-----
ഓളങ്ങളലത്തല്ലി
തീരത്തടുക്കുന്ന
ഓടത്തിൽ
ഓട്ടുവളകളുമായി
ഞാനെത്തിയനേരം.
കനംവച്ച
കാർമേഘങ്ങളെ സാക്ഷിയാക്കി,
തീരത്ത് നീപതിച്ച
കാൽപ്പാടുകളെന്നോട് ചൊല്ലി;
അവളൊരു കള്ളി.
കൈക്കുള്ളിൽ
ഞെരിഞ്ഞമർന്ന
ഓട്ടുവളപ്പൊട്ടുകളിൽ
ഒരു സംശുദ്ധ
പ്രണയത്തിന്റെ
രക്തം പുരണ്ടു.
പിന്നെയും,
കാൽപ്പാടുകൾ നീളെപ്പരന്നു.
പൊട്ടിച്ചിതറിയ
വളപ്പൊട്ടുകൾക്ക് മേലെ
നിന്റെ മൃദുലപാദം
മാപ്പുചോദിക്കുന്നു.
മടിക്കുത്തിലൊതുക്കിയ
പ്രണയകാവ്യങ്ങൾ
ഞാനാതിരയിലെറിഞ്ഞു,
തിരിഞ്ഞു നടക്കാനായില്ല;
നേരെ
കടലിന്റെ ആഴങ്ങളിലേക്ക്...
''എന്റെ രക്തം പുരണ്ട
വളപ്പൊട്ടുകൾക്കറിയാം
ഈ തീരം കവർന്നെടുത്ത
പ്രണയരസത്തെ''
----------------------------
----------------------------
അമൽദേവ്.പി.ഡി.
----------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ