ഈ ബ്ലോഗ് തിരയൂ

2020, ജൂൺ 5, വെള്ളിയാഴ്‌ച

നന്പർ പാറയിലെത്തിയ വന്യതയുടെ കൂട്ടുകാരൻ: അമൽദേവ് പി ഡി



മിഴിപകർപ്പുകൾ:

നമ്പർ പാറയിലെത്തിയ വന്യതയുടെ കൂട്ടുകാരൻ:  അമൽദേവ് പി ഡി



 "മനസ്സുറപ്പിക്കുകയായിരുന്നു. മൗനം നിറച്ച ഏകാന്തതയ്ക്കുള്ളിൽ സർവ്വവും സമർപ്പിച്ച നിമിഷം. കണ്ണിൽ തറച്ച കാഴ്ച്ചകൾ വാക്കുകളായി പകർത്തിയപ്പോൾ അവിടെ ഒരു നിഗൂഢമായ വഴി തുറന്നിട്ടു.... "

 "മനസ്സൊന്നുപതറി, കിഴക്കുനിന്നും പശ്ചിമഘട്ട മലനിരകളെ തഴുകി അലസമായി സുന്ദരിപ്പൂക്കളെ മുത്തമിട്ട് മൗനത്തിന്റെ തിരമുറിയാത്ത നൊന്പരങ്ങളെ ആവാഹിച്ച് ആ വന്യതയുടെ ആത്മാവിലേക്ക് പറന്നെത്തിയ കാറ്റ് പിന്നെയെത്തിയത് എന്നിലേക്കാണ്. തെല്ലൊന്നു കാലിടറിയാൽ പിടിവിട്ട ജീവിതം കണക്കെ അഗാധതയിലേയ്ക്ക്. കാറ്റിന്റെ സംഗീതം ആവോളമാസ്വദിച്ച് മനസ്സിന്റെ, ചിന്തകളുടെ അതിരുകൾഭേദിച്ച് ഞാനലിഞ്ഞുചേർന്നു. ഇടയ്ക്കെപ്പോഴോ തോന്നി ആ വശ്യതയിലേയ്ക്ക് എന്നെ ആരോ ക്ഷണിക്കുന്നതായി. കാറ്റിനൊപ്പം ചിട്ടയറ്റ ചിന്തകൾക്കൊപ്പം ഞാനൊരുയാത്രപോകുകയായി. "



 പ്രതീക്ഷകളെത്താത്തിടം, അവിചാരിതമായാണ് ആ യാത്ര ആനന്ദത്തിന്റെ ഉഗ്രപർവ്വത്തിലെത്തിയത്. മിഴികളിൽ എന്തെന്നില്ലാത്ത പകർത്തെഴുത്ത് അനുഭപ്പെടുന്നു. ഓരോ കാൽവയ്പ്പിലും ആത്മാവിന്റെ അതിഗൂഢമായ മൗനത്തിന്റെ അലയൊലികൾ തീർക്കുന്നു. വന്യതയുടെ ഉൾച്ചുഴിയിൽപ്പെട്ടപോലെ.

    
  കേരള - തമിഴ്നാട് അതിർത്തിയിൽ പ്രകൃതിയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് നമ്പർ പാറ. വനം വകുപ്പിന്റെ കീഴിലുള്ള പ്രദേശം സന്ദർശകർക്ക് അതുമതിയില്ലാത്ത പ്രദേശം കൂടിയാണ്. വിനോദ സഞ്ചാരത്തിന് പച്ചക്കൊടി നാട്ടാത്ത ഇടമായതിനാൽ തന്നെ പ്രകൃതി സമ്മാനിച്ചവ അതേപടി നിലനില്ക്കുന്ന ഇവിടം പച്ചപ്പിന്റെ കേളീരവമാണ്. ചുറ്റും മലനിരകളാണ്. അങ്ങുദൂരെ കാണാം വശ്യമായ സൗന്ദര്യത്തിൽ കാനനഭംഗിയെ ആവാഹിച്ചൊഴുകുന്ന ഇടമലയാർകുടി അണകെട്ടും ആറും. 




 മലക്കപ്പാറ എന്ന കേരള സംസ്ഥാന അതിർത്തി ഗ്രാമത്തിലേക്കുള്ള യാത്രക്കിടയിലാണ് നന്പർ പാറയെ കുറിച്ചു അറിയുന്നതും പോകാൻ തീരുമാനിച്ചതും. ചാലക്കുടിയിൽ നിന്ന് അതിരാവിലെ തന്നെ ഞങ്ങൾ യാത്ര പുറപ്പെട്ടു. സുഹൃത്തുക്കളായ  മധു സന്പളൂർ, ബാബു, ദിലീപ് നാരായണൻ, അഷിൻ പോൾ ഞാനുമടങ്ങുന്ന അഞ്ചംഗസംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്. മാധ്യമ പ്രവർത്തകരായതിനാൻ യാത്രയ്ക്ക് വാർത്തകളുടെ രുചിയും മണവും ഏറും. യാത്രയുടെ തുടക്കത്തിൽ തന്നെ കാഴ്ച്ചയുടെ വിരുന്നൊരുക്കി എണ്ണപ്പന തോട്ടത്തിൽ മേയാനെത്തിയ പുള്ളിമാൻ കൂട്ടം ഞങ്ങളെ വരവേറ്റു. ചെറുചൂടു പകർന്ന ചായ കുടിച്ച് യാത്ര തുടർന്നു. അതിരപ്പിള്ളിയും വാഴച്ചാലും കടന്ന് ബ്രിട്ടീഷ് അധിനിവേശത്തിന്റെ അവശേഷിപ്പായ ഇരുന്പുപാലത്തിലൂടെ ഞങ്ങളുടെ ഫോർ ഇൻടു ഫോർ താർ മിതമായ വേഗതയിൽ നീങ്ങി. 


      മലയണ്ണാനും മയിലും കാട്ടുകോഴിയും വേഴാന്പലും സിംഹവാലനുമെല്ലാം കാട്ടിടവഴികളിൽ ഞങ്ങൾക്ക് ദൃശ്യവിരുന്നൊരുക്കി. ലോക്ക് ഡൗണിൽ വാഹനങ്ങളില്ലാതായതോടെ റോഡിലേക്ക് വളർന്ന് നിൽക്കുന്ന കാട്ടുചെടികൾ. മഴനനഞ്ഞ് കാട് കൂടുതൽ സുന്ദരിയായിരിക്കുന്നു. ഇരുൾ നിറഞ്ഞ വഴികളിൽ ചീവിടിന്റെ ശബ്ദം വന്യതയുടെ പേടിപ്പെടുത്തുന്ന ഭാവമായി. വഴികളിൽ കാണാം കൊന്പൻമാർ ചവിട്ടിയരച്ച ഈറ്റച്ചെടിയും മരച്ചില്ലകളും.  കാടിന്റെ ഉള്ളിലൂടെ യാത്രതുടർന്നു.  ഉൾക്കാടുകളിൽ നിന്ന് മരച്ചില്ലകളും ഈറ്റയും ഒടിയുന്ന ശബ്ദത്തിനൊപ്പം ആനച്ചൂര് മൂക്കിലേക്ക് ഇരന്പിക്കയറി.  ആകാംഷയുടെ പേടിപ്പെടുത്തലുകളുടെ ആനച്ചൂരും ആനപിണ്ടവും . 


    കേരളം വിറച്ച ആദ്യപ്രളയം, 2018 ൽ തങ്ങളുടെ ആനക്കയത്തെ കോളനിയെ തുടച്ചുനീക്കി, പ്രളയത്തിന് ശേഷം മയിലട്ടും പാറയിലെ പാറപ്പുറത്തേക്ക് പാലായനം ചെയ്ത ആദിവാസി ജനവിഭാഗത്തേയും യാത്രയിൽ കണ്ടു. രണ്ടു വർഷം പിന്നിട്ടു മറ്റൊരു അതിവർഷം കാടുകയറാൻ നിൽക്കുന്പോഴും കുടിലുകെട്ടാൻ ഒരു തുണ്ടു ഭൂമിയ്ക്കായി കൈനീട്ടിയ തങ്ങൾക്ക് അധികാരികൾ നൽകിയ വാക്കുകൾ പാഴ് വാക്കുകളായെന്ന് ആദിവാസി മൂപ്പനടങ്ങുന്ന സംഘം ഞങ്ങളോട് വീണ്ടുമാവർത്തിച്ചു. വേനലിൽ ചാലക്കുടി പുഴത്തീരത്തേക്ക് മാറിയ ഇവർ വരാൻ പോകുന്ന പ്രളയഭീഷണിയിൽ വീണ്ടും പാറപ്പുറത്തേക്ക് താമസം മാറ്റി, എന്നാൽ നഷ്ടമായ കുരയ്ക്കു പകരം ഒരു കുടിൽ സ്വപ്നമായി അവശേഷിക്കുന്നു എന്ന ദുഃഖം ഇവരുടെ മുഖങ്ങളിൽ കാണാം.


    കേരള ഷോളയാർ ഡാമിന്റെ സൗന്ദര്യം ആസ്വദിച്ച് കുറച്ചുനേരം. കരിങ്കുരങ്ങും വിവിധയിനം കിളികളും ഡാമിനോട് ചേർന്ന വനപ്രദേശത്ത് ധാരാളമായുണ്ട്. രാവിലെ 11 മണിയോടെ മലക്കപ്പാറയിലെത്തിയ ഞങ്ങൾ പ്രഭാതഭക്ഷണത്തിന് ശേഷം തേയിലത്തോട്ടത്തിലൂടെ അതിർത്തിയിലേക്ക്. ഓറഞ്ച് നിറത്തിൽ മനോഹരിയായ ചെങ്കീരികൾ ധാരാളമുള്ളയിടമാണ് മലക്കപ്പാറ. ചാലക്കുടിയിൽ നിന്നും 88 കിലോമീറ്റർ ദൂരമുള്ള മലക്കപ്പാറയിൽ എപ്പോഴും തണുത്ത കാറ്റ് വീശികൊണ്ടിരിക്കും. മൂന്നാറിലെ കാലാവസ്ഥയ്ക്ക് ഒപ്പം നിൽക്കില്ലെങ്കിലും മലക്കപ്പാറ വാൽപ്പാറ തേയില തോട്ടം മേഖല മറ്റൊരു മൂന്നാറിനെ അനുസ്മരിപ്പിക്കും വിധം മനോഹരിയാണ്. തമിഴ്നാട് വാൽപ്പാറ ചെക്ക് പോസ്റ്റിൽ പറഞ്ഞ് ഞങ്ങൾ നന്പർ പാറയിലേക്കുള്ള യാത്ര തുടങ്ങി. ഇടുങ്ങിയ വന്യമായ കാട്ടുവഴികളാണ്. ഏറെ ദൂരം തേയില തോട്ടത്തിലൂടെ യാത്ര. പിന്നെ പിന്നെ വഴികൾ ചെറുതായി. കല്ലുകൾ നിറഞ്ഞ വഴികളിലൂടെ ഞങ്ങളുടെ വാഹനം ഇരച്ചുകയറി.  എസ്റ്റേറ്റുകൾ വഴിയാണ് ഞങ്ങളുടെ യാത്ര. 



   കേരള സംസ്ഥാനത്തിന്റെ അതിർത്തിയിലെ അവസാന വീടിന്റെ മുന്നിലെത്തി. വീട്ടുകാരോട് വിശേഷങ്ങൾ പങ്കുവച്ചു. വളരെ മനോഹരമായി പൂന്തോട്ടമൊരുക്കിയിട്ടുണ്ട് അവർ. എസ്റ്റേറ്റു ജോലിക്കാരാണ്, അതുകൊണ്ടുതന്നെ എസ്റ്റേറ്റിനുള്ളിൽ തന്നെ ക്വാർട്ടേഴ്സുകളിൽ താമസം. 


    തേയില തോട്ടങ്ങളിൽ തേയിലച്ചെടികൾ പൂത്ത മനോഹരകാഴ്ച്ചകളും അവിടെ കണ്ടു.

     തേയില തോട്ടങ്ങൾക്കിടയിലൂടെ ഞങ്ങളുടെ വാഹനം പതിയെ നീങ്ങി. അതിർത്തിയെ കാണിക്കുംവിധം പാകിയ വലിയ കല്ലിനരികിൽ ഞങ്ങളുടെ വാഹനം നിന്നു. വാഹനം അവിടെ വരെ മാത്രം. ഇനി നടക്കണം. തേയില തോട്ടത്തിനിടയിലൂടെ കുറച്ച് ദൂരം. പുള്ളി പുലികൾ കൂടുതലും ഒളിച്ചിരിക്കുന്നത് തേയില തോട്ടത്തിനുള്ളിലാണ്. അതിമനോഹരമാണ് ഇവിടുത്തെ തേയില തോട്ടങ്ങൾ. അതിർത്തി തിരിച്ച വലിയ അതിർത്തിക്കല്ലിന് സമീപം മൂപ്പെത്തിയ ഒരു തേയിലച്ചെടിയുടെ ചുവട്ടിൽ മലദൈവങ്ങളുടെ ഫോട്ടോയും ശില്പങ്ങളും, തോട്ടം മേഖലകളിൽ ജോലിക്ക് വരുന്നവർ നിത്യവും വിളക്ക് വക്കാറുണ്ട് ഇവിടെ. ജോലിക്കിടയിലെ വന്യജീവി ആക്രമണം പോലുള്ള അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ മലദൈവങ്ങൾ കൂടെയുണ്ടെന്ന വിശ്വാസം. വാഹനം നിർത്തിയയിടത്ത് നിന്ന്‌ ഞങ്ങൾ തേയിലത്തോട്ടത്തിലൂടെ നടന്ന് തുടങ്ങി. പുലിമടകൾ ഒരുപാടുളളയിടം, കാണാൻ പോകുന്ന കാഴ്ച്ചയുടെ പറഞ്ഞറിവുകൾ ഉള്ളിൽ താളമിട്ടു തുടങ്ങി. മനസ്സിൽ കുളിരുന്ന കാഴ്ച്ചകൾ. മലനിരകളുടെ നീണ്ടനിര കാണാം. മലദൈവങ്ങളെ സാക്ഷിയാക്കി പ്രകൃതിയുടെ മായാവലയത്തിലേക്ക് നടന്നടുത്തു.



  അതിർത്തിക്കല്ലുകൾ നിരനിരയായി തോട്ടങ്ങൾക്കിടയിലൂടെ പാകിയിട്ടുണ്ട്. അവസാനത്തെ അതിർത്തിക്കല്ലിന്റെയരികിലെത്തിയപ്പോൾ ആനച്ചൂരിന്റേയും സുന്ദരിപ്പൂവിന്റെയും തേയിലത്തോട്ടത്തിലെ ഇലകൾ ചീഞ്ഞ മടുപ്പിക്കുന്ന ഗന്ധവും ഇടകലർന്ന കാറ്റ് മുഖത്തേക്ക് വീശിയടിച്ചു. 
വർണ്ണനകൾക്കപ്പുറത്ത് കാഴ്ച്ചയുടെ അനിർവചനീയമായ ലോകം മുന്നിലെത്തിയിരിക്കയാണ്. നന്പർ പാറ.
    പാറക്കല്ലുകൾ നിറഞ്ഞ പ്രദേശമാണ്. നിറയെ സുന്ദരിപ്പൂക്കൾ ( കാട്ടുസുന്ദരി ) വിരിഞ്ഞു നിൽക്കുന്നു. കാറ്റിലാകെ അതിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നു. അഗാധമായ ഗർത്തമാണ് മുന്നിൽ. പാറക്കല്ലുകൾക്കരികിലൂടെ ഭയപ്പെടുത്തുന്ന കാറ്റിനൊപ്പം ആ അഗാധമായ വന്യതയിൽ നോക്കി നടന്നു. തെല്ലൊന്നു കാലിടറിയാൽ ഉൾക്കാടുകൾക്കുള്ളിലേക്ക്, ആ വന്യതയുടെ അഗാധഗർഭത്തിലേക്ക് വീഴും. 

      മനനം ചെയ്തെടുത്ത ഏകാന്തതയെ ആവാഹിച്ചെടുത്ത് ആ നിഗൂഢതയിൽ അലിഞ്ഞുചേരാൻ വെന്പുന്ന മനസ്സുമായി മലനിരകളിൽതട്ടിയുടയുന്ന മേഘപടലങ്ങളെ നോക്കി, ദൂരെ വശ്യതയുടെ പര്യായമായി അതിസുന്ദരിയായി പരന്നൊഴുകുന്ന ഇടമലയാർ പുഴയുടെ ഭംഗി ആസ്വദിച്ച് നന്പർ പാറയിലെ ഉയർന്ന ഒരു പാറപ്പുറത്ത് ഞാനിരുന്നു. മനോഹരമാണ് ഇവിടം. സന്ദർശക പ്രവാഹമില്ലാത്തതിനാൽ ഇവിടം ഇപ്പോഴും സ്വർഗ്ഗമാണ്.



 "ജീവന്റെ ആദിതാളം മൊട്ടിട്ട ഈ കാടകങ്ങളിൽ, ചെവിയോർത്താൽ കേൾക്കാം. സ്വപ്നങ്ങളുടെ മോഹങ്ങളുടെ പ്രതീക്ഷകളുടെ മൗനസ്വരങ്ങളെ. ഇടയ്ക്കൊന്നു പതറിയ മനസ്സിനെ തിരിച്ചെടുത്ത് മനസ്സില്ലാമനസ്സോടെ ആ വശ്യതയിൽ നിന്നും തിരികെ നടന്നു. പിന്നിട്ട കാല്പാടുകൾ അവശേഷിക്കും. കാലം ഒരോർമ്മക്കുറിപ്പായി ഇവിടേയ്ക്ക്, ഈ തീരാസൗന്ദര്യത്തിലേക്ക് തിരികെ വിളിക്കും എന്ന പ്രത്യാശയിൽ ആത്മാവറ്റദേഹം കണക്കെ ഞാൻ നടന്നു. തിരിഞ്ഞു നോക്കിയില്ല. ഒരു നിഴൽ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. ആനന്ദത്തിന്റെ നിഗൂഢമായ മൗനം, ഉടച്ചുവാർക്കുന്ന സ്വപ്നങ്ങളെ, പ്രതീക്ഷകളെ ഒക്കെ ഓർത്ത് സിരകളിൽ ഒരു ലഹരിയായി നിറഞ്ഞ ആ കാഴ്ച്ചകളെ ഓർമ്മച്ചെപ്പിലടച്ചു ഭദ്രമായി വച്ചു യാത്ര തുടർന്നു."

    തേയില തോട്ടമിറങ്ങി. കാനനഭംഗിയുടെ പകൽ വെളിച്ചത്തിലേക്ക് പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൗനം അരിച്ചിറങ്ങി തുടങ്ങി. ഷോളയാർ റിസർവോയർ ഭാഗത്തെത്തിയപ്പോൾ ഞങ്ങളുടെ ഒരു ദിനത്തെ ധന്യമാക്കും വിധം ആ യാത്രയുടെ ഭാഗമാവാൻ സഹ്യന്റെ മക്കൾ വിരുന്നെത്തി. കൊമ്പൻമാർ കുട്ടികൊന്പൻമാരുമൊത്ത് വെള്ളം കുടിക്കാനായി ജലാശയത്തിനരുകിലേക്ക് വന്നതാണ്. ഇരുൾ വീണു കഴിഞ്ഞു. മ്ലാവുകളും പുള്ളിമാൻ കൂട്ടവും പതിവുപോലെ ഇരുളിഭേദിച്ച് കടന്നുപോകുന്ന ഞങ്ങളുടെ വാഹനത്തിന്റെ പ്രകാശവലയത്തിൽപ്പെട്ടു. കാടിറങ്ങി, നാടിന്റെ അലോസരപ്പെടുത്തുന്ന വേഗതയിലേയ്ക്ക് തിരക്കിലേയ്ക്ക്.... 


 " നന്പർ പാറയിലെത്തിയ വന്യതയുടെ കൂട്ടുകാരൻ"








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ