ഈ ബ്ലോഗ് തിരയൂ

2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

മന്ദാരപ്പൂക്കൾ


..................


വാടിത്തളർന്നൊരാ,
മന്ദാരപ്പൂവെന്റെ
തൊടിയിലെ നൊമ്പരമായി.
പാറിപ്പറന്നാ-
ശലഭമാപ്പൂവിനെ
തൊട്ടുരുമ്മാതെങ്ങു പോയി.

ചാറ്റൽമഴച്ചാറു,
ചേരുമൊരിതളുകൾ
ചേലൊത്തനൊമ്പരമായി.
കാറ്റിലിലച്ചാർത്തൊ-
ന്നിളകുന്ന നേരത്ത്
വാടിയതെന്തേ നീ സന്ധ്യേ.

നീലക്കുരുവിതൻ
ചുണ്ടിൽക്കൊരുക്കുവാൻ
തേനില്ലയോ നിന്റെ കൈയ്യിൽ.
വാടിവീഴുന്നു നീ
മണ്ണിലിന്നേകയായ്
മോഹങ്ങളെല്ലാമകന്നു.

തേടുന്നു ഞാനീ
തൊടിയിലെ മന്ത്രമാം
മന്ദാരപ്പൂവുടലാകെ.
നിത്യമാമേതോ,
വസന്തമെൻ സിരകളിൽ
നിറയുന്ന നിമിഷമതായി.

തൊടിയിലെ ചിരികളിൽ
ചിതലിടുമോർമ്മതൻ
തുടരുന്ന ഗദ്ഗദമായി,
പ്രിയമൊരു നോവിന്റെ
നറുമലരമ്പേറ്റു,
പിടയുന്ന ഇതളുകളെന്നും
ചെറുചിരിനുരയുന്ന
പ്രണയരസത്തിന്റെ
പതിവുകൾ മെല്ലെമറന്നു...



........ അമൽദേവ്.പി.ഡി.......
amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ