" ഓർമ്മകളുടെ ഓളപ്പരപ്പിലൂടെ ഞാനിന്നു നീന്തിക്കയറിയപ്പോൾ വല്ലാത്തൊരു നോവു കലർന്ന അനുഭൂതിയാണ് ഉള്ളിൽ ഉലഞ്ഞാടിയത്.
കാലമെത്ര കടന്നു പോയാലും, ചിലതൊക്കെ മനസ്സിൻറെ ഉൾകോണിൽ പതിയിരിക്കും, ഇങ്ങനെ ഒരോയിടങ്ങളിൽ വല്ലകാലത്തും എത്തുമ്പോൾ ഒരു വിതുമ്പലായി... പുറത്തു വരും. പിന്നെ, ആ ഓർമ്മകളിൽ അങ്ങനെ കുറെ നേരം ഇരിക്കും. ഓർമ്മകൾ നീന്തി കയറി പോയാലും തീരില്ല ആ കാത്തിരിപ്പ്.
കുട്ടികാലത്ത് വേനലായാൽ പിന്നെ മുകുന്ദപുരം അമ്പലകുളത്തിൽ എന്നും രാവിലെ ഉള്ള കുളിയുണ്ടാകും. വേനലായാൽ പിന്നെ കുളത്തിൻ്റെ ആഴം കുറയും. പിന്നെ അക്കരക്ക് നടന്നും പോകാം. അപ്പോഴാണ് ഞങ്ങൾക്ക് നീന്തൽ പഠിക്കാൻ പറ്റിയ അവസരം.
മണ്ഡലകാലത്ത് അച്ഛനോടൊപ്പം അതിരാവിലെ കുളിക്കാൻ പോകുമ്പോൾ ഉള്ള ഒരു തരം സന്തോഷമുണ്ട്.
" സ്വാമിയേ ശരണമയ്യപ്പ" എന്ന് അയ്യപ്പ മന്ത്രധ്വനി നാടുണർത്തും വിധം ഉച്ചത്തിൽ ചൊല്ലിയാണ് അമ്പലക്കുളത്തിലേക്ക് ഉള്ള നടപ്പ്. അതികാലത്ത് ആ തണുത്ത വെള്ളത്തിൽ ഇറങ്ങുമ്പോൾ ശരീരവും മനസ്സും ഒരുപോലെ കുളിരു കോരും.
വീണ്ടും ഒരു മണ്ഡലകാലം വരികയാണ്. ഇന്നും അതെ ചെറുപ്പത്തിന്റെ നനുത്ത കുളിരോർമ്മയിൽ ഇളം പച്ചയാർന്ന ഈ അമ്പലക്കുളത്തിലെ വെള്ളത്തിലൂടെ നീന്തിയപ്പോൾ; കഴിഞ്ഞുപോയ എത്രയെത്ര ഓർമ്മകളാണ് പെട്ടെന്ന് തന്നെ മനസ്സിലേക്ക് ഓടിവന്നത്. നെഞ്ചു വിങ്ങുന്ന ആ ഓർമ്മകളിൽ നിന്നും, നീന്തിക്കയറുമ്പോഴേക്കും തുലാവർഷ മഴ പെയ്തു തുടങ്ങിയിരുന്നു.
മഴയുടെ ആ ലാസ്യതാളത്തിനൊപ്പം വീണ്ടും ഒരു ചെറുപ്പകാലത്തിന്റെ സ്മരണകളിലേക്ക് ഞാൻ അറിയാതെ നീന്തി കയറുകയായിരുന്നു."
❤️
#memories #myvillage #templepond #ambalakulam #memory #childhoodmemories #childhoodnostalgia
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ