ലയില്‍
സര്‍ഗ്ഗവസന്തമഴകായ് വിടര്‍ന്നൊരു,
പൂവിതള്‍ത്തുമ്പിലെ തേന്‍മലരന്പുപോല്‍.

ഞാനുറങ്ങുന്നതറിയാതെയാ കുയില്‍
പ്രാണനുരുകുന്ന വേദനയോടന്നു
പാട്ടുപാടിയെന്നെ വിളിച്ചൊരീ
പൂമരക്കാടു താണ്ടുവാനെത്തുമോ... ?

നിന്‍ചിറകിന്നടിയിലെ ചൂടിനാല്‍
വെന്തുരുകിപ്പിടഞ്ഞുപിടഞ്ഞു ഞാന്‍
ചന്ദനത്തട്ടിലാരോ കൊളുത്തിയ
അഗ്നിയാല്‍ മോക്ഷമേകുന്നു ജീവനില്‍.

നിന്‍ചിറകോടു ചേര്‍ന്നുപറക്കുവാന്‍
നിന്‍നിഴലായി നീളെപ്പരക്കുവാന്‍
നിന്റെ ഗന്ധമായ് രാവുകള്‍, പകലുകള്‍
നിന്‍സ്വരമായി നിന്നോടു ചേരുവാന്‍

മാര്‍ഗ്ഗമാണീ ചിതയിലെ അഗ്നിയില്‍
വെന്തുരുകിത്തീരുന്ന നിമിഷങ്ങളെന്നുമേ,
നിന്നലേക്കായി പടര്‍ന്നുകയറുന്ന
എന്റെ ആത്മാവു തേടുന്ന ഭാഗ്യമേ.

നിന്നിളംതളിര്‍മേനിയെ പുല്കുന്ന
തെന്നലായിന്നടുത്തു ഞാനെത്തവേ,
കാണ്‍മതില്ലെന്നറിയാമെന്നാകിലും
കണ്‍നിറഞ്ഞതന്നെന്തിനാണോമലേ...?

കാലമെന്നെയും നിന്നെയുമെന്തിനോ
കോര്‍ത്തുവച്ചു നിത്യവസന്തമായ്
കൂടുതേടി പറന്നു നാമിരുവരും
ചിറകുരുമ്മി കാലമേറെ പോയനാള്‍.

കാത്തുവച്ചൊരാ പ്രണയഹാരത്തിന്റെ
ഇഴകളാരോ മുറിച്ചുകളഞ്ഞുവോ?
കാര്‍മുകില്‍ കനംവച്ചെന്റെ ചിറകിലായ്
പെയ്തുപെയ്താര്‍ത്തു കണ്ണുനീര്‍ത്തുള്ളിയായ്.
----------------------------------------
അമൽദേവ് പി.ഡി.
ഓർമ്മച്ചിറകുകൾ....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ