പേജുകള്‍‌

2022, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഓർമ്മകൾക്ക് വല്ലാത്തൊരു നീറ്റലാണ്...





   ഓർമ്മകൾക്ക് വല്ലാത്തൊരു നീറ്റലാണ്...


   ഒന്നു പറഞ്ഞാൽ ചുടുചോര മണക്കുന്ന ദേഹത്തുനിന്നും ആത്മാവിറങ്ങിപ്പോകുന്ന പോലെ....


  അതങ്ങനെ ഉള്ളിൽ കിടന്ന് പുകഞ്ഞു പുകഞ്ഞു; വല്ലാത്തൊരു അവസ്ഥയിലാവും. അപ്പോഴൊക്കെ ഒരു തികട്ടിവരവുണ്ട്... 


    മധുരമെന്നോ... കയ്പ്പെന്നോ.... ഒന്നും പറയാൻ പറ്റില്ല. ഓർമ്മകളുടെ ആ ഇടവഴിയിൽ നിൽക്കുമ്പോൾ ഞാനെന്നും ഒരു പൊടിമീശക്കാരനാണ്. കവിളോട്ടിയ മീശ മുളച്ചു തുടങ്ങിയ പ്രായം. ആദ്യമായി കിട്ടിയ ഫിലിം ക്യാമറയിൽ നിന്ന് എടുത്ത ഒരു ഫോട്ടോ. അന്ന് വീട്ടിൽ ഒരു ഓട്ടോറിക്ഷ ഉണ്ടായിരുന്നു. ഓട്ടോറിക്ഷ ഓടിക്കാൻ പഠിച്ച കാലം. വീടിൻറെ അന്തരീക്ഷവും വളരെ മനോഹരമായിരുന്നു. നിറയെ ചെടികളും പൂക്കളും നിറഞ്ഞുനിൽക്കുന്ന മുറ്റം. ഓർക്കുമ്പോൾ തന്നെ നാടിൻ്റെ ആ ഗന്ധം മൂക്കിലേക്ക് അരിച്ചു കയറുന്നു...


   വീട്ടിലേക്ക് പോകാൻ ഇന്നും വളരെ സന്തോഷമാണ്. പലതും ഓർമ്മകളിലേക്ക് മറയുന്ന ഈ സമയത്ത്, അത്രമേൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുണ്ട് വീണ്ടും ആ ഇടവഴിയും ഒക്കെയായി.... 


  വീട്ടിൽ ഒരു ദിവസം ചുമ്മാ ഇരുന്നപ്പോൾ ചില അടക്കി പൊറുക്കലുകൾ ഉണ്ടായി... അപ്പൊ കിട്ടിയതാണ് ഈ പടങ്ങൾ... അന്നത്തെ എൻ്റെ മുഖവും ഇന്നത്തെ മുഖവും എത്ര വ്യത്യാസം. ബെൽബോട്ടം പാന്റും, കുട്ടി ഷർട്ടും ഇട്ട്, ആവുന്ന പോലെ അന്നത്തെ ന്യൂജൻ ആവാൻ ഉള്ള ശ്രമങ്ങളെല്ലാം നടത്തിയിട്ടുണ്ട്. പരാജയമാണോ വിജയമാണോ എന്നൊന്നും അറിയില്ല, മുഖത്തെ ആ ചിരിയില്ലായ്മ ഇന്നും അതേപോലെ തുടരുന്നു. ഇന്നിൻ്റെ ജീവിത വഴികളിലൂടെ നടക്കുന്നതുകൊണ്ട് എല്ലാം ഒരുതരത്തിൽ പറഞ്ഞാൽ വിജയം തന്നെയാണ്...


   തിരിച്ചു കിട്ടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒന്ന്. ആഗ്രഹങ്ങളൊക്കെ അങ്ങനെയാണല്ലോ. പ്രായം കടന്നു പോകുമ്പോൾ ആണ് ബോധം ഉണ്ടാകുന്നത്. നഷ്ടപ്പെടുത്തിയ ആ കുട്ടികാലം,... പാടവരമ്പ്... അതികാലത്ത് ഞാവൽപഴം പറിക്കാൻ  പോകുന്ന ഓർമ്മകൾ... മഴക്കാലത്ത് നിഥുന്റെ പറമ്പിലെ തോട്ടിൽ നിന്നും മീൻ പിടിക്കുന്ന ഓർമ്മകൾ... മഴപെയ്തു തുറന്ന് ഇടവഴിയിൽ തളംകെട്ടി നിൽക്കുന്ന വെള്ളത്തിൽ നിന്നും പച്ചതവളയെ  പിടിക്കുന്ന കാലം... പൊടിമീനിനെ പിടിച്ചു വീട്ടിലെ കിണറ്റിൽ കൊണ്ടിടുന്ന ഓർമ്മകൾ....


   എല്ലാമെല്ലാം ഒരൊറ്റ ചിത്രത്തിലൂടെ ഒരു നീറ്റലായി,... കനപ്പെട്ട ഓർമ്മകളായി... ഒരു മഴ പോലെ ഇങ്ങനെ പെയ്യുകയാണ്... തോരാത്ത ഒരു മഴ പോലെ... 


  ഇന്ന് ഈ നിമിഷത്തിൽ ചെയ്യുന്ന ഓരോ കാര്യങ്ങളും, കാണുന്ന കാഴ്ചകളും, നാളെയുടെ ഓർമ്മപന്തലിൽ വാടാതെ നിൽക്കുന്ന പൂക്കൾ ആണെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും... ഇന്നിനെ ആഘോഷിച്ചു മുന്നോട്ടുപോവുക... ചിരിക്കുക... തിരിച്ചുവരവുകൾ ഇല്ലാത്ത കാലമാണ് കടന്നുപോകുന്നത്. തിരിഞ്ഞുനോക്കുമ്പോൾ കണ്ണുനീർ വാർക്കുമ്പോൾ എല്ലാം ആ നീറ്റൽ കനപ്പെട്ട ഓർമ്മകളായി ഹൃദയത്തിലേക്ക് അരിച്ചിറങ്ങിക്കൊണ്ടേയിരിക്കും... 


   " ഒരുവട്ടം കൂടി ആ മുറ്റം നിറയെ ചെടികൾ നിറഞ്ഞുനിൽക്കുവാൻ ആഗ്രഹിക്കുന്നു. ഒരുവട്ടം കൂടി ആ പാടവരമ്പിൽ നിന്ന് പൊടിമീനിനെ പിടിക്കാൻ ഇഷ്ടം തോന്നുന്നു. ഒരുവട്ടം കൂടി ഇടവഴിയിലെ മഴവെള്ളത്തിൽ നിന്ന് പച്ചതവളയെ 💖 പിടിക്കാൻ കൂട്ടുകാരെ തേടുന്നു... മഴ പെയ്തു തോരാതെ തോരാതെ... "


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ