ഈ ബ്ലോഗ് തിരയൂ

2016, ഡിസംബർ 2, വെള്ളിയാഴ്‌ച

മഴ


നാണത്തിൻ പൂഞ്ചോല,
പുടവ ചാർത്തി
ചടുലമാം താളത്തിൽ
പെയ്തിറങ്ങി
പുതുമണ്ണിൻ മണമോലും
നിമിഷങ്ങളെൻ
മനസ്സിന്റെ മണിച്ചെപ്പിൽ
പകർന്നു തന്നു,

കാതോരമോർമ്മയി-
ലൊരുമർമ്മരം
രാവേറെ ചെല്ലുമ്പോ-
ളൊഴുകിവന്നു
മഴക്കാറ്റിലിടയുന്നൊ-
രിലച്ചാർത്തുകൾ
ഒരു കൊച്ചു മോഹം
പണിതുയർത്തി...

മഴയുടെ മധുരമാം
ഓർമ്മകളെൻ
നനവാർന്ന കണ്ണുനീർ
തുള്ളികളായ്
ഹൃദയത്തിനാഴത്തിൽ
പെയ്തിറങ്ങി
ഒരു സ്വപ്ന തീരം
കവർന്നെടുത്തു...

രാത്രിതൻ നൊമ്പര,
വീഥികളിൽ
നെഞ്ചിലെ നീറുന്ന
ഓർമ്മകളായ്
പെയ്തിറങ്ങുന്നൊരാ-
മൗനങ്ങളെൻ
ഈ മഴക്കാടും
മുറിച്ചകന്നു...

മധുരമാമഴയന്നു
പെയ്തൊഴിഞ്ഞു
മൗനമായെവിടെയോ
പോയ് മറഞ്ഞു
ചിരിതൂകിയൊരുവളാ-
മഴമേഘത്തോപ്പിലായ്
മടിയോടെ വന്നെന്നെ
നോക്കി നിന്നു....
::::::::::::::::::::::::::::::::::::::::::
(അമൽദേവ്.പി.ഡി)

amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ