പേജുകള്‍‌

2023, ഫെബ്രുവരി 9, വ്യാഴാഴ്‌ച

അവളുടെ കരുതൽ

 അവളുടെ കരുതൽ

____________________



എൻ്റെ സ്വപ്നങ്ങൾക്ക്

അവളിട്ട വില

എൻ്റെ ജീവിതം തന്നെയായിരുന്നു.


അവളുടെ സ്വപ്നങ്ങൾക്കായി

എൻ്റെ സമയത്തെ,

കടം ചോദിച്ചു...

അവളുടെ ആവശ്യങ്ങൾക്കായി

എന്നെ

കൊണ്ടുനടക്കുമായിരുന്നു.


അതൊരു ഭീഷണിയല്ല;

സ്നേഹമാണ്...

കരുതലാണെന്ന്

വീണ്ടും വീണ്ടും 

അവളെന്നോട് പറഞ്ഞിരുന്നു.

പക്ഷേ; 

അവിടെ ഞാനുപേക്ഷിക്കേണ്ടി വന്നത്....

എൻ്റെ ജീവിതം തന്നെയായിരുന്നു.


ഒരിക്കലവളെ,

ഞാനുമറിഞ്ഞിരുന്നു.

അന്നെന്റെ ചിറകുകൾക്ക്

പറക്കാനാകുമായിരുന്നു.

പിന്നെ പിന്നെ അതവൾ കെട്ടിയിട്ടു.


രാത്രിയുടെ അകത്തളത്തിൽ

അവളാർത്താർത്ത് ചിരിക്കുമായിരുന്നു,

അവളുടെ ആനന്ദം

നിശയുടെ ശീതളച്ഛായയിൽ

മുങ്ങിനിവരുമായിരുന്നു...

പിന്നെയൊരിക്കൽ

അവളൊരു സ്വപ്നം കണ്ടു.


അതൊരു തണുത്ത രാത്രിയായിരുന്നു.

അവളെന്നോട് പറഞ്ഞു;

നീയും ഞാനും

മരിക്കുകയാണെന്ന്.

"നീയിനി സ്വപ്നം കാണണ്ട എന്ന്..."


മരണം അങ്ങനെയാണല്ലോ.

ആഗ്രഹിക്കാതെ വന്നെത്തുന്ന

ഒരു വിരുന്നുകാരൻ...


"നീയൊരു നിഴലായി

കൂടെ വേണം.

നിന്നോളമാരെയും

എനിക്ക് സ്നേഹിക്കാനാകില്ല.

പൊന്നാ,

എന്തിന് നീ വെറുതെ സ്വപ്നം കാണുന്നു.

നമുക്കു മരിക്കാം.

നീയിട്ടേച്ചു പോയാൽ

നിനക്കായെൻ്റെ 

ഡയറികൾ കള്ളം പറയും.

വിഷക്കുപ്പി കാലിയാകും.

എൻ്റെ കൈ ഞരമ്പുകൾക്ക് 

മുറിവുകൾ പറ്റും."


അതെ അവളെന്നെ സ്നേഹിക്കയായിരുന്നു.

ഒരതിരുകളും ഇല്ലാതെ.

എൻ്റെ സ്വപ്നങ്ങൾ...

എൻ്റെ ആഗ്രഹങ്ങൾ...

എൻ്റെ ജീവിതം.

ഒന്നുമല്ലായിരുന്നു അതവൾക്ക്.

വെറുതെയെങ്കിലും,

ആ മുറിയിൽ ഞാനുണ്ടാക്കണം.


"അതൊരു ഭീഷണിയല്ല,

സ്നേഹമാണ്

നിന്നോടുള്ള കരുതലാണ്...

അവൾ വീണ്ടും വീണ്ടും

എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു.

പക്ഷേ;

അവിടെ ഞാനുപേക്ഷിക്കേണ്ടി വന്നത്

എൻ്റെ ജീവിതം തന്നെയായിരുന്നു.








amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ