ഉന്മാദിയായവൾ
- - - - - - - - - - -
ഞാൻ ശവമാകുന്ന നാൾ
നീയെന്നെ കാണാൻ വരണം.
എനിക്ക് നീ... ശാപ-
വാക്കുകളാൽ ഹാരമണിയണം.
ഓർമ്മകളുടെ തള്ളി -
ക്കയറ്റത്തിൽ
നീയെന്നെ ചുംബിച്ചതോർത്തു;
വെറുതെ ചിരിക്കണം.
നിനക്കായി പാകപ്പെടുത്തിയ
ഹൃദയത്തിൻ്റെയറ്റത്ത്,
വാടാത്ത ഒരു പൂവ് ഞാൻ വച്ചിട്ടുണ്ട്.
നീയതെടുത്തെന്റെ;
കാലറ്റത്തു വയ്ക്കണം.
അപോൾ നീ കരയണം.
കണ്ടു നില്ക്കുന്നവരുടെ
മുഖത്തേക്കു നോക്കി...
പിന്നെ, നിനക്ക് ചിരിക്കാൻ
എത്രയോ ദിനങ്ങൾ ബാക്കി....
തിരിഞ്ഞു നോക്കാതെ
നീ നടക്കുബോൾ,
പകലിരവുകളിൽ
നാം കണ്ടകാഴ്ച്ചകൾ തെളിയും.
നമ്മിലെ പ്രേമവും
മഴയും വെയിൽപ്പാടവും
നാടും നഗരവും
മേഘങ്ങളും
കടലാസു പൂക്കളും
പുഴയും അതിലെ ഓളങ്ങളും...
കാപഠ്യവും
നുണയും
ചതിയും
വഞ്ചനയും
സ്വാർത്ഥതയും...
എല്ലാം...
അന്നൊരിക്കലെന്നെ നീ
ശവമെന്നാർത്തു -
വിളിച്ചതോർമ്മയിലുണ്ടാകാം.
മറവിയുടെ മൺപ്രതലത്തി-
ലെണ്ണത്തിരിയിട്ടെന്നെ
കിടത്തിയപ്പോൾ;
ഈ തണുത്ത പ്രഭാതത്തിന്റെ
അഭംഗിയിൽ പനീനീർപ്പൂക്കളുമായി
നീയെന്നെ കാണാൻവന്നു.
നിന്റെ സിരകളിൽ
ഇരമ്പിയാർക്കുന്ന
ശവത്തിന്റെ ഗന്ധം
ലഹരിപോലെ നിന്റെ
കണ്ണുകളെ വിടർത്തുന്നു.
നിന്റെയുൾച്ചിരിയി-
ന്നുന്മാദിയായിപ്പടർന്നു
പൊട്ടിച്ചിരികളായി മാറവേ...
പുകയായും ചാരമായും
ഞാൻ നിന്നെപ്പുണരുകയായിരുന്നു.
ഇടയ്ക്കിടറിയ ജീവിതത്തെ
മുറുകെ പിടിയ്ക്കാനാകാതെ;
പിടയുന്ന ഹൃദയത്തെ
പിടിച്ചു നിർത്താൻ നീതന്ന
സ്നേ
ഹത്തിന്...
ധൈര്യത്തിന്...
നോവിന്...
ഉന്മാദിയായവൾ
പി ഡി അമൽദേവ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ