ഈ ബ്ലോഗ് തിരയൂ

2024, മേയ് 10, വെള്ളിയാഴ്‌ച

11 May 2024 ♥️

 "  വർഷങ്ങൾ കടന്നു പോകുന്നു. കാലം സമ്മാനിച്ച ഓർമ്മകളുടെ ഉള്ളകങ്ങളിൽ നരവീണു. ഇനിയും ദൂരമേറെ പോകാനുണ്ട്. മടുപ്പില്ലാത്ത യാത്രകൾ അതങ്ങനെ തുടരണം. ഇടയ്ക്കിടെ കാണുന്ന തണലിടങ്ങളിൽ അല്പം വിശ്രമം. 


   നോവുപാടം കടന്ന്, ആനന്ദോന്മാദിയിൽ ആകാശത്തിന്റെ അങ്ങേയറ്റത്ത് ചെന്നിരിക്കണം. ഉറക്കെ ചിരിക്കണം... 


  ഈ നിമിഷവും കടന്നു പോകും. ഓർമ്മ പാകിയ ചിന്തകൾക്ക് നടുവിലിരുന്ന് ഓർത്തെടുക്കണം കഴിഞ്ഞ നിമിഷങ്ങൾ... ദിവസങ്ങൾ... മാസങ്ങൾ... വർഷങ്ങൾ... 


  മൗനമായിരിക്കുക എന്നത് ഏറെ ശ്രമകരവും; അതിലേറെ പ്രിയമുള്ളതുമാകുന്നു. മനോഹരമായ ഇടങ്ങൾ സമ്മാനിക്കുന്ന നിശബ്ദതയിൽ തനിയെ ഇരുന്ന് സ്വപ്നങ്ങൾ കാണണം... ഈ ഭൂമിയുടെ ഓരോ ഇടങ്ങളിലേക്കും മൗനമായി കടന്നു ചെല്ലണം. 


  കാലമിങ്ങനെ വഴിയറിയാതെ അലയുകയാണ്. ഒപ്പം എങ്ങോട്ടെന്നില്ലാതെ ഞാനും...." ♥️



Amaldevpd@gmail.com






2024, ജനുവരി 15, തിങ്കളാഴ്‌ച

ഇന്നു ഒരു യാത്ര പോയി...

 ഇന്നു ഒരു യാത്ര പോയി...

അതിമനോഹരം എന്ന് പറയാൻ പറ്റില്ല. അതിനേക്കാൾ ഏറെ,...  അത്രയേറെ മധുരവും മനോഹരവും ആയിരുന്നു ആ യാത്ര.


      ഏതോ നിഗൂഢമായ ഒരു ആനന്ദത്തിന്റെ അലയൊലികൾക്കൊപ്പം ആ വന്യതയുടെ ഉൾത്തുടിപ്പുകൾ തൊട്ടറിഞ്ഞു; വശ്യമായ ഒരു അലച്ചിൽ. വെയിലേറ്റു തിളങ്ങുന്ന പുഴയുടെ ഓളങ്ങൾ എൻ്റെ കണ്ണുകളിൽ മുത്തമിട്ടു. ആനച്ചൂരു മാറാത്ത എണ്ണപ്പന തോട്ടങ്ങൾക്ക് നടുവിലൂടെ അവളുടെ സ്വപ്നങ്ങൾക്കൊപ്പം ഞാനും നടന്നു നീങ്ങി. 


     പലവട്ടം പോയതാണ്. അത്രയേറെ ഹൃദയത്തെ തൊട്ടിട്ടുള്ള ഇടങ്ങൾ. മോഹങ്ങൾക്ക് കടിഞ്ഞാൺ ഇടുമ്പോൾ മനസ്സ് വല്ലാത്ത ഒരു ഭ്രാന്തിലേക്ക് പതിയെ യാത്ര തുടങ്ങും. പിന്നെ ഓരോ നിമിഷവും... ഓരോ ഇടങ്ങൾ സമ്മാനിക്കുന്ന നിർവൃതിയിലേക്ക് വൃഥാ സഞ്ചരിക്കും. അവിടെ കാണുന്ന പുൽത്തകടിയോടും, കാട്ടുപൂവിനോടും, ഉറുമ്പിനോടും, പുഴയോളങ്ങൾക്കൊപ്പം കളിക്കുന്ന ചെറുപരൽ മീനിനോടും ഒക്കെ മിണ്ടി മിണ്ടി അങ്ങനെ ആ യാത്ര തുടരും. 


സ്വപ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ നൂറു ചിറകുകൾ ആണ്. നട്ടുച്ചക്ക് ഓളം തെറ്റിയ ചിന്തകളുമായി അങ്ങനെ ആ വന്യ വനാന്തരങ്ങൾക്ക് നടുവിലൂടെ എൻ്റെ SP 125 ബൈക്കിൽ പതിയെ നീങ്ങുമ്പോൾ എന്തെന്നില്ലാത്ത  അനുഭൂതിയായിരുന്നു.


      ഇളവെയിലിൻ്റെ നേർത്ത കിരണങ്ങൾ ഞങ്ങളെ സ്പർശിച്ചിരുന്നു. സ്വപ്ന സാക്ഷാത്കാരമെന്നോണം അവൾ എന്നെ ചേർത്തു പിടിക്കുമ്പോൾ; മനോഹരമായ ഒരു സുദിനം ഓർമ്മകളിൽ കുറിക്കുകയായിരുന്നു. വശ്യമനോഹരമായ ആ ഇടം സമ്മാനിച്ച ഓർമ്മകളിൽ പുൽകി പിന്നെ ഞാൻ പതിയെ ആ സ്വപ്നസൂചികയിൽ നിന്നും തിരികെ യാത്ര തുടങ്ങി. 


    പിന്നെ ഞാൻ കണ്ട ആയിടങ്ങൾ, മുൻപ് പലവട്ടം പോയ വഴികൾ... എല്ലാം എനിക്ക് പുതിയതായിരുന്നു. അറിയാത്ത ഏതോ വഴികളിലൂടെ അലസം ഞാനെൻറെ ബൈക്കിലെ യാത്ര തുടർന്നു. നിശബ്ദതയുടെ താഴ്വാരങ്ങളിൽ നിന്നും പിന്നെ തിരക്കുകളുടെ ബഹളങ്ങൾക്കിടയിലേക്ക് ഞാൻ ചെന്നുകയറി. 


     മുറിഞ്ഞുപോയ സ്വപ്നത്തിന്റെ ചിതലരിക്കാത്ത ഏടുകളിൽ ഇപ്പോഴും അവളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നുണ്ട്. എത്ര പോയാലും മതിവരാത്ത ആയിടങ്ങൾ ഇനിയും എന്നെ വിളിച്ചു വരുത്തുമെന്ന് ഉറപ്പുണ്ട്. ഇനിയും ആ കൈകൾ എന്നെ ചേർത്ത് പിടിക്കുമെന്ന് വിശ്വാസമുണ്ട്. ആ പുഴയുടെ ഓളങ്ങൾ ഒഴുകിയൊഴുകി ഇനിയും എന്നിലേക്ക് എത്തുമെന്ന ഉറപ്പുണ്ട്. വന്യമായ ആ ഉൾക്കാടിനുള്ളിലേക്ക് അരിച്ചിറങ്ങിയ വെയിൽ കിരണങ്ങൾ ഇനിയും ഞങ്ങളെ തഴുകുമെന്ന പ്രതീക്ഷയുണ്ട്. 


amaldevpd@gmail.com

Insta: pdamaldev_globetrotter