ഈ ബ്ലോഗ് തിരയൂ

2020, മേയ് 22, വെള്ളിയാഴ്‌ച

വന്യതയുടെ കാഴ്ച്ചകൾ പകർന്ന് കാടകങ്ങൾ: അമൽദേവ്.പി.ഡി

വന്യതയുടെ കാഴ്ച്ചകൾ പകർന്ന് കാടകങ്ങൾ:  അമൽദേവ്.പി.ഡി
------------------------------------------------------------------------------------

     '' ഒരു അന്താരാഷ്ട്ര ​ജൈവ​വൈവിധ്യ ദിനം കൂടി കടന്നുപോകുന്പോൾ നാമോർക്കേണ്ടത്, ഈ ഭൂമി നമ്മുടേത് മാത്രമല്ല, ഒട്ടേറെ ജന്തുജൈവവൈവിധ്യങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്. കരുതലാകണം നമ്മൾ.... ''















" വന്യമീഭൂമിതൻ
   മാറിലായ് മുളയിടും
   ഇലകളും പൂക്കളുമാരണ്യവും,
   കാറ്റിനോടോതി
   കടങ്കഥപോലവെ...
   കാലവും പ്രകൃതിയും പണ്ടേ പണ്ടേ
   മാനും മയിലും
   ശലഭവുമാനയുമണ്ണാനും കാട്ടുപോത്തും
   ചേരുന്നഗേഹമീ കാനനം"




   
      " മഴയാർത്തുപെയ്യുകയാണ്, മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ മടിത്തട്ടിലേക്ക് പുനർജനിപോലെ അവൾ പെയ്തിറങ്ങി, നാടും നഗരവും കാടും ഉൾക്കാടുകളും എല്ലാം അവളുടെ സ്പർശനത്തിൽ നനഞ്ഞുണർന്നു "

     
          കാനനം എന്നും ഒരു അതിശയമാണ്. ഒരുപാട് ഒളിച്ചുവയ്ക്കലുകളുടെ, ഓർമ്മപ്പെടുത്തലുകളുടെ ആകെത്തുകയാണെന്ന് പറയാം. ഹരിതവർണ്ണം കൂടുതൽ കനമേറി ഉൾക്കാടുകളിൽ ഇരുളലകൾ നെയ്ത് പേടിപ്പെടുത്തുന്ന വന്യമായ സൗന്ദര്യം ആരെയും പിടിച്ചുലയ്ക്കും. വീണ്ടും വീണ്ടും കാടിനെയറിയാൻ കാടകങ്ങളെ പുല്കാൻ കൊതിക്കും.

        അകലെയായിരുന്നു കാടും കാട്ടുമൃഗങ്ങളുമെല്ലാം ഇതുവരെ. ഇന്നിപ്പോൾ കാടിനെയറിയാൻ സംരക്ഷിക്കാൻ വഴികൾ തുറന്നിടുന്നു. ഇലകളിൽ തട്ടി വൻമരങ്ങള പുല്കി കാട്ടരുവികളിലിറങ്ങി ആ വശ്യമായ സൗന്ദര്യത്തെ ആവോളമാസ്വദിക്കാൻ കൊതിയേറെയാണ്.

വേനലിന്റെ താപമേറ്റ് ഉണങ്ങിവരണ്ട പാറക്കെട്ടുകളും, വാടിത്തളർന്ന് കരിഞ്ഞുണങ്ങിയ ഇലകളും പൂക്കളും, ആദ്യ മഴയെ കാത്ത് മണ്ണിനടിയിൽ മുളയ്ക്കാൻ വെമ്പിനില്ക്കുന്ന വേരുകളും വിത്തുകളും എല്ലാം മഴയുടെ കരുതലിൽ ഉണർന്നു. അസ്ഥിപഞ്ജരമായി മാറിയ മരങ്ങൾ ഇന്ന് പച്ചിലക്കാടുകളാണ്. ഉണങ്ങിവരണ്ട പാറക്കെട്ടുകളിൽ നീരുറവകൾ സുലഭമായി.
കാനനച്ഛായയിൽ പൂത്തുനില്ക്കുന്ന വൈവിദ്ധ്യമാർന്ന പുഷ്പങ്ങളിൽ വർണ്ണങ്ങൾ വാരിവിതറിയ ചേലിൽ ശലഭങ്ങളും ചെറുപ്രാണികളും പാറിപ്പറക്കുന്നു. സുന്ദരമാണീ വന്യത. മടുപ്പിക്കാത്ത കാഴ്ച്ചകൾ, അറിവുകൾ പകർന്നു തരും ഓരോ കാടും കാടകങ്ങളും.




         " നിശബ്ദമാണ് ഇവിടം. സ്ഥിരതയുടെ കാല്പാടുകൾ താണ്ടി കാലങ്ങൾ പിന്നിട്ടവേരുകൾ മണ്ണിൽ ഉറച്ചു കിടപ്പുണ്ട്. സത്യമുളളതാണ് ഇവിടുത്തെ കാറ്റും വെള്ളവും വെളിച്ചവും ഇരുട്ടുമെല്ലാം. ഓരോ കാൽ വയ്പ്പിലും പേടിക്കണം. ഒളിച്ചിരിപ്പുണ്ട് കറുത്തകാടിന്റെ നിശബ്ദമായ ഹൃദയമിടിപ്പ്. കനലൊന്നുമതി അതില്ലാതാക്കാൻ."


       വെറുതെ ഒരു യാത്ര, അതാവരുത് കാട്ടുവഴികളിലൂടെ നമ്മൾ നടന്നു തുടങ്ങുന്പോൾ ഉണ്ടാകേണ്ടത്. മുളക്കാടുകളിൽ കാറ്റ് താളം പിടിക്കുന്പോൾ ചെവിയോർക്കണം. ഇലകളിൽ തട്ടിയുടയുന്ന മഴത്തുള്ളികളെ പുല്കണം. വന്യതയുടെ ഉള്ളകങ്ങളിൽ നിന്ന് എത്തിനോക്കുന്ന കാടി​ന്റെ മക്കളെ ഗൗനിക്കണം. അവരും അവരുടെ ലോകമായ വനത്തിൽ ജീവിക്കുകയാണ്. തടസ്സമാവരുത് നാമവർക്ക്.

       കാട് എന്നും എന്നെ മാടിവിളിക്കാറുണ്ട്. വന്യമായ ആ ഹരിതകലോകം ഒരു ആവേശമാണ്. കനമേറിയ ചിന്തകൾക്കടിമപ്പെട്ട് അലസമായി നടന്ന എനിക്ക് കാട് തന്നത് തെളിഞ്ഞ മനസ്സും ചിന്തകളും. വികൃതമായ വഴികളിൽ ഞാനെ​ന്റെ മനസ്സിനെ മേയാൻ‍ വിട്ടിരുന്നു, പിന്നീടൊരിക്കൽ ഞാനാവന്യതയിൽ മതിമറന്നു. കാടാണ് ജീവിതം, കാടുറങ്ങിയാൽ നാടുറങ്ങും.


     ''അതിരപ്പിള്ളി - വാഴച്ചാൽ മഴക്കാടുകൾ. പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ മഴക്കാടുകൾ. അതിരപ്പിള്ളി വഴി തമിഴ്നാട്ടിലെ വാൽപ്പാറയിലേക്കുള്ള യാത്ര ആരേയും മനംകുളിർപ്പിക്കും. പ്രകൃതിയുടെ കരവിരുത് ആവോളം തുന്നിചേർത്ത സൗന്ദര്യം വഴിഞ്ഞൊഴുകുന്ന വാഴച്ചാൽ അതിരപ്പിള്ളി കാനനയാത്രയിലെ കാഴ്ച്ചകൾ അത്രയേറെ മനോഹര​മാണ്. ചാലക്കുടിയിൽ നിന്ന് തുടങ്ങുന്ന യാത്ര തുന്പൂർമുഴിയിൽ തുടങ്ങുന്നു കാഴ്ച്ചയുടെ വിരുന്നുകൾ.  അതിരപ്പിള്ളി വെള്ളച്ചാട്ടം, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടം കഴിഞ്ഞ് പുളിയിലപ്പാറയും പെരിങ്ങൽകുത്ത് ഡാമും  ആനക്കയവും കേരള ഷോളയാറും കടന്ന് മലക്കപ്പാറയുടെ കാപ്പിതോട്ടങ്ങളും തേയിലതോട്ടങ്ങളും കടന്ന് വാൽപ്പാറയിലേക്ക്. എത്രയെത്ര യാത്രകൾ പോയാലും മതിവരാത്ത ഇടങ്ങൾ. വീണ്ടും വീണ്ടും കാഴ്ച്ചയുടെ സുന്ദര നിമിഷങ്ങൾ മുന്നിൽ നിറഞ്ഞുനിൽക്കും.''

   ''നിരവധി വരുന്ന അതിനോടൊപ്പം അന്യം നിന്നുപോകുന്നതും  വംശനാശഭീഷണി നേരിടുന്നതുമായ  ഒ​ട്ടേറെയിനം ജീവജാലങ്ങൾ അതിവസിക്കുന്ന ഇടമാണ് അതിരപ്പിള്ളി വാഴച്ചാൽ മഴക്കാടുകൾ. ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ പ്രദേശങ്ങൾ. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാന്പൽ മുതൽ വിവിധയിനം പക്ഷികളും മൃഗങ്ങളും ചെറുജീവജാലങ്ങളും ഇവിടെ വസിക്കുന്നു. കാടിനെ നിലനിർത്തുന്നത് ഇവരാണ്. ഇവരില്ലെങ്കിൽ കാടില്ല, നാടും. അതിരപ്പിള്ളി ജലപാതത്തിന് ചുറ്റുമായി നിലകൊള്ളുന്ന നിബിഢവനം അപൂർവ്വ ​ജൈവ​വൈവിധ്യങ്ങളുടെ കലവറയാണ്. അവയെ സംരക്ഷിക്കേണ്ടതി​ന്റെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും സാമൂഹ്യവിരുദ്ധരുടെ ഇടപെടൽ ഒരുപരിതിവരെ കാടിനേയും അതിലെ വിവിധങ്ങളായ സസ്യജന്തുജാലങ്ങളേയും അവരുടെ ആവാസവ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നു എന്നുള്ളത് വാസ്തവമായ കാര്യമാണ്.''

     പുഴകളും അരുവികളും ഒരുപാടുണ്ട്. ചാലക്കുടി പുഴ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ​ജൈ​വ​വൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ് തൃശ്ശൂർ എറണാകുളം ജില്ലകളിലൂടെ  114 കിലോമീറ്റർ ദൂരത്തിൽ ഒഴുകുന്ന ചാലക്കുടി പുഴ. ​വൈ​വിധ്യമാർന്ന മത്സ്യസന്പത്താണ് ആനമല മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലുള്ളത്. ഉത്ഭവസ്ഥാനത്തുനിന്നും തുടങ്ങി നിരവധി​കൈവഴികളായി ഒഴുകിയാണ് ചാലക്കുടി പുഴ പുഴയായിമാറുന്നത്.  പുഴയും കടലും കായലുമെല്ലാം  ഭൂമിയുടെ ഒരു വരദാനമാണ്. പ്രളയം പുഴയുടെ ഒഴുക്കിനെ പലയിടങ്ങളിലും ദിശമാറ്റിയൊഴുകാൻ‍ കാരണമാക്കി. മരണത്തിലേക്ക് ഒഴുകിയടുക്കുകയാണ് പുഴകൾ. തിരി​ച്ചെടുക്കണം പുഴകളെ, അരുവികളെ, കാട്ടാറുകളെ....



     മഴക്കാലമാണ് പശ്ചിമഘട്ടകാഴ്ച്ചകൾക്ക് കൂടുതൾ  ചാരുത നൽകുന്നത്. ആർത്തലച്ചുപെയ്യുന്ന മഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ‍ നല്ല ഭംഗിയാണ്. മഴക്കാടുകളിലൂടെ ഒരു മഴക്കാലയാത്ര ആരും ആസ്വദിക്കുന്നതാണ്. മഴക്കാലത്തി​ന്റെ സമൃദ്ധിയിൽ നിറഞ്ഞൊഴുകുന്ന സുന്ദരി ചാർപ്പ ജൂൺ ജൂ​ലൈ മാസങ്ങളോടെ കൂടുതൽ ​മനോഹരിയാകും. മഴക്കാലത്തി​​ന്റെ മറ്റൊരു സുന്ദരകാഴ്ച്ചയാണ് വാഴച്ചാൽ വെള്ളച്ചാട്ടം. പച്ചിലകൾ തുന്നിച്ചേർത്ത വനഭാഗത്തുകൂടിയുള്ള യാത്രയിൽ കാണാം സഹ്യ​ന്റെ മക്കളെ, കാട്ടുകൊന്പൻ‍മാർ ഒറ്റയ്ക്കും കൂട്ടമായും  ഈറ്റകാടുകൾ വഴി കടന്നുപോകുന്നത് വിനോദയാത്രികർക്ക് നവ്യാനുഭവം പകരും.



        വനഭാഗത്തെ എണ്ണപ്പനതോട്ടങ്ങളിലും കശുമാവിൻ‍തോട്ടങ്ങളിലും കൂട്ടമായെത്തുന്ന പുള്ളിമാനുകൾ മനോഹരമായ കാഴ്ച്ചകളാണ്. കാട്ടുപോത്തും, മ്ലാവുകളും മലയണ്ണാനും കോഴിവേഴാന്പലും വിവിധയിനം കിളികളും കരിങ്കുരങ്ങ് ഉൾപ്പെടെയുള്ള കുരങ്ങുവർഗ്ഗങ്ങളും സന്ദർശകർക്ക് വന്യതയിലും സുന്ദരമായ വിരുന്നൊരുക്കും. വർണ്ണക്കാഴ്ച്ചകളൊരുക്കി ചിത്രശലഭങ്ങളും വഴിനീളെ സഞ്ചാരികളെ വരവേല്ക്കാൻ‍ കാത്തുനില്പുണ്ടാകും.
മഴക്കാലം ശക്തിപ്രാപിക്കുന്നതോടെ യാത്രയിലുടനീളം  കാണാവുന്ന പാറക്കെട്ടുകളിൽ നിന്നും, മലമുകളിൽ നിന്നും ചിരിയുദിർത്ത്  തുള്ളിച്ചാടിയൊഴുകി വരുന്ന ചെറുവെള്ളചാട്ടങ്ങൾ മനസ്സിന് മറക്കാത്ത അനുഭവം പകർന്നുതരുന്ന കാഴ്ച്ചയാണ്.

     



        ''മെയ് 22-  ലോകം നേരിടുന്ന കൊറോണമഹാമാരിയ്ക്കൊപ്പം ഒരു അന്താരാഷ്ട്ര ​ജൈവ​വൈവിധ്യ ദിനം കൂടി കടന്നുപോകുന്പോൾ നാമോർക്കേണ്ടത്, ഈ ഭൂമി നമ്മുടേത് മാത്രമല്ല. ആനയും, പുലിയും, മാനും, മയിലും, അണ്ണാനും, ചിത്രശലഭങ്ങളും, ചെറുജീവജാലങ്ങളും പുഴകളും അരുവികളും മരങ്ങളും പൂക്കളും മണ്ണും വിണ്ണും മടങ്ങളുന്ന സർവ്വസസ്യജന്തുജീവജാലങ്ങളുടേയും കൂടി സ്വത്താണ്, ജീവിതമാണ് ഈ ഭൂമി. മാനവരാശിയുടെ നിലനിൽപ്പി​ന്റെ പ്രധാന ഉറവിടമായ ​ജൈവ​വൈവിധ്യങ്ങളുടെ കലവറയായ കാടിനെ കാട്ടുജീവജാലങ്ങളെ സംരക്ഷിക്കണം, അല്ലാത്തപക്ഷം ഈയൊരുഭൂമിയുടെ ജീവനും അപകടത്തിലാകും. സർക്കാരുകളുടേയും സംഘടനകളുടേയും മാത്രം കടമയല്ല കാടിനേയും ജൈവ​വൈവിധ്യങ്ങളെയും സംരക്ഷിക്കുക എന്നത്. നാമോരോരുത്തരുടേയും കടമയാണ് ജോലിയാണ് അത് എന്നുകൂടി ഓർമിപ്പിക്കുന്നു ഈ ​ജൈ​വ​വൈവിധ്യ ദിനത്തിൽ.''







     ''കാടകങ്ങളിൽ നിശബ്ദനീക്കങ്ങൾ തുടരുകയാണ്. നീർത്തടങ്ങളിൽ കാട്ടുമൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്നു. ഒരോയാത്രയും ഒട്ടേറെ വ്യത്യസ്ഥമായ അനുഭവങ്ങളാണ് പകർന്നുതന്നത്. കാടിനെ അറിഞ്ഞ് നാടിനെ മറക്കാതെ ജീവ​ന്റെ തുടിപ്പുകൾ അവശേഷിക്കുന്ന ഉൾവനങ്ങളുൾപ്പെടെയുള്ള വനഭാഗങ്ങളെ സംരക്ഷിക്കേണ്ട ആവശ്യകതയറിഞ്ഞും, വന്യതയുടെ മഹാസൗന്ദര്യത്തെ ഹൃദയത്തിലാവാഹിച്ച്, ആത്മസംതൃപ്തിപകർന്ന ഉൾക്കാഴ്ച്ചകളെ ​മനനം ചെയ്തെടുത്ത് മടങ്ങാം നമുക്ക്, കഴിഞ്ഞുപോയകാലത്തി​ന്റെ കാടകങ്ങളി​ലാണ് നമ്മളിപ്പോൾ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളെന്ന തിറിച്ചറിവിൽ, ഇനിയും വേട്ടതുടരണോ എന്ന തിരിച്ചറിവിൽ.......''

വന്യതയുടെ കാഴ്ച്ചകൾ പകർന്ന് കാടകങ്ങൾ:  അമൽദേവ്.പി.ഡി
-------------------------------------------------------------------------------------------------

Contact:  amaldevpd@gmail.com
http://www.facebook.com/amaldevpd


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ