ഈ ബ്ലോഗ് തിരയൂ

2017, ജൂൺ 29, വ്യാഴാഴ്‌ച

തൂലികയിലുണർന്ന താരകം

.............................................

ഉറക്കറയിൽ
ഇരുട്ടിന്റെ തൂലിക
ഉയിരാർക്കുന്നു.
നിശയുടെ മടിശ്ശീലയിൽ
സ്വപ്നമരാളങ്ങൾ
കണ്ണുനീർവാർക്കുന്നു.
കറുപ്പ് പടർന്ന
ആകാശത്തിന്റെ അതിരുകളിൽ
ഒരു രാജാവ് മിഴിതുറന്നിരുന്നു.

ആത്മമന്ത്രങ്ങളുരുവിട്ട്
ആർഭാടപൂർവ്വം
അരങ്ങുകളിൽ ആടിത്തീർത്ത
വേഷങ്ങളിൽ,
ഒറ്റപ്പെട്ടുപോയ ഒരുമുഖം
ചിതലെടുത്ത ഓർമ്മകളുമായി
സംഘട്ടനത്തിലായിരുന്നു.
ഉന്മാദത്തിന്റെ
ശേഷിച്ച ഇലയനക്കങ്ങളിൽ
ചെവിയോർത്ത്,
ലഹരിയുടെ കന്ദകമേറിവരുന്ന
അവളുടെ നീലച്ചനയനങ്ങളെ നോക്കി
ഞാനെന്റെ തൂലിക ചലിപ്പിച്ചു.

കത്തുന്ന കനലുകളൊന്നെടുത്തു
ഞാനെന്റെ ഹൃദയത്തിൽ
കോറിയിട്ട ഇഷ്ടം,
നീ കടംതന്ന
നീ തപസ്സുചെയ്തുണർത്തിയ
പ്രണയമായിരുന്നെന്ന്
ഞാൻ തിരിച്ചറിഞ്ഞു.

ആകാശത്തിന്റെ
ഇരുണ്ട ഇടനാഴികളിൽ
നീയെന്നമന്ത്രം
ചിരിതൂകി നിന്നപ്പോഴും,
ഇരുട്ടറയിൽ തള്ളിയ സ്വപ്നങ്ങളുമായി
കവിതകൾ പങ്കുവച്ചു
ഞാനെന്റെ സ്വർഗ്ഗം തീർത്തു.
അടരില്ലെന്ന നിന്റെ
വാക്കിന്റെ കനത്തിൽ
അരികോളമകലാതെ
ചേർന്നിരുന്നപ്പോഴും
പറയാതെ പോയൊരുകാര്യം,
ചിരിതൂകിഞാനൊരുന്നാളീ-
ആകാശവീഥിയിലലയുമ്പോൾ
മിഴിതുറന്നെന്നെ നോക്കുന്ന
നക്ഷത്രമാകുമന്നുനീ...


.....അമൽദേവ്.പി.ഡി.............
..... തൂലികയിലുണർന്ന താരകം.......

amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ