പേജുകള്‍‌

2016, ഡിസംബർ 31, ശനിയാഴ്‌ച

പുതുവത്സരാശംസകൾ... :)

''ഓരോ ദിനവും ലക്ഷ്യങ്ങളിലേക്കുള്ള പടവുകളാണ്, ആ പടവുകൾ കയറുന്പോൾ നാം ഇടക്കൊക്കെ ഒന്നിടറിയെന്നു വരാം. ചിലപ്പോൾ ആ ലക്ഷ്യങ്ങളിലെക്കെത്തുവാൻ ഈ ജീവിതം മുഴുവൻ നമുക്ക് നടന്നു തീർക്കേണ്ടി വരും. അതുപോലെയാണ് സ്വപ്‌നങ്ങളും, ഓരോ ഉണർവിലും ഓരോ സ്വപ്നങ്ങളാണ്. ജീവിതത്തിന്റെ അരണ്ട ഇടനാഴിയിൽ ഒരു സൂര്യവെളിച്ചം പോലെ മിന്നിമറയും ചിലതൊക്കെ. ചിലപ്പോൾ വെളിച്ചത്തെ തല്ലിക്കെടുത്തതും.''

പുതിയപ്രഭാതങ്ങൾ, പുതിയലക്ഷ്യങ്ങൾ, പുതിയസ്വപ്നങ്ങൾ, പുതിയഓർമ്മകൾ, പുതിയരീതികൾ, പുതിയഭാഷകൾ, പുതിയഭാവങ്ങൾ, പുതിയമുഖങ്ങൾ, പുതിയരസങ്ങൾ, പുതിയഭക്ഷണങ്ങൾ, പുതിയരുചികൾ, പുതിയയാത്രകൾ, പുതിയസൗഹൃദങ്ങൾ, പുതിയകാഴ്ച്ചകൾ,... ഇങ്ങനെ പുതിയതായി നമ്മൾ മാറുന്നതും, മാറ്റുന്നതുമായ കാര്യങ്ങൾ, അവയിലെ പുതുമ നഷ്ടപ്പെടുന്നത് വരെ മാത്രം.

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹദീപം എന്നും ജ്വലിച്ചുനിൽക്കട്ടെ. ദിനങ്ങളും, ആഴ്ചകളും, മാസങ്ങളും, വർഷങ്ങളും നാമറിയാതെ നമ്മെ കടന്നു പോകുന്നു. ആഘോഷങ്ങളിൽ മതിമറക്കുന്ന ജീവിതങ്ങൾ, ഒരു ഭാഗത്ത് ആഘോഷമെന്തെന്നറിയാത്ത മനുഷ്യർ. ഓണവും, വിഷുവും, ക്രിസ്മസുമെല്ലാം വന്നുപോകും, ആഘോഷങ്ങൾക്ക് രുചിയിലും ഭാവത്തിലും മാറ്റങ്ങൾ വന്നുചേരും. ഇലകൾ കൊഴിഞ്ഞു പോകും, പുതുനാന്പുകൾ തളിരിടും. ഓരോ പകൽ പിറക്കുന്പോഴും നമ്മളറിയാതെ നമ്മൾ യാത്രപുറപ്പെടുന്നു. രാത്രിയിൽ കനവുകൾ നിറച്ച പട്ടുമെത്തയിൽ സുഖനിദ്രയും. സ്വപ്‌നങ്ങൾ പകൽ പോലെയാണ്, അവ വേഗതയാർന്ന നിമിഷങ്ങളാണ്, തിരക്കേറിയ യാത്രകളാണ്. ഒന്നിനുമീതെ ഒന്നായി വന്നുചേരും. സഫലമാകാതെ അവ വീണുടയും.

പുതുവർഷം ആയിരിക്കുന്നു. പതിവിലേറെ സന്തോഷത്തിലും സമാധാനത്തിലുമാണ് ഞാനും. ആഘോഷങ്ങൾക്ക് പിടികൊടുത്തില്ല. പുതുവത്സരാശംസകൾ നേർന്ന് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ട്വിറ്ററിലുമൊക്കെയായി സന്ദേശങ്ങൾ ഒരുപാടെത്തി. ഒന്നിനും ഈ നിമിഷം വരെ മറുപടി കൊടുത്തിട്ടില്ല. കൊടുക്കണം, പുതുവർഷം നല്ലൊരു ജീവിതം സമ്മാനിക്കട്ടെ...'' പതിവിലും കുറവായിരുന്നു ഫോണിൽ വിളിച്ച് ആശംസകൾ പറഞ്ഞവർ. ആരെയും അങ്ങോട്ടും വിളിച്ചില്ല. ഒരു രാത്രി വഴിമാറി പകലിന്റെ അനന്തമായ സാധ്യതകൾ തുറന്നിടുന്നു, ഒപ്പം അതൊരു പുതുവർഷത്തിന്റെ പിറവി കൂടിയാകുന്പോൾ ആശംസാപ്രവാഹങ്ങളുടെയും, അനുഗ്രഹങ്ങളുടെയും നിമിഷങ്ങളാകും.

''നടന്നു തീർക്കാൻ ഒരുപാട് ദൂരമുണ്ട് ഇനിയും, ഈ യാത്രയിൽ കണ്ടുമുട്ടാൻ ഏറെ മുഖങ്ങളും. മറവികൂടാതെ അനുഗ്രഹങ്ങളും ആശംസകളും നേരുവാൻ മനസ്സുണ്ടാകണം. ചിലരെ ഒപ്പം കൂട്ടേണ്ടി വരും, ചിലരെ അകറ്റി നിർത്തേണ്ടി വരും. എങ്കിലും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഞ്ഞു തുള്ളികൾ എന്നും നമ്മിൽ പതിക്കട്ടെ. എന്റെ എല്ലാ കൂട്ടുകാർക്കും, സഹോദരങ്ങൾക്കും സ്നേഹാദരങ്ങളോടെ  ഒരു പുതുവർഷപ്പുലരി നേരുന്നു.... പുതുവത്സരാശംസകൾ... :)


അമൽദേവ്.പി.ഡി
-----------------------

2016, ഡിസംബർ 11, ഞായറാഴ്‌ച

നിഴലും വെളിച്ചവും. (ചെറുകഥ - അമല്‍ദേവ്.പി.ഡി)

                                           

                  പൊട്ടിയ  ചെരുപ്പ്,  നൂലുകൊണ്ട് കൂട്ടിചേര്‍ക്കുകയായിരുന്നു, അനു മോള്‍ക്ക് നാളെ സ്‌കൂളില്‍ പോകണമെങ്കില്‍ ചെരുപ്പ് വേണം. ചെരുപ്പ് പൊട്ടിയ പേരില്‍ കരയാന്‍ തുടങ്ങിയിട്ട്  രണ്ട് ദിവസമായി, പുതിയത് ഒരെണ്ണം വാങ്ങാമെന്നു  വച്ചാലോ രണ്ട് നേരത്തെ ആഹാരത്തിന് തികയുന്നില്ല സമ്പാദ്യം. അടുപ്പില്‍ തീ പുകയുത് തന്നെ  ദിവസത്തില്‍ ഒരു തവണ മാത്രം. 
                 ആകാശത്തിനു കീഴെ ഭൂമി അതിനും താഴെ എന്താണാവോ.. ഒരു ദിവസം തന്നെ  വട്ടമെത്തിക്കാന്‍ നന്നേ  പാടുപെടുമ്പോഴാണ് അനുമോള്‍ക്ക് പരീക്ഷ ഫീസ്, ചെരുപ്പ് തുടങ്ങിയ ചിലവുകള്‍. നാല് തൂണില്‍ ചാരി വച്ചിരിക്കാണെ് തോന്നും  സൈനബയുടെ വീട് കണ്ടാല്‍. സൈനബയുടെ വിവാഹം ഇതുവരെ ആരും അംഗീകരിക്കാത്ത ഒന്നാണ്. കൂടെ പഠിച്ചിരു ഹരീഷ് എന്ന  യുവാവുമായായിരുന്നു  വിവാഹം. കുടുംബാംഗങ്ങളും സമുദായാംഗങ്ങളുമെല്ലാം ഇവരുടെ ഇഷ്ടത്തിന് എതിരായിരുന്നു. ഉറ്റചങ്ങാതിമാരായിരുന്ന കൂട്ടുകാര്‍ മാത്രമാണ് അന്ന്  ഇവരുടെ കൂടെ നിന്നത്. അതും സമുദായവും ബന്ധുക്കളും  അറിയാതെ മാത്രം. 
               പഠനം കഴിഞ്ഞ കാലത്ത് കൂട്ടുകാരൊക്കെ ചേര്‍ന്ന്  അവരുടെ ജീവിതം കൂട്ടിചേര്‍ത്തു, ഇപ്പോള്‍ ആ സുഹൃത്തുക്കളൊക്കെ  എവിടെയാണ്, അറിയില്ല. യാത്ര പോകലും കളിയും ചിരിയും ഒക്കെയുമായി ആദ്യകാലത്ത് നല്ല സന്തോഷഭരിതമായിരുന്നു ഇവരുടെ  ജീവിതം.  വിവാഹത്തിന് മുന്‍പേ  തന്നെ ഹരീഷിനു കിട്ടിയ ജോലിയില്‍ അവരുടെ ജീവതം സമ്പുഷ്ട്ടമായിരുന്നു. സ്വന്തമായി ഒരു ചെറിയ വീടു വച്ചു, അവര്‍ക്കൊരു കുഞ്ഞു പിറന്നു. തികച്ചും  സന്തോഷഭരിതമായിരുന്നു അവരുടെ ജീവിതം. 
              പക്ഷെ, അവരുടെ സന്തോഷത്തിനു അധികകാലം ആയുസ്സുണ്ടായില്ല;  ഹരീഷിന്‍റെയും സൈനബയും വിവാഹത്തിന്‍റെ പേരിലുള്ള തര്‍ക്കങ്ങള്‍ അവരുടെ  കുടുംബങ്ങള്‍ തമ്മില്‍ അപ്പോഴും തുടരുന്നുണ്ടായിരുന്നു. എന്തുവന്നാലും നമ്മല്‍ ഒന്നായിരിക്കും , ഒരിക്കലും പിരിയില്ല എന്ന  നിലപാടിലായിരുന്നു  ഇവരും. ഒരാളുടെ  ജീവിതത്തില്‍ നിഴല്‍ വീഴുന്നത് എപ്പോഴൊക്കെയാണെന്ന്‍  പറയാന്‍ കഴിയില്ല.   വിവാഹിതരാകാന്‍ തീരുമാനിക്കുന്ന സമയത്ത് ഒന്നായിരുന്ന ചിന്തകളും ആഗ്രഹങ്ങളും എല്ലാം രണ്ടാകുന്ന ഒരവസ്ഥയാണ് തങ്ങള്‍ക്കു ഒരു മകളുണ്ടായത്തിനു ശേഷം അവരില്‍ രൂപപെട്ടത്‌; അതുവരെ ജാതിയും മതവുമോന്നും  അവര്‍ക്ക് തടസ്സമായിരുന്നില്ല, പക്ഷെ, എപ്പോഴൊക്കെയോ  അനുമോളെ ഏത് ജാതിയില്‍ പെടുത്തണം  എങ്ങനെ  വളര്‍ത്തണം  എന്നോക്കെയുള്ള  വര്‍ത്തമാനം ഇവരുടെ ഇടയില്‍ ഒരു കറുത്ത നിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിരുന്നു. നാട്ടുകാരിലും ഒരുപോലെ  ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും ഇതു വലിയ  തര്‍ക്കങ്ങളുണ്ടാക്കി;  
               തന്‍റെ  മകളെ ഹിന്ദുവായി വളര്‍ത്താം എന്ന  ആഗ്രഹം ഹരീഷാണ് മുമ്പോട്ട് വച്ചത്, ഹരീഷിന്‍റെ കുടുംബത്തിന്‍റെ പരോക്ഷമായ ആഗ്രഹപ്രകാരമായിരുന്നു ഹരീഷ് ഇങ്ങനെ  ഒരു ആവശ്യം സൈനബക്ക് മുന്നില്‍ വച്ചത്;   പക്ഷെ  മുസ്ലീം സമുദായത്തില്‍ മതിയെന്ന വാദവുമായി സൈനബയും രംഗത്ത് വന്നു. ജാതിയും മതവും കെട്ടിപ്പിടിച്ചവര്‍ക്കൊക്കെ ഇത് അസുലഭ നിമിഷങ്ങളായിരുന്നു. രണ്ട് പേരുടേയും സമുദായം രംഗം സജീവമാക്കി. ഹരീഷുമായി ഹിന്ദു സമുദായം പല ചര്‍ച്ചകള്‍ക്ക് വിളിച്ചു, സൈനബയെ മുസ്ലീം സമുദായവും. സമുദായങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി;    
         സന്തോഷം നിലനിന്നിരുന്ന  അവരുടെ കൊച്ചു വീട്ടില്‍ പിന്നീട്  ഒച്ചയും ബഹളവുമൊുമില്ലാതെയായി. അന്ന്യോന്യം മിണ്ടാതെയായി;  കുഞ്ഞ് വളര്‍ന്നു വരികയാണ്. അവളുടെ കാര്യങ്ങളില്‍ അമ്മയുടെ ശ്രദ്ധ എല്ലായ്‌പ്പോഴും വേണ്ടിവരും. സൈനബയുടെ  കാര്യത്തിലും അനുമോള്‍ടെ കാര്യത്തിലും ഹരീഷിന് ശ്രദ്ധ കുറഞ്ഞിരിക്കുന്നു. ജോലി കഴിഞ്ഞു നേരത്തെ വീട്ടില്‍ എത്തിയിരുന്ന ഹരീഷ് എന്നും വൈകിയാണ് ഇപ്പോള്‍ എത്തുന്നത്‌; ഹരീഷും സൈനബയും തമ്മില്‍ നിരന്തരം കലഹമായി വീട്ടില്‍. സമാധാനമായി ജീവിക്കാന്‍ രണ്ട് പേര്‍ക്കും കഴിയാതെയായി. എങ്കിലും സൈനബയും ഹരിഷും തങ്ങളുടെ വാക്കില്‍ ഉറച്ചു നിന്നിരുന്നു, കുഞ്ഞിന്‍റെ കാര്യത്തില്‍ ആരും താഴ്ന്നു കൊടുത്തില്ല. 
                ഒരു കാലത്ത് ആഘോഷങ്ങളും എല്ലാം  സന്തോഷത്തോടെ ആഘോഷിച്ചിരുന്ന  അവരുടെ ഇപ്പോഴത്തെ ജീവിതത്തില്‍ ആഘോഷങ്ങള്‍ ഇല്ലാതെയായി. അനുമോള്‍ക്ക് ഒരു വയസ്സാകുകയാണ്, പതിവുപോലെ ഹരീഷ് അന്നും  ജോലിക്ക് പോയി, തിരിച്ച് വരാന്‍ ഒരു പാടുവൈകുന്നത് കണ്ട് സൈനബ ഭയന്നിരുന്നു. അന്ന്  നേരം വെളുക്കുവോളം ഹരീഷിനെ നോക്കി ഉമ്മറപ്പടിയിലിരുന്നു അവള്‍. 
                         പതിവുപോലെ രാവിലെ എഴുന്നേറ്റു  ഉമ്മറത്തെത്തിയപ്പോള്‍  കണ്ടത് വീടിന്‍റെ മുന്‍പിലായി ആളുകള്‍ കൂടി നില്‍ക്കുന്നതാണ്. അവര്‍ക്കിടയില്‍ പലതരത്തിലുള്ള സംസാരം ഉടലെടുത്തിരുന്നു. കാര്യം അന്വേഷിച്ച  സൈനബക്ക് മുമ്പില്‍ ആരും ഒന്നും  പറഞ്ഞില്ല. ആശ്വാസത്തിന്‍റെ  വാക്കുകള്‍ ചിലയിടത്തുനിന്നും  സൈനബ കേള്‍ക്കുണ്ടായിരുന്നു.  വീടിനു മുന്നിലേക്ക് എത്തിചേര്‍ന്ന ആംബുലന്‍സില്‍ നിന്നും  നാട്ടുകാര്‍ ചേര്‍ന്ന് ഹരീഷിന്‍റെ മൃതദേഹം വീടിനുള്ളില്‍ കിടത്തി. വെള്ളത്തുണിയില്‍ കെട്ടിപൊതിഞ്ഞ മാംസപിണ്ഢമായി ഷരീഷ്. എല്ലാം നോക്കിനില്‍ക്കാനെ സൈനബക്ക് കഴിഞ്ഞുള്ളു. ഒരു തുള്ളി കണ്ണുനീര്‍ ഒഴുകുന്നുണ്ടായില്ല. അനുമോള്‍ അവളുടെ അച്ചനെ കെട്ടിപിടിച്ചു കരയുന്നുണ്ടായിരുന്നു. അവളുടെ കരച്ചില്‍ പോലും കേള്‍ക്കാനാകാത്ത  വിധം തകര്‍ുപോയിരുന്നു സൈനബ. ജാതിയുടേയും മതത്തിന്‍റെയും പേരില്‍ ഒരു ജീവിതം കൂടി നഷ്ട്ടമാകുന്നു. ശരീരത്തില്‍ മുറിയാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല. എല്ലാം തുന്നി ചേര്‍ത്ത് ഒരു പൊതികെട്ടായി സൈനബക്ക് മുമ്പില്‍ ഒരു ചോദ്യമായി കിടക്കുന്നു ഹരീഷ്. ഉള്ളിലെ നീറുന്ന  വേദനയില്‍  അവള്‍ സ്വയം ഉരുകുകയായിരുന്നു. 
               ചടങ്ങുകളൊക്കെ ഹരീഷിന്‍റെ കുടുംബങ്ങള്‍  ചേര്‍ന്ന്  ഹിന്ദുആചാരപ്രകാരം മുറയില്‍ നടത്തി. അതിനും തര്‍ക്കങ്ങളൊക്കെ ഉയര്‍ന്നിരുന്നു. ചിതയെരിഞ്ഞു തീര്‍ന്നു;  ആളൊഴിഞ്ഞ അരങ്ങില്‍ ഒരമ്മയും കുഞ്ഞും മാത്രം. കണ്ണീര്‍വറ്റിയ കവിള്‍ തടവുമായി അനുമോള്‍ അമ്മയുടെ മുടിയില്‍ പിടിച്ച് വലിക്കുകയാണ്. ഒന്നുമറിയാത്ത ഭ്രാന്തിയെപ്പോലെ സൈനബ തറയില്‍ കിടക്കുന്നു. 
                                   നാളുകള്‍ കഴിഞ്ഞുപോയി, അനുമോള്‍ വളന്നു വരുന്നു, അവളിപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു. പ്രായചിത്തമൊേണം ഹിന്ദുമതപ്രകാരം ആണ് അനുമോളെ സൈനബ വളര്‍ത്തിയിരുന്നത്. സ്‌കൂളില്‍ ചേര്‍ക്കുതിന് ഏതെങ്കിലും ഒരു ജാതിയില്‍ പെടുത്തണമായിരുന്നു സൈനബക്ക്. സൈനബ അടുത്തുള്ള ഒരു തയ്യില്‍ സെന്‍റെറില്‍  ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഹരീഷിന്‍റെ  മരണത്തോടെ കുടുംബത്തിലേക്കുള്ള വരുമാനം മുഴുവനായും കുറഞ്ഞിരുന്നു. അനുമോളുടെ പഠനത്തിലും ശ്രദ്ധിക്കണം, അവളുടെ വളര്‍ച്ചക്ക് ആവശ്യമായ  കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കണം. സൈനബക്ക് കിട്ടുന്ന  ചെറിയ തുകയിലാണ് അവരുടെ കുടുംബം ഇപ്പോള്‍ ഇഴഞ്ഞ് നീങ്ങുത്. 
              ''തളര്‍ച്ചയിലും ഉയര്‍ച്ചയിലും അവള്‍ അനുമോള്‍ക്ക് വേണ്ടി ജീവിച്ചു. നഷ്ട്ടങ്ങളുടെ കൈവരികളില്‍ തട്ടി അഗാധമായ ഗര്‍ത്തങ്ങളിലേക്ക് വീഴാതിരിക്കാന്‍ ഹരീഷിന്‍റെ  മരണശേഷം സൈനബ പഠിച്ചിരുന്നു.'' കൈയിലെ ചെരുപ്പ് തുന്നിചേര്‍ത്ത് അത് അനുമോളുടെ കാലില്‍ ഇട്ടതിനുശേഷം ആണു അവളുടെ കരച്ചില്‍ നിന്നത്. നാളെ അടയ്‌ക്കേണ്ട പരീക്ഷ ഫീസ് അനുമോളുടെ ബാഗിനുള്ളില്‍ ഭദ്രമായി വച്ചു.   വിശപ്പുതളര്‍ത്തിയിരുന്ന  അനുമോളുടെ കവിളുകള്‍ ഒട്ടിയിരുന്നു. രാത്രികാലങ്ങളില്‍ കുറുനരികള്‍  പാത്തും പതുങ്ങിയും ഇരുട്ടിന്‍റെ  മറവില്‍ സുഖഭോഗലതയ്ക്കുവേണ്ടി സൈനബയുടെ  വീടിനെ ലക്ഷ്യമിടുമായിരുന്നു. 
            കാലമങ്ങനെ ഓടിയകന്നു, വളര്‍ന്നു  വരുന്ന  അനുമോളുടെ താല്പര്യങ്ങള്‍ അവളുടെ ജീവിതമാര്‍ഗം അതൊക്കെ തന്‍റെതില്‍ നിന്നും വ്യത്യസ്ഥമാണെ് തിരിച്ചറിയുകയായിരുന്നു പിന്നീട് സൈനബ. അമ്മയെ നെഞ്ചോടുചേര്‍ത്ത് മാറിലൊട്ടികിടന്നിരുന്ന  അനുമോള്‍, പഠനത്തിനായി  വീട് വിട്ട് ദൂരെയാണ്  . വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും കണ്ണീരുപ്പു കലര്‍ന്ന  നോട്ടത്തോടെ തന്‍റെ അമ്മ തനിക്കായി കാത്തുനില്‍ക്കുന്നത് ആ മകള്‍ എപ്പോഴൊക്കെയോ മറന്നു തുടങ്ങിയിരുന്നു. ഒരു മഴക്കാലത്തിനു കാത്തുനില്‍ക്കാനാകാതെ നില്‍ക്കുന്ന വീടിനുള്ളില്‍ മകളുടെ ജീവിതം ഭദ്രമാകുന്നതിനായി പ്രാര്‍ത്ഥനയിലായിരുന്നു  ആ അമ്മ. കത്തിച്ചു വച്ച മെഴുതിരിയിലെ അരണ്ട പ്രകാശം ആ അമ്മയെ നടന്നു  തീര്‍ന്ന  വഴികളിലേക്ക് തിരിച്ചുകൊണ്ടുപോകുകയായിരുന്നു. അകലെ സ്വന്തം ജീവിതം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന അനുമോളുടെ ഓര്‍മകള്‍ പിന്നെയെപ്പോഴോ സൈനബയെ കണ്ണീരിലാഴ്ത്തിയിരുന്നു. തുന്നിചേര്‍ത്ത ചെരുപ്പും, ബാഗും പഴയ യൂണിഫോമുകളുമായി സ്‌കൂളില്‍ പോകു തന്‍റെ അനുമോള്‍..; ഈ ഇത്തിരികൂരയുടെ ചോട്ടില്‍ കളിച്ചും, ചിരിച്ചും അല്പം കരഞ്ഞും വഴക്കിടുന്ന  എന്‍റെ  അനുമോള്‍; വാശിപ്പുറത്തു വന്നു  ചേര്‍ന്ന  തീരാനഷ്ടമായിരുന്നു  സൈനബയുടെ ജീവതം. എന്തിനോ വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം. 
            ഹരീഷിന്‍റെ  വാക്കുകള്‍ക്ക് മേലെ തന്‍റെ  ന്യായങ്ങള്‍ നിരത്തിയതിന്‍റെ  തിക്ത ഫലം. അരവയര്‍ നിറച്ചാണെങ്കിലും കഴിയും വിധം അനുമോളുമൊത്തു ജീവിതം പങ്കുവച്ച നിമിഷങ്ങള്‍.. വര്‍ഷങ്ങളങ്ങനെ ആര്‍ത്തിരമ്പി കടന്നുപോകുന്നത് സൈനബ അറിഞ്ഞിരുന്നില്ല. ഇരുപത്തൊന്നു വര്‍ഷങ്ങള്‍, മണ്ണെണ്ണ വിളക്കിന്‍റെയും കീറിയ പുസ്തകതാളുകളുടേയും ഇടയില്‍ കിടന്നു  ജീവിതം മുരടിപ്പിച്ചുകടയാന്‍ അനുമോള്‍ തയ്യാറായിരുില്ല. ഒരു തരത്തില്‍ നോക്കിയാല്‍ അതായിരിക്കും നല്ലതും. ജനിപ്പിച്ചു എന്ന  തെറ്റിന് ഒരു ജീവിതം മുഴുവന്‍ കരഞ്ഞു തീര്‍ത്ത ആ അമ്മയെ വീണ്ടും കരയാന്‍ വിടുകയായിരുന്നു   അനുമോള്‍. വല്ലപ്പോഴുമൊരിക്കല്‍ വരുന്ന  ഒരു കൊറിയറില്‍ ഒതുങ്ങു ന്ന ബന്ധത്തിലേക്ക് അനുമോള്‍ അമ്മയെ മാറ്റിനിര്‍ത്തിയിരുന്നു . കഴിഞ്ഞ നാല് വര്‍ഷമായി സൈനബ അനുമോളെ കണ്ടിട്ടില്ല, അവള്‍ അവളുടെ ഇഷ്ടങ്ങളെ സ്‌നേഹിച്ചിരുന്നു. അവള്‍ക്ക് ജാതിയോ മതമോ തടസ്സമായിരുന്നില്ല. ആഗ്രഹങ്ങളെല്ലാം അഴിച്ചുപണിയണമെന്ന  മറുപടിയാണ് മകളുടെ കത്തുകളില്‍ സ്ഫുരിക്കു വാചകങ്ങള്‍ പറയുന്നത്. ഹരീഷുമൊത്തുള്ള ജീവിതത്തില്‍ സംഭവിച്ച പാളിച്ചകള്‍ എന്തായിരുന്നു  എന്ന  ചോദ്യത്തിന് ഉത്തരം തേടാന്‍ സൈനബ തുടങ്ങിയതും മറ്റൊരു ജീവിതത്തിലേക്കുള്ള കാല്‍വയ്പ്പുകളാണ്. നിരന്തരമുള്ള പ്രേരണകളും, സമൂഹത്തിലെ തരം താഴ്ത്തലും ആ അമ്മയെ തളര്‍ത്തിയിരുന്നു. പൊളിഞ്ഞുവീഴാറായ കൂരക്കുള്ളില്‍ ചിതലരിച്ചുറങ്ങുന്ന  ഓര്‍മകളെ ഉണര്‍ത്താതെ ആ അമ്മ യാത്ര ചോദിക്കുകയായിരുന്നു. താന്‍ കഴിക്കുന്ന  ഭക്ഷണത്തിലെ ഒരു പങ്ക് കഴിച്ചിരു കറുമ്പി പൂച്ചക്ക് അന്നത്തേക്കുള്ള ആഹാരം വിളമ്പിവച്ചതിനുശേഷമാണ് ആ അമ്മ കരയാന്‍ തുടങ്ങിയത്. തന്നെ  വെറുക്കുന്ന  ഈ ലോകത്തുനിന്നും  സൈനബ പടിയിറങ്ങുകയായിരുന്നു. 
            തീഗോളം വാരിയിട്ട പോലെ, ആത്മാവ് വെന്തുരുകുന്ന  പോലെ. ചീഞ്ഞു നാറുന്ന  ശരീരത്തെ ചിതയൊരുക്കാന്‍ കൂട്ടാക്കാതെ പണ്ടാരപറമ്പില്‍ കത്തിച്ചുകളയുകയായിരുന്നു.  ആര്‍ക്കും വേണ്ടാത്ത ആരുടേയുമല്ലാത്ത സൈനബ. ഒരു കണ്ണിര്‍ചാലിന്‍റെ  കഥകളറ്റുപോയ ജീവിതപാതയില്‍ തണല്‍ വിരിച്ച ഒരു കാലത്തിന്‍റെ  കാത്തിരിപ്പവസാനിക്കുന്നു. 
            ഉമ്മറപ്പടിയില്‍ ചിതലെടുത്ത കസേര ഒടിഞ്ഞുകിടക്കുന്നു. സൂര്യപ്രകാശം, തകര്‍ന്ന  ഓടുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നു. കാലം ഓര്‍മകളെ ഓര്‍മിപ്പിക്കുമ്പോഴൊക്കെ വരുന്ന  അനുമോളുടെ കത്ത് അപ്പോഴും വരുമായിരുന്നു. ഉമ്മറപ്പടിയില്‍ ആ കത്തുകളെ കാത്ത് കറുമ്പിപൂച്ചയും രാത്രിയുടെ ഇരുള്‍ നിറഞ്ഞ നിഴല്‍പാടുകളും  പകലിന്‍റെ  വെളിച്ചവും മാത്രം.
                                                                    *********



നിഴലും വെളിച്ചവും.    (ചെറുകഥ - അമല്‍ദേവ്.പി.ഡി)
2013 ഫെബ്രുവരി 4 ന് എഴുതിയത്.

ഹൃദയം നീറി നീറി മരിക്കുകയാണ്, എത്ര കാലം അറിയില്ല;


                                         
മനസ്സില്‍ കൊരുത്തുവച്ച ഒരുപാടു സ്വപ്നങ്ങള്‍, നടന്ന് തീര്‍ക്കാന്‍ ഒരുപാടു വഴികള്‍. ജീവിതം അര്‍ത്ഥ സമ്പുഷ്ടവുമുള്ളതാകുന്നത് എപ്പോഴൊക്കെയാണ്..

                            ഉള്ളില്‍ എരിഞ്ഞു തീരുന്ന കനലുകളില്‍ കയറിനില്‍ക്കുകയാണ് ഞാന്‍. എന്‍റെ കൈകള്‍ക്ക് ശക്തിയില്ലാതെയായിരിക്കുന്നു, കണ്ണുകള്‍ക്ക് നിന്‍റെ സൃഷ്ടികളെ കണ്ട് ആസ്വദിക്കാനാകുന്നില്ല, കാലുകള്‍ തളര്‍ന്നിരിക്കുന്നു ഒരു പടി മുന്നോട്ടുപോകുവാന്‍ ആകാതെയായി, വിറയ്ക്കുന്ന ശരീരവുമായി ഞാന്‍ ഒറ്റപ്പെടുകയാണ്. എന്‍റെ ദൈവമേ, നിനക്കറിയാം എന്നും  നിന്നെ സാക്ഷി നിര്‍ത്തി ഞാന്‍ ചെയ്ത പാപങ്ങള്‍.. നിന്‍റെ സാമീപ്യത്തെ അറിയാതെ നിന്‍റെ  അഭിപ്രായത്തെ മാനിക്കാതെ ഞാന്‍ വളര്‍ന്നു, എന്‍റെ തെറ്റ്.  
                         
   ആരെയും കാണാതെ ആരെയും വകവയ്ക്കാതെ ഒരു തെമ്മാടിയെ പോലെ, വിരസമായി അലഞ്ഞു നടക്കാന്‍ ചിലപ്പോള്‍ തോന്നും, ചിലപ്പോള്‍ നിഷ്‌കളങ്കമായ ചിരിയോടെ സ്‌നേഹത്തിന്‍റെ തണല്‍മരമായി വളരാനും. നല്ലതിനേക്കാള്‍ ചീത്തയാണല്ലോ പെട്ടന്ന് വഴങ്ങുക, അതായിരിക്കാം ഞാന്‍ ഇത്തരത്തില്‍ ഒരു കത്തെഴുതാന്‍ പ്രേരിതനായത്..
                              ആത്മഹത്യയെ കുറിച്ച് ഒരുപാടു ആലോചിച്ചു, പക്ഷെ എന്തുകൊണ്ടോ ആത്മഹത്യയേയും അത് ചെയ്യുന്നവരോടും എനിക്ക് താല്പര്യമില്ല. മടുപ്പുകലര്‍ന്ന ഈ ജീവിതത്തില്‍ നിന്നും എനിക്ക് മോചിതനാകണം. എന്‍റെ രീതിയെ, എന്‍റെ ഇഷ്ടങ്ങളെ തിരിച്ചറിയാനുള്ള ശക്തി എനിക്ക് പണ്ടെ നഷ്ടപ്പെട്ടിരിക്കുന്നു. എന്‍റെ സ്വപ്നങ്ങളെ തച്ചുടച്ചുകളയാന്‍ തിടുക്കം കൂട്ടുകയാണ് ഇവിടെ ഞാന്‍.                                
                          എല്ലാവര്‍ക്കും സ്വന്തം കാര്യങ്ങളെകുറിച്ച് മാത്രമേ ആലോചിക്കാനും പ്രവര്‍ത്തിക്കാനും സമയമുള്ളു. എന്തിനാണ് ഇങ്ങനെയൊരു ജന്മം. രാത്രിയുടെ കറുത്ത കണ്ണാടികൂടിനുള്ളിലൂടെ കണ്ണിലേക്കരിച്ചിറങ്ങുന്ന ചന്ദ്രകിരണങ്ങളെ നോക്കിയിരിക്കാറുണ്ട്, സ്വപ്നങ്ങളെ ബലി കൊടുത്ത് അടര്‍ന്നകലുന്ന ആത്മാവിനെ കുറിച്ചാലോചിച്ച് ഞാന്‍ കരയുമായിരുന്നു. സത്യങ്ങള്‍ എത്രമാത്രം സത്യമായിരിക്കും. ഈ ലോകം വളരുകയാണ് പക്ഷെ എന്‍റെ സ്വപ്നങ്ങള്‍. . എന്‍റെ ജീവിതം. .  എവിടെ വരെ. .
                         ഒരുപാടു വിഷമസന്ധികള്‍ ഉണ്ടായിട്ടുണ്ട്, സംശയകരമായ ചിന്തകളിലെന്നില്‍ കൂടുകൂട്ടുന്നുണ്ടായിരുന്നു, അവ എന്നെ വിടാതെ പിന്തുടരുന്നു. മറക്കാനും മരിക്കാനും കഴിയാത്ത അവസ്ഥ... എങ്കിലും എന്‍റെ കാതുകളില്‍ മുഴങ്ങുന്നത് എനിക്കറിയാം എന്‍റെ ആത്മാവ് എന്നെ വിട്ടകലുവാന്‍ വെമ്പുന്നു. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം എന്‍റെ ആത്മാവ് കൊതിക്കുന്നതില്‍ എന്താണ് തെറ്റ്. എന്‍റെ ആത്മാവ് സ്വയം തേടിയിറങ്ങുകയാണ് സന്തോഷവും സമാധാനവും സ്‌നേഹവും കിട്ടുന്ന മറ്റൊരിടം.

എന്‍റെ സ്വപ്നങ്ങളില്‍ പങ്കുകൊണ്ട് എന്‍റെ ആത്മാവ് സന്തോഷിക്കുന്ന ഒരു ദിനം ഇനിയില്ല, വെന്തെരിയുന്ന കനലിന്‍റെ ചൂട് എന്‍റെ ദേഹത്തെ വരിഞ്ഞുമുറുക്കുന്നു, ചെയ്ത തെറ്റുകള്‍ക്കെല്ലാം മാപ്പ്. ഇനിയും തെറ്റുകളിലേക്ക് യാത്ര തിരിക്കയാകാം, എങ്കിലും ദൈവമേ നിന്‍റെ ലോകം എത്ര സുന്ദരമായിരുന്നു, സന്തോഷപ്രദമായിരുന്നു. അതിലെ സുന്ദര സ്വപ്നങ്ങളെ എരിച്ചുകളയുന്ന ചിതകളിലേക്ക് ഇനിയൊരു ജീവനേയും എറിയരുതേ..
**********************************************************************************
           
2013 ജൂലൈ 9 ലെ  ഡയറി കുറിപ്പ്;






2016, ഡിസംബർ 2, വെള്ളിയാഴ്‌ച

മഴ


നാണത്തിൻ പൂഞ്ചോല,
പുടവ ചാർത്തി
ചടുലമാം താളത്തിൽ
പെയ്തിറങ്ങി
പുതുമണ്ണിൻ മണമോലും
നിമിഷങ്ങളെൻ
മനസ്സിന്റെ മണിച്ചെപ്പിൽ
പകർന്നു തന്നു,

കാതോരമോർമ്മയി-
ലൊരുമർമ്മരം
രാവേറെ ചെല്ലുമ്പോ-
ളൊഴുകിവന്നു
മഴക്കാറ്റിലിടയുന്നൊ-
രിലച്ചാർത്തുകൾ
ഒരു കൊച്ചു മോഹം
പണിതുയർത്തി...

മഴയുടെ മധുരമാം
ഓർമ്മകളെൻ
നനവാർന്ന കണ്ണുനീർ
തുള്ളികളായ്
ഹൃദയത്തിനാഴത്തിൽ
പെയ്തിറങ്ങി
ഒരു സ്വപ്ന തീരം
കവർന്നെടുത്തു...

രാത്രിതൻ നൊമ്പര,
വീഥികളിൽ
നെഞ്ചിലെ നീറുന്ന
ഓർമ്മകളായ്
പെയ്തിറങ്ങുന്നൊരാ-
മൗനങ്ങളെൻ
ഈ മഴക്കാടും
മുറിച്ചകന്നു...

മധുരമാമഴയന്നു
പെയ്തൊഴിഞ്ഞു
മൗനമായെവിടെയോ
പോയ് മറഞ്ഞു
ചിരിതൂകിയൊരുവളാ-
മഴമേഘത്തോപ്പിലായ്
മടിയോടെ വന്നെന്നെ
നോക്കി നിന്നു....
::::::::::::::::::::::::::::::::::::::::::
(അമൽദേവ്.പി.ഡി)

amaldevpd@gmail.com

2016, നവംബർ 27, ഞായറാഴ്‌ച

ഹൃദയമാമല


ഹൃദയമാമലമേലേ വാഴും
അയ്യനയ്യപ്പാ... എന്റെ
ശരണഗീതം കേട്ടിടേണം
കലിയുഗവരദാ... (ഹൃദയമാമല...)

മണ്ഡലവിളക്കുനേർന്നു
മാലയിട്ടന്ന്... ഞങ്ങൾ
ഇരുമുടിക്കെട്ടേറ്റി മാമല-
യേറിടുന്നയ്യ...   (ഹൃദയമാമല...)

വൃശ്ചികപ്പുലരി പൂക്കും
പൂമലമേലേ... എന്നും
വന്നു ഞങ്ങൾ തൊഴുതിടുന്നു
നിൻ തിരുനടയിൽ... (ഹൃദയമാമല...)

പേട്ടതുള്ളി പാട്ടുപാടി
വാവരു സ്വാമിയെ തൊഴുതു,
സ്വാമിപാദം തേടിഞങ്ങൾ
മലകയറുന്നു... (ഹൃദയമാമല...)

പന്പയിൽ കുളികഴിഞ്ഞു
ശരണമന്ത്രമുരുവിടുന്നു
ശബരിഗിരിനാഥാ... സ്വാമി
ശരണമയ്യപ്പാ... (ഹൃദയമാമല...)

പുണ്യദർശനമൊന്നുമാത്ര-
മെന്നുമെന്നുള്ളിൽ... അയ്യാ
കൂടെ വന്നെൻ കൈപിടിച്ചീ,
മലകയറ്റീടൂ... (ഹൃദയമാമല...)

പടിപതിനെട്ടും കയറി
സന്നിധാനത്തണഞ്ഞപ്പോൾ
സ്വാമിമന്ത്രമൊന്നുമാത്രം
ഞങ്ങളറിയുന്നു... (ഹൃദയമാമല...)

സ്വാമിനാമ,മെന്നുമെന്റെ
ഹൃത്തടത്തിങ്കൽ... നിറയും
നെയ്തിരിയായ് ഉരുകിടുന്നു
പാപഭാരങ്ങൾ... (ഹൃദയമാമല...)

മഞ്ഞുവീഴും മകരനാളിൽ
നീയുദിച്ചെന്നാൽ... സ്വാമി
ശരണമന്ത്രധ്വനികളാമല
കീഴടക്കുന്നു... (ഹൃദയമാമല...)

പുണ്യമാസക്കാലമെന്നും
പൂവണിഞ്ഞു,മാനസങ്ങൾ
പാടിടുന്നു സ്വാമിഗീതം
ശരണമയ്യപ്പാ... സ്വാമി (ഹൃദയമാമല...)



********** അമൽദേവ്.പി.ഡി ******


http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
amaldevpd@gmail.com

2016, നവംബർ 20, ഞായറാഴ്‌ച

ഓർമ്മകളിൽ ഒരു മധുരഗാനം

മറക്കില്ലൊരിക്കലും മധുരമായ് പാടുന്ന കാക്കക്കുയിലേ നിന്‍ മൗനഗാനം മിഴിക്കുമ്പിളില്‍ തട്ടിയുടയുന്ന മാത്രകള്‍ മഴവില്ലിന്‍ ചന്തമോടാനയിപ്പൂ... നിന്‍ സ്വരം മാത്രമാണെന്നുമെന്നീണമായ് ഹൃദ്യമായ് ഹൃത്തടം പുല്‍കുന്നു ഞാന്‍ നാളെയൊരിക്കലെന്‍ കൈവിരല്‍ തുമ്പിനാല്‍ നിന്‍ സ്വപ്‌നഗേഹം ഞാന്‍ പണിതുയര്‍ത്താം. വിടപറയും മുന്‍പേ,യടര്‍ന്നുപോയന്നു നീ വാടിത്തളര്‍ന്നൊരു കാട്ടുപൂവായ്, കോടിജന്മങ്ങളായ് കാത്തുകാത്തങ്ങു ഞാന്‍ നിന്‍ സ്വരം തേടിയലഞ്ഞിരുന്നു. എന്തിനു ദേവതേ നിന്‍ നിഴലെന്നെവി- ട്ടെന്തിനോ തേങ്ങിപ്പിടഞ്ഞിരുന്നു എന്നും നിനക്കായ് കാത്തുവക്കും പ്രേമ- ഗന്ധമായ് ഗാനമായ് നിഴലായി ഞാന്‍... നീളുന്ന മാത്രകള്‍ നുണയുന്ന മധുവുമായ് നിരയിട്ടൊരോര്‍മ്മകളെന്നുമെന്നില്‍ ഉറവുപൊട്ടി,ച്ചാലുകീറിയാ കവിളത്ത് കനമേറുമോര്‍മ്മകളൊഴുകിടുന്നു... വിധിയുടെ വീഥിയില്‍ ചലനമറ്റന്നു ഞാന്‍ ചിരിയൂര്‍ന്നുവീണൊരു പാവായായി. മറവിതന്‍ ചിതല്‍കാടു തേടുന്നൊരോര്‍മ്മകള്‍ ചന്ദന,ച്ചിതയിലിന്നുറങ്ങിടുന്നു... -------------------------------------------------------------

അമല്‍ദേവ്.പി.ഡി
----------------------------------------------
http://www.facebook.com/amaldevpd

2016, സെപ്റ്റംബർ 10, ശനിയാഴ്‌ച

ഓര്‍മ്മച്ചിറകുകള്‍

:::::::::::::::::::::::::::::::::::::::::::::::::::::::

മാരിവില്‍ച്ചില്ലമേലായിരം ചിറകുകള്‍
കൂടണയാന്‍വരുംസന്ധ്യകളില്‍
മന്ദാരക്കാവിലെ പൂമണംചോലുന്ന
തേന്‍മുല്ലയൊരുകൊച്ചുകഥ പറഞ്ഞു.

മധുരമൊരോര്‍മ്മയിലന്പിളിത്തെന്നല-
ന്നഴകെഴുമീറന്‍നിലാവുമൊത്ത്
മിഴികളിലെഴുതിയ നറുമലരന്പുമായ്
ഒരുമാന്‍കിടാവന്നെന്നരികിലെത്തി.

ചിലുചിലെ ചിരിയുമായവളൊരു സുന്ദര-
പ്രേമത്തിന്‍ സിന്ദൂരതിലകവുമായ്
കനവുകള്‍ മൂടിയ കവിതതന്‍വരികളില്‍
കനല്‍ കോരിയിട്ടെങ്ങോ, അകന്നുപോയി.

നിഴല്‍നീട്ടുമാശകള്‍ നീന്തുന്ന നിശയിലെന്‍-
കദനത്തിന്‍ കടലൊന്നു കരകവിഞ്ഞു.
അകലെയൊരു ദീപമുരുകുമീ സന്ധ്യതന്‍-
ചോട്ടിലണയാതിരിപ്പതിന്നാര്‍ക്കുവേണ്ടി ?

ഇടറിയ കണ്ഠമുരചെയ്ത കനവുകള്‍
ചന്ദനച്ചിതയിലനശ്വരമായ്
ചലനമറ്റതിലൊരു കാവ്യബിംബമായ്
ആര്‍ദ്രയാമിന്നു ഞാനുറങ്ങി...

വിടവാങ്ങുമാ തീര്‍ത്ഥയാത്രതന്‍പാതിയില്‍
ചിറകു കുഴഞ്ഞൊരു കുയില്‍ പാട്ടു പാടുന്നു
മറവിയായ് നീ നിത്യമെന്നില്‍ നിറച്ചൊരു
ഓര്‍മ്മപ്പെടുത്തലുകളാണീ പുകച്ചുരുള്‍...

കാത്തിരുന്നാ സ്വരമേതോ വിജനമാം
പൂവനങ്ങള്‍ പൂത്തിറങ്ങുന്ന ചില്ലയില്‍
സര്‍ഗ്ഗവസന്തമഴകായ് വിടര്‍ന്നൊരു,
പൂവിതള്‍ത്തുമ്പിലെ തേന്‍മലരന്പുപോല്‍.

ഞാനുറങ്ങുന്നതറിയാതെയാ കുയില്‍
പ്രാണനുരുകുന്ന വേദനയോടന്നു
പാട്ടുപാടിയെന്നെ വിളിച്ചൊരീ
പൂമരക്കാടു താണ്ടുവാനെത്തുമോ... ?

നിന്‍ചിറകിന്നടിയിലെ ചൂടിനാല്‍
വെന്തുരുകിപ്പിടഞ്ഞുപിടഞ്ഞു ഞാന്‍
ചന്ദനത്തട്ടിലാരോ കൊളുത്തിയ
അഗ്നിയാല്‍ മോക്ഷമേകുന്നു ജീവനില്‍.

നിന്‍ചിറകോടു ചേര്‍ന്നുപറക്കുവാന്‍
നിന്‍നിഴലായി നീളെപ്പരക്കുവാന്‍
നിന്റെ ഗന്ധമായ് രാവുകള്‍, പകലുകള്‍
നിന്‍സ്വരമായി നിന്നോടു ചേരുവാന്‍

മാര്‍ഗ്ഗമാണീ ചിതയിലെ അഗ്നിയില്‍
വെന്തുരുകിത്തീരുന്ന നിമിഷങ്ങളെന്നുമേ,
നിന്നലേക്കായി പടര്‍ന്നുകയറുന്ന
എന്റെ ആത്മാവു തേടുന്ന ഭാഗ്യമേ.

നിന്നിളംതളിര്‍മേനിയെ പുല്കുന്ന
തെന്നലായിന്നടുത്തു ഞാനെത്തവേ,
കാണ്‍മതില്ലെന്നറിയാമെന്നാകിലും
കണ്‍നിറഞ്ഞതന്നെന്തിനാണോമലേ...?

കാലമെന്നെയും നിന്നെയുമെന്തിനോ
കോര്‍ത്തുവച്ചു നിത്യവസന്തമായ്
കൂടുതേടി പറന്നു നാമിരുവരും
ചിറകുരുമ്മി കാലമേറെ പോയനാള്‍.

കാത്തുവച്ചൊരാ പ്രണയഹാരത്തിന്റെ
ഇഴകളാരോ മുറിച്ചുകളഞ്ഞുവോ?
കാര്‍മുകില്‍ കനംവച്ചെന്റെ ചിറകിലായ്
പെയ്തുപെയ്താര്‍ത്തു കണ്ണുനീര്‍ത്തുള്ളിയായ്.
----------------------------------------
അമൽദേവ് പി.ഡി.
ഓർമ്മച്ചിറകുകൾ....


2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഓർമ്മമാത്രം


:::::::::::::::::::::::::::::::::::::::
വിരൽ തൊട്ടുണർത്തുന്ന
മോഹങ്ങളൊക്കെയും
സ്വപ്ന ചാപല്യങ്ങളായിരുന്നു

മറവിയായ് പുല്കുന്ന
പുതിയ രസത്തിന്റെ
തിക്തമാം കാഴ്ച്ചകളായിരുന്നു.

അവളുടെ മൊഴികളിൽ
നിന്നടരുന്ന കവിതയിൽ
മധുരമാം പ്രണയമതായിരുന്നു

മിഴി തെറ്റിയലയുന്ന
മൂകമാമിരുളിനെ
അവളാകവിതയിൽ ചേർത്തു വച്ചു.

വശ്യമാം പുഞ്ചിരി
ചൂടുന്ന നിൻ മുഖം
വന്യമായ് നിൽക്കുവതെന്തിനിന്ന്

വിണ്ണിലെയേകാന്ത
വിസ്മയമായിന്ന്
ചിരിതൂകിയിന്നുനീ,യുദിച്ചു നിൽക്കേ.

മണ്ണിലെന്നാത്മാവു,
തേടുന്ന യൗവന
ഭാഗ്യമൊരശ്രുവായടർന്നു വീണു.

കതിരുകൾ കൊത്തി
പറന്നു പറന്നവൾ
ഒരു ദു:ഖ സാനുവിൽ ചെന്നിരുന്നു.

അവിടെയൊരായിര,
മോർമ്മകൾ മേയുന്ന
സായന്തനങ്ങളുണ്ടായിരുന്നു.

വിടപറഞ്ഞെങ്ങോ
പറന്നു പോയാ കൊച്ചു,
ചിറകിന്നൊരോർമ്മ മാത്രമായി

കാത്തിരിപ്പിൻ കട-
ലാഴങ്ങളോളം നിൻ
കാലൊച്ചതേടി ഞാൻ നടന്നിരുന്നു.

::::::::::::::::::::::::::::::::::::::::::::::::::::::

amaldevpd@gmail.com

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

കാലം കരുതിയ വർണ്ണച്ചിറകുകൾ

ഇല്ലില്ല,യീ-
ക്കനൽ കൂടതിൽ
മിച്ചമാം
വർണ്ണച്ചിറകുകൾ.
മണ്ണിതിൽ
താപമുറഞ്ഞിടും
രാപ്പകലുകൾ
നീന്തുമാരവം.

വെയിൽ വെന്തുരുകി
വീഴുന്നതണലുകൾ,
വഴിയടഞ്ഞ
നേരുകളഴുകിടുന്ന
കാനകൾ.
വിധിയൊടുക്കിയൊ-
രമ്മച്ചിറകുതേടു,
മൊരുകിളി കൊഞ്ചലും
ഗഗനവീഥിയിലിടറി
വീണൊരിണക്കിളിയും,

കാലമൊരൽപ്പ-
മകന്നനേരം
കോലങ്ങളെല്ലാ,
മഴിഞ്ഞിടുന്നു
ശേഷിച്ചൊരാ,
ജലകണമിന്നാ-
കണ്ഠമറിയാ,
തൊഴുകിടുന്നു...
അകലുന്നു
മണ്ണിതിൽ നിന്നു,
മകലേയിരുണ്ട
കിനാവുകൾ.

വിറയ്ക്ക്കുന്നു
കരിയിലകണക്കെ,
വീണൊരെൻ
വർണ്ണച്ചിറകുകൾ
കൊതിക്കുന്നു
കാറ്റിലറിയാതൊന്നു
പറന്നു പോയാ-
കാലമൊന്നു
പുൽകുവാൻ...
::::::::::::::::::::::::::

കവിത : കാലം കരുതിയ വർണ്ണച്ചിറകുകൾ
എഴുതിയത് : അമൽദേവ്.പി.ഡി
http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in

2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

എത്ര കിനാക്കൾ...

മിന്നിമറയുന്നതെത്ര കിനാക്കൾ
മണ്ണിലുറയുന്ന ജീവന്റെ സ്വപ്നം
മന്ത്രമുരുകുന്ന ചക്രവാളത്തിൽ
മന്ദമലിയുന്ന സായന്തനങ്ങൾ.

വർണ്ണജാലങ്ങൾ തീർക്കുന്ന സ്വപ്നം
മൗനരാഗങ്ങളെഴുതുന്ന സ്വപ്നം
മണ്ണിലമരുന്ന ജീവന്റെ രക്തം
ചിന്തുമോർമ്മകൾ മേയുന്ന സ്വപ്നം

കാടും പുഴയും പൂമരകൊമ്പും
കാട്ടുചോലക്കിളിതേടും മഴയും
മണ്ണിൻ മനസ്സിൽ മുളക്കുന്ന വിത്തും
കാണുന്നു കാടുകയറുന്ന സ്വപ്നം.

കാമമല്ലായതിമോഹമാണിന്നെന്റെ
അതിരുകൾ കെട്ടും കറുത്ത സ്വപ്നങ്ങളും
ഫണമുയർത്തി പായുമുരഗവർഗ്ഗങ്ങളും
കൊമ്പുകോർക്കും കാട്ടുപോത്തും കടുവയും

മാനും മയിലും മാമലക്കാടും
മഴയൊച്ച തേടുന്ന വേഴാമ്പലും
മറയുന്നു ഭൂമിതന്നാഴങ്ങളിൽ ചെന്ന്
രാപ്പാർക്കുമാദിത്യ കിരണങ്ങളും.

ഈ മഴക്കാടു തേടുന്ന യൗവന
പൂമരച്ചില്ലയിലാടിയാടി
മന്ദമഴിയുന്ന മൗനസ്വരങ്ങളെന്മനസ്സിന്റെ
മാനത്ത് വിരിയുന്ന മഴവില്ല് പോൽ

നിമിഷമീ സ്വപ്നങ്ങളിൽ മേയുമാശകൾ
വെട്ടിവീഴ്ത്തുന്ന വൻമരച്ചില്ലകളിൽ
കൂടണയാൻവരും കുറുമൊഴിതെന്നലും
കുയിൽ പാട്ടുമില്ലാത്ത സന്ധ്യകളും

നിത്യവിസ്മൃതി തന്നാഴങ്ങളിൽ
വേരറുക്കുന്ന മാനുഷ ചെയ്തികളിൽ
നീളും മരുഭൂവിലാരോകടം കൊണ്ട,
കണ്ണുനീർ തുള്ളികൾ ബാക്കിയായി.
---------------------------------------------

(അമൽദേവ്.പി.ഡി) എത്ര കിനാക്കൾ...

2016, ജൂലൈ 17, ഞായറാഴ്‌ച

''മഴയാത്ര''

      ''മഴക്കൊപ്പം മഴയൊച്ചതേടി കാടിന്റെ പച്ചപ്പിലൂടെ ഒരു യാത്ര. വന്യതയുടെ മുഖപടമണിഞ്ഞ അതിരപ്പിള്ളി വനമേഖലയിലെ വെള്ളച്ചാട്ടങ്ങളും  ഡാമുകളും കണ്ട്, പിന്നെ മഴ നനഞ്ഞു കാടിന്റെ അഭൗമമായ സൗന്ദര്യവും അനുഭവവേദ്യമാക്കി ഒരു നടത്തം. മഴയാത്ര.''

         മഴയെ ഇഷ്ട്ടപെടാത്തവർ ഇല്ല. അതുപോലെ മഴനനഞ്ഞു നടക്കാനും. അതു നമ്മുടെ നാട്ടിൻപുറങ്ങളിലെ വയൽവരന്പിലും, തോട്ടുവക്കത്തും എല്ലാം നമ്മുടെ കുട്ടികാലങ്ങളിൽ മാത്രമല്ല  ഇപ്പോഴും നാം ആസ്വദിച്ചു വരുന്നു. അല്പം നനഞ്ഞാലും നല്ല ഒരു മഴയത്തു, ഒരു കുട ചൂടി നടക്കുന്പോൾ അതു നമ്മളിൽ ആനന്ദം നിറക്കുന്നു. ഇവിടെ കാടറിഞ്ഞു, ഇലകളെ തൊട്ട്, വന്യമൃഗങ്ങളെ കണ്ടും കൂട്ടുകൂടി നമുക്കും നടക്കാനിറങ്ങാം. വന്യതയുടെ ഉള്ളറകളിലേക്കുപെയ്തിറങ്ങുന്ന മഴയുടെ മനസ്സറിഞ്ഞു  മഴക്കൊപ്പം നമുക്ക് നടക്കാം....

           മൺസൂൺ തുടങ്ങുന്പോഴാണ് മഴയാത്ര ആരംഭിക്കുന്നത്. തൃശ്ശൂർ ഡി.ടി.പി.സി ഒരുക്കുന്ന മഴയാത്ര രാവിലെ ചാലക്കുടിയിൽ നിന്നും ആരംഭിച്ച്‌ തുന്പൂർമൂഴി, അതിരപ്പിള്ളി, വാഴച്ചാൽ, ആനക്കയം, ഷോളയാർ ഡാം കണ്ടതിനു ശേഷം തിരികെ ചാലക്കുടിയിൽ വൈകീട്ടോടെ എത്തുന്ന തരത്തിൽ ഒരു ദിവസത്തെ യാത്രയായാണ് ഒരുക്കിയിരിക്കുന്നത്. തൃശ്ശൂർ ഡി.ടി.പി.സി സംഘടിപ്പിക്കുന്ന മഴയാത്രയിൽ ഇതിനോടകം തന്നെ  കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി പ്രകൃതി സ്നേഹികളായ  നിരവധി വിനോദസഞ്ചാരികൾ പങ്കെടുത്തു കഴിഞ്ഞു. മൺസൂൺ ടുറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഡി.ടി.പി.സി മഴയാത്ര പ്രധാനമായും സംഘടിപ്പിക്കുന്നത്.

                രാവിലെ തന്നെ  ചാലക്കുടിയിൽ നിന്നും പുറപ്പെടുന്ന യാത്രാസംഘം ആദ്യമെത്തുന്നത് ചിത്രശലഭങ്ങളുടെ ഉദ്യാനമെന്നു അറിയപ്പെടുന്ന തുന്പൂർമൂഴിയിലാണ്. ഇവിടെ യാത്രികർക്കായി ഡി.ടി.പി.സി പ്രഭാത ഭക്ഷണവും ഒരുക്കുന്നു. ഇവിടെ തരുന്ന പ്രഭാത ഭക്ഷണത്തിനും വ്യത്യസ്തതകളേറെ. പ്രധാനമായും ചക്ക കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് ഇവിടെത്തെ പ്രത്തേകത. ചക്കകുരു പൊടിച്ചുണ്ടാക്കിയ ചക്കപുട്ട് ആണ് അതിൽ സ്‌പെഷ്യൽ. കൂടാതെ ആവശ്യമുള്ളവർക്ക് ചക്കകൊണ്ടുണ്ടാക്കിയ പലതരം വിഭവങ്ങൾ ഇവിടെ നിന്നും വാങ്ങുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവിടെവച്ചു യാത്രയിൽ അംഗമായിട്ടുള്ള എല്ലാവർക്കും ഡി.ടി.പി.സി  ഒരു കുടയും കൊടുക്കുന്നു. 


        പ്രഭാതഭക്ഷണത്തിനു ശേഷം തുന്പൂർമൂഴി ഉദ്യാനത്തിലെ ശ്രദ്ദേയമായ ഒരു ആകർഷണമായ തൂക്കുപാലത്തിലേക്കാണ് നമ്മൾ പോകുന്നത്. തൃശ്ശൂർ ജില്ലയേയും എറണാകുളം ജില്ലയേയും ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലം എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലേക്കാണ് എത്തുന്നത്. ചാലക്കുടി പുഴയുടെ സൗന്ദര്യവും പ്രകൃതി ഭംഗിയും ആവോളം ആസ്വദിക്കുവാൻ ഈ തൂക്കുപാലം സഞ്ചാരികൾക്കു സഹായകമാണ്. ഏകദേശം ആയിരം പേർക്ക് ഒരേസമയം ഈ തൂക്കുപാലത്തിലൂടെ സഞ്ചരിക്കാൻ കഴിയും. തൂക്കുപാലത്തിലൂടെയുള്ള നടത്തം തുന്പൂർമൂഴി ഉദ്യാനത്തിലെ വ്യൂ പോയിന്റും, മനോഹരമായ പാറക്കെട്ടുകൾ നിറഞ്ഞ പുഴയുടെ മനോഹാരിതയും കാടിന്റെ സൗന്ദര്യവും ആവോളം ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുന്നു. 



       തുടർന്നു ഉദ്യാനത്തിലെ പ്രധാന ആകർഷണമായ ശലഭോദ്യാനത്തിലേക്കാണ് പോകുന്നത്. പൂച്ചെടികളിൽ നിന്നും വർണ്ണയിതളുകൾ പറന്നു പോകുന്നത് പോലെയാണ് ഇവിടെ ചിത്രശലഭങ്ങളെ കാണുന്നത്. സഞ്ചാരികൾക്കു വിസ്മയവും ആനന്ദവും പകരുന്ന ശലഭകാഴ്ച്ച മനോഹരമാണ്. ഏകദേശം 148 - ലധികം വരുന്ന വിവിധതരം ചിത്രശലഭങ്ങളുടെ കൂട്ടത്തെ ഇവിടെ നമുക്ക് കാണാം. ചിതശലഭങ്ങൾക്ക് അനോയോച്യമായ വാസസ്ഥലമൊരുക്കി ഇവിടെ സംരക്ഷിക്കുന്നു. സഞ്ചാരികൾക്കു കൗതുകം നിറഞ്ഞ കാഴ്ച്ചയാണ് ഈ ശലഭോദ്യാനത്തിൽ നിന്നും ലഭിക്കുന്നത്. 

        തുടർന്നു വ്യൂ പോയിന്റിൽ കയറി ഉദ്യാനത്തിന്റെ കൂടുതൽ വ്യക്തമായ കാഴ്ച്ച നമുക്ക് കാണാം. തുന്പൂർമൂഴി ചിത്രശലഭോദ്യാനത്തിലെ നയനാഭിരാമമായ കാഴ്ച്ചകൾ ആസ്വദിച്ച ശേഷം പോകുന്നത് കേരളത്തിന്റെ മിനി നയാഗ്ര എന്ന വിശേഷണമുള്ള അതിപ്പിള്ളി വെള്ളച്ചാട്ടം കാണുവാനാണ്. സാധാരണ വെള്ളച്ചാട്ടത്തിന്റെ മുകളിലെ കാഴ്ച്ചകൾ മാത്രം കണ്ടു മടങ്ങുന്ന സഞ്ചാരികൾക്കു, ഡി.ടി.പി.സി അസുലഭമായ മറ്റൊരു അവസരമാണ് ഇവിടെ ഒരുക്കുന്നത്. വെള്ളച്ചാട്ടത്തിനു താഴെയായി വളരെ അടുത്ത് നിന്നും വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നത്. വെള്ളച്ചാട്ടത്തിനു മുകളിൽ കയറിയും പുഴയിറങ്ങിയും യാത്ര ആഘോഷിക്കുകയാണ് ഇവിടെ.  നിറഞ്ഞു പെയ്യുന്ന മഴക്കൊപ്പം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ അതിസുന്ദരമായ സൗന്ദര്യവും ആസ്വദിച്ചു സഞ്ചാരികൾ മഴയാത്ര തുടരുന്നു. 


       അതിരപ്പിള്ളി വനമേഖല വന്യമൃഗങ്ങളാൽ സന്പന്നമാണ്. ആനകളും, കാട്ടുപോത്തും, പുലിയും, മാനും, മലയണ്ണാനും തുടങ്ങീ നിരവധി വന്യമൃഗങ്ങൾ അതിരപ്പിള്ളി - മലക്കപ്പാറ വനമേഖലയിൽ കണ്ടുവരുന്നു. മഴയാത്രയിൽ മാനുകളും മ്ലാവുകളും  മലയണ്ണാനും കണ്മുന്നിൽ ഓടിക്കളിക്കുന്ന കാഴ്ച്ചകൾ എന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു. കാടിന്റെ ഉള്ളിലേക്ക് പോകുന്തോറും വന്യമൃഗങ്ങളുടെ ശബ്ദവും ഗന്ധവും ഇടക്കിടെ കാണുന്ന ആനച്ചാലുകളും സഞ്ചാരികളെ യാത്രയുടെ ഉന്മേഷത്തിലെത്തിക്കുന്നു. കാട്ടുചോലകളിലും പുഴയോരത്തും ആനയും കാട്ടുപോത്തും മാനുകളും വെള്ളം കുടിക്കാനും മറ്റുമായി വരുന്ന കാഴ്ചകളും ഈ യാത്രയിൽ കാണാം.

        പിന്നീട് പോകുന്നത് അതിരപ്പിള്ളിയിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രമുള്ള ചാർപ്പ വെള്ളച്ചാട്ടത്തിലേക്കാണ്. പോകുന്ന വഴിയിൽ റോഡിൽ നിന്നു തന്നെ വളരെ അടുത്തതായി കണ്ടു ആസ്വദിക്കാൻ കഴിയുന്ന വെള്ളച്ചാട്ടമാണ് ചാർപ്പ. മഴക്കാലത്ത് മാത്രമാണ്  ചാർപ്പ വെള്ളച്ചാട്ടം അതിന്റെ  സൗന്ദര്യത്താൽ നിറഞ്ഞൊഴുകുന്നത്. പിന്നീട് വാഴച്ചാൽ വെള്ളച്ചാട്ടം കാണുവാൻ പോകുന്നു. പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി കാടിന്റെ ഉള്ളിലെ മനോഹര കാഴ്ച്ചയായി വാഴച്ചാൽ വെള്ളച്ചാട്ടം. വർഷം തോറും ആയിരക്കണക്കിന് സഞ്ചാരികൾ ആണ് അതിരപ്പിള്ളി -വാഴച്ചാൽ സന്ദർശിക്കുന്നത്തിനായി ഇവിടെ എത്തുന്നത്. വംശനാശം നേരിടുന്ന വേഴാന്പലും മറ്റു നിരവധി ജീവികളുടെയും ആവാസവ്യവസ്ഥകൂടിയാണ് വാഴച്ചാൽ വനമേഖല. വാഴച്ചാൽ വെള്ളച്ചാട്ടത്തിനു അരികിലായി കെട്ടിയ വാക് വെയിലൂടെ നടന്നു വെള്ളച്ചാട്ടത്തിന്റെ മുകളിലെ കാഴ്ച്ചകൾ കാണുന്നത് സഞ്ചാരികൾക്കു തീർത്തും സന്തോഷകരമായ കാര്യമാണ്. 


വാഴച്ചാൽ ചെക്ക് പോസ്റ്റും കടന്നു മഴയാത്രസംഘം അവിടെ നിന്നും പോകുന്നത് പൊരിങ്ങൽ ഡാമിലേക്കാണ്... ഉച്ചയോടെ പൊരിങ്ങൽ ഡാമിൽ  എത്തുന്ന സഞ്ചാരികൾ ഡാമിന്റെ 1 കിലോമീറ്റർ ചുറ്റളവിൽ കാടിനുള്ളിലൂടെ മഴനനഞ്ഞു നടക്കാനിറങ്ങുന്നു. വന്യമായ അന്തരീക്ഷത്തെ ആവോളം ആസ്വദിച്ചു കുട്ടികളടക്കം എല്ലാവരും കാടിനെ തൊട്ടറിഞ്ഞു നടക്കുന്നു. കാടിനെ അറിഞ്ഞും കാട്ടുവിഭവങ്ങളെ അറിഞ്ഞും വന്യജീവികളെ കണ്ടും കാട്ടുചോലയിറങ്ങിയും മഴയാത്ര സഞ്ചാരികൾ ആഘോഷമാക്കുന്നു. കാടിനെ തൊട്ടറിഞ്ഞുള്ള മഴനനഞ്ഞുള്ള നടത്തം കഴിഞ്ഞതിനു ശേഷം വിഭവസമൃദ്ധമായ സദ്യയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്;  പൊരിങ്ങൽ ഡാം ഐ ബി യിലാണ് മഴയാത്ര സംഘത്തിനുള്ള ഉച്ചഭക്ഷണം ഒരുക്കുന്നത്. ഡാമിൽ നിന്നും പിടിച്ച മീനും - പച്ചക്കറി വിഭവങ്ങളും ഇറച്ചി കറിയും ചോറുമാണ് ഇവിടെ യാത്രികർക്കായി ഒരുക്കുന്നത്. ഇവിടെ നിന്നു നോക്കിയാൽ കാടിന്റെ ഒത്ത നടുക്ക് ഡാം കാണാൻ നല്ല ഭംഗിയുള്ള കാഴ്ച്ചയാണ്. ഉച്ചഭക്ഷണത്തിനു ശേഷം ഇവിടെ നിന്നും പോകുന്നത് മറ്റൊരു പ്രധാനപോയിന്റായ  ആനക്കയത്തേക്കാണ്. പകലും രാത്രിയും എന്നുവേണ്ട ഏതു സമയത്തും അവിടെ വന്യമൃഗങ്ങളെ  കാണാം. ആനകളും പുലിയും മറ്റു മൃഗങ്ങളും ഇവിടെ  പുഴയിലറങ്ങി കുളിക്കുന്ന കാഴ്ച്ച ഒന്നു കാണേണ്ടത് തന്നെയാണ്. ആനക്കയത്തെ വിശേഷങ്ങൾ അറിഞ്ഞ ശേഷം നമ്മൾ പോകുന്നത് നമ്മുടെ ലാസ്റ് പോയിന്റായ ഷോളയാർ ആണ്. സാധാരണ വിനോദസഞ്ചാരികൾക്കു പ്രേവേശനം ഇല്ലാത്ത ഒരിടമാണ് ഷോളയാർ ഡാം. ഇവിടെ മഴയാത്ര സംഘത്തിനു ഡാമിൽ നിന്നു നോക്കിയാൽ വന്യമൃഗങ്ങൾ പുഴയിലിറങ്ങുന്നതും കുളിക്കുന്നതും ഒക്കെ കാണുവാൻ സാധിക്കും. 


മഴനിറഞ്ഞ കാട്ടിലൂടെ മഴനനഞ്ഞു കോടമഞ്ഞിനെ വകഞ്ഞു മാറ്റി മഴയാത്ര തുടരുന്നു. കാടിന്റെ വന്യതയെ പുൽകി മനസ്സു നിറഞ്ഞൊഴുകുന്ന കാട്ടരുവികളിൽ ഇറങ്ങിയും കളിച്ചും മഴക്കൊപ്പം പെയ്തുതോരാതെ ഈ യാത്രയുടെ ഓർമ്മകൾ വട്ടമിട്ടുപറക്കുന്നു. ശലഭോദ്യാനവും, അതിരപ്പിള്ളി വെള്ളച്ചാട്ടവും, ചാർപ്പയും, വാഴച്ചാലും, പൊരിങ്ങലും, ഷോളയാറുമെല്ലാം  മഴയുടെ താളത്തിനൊപ്പം ഒരു കുടക്കീഴിൽ നാം നടന്നു നീങ്ങുന്പോൾ, പറഞ്ഞറിയിക്കാൻ കഴിയാത്ത മനോഹര കാഴ്ച്ചകളും നിമിഷങ്ങളും സമ്മാനിക്കുകയാണ് മഴയാത്ര നമുക്ക്.

Youtube video link>>>>
https://youtu.be/twVOtl-QvMA








2016, ജൂൺ 30, വ്യാഴാഴ്‌ച

മിച്ചഭൂമിയിലെ കനല്‍ചിറകുകള്‍

---------------------------------------------
ഹൃദ്യമീ വരികളെന്നാലുമുണ്ടതില്‍ വര്‍ത്തമാനത്തിന്‍ തെറ്റും ശരികളും വക്കുപൊട്ടിയ ചിന്തകളോരോന്നും വീണുരുളുന്നീയൊഴിഞ്ഞ മൂലയില്‍. വ്യക്തമാം ദൃഷ്ടിയെറിയുന്നു ദിക്കിലും വക്രമാം നോട്ടമെറിയുന്ന പാവകള്‍ നഗ്നമാം വിരല്‍ തൊട്ടുണര്‍ത്തുന്ന നഷ്ടബോധത്തില്‍ നിഴല്‍വീണ ജന്മങ്ങള്‍.
മൃത്യുവേ, മിഴിപൂട്ടിയടുക്കുന്ന മിച്ചഭൂവിലെ ഇരുകാലിഞാനെന്നും മര്‍ത്യരാം ഗുണശ്യൂന്യരോ നിങ്ങള്‍തന്‍ തിക്തമാം പൂനര്‍ദൃശ്യങ്ങളേതുമേ, കണ്ണറിയാതെയേതോ,വിജനമാം വിണ്‍മതില്‍കെട്ടകന്നിന്നു പോകവേ, ഇപ്പഴങ്കൂടുതേടുന്ന പക്ഷിയായ് ചിറകടിച്ചുയരുന്നു ഞാനുമിന്നേകനായ്
നിന്‍ ചിരിയോളമെത്തിയവരികളില്‍ പെട്ടുപോയൊരാ താരാഗണങ്ങളും നീട്ടിനില്‍ക്കുന്ന ചോദ്യശരങ്ങളില്‍ തട്ടിയുടയുന്ന ഭാഷാവിതാനവും മുക്തമായൊരാ നര്‍മ്മസല്ലാപത്തെ വെൺ ചിരിയാലെയുടച്ചുകളഞ്ഞ നാള്‍ കണ്‍തുറന്നിന്നു ഞാനടുക്കുന്നു മിച്ചഭൂവിലെ കനലായെരിയുവാന്‍.
------------------------------ © അമല്‍ദേവ്.പി.ഡി ------------------------------

2016, ജൂൺ 27, തിങ്കളാഴ്‌ച

നിലാവിന്‍റെ ഗന്ധം

____________

മഞ്ഞണിമുറ്റ,ത്തിളവെയിൽ കായുന്ന
മന്ദാരപൂങ്കുയിലേ
മാനം ചുവക്കുന്ന നേരത്തു നിന്നോട്
കിന്നരം ചൊല്ലിയതാര്.
തളിർമുല്ലപ്പടർപിലൊഴുകുന്ന ഗാന്ധർവ
സൗന്ദര്യ പാൽനിലാവിൽ
ചേരുന്ന മുഗ്ദ്ധമാം പ്രണയത്തിൻ ഗന്ധമെൻ
ഹൃദയത്തിൽ പകർന്നതാര്.

നിൻ പ്രേമാഹാരം ചാർത്തിയ നേരത്ത്
ചിരിതൂകി നിന്നവളാരോ,
മധുരമാം നൊമ്പരകാറ്റിന്‍റെ ശ്രുതിയിൽ
മഴയായ് പെയ്തവളാരോ.
മൊഴിയകന്നിന്നൊരു വാടിയപൂവിന്‍റെ
ഇതളായ് മാറിയതെന്തേ
പകരുമെന്നാത്മാവിൻ ഗാനമഞ്ജീരത്തിൽ
മഴവില്ലു തീർക്കുവാനല്ലേ...

പകൽമായുമാർദ്രയാമമ്പിളി  ചൂടുന്ന
നീളും നിശാവേളയിൽ ഞാൻ
തേടുന്നു നിഴലായി നീല നിലാവായി
നീരാടും നിൻ ഗന്ധമെന്നും.
അകലെയെങ്ങോ മാഞ്ഞുപോകും മേഘരാഗമായ്
മഴയായ് പെയ്തൊഴിയുന്നു, വിണ്ണിൽ
വെൺതാരകം നീ കൺതുറന്നു
എന്നും, നിലാവായ് എന്നെ പുണർന്നു...

Photo Courtesy:  Google.
© അമല്‍ദേവ്.പി.ഡി
http://www.facebook.com/amaldevpd
http://mizhipakarppukal.blogspot.com
http://www.facebook.com/blankpage.entekavithakal
www.amaldevpd.simplesite.com
amaldevpd@gmail.com

2016, ജൂൺ 23, വ്യാഴാഴ്‌ച

തീണ്ടല്‍പ്പലക - കുട്ടംകുളം സമരചരിത്രം

കടപ്പാട്: കുട്ടംകുളം സമരത്തെ കുറിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കിയതിന് Google, Wikipedia നന്ദി.

       ''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ക്രിമിനല്‍ നടപടി 125- അാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാല്‍  കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതില്‍ക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയില്‍കൂടിയും ഹിന്ദുക്കളില്‍ തീണ്ടല്‍ ജാതിക്കാര്‍ സഞ്ചരിക്കുന്നതിനാല്‍ ക്ഷേത്രവും അതിനകത്തുള്ള തീര്‍ഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാല്‍ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാല്‍ മേല്പറഞ്ഞ വഴികളില്‍കൂടി തീണ്ടല്‍ ജാതിക്കാര്‍ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാല്‍ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു.''
(1946 വരെ കുട്ടംകുളത്തിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ''തീണ്ടല്‍പ്പലക'' യില്‍ എഴുതിയിരുന്നത്.) 
_________________________________________________________________________________

   കൊച്ചിയില്‍ സഞ്ചാര സ്വാതന്ത്രത്തിനും ജാതിവിരുദ്ധ ചിന്തകളുടെ പ്രചാരണത്തിനുമൊക്കെയായി നടത്തപ്പെട്ട സമരമാണ് കുട്ടംകുളം സമരം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്‍വശമുള്ള നടപ്പാത അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുക്കുവാന്‍ 1910 - ല്‍ ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിയ്ക്കപ്പെട്ടിരുന്ന ഒരു തീണ്ടല്‍പ്പലക മാറ്റികിട്ടുവാനും ആയി നടത്തിയ ചരിത്രസമരമാണ് കുട്ടംകുളം സമരം. സവര്‍ണ്ണമേധാവിത്വത്തിനു മാത്രമായി രേഖപ്പെടുത്തിയ അവകാശം. നടക്കാനും തങ്ങളുടെ വാഹനങ്ങള്‍ കടന്നുപോകുവാനും സവര്‍ണ്ണര്‍ക്ക് മാത്രം അനുമതി. തൊട്ടുകൂടായ്മയും ജാതിവിരുദ്ധചിന്തകളും ഇനിയും ഈ സമൂഹത്തെ വിട്ടുപോയിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അടുത്തകാലത്ത് ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വഴി അടച്ചുകെട്ടി യാത്ര നിഷേധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം നടത്തിയത്. കുട്ടംകുളം സമരത്തിന് എഴുപത് വയസ്സാകുമ്പോഴും ഇന്നും അവര്‍ണ്ണര്‍ക്ക ് സഞ്ചാര സ്വാതന്ത്രം പൂര്‍ണ്ണമായും ലഭിച്ചിട്ടില്ലെന്നുള്ളത് തീര്‍ത്തും നാരാശാജനകമാണ്.
 
 
  ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക സാമൂഹ്യ ചരിത്രത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന പേരാണ് കുട്ടംകുളം. കൂടല്‍കാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സ്ഥിതി ചെയ്യുന്ന കുട്ടംകുളം നിരവധി സമരചരിത്രങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അയിത്തോച്ചാടനത്തിന്റെ ഭാഗമായി നടന്ന ഐതിഹാസിക സമരമാണ് കുട്ടംകുളം സമരം. കേരളത്തില്‍ ബ്രിട്ടീഷ് പോലീസിന്റെ മര്‍ദ്ദനത്തിന്റെ അടിച്ചമര്‍ത്തലിന്റെ പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള സമരമാണ് കുട്ടംകളും സമരം. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1946 ജൂലായ് മാസത്തിലാണ് ചരിത്രത്തിലിടം നേടിയ സമരം ഇരിങ്ങാലക്കുടയുടെ മണ്ണില്‍ ഉണ്ടായത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ വഴിയില്‍ കൂടി അന്ന് പിന്നാക്കവിഭാഗക്കാര്‍ക്ക് നടക്കുവാനും ഗതാഗതത്തിനും അവകാശമുണ്ടായിരുന്നില്ല. സവര്‍ണ്ണ വിഭാഗത്തിനു മാത്രമായി ആ അവകാശം രേഖപ്പെടുത്തി. ഈ നീതി നിഷേധത്തിനെതിരായി പ്രജാമണ്ഡലം, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകളുടെ സമരം നടന്നു. ഇരിങ്ങാലക്കുടയിലെ ഇന്നത്തെ നഗരസഭ ഓഫീസിനു മുമ്പിലുള്ള പ്രശസ്തമായ അയ്യങ്കാവു മൈതാനത്തുനിന്നുമാണ് കേരളം സാക്ഷ്യം വഹിച്ച കുട്ടംകുളം സമരത്തിന് തുടക്കമാകുന്നത്. സംഘടന പ്രവര്‍ത്തകര്‍ അയ്യങ്കാവില്‍ നിന്ന് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടവഴിയിലേക്ക് ജാഥ നടത്തുവാന്‍ തീരുമാനിക്കുകയും, ജാഥ നടത്തുകയും ചെയ്തു.

  അയ്യങ്കാവില്‍ നിന്നാരംഭിച്ച ജാഥയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജാഥ കുട്ടംകുളത്തിന് കിഴക്കു വശത്ത് വച്ച് പോലീസ് തടയുകയും, പോലീസ് വലയം ഭേദിച്ച് മുന്നോട്ട് പോകുവാന്‍ ശ്രമിച്ച ജാഥയെ പോലീസ് വളഞ്ഞിട്ട് ക്രൂരമായി തല്ലിയൊതുക്കുകയായിരുന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമര്‍ദ്ദനമായിരുന്നു തുടര്‍ന്നവിടെ അരങ്ങേറിയത്. ജാഥ നയിച്ച നേതാക്കന്മാരടക്കം നിരവധിയാളുകളെ പോലീസ് കുട്ടംകളത്തിന്റെ തൂണിലും മതില്ക്കലുമൊക്കെയായി കെട്ടിയിട്ടു തല്ലി. മര്‍ദ്ദനമേറ്റ് ചിതറിയോടിയവരെ പിടികൂടി ഇരിങ്ങാലക്കുട ജയിലില്‍ എത്തിക്കുകയും അവിടെ വച്ച് അവര്‍ മനുഷ്യത്വരഹിതമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരകളായി. ചരിത്രത്തിന്റെ എടുകളില്‍ സഞ്ചാരസ്വാതന്ത്രത്തിനും ജാതി-മത വിരുദ്ധ ചിന്തകളുടെ പ്രചാരണത്തിനുമായി നടത്തപ്പെട്ട ഈ സമരം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ ദിനമായി കുറിച്ചുവയ്ക്കപ്പെട്ടു.

  തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ കൂടുല്‍മാണിക്യ ക്ഷേത്രപരിസരത്തുകൂടി അധസ്തിതര്‍ക്കു നടക്കുവാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ ചോരവീണ ഒരധ്യായം കുട്ടംകുളം സമരം. ഒരു ജനകീയ പോരാട്ടത്തെ മര്‍ദ്ദിച്ചൊതുക്കാമെന്ന ധാരണ വിഡ്ഢിത്തമാണെന്ന് കുട്ടംകുളവും തെളിയിക്കുകയായിരുന്നു.  കേരളം പ്രബുദ്ധവും സാക്ഷരവുമാണ്, ഇവിടെ ജാതീയ ചിന്തകളോ വിവേചനമോ ഇല്ല - ഇതാണ് നമ്മുടെ അവകാശവാദം. എന്നിട്ടും പ്രബുദ്ധവും സാക്ഷരവുമായ ഈ കേരളത്തിലെ തന്നെ എത്രയിടങ്ങളില്‍ ജാതിമതില്‍കെട്ടുകളും സവര്‍ണ്ണ-അവര്‍ണ്ണ വ്യത്യാസവും നിലനില്‍ക്കുന്നതായി നാം കാണുന്നു. പിന്നാക്കക്കാരനെ ഒരു രണ്ടാംകിട പൗരനെന്ന നിലയിലാണ് അക്കാലത്ത് കൊച്ചിയില്‍ കണ്ടിരുന്നത്. ഇത്തരം കാഴ്ച്ചപാടിനെതിരെയുള്ള ഒരു ചോദ്യം ചെയ്യല്‍ കൂടിയായിരുന്നു കൂട്ടംകുളം സമരം. ഭാരതം ഒട്ടുക്കെ നടന്ന സ്വാതന്ത്ര സമരത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ആ സമര ചരിത്രത്തിന്റെ എാടുകളിലേക്ക് ഇരിങ്ങാലക്കുടയിലെ ധീരദേശാഭിമാനികള്‍ നല്‍കിയ സംഭാവനയാണ് കുട്ടംകുളം സമരം. ഇരിങ്ങാലക്കുടയിലെ സമരങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ അതിലെ രക്തം പൊടിഞ്ഞ ഒരേടായ കുട്ടംകുളം സമരത്തിന് നേതൃത്വം നല്‍കിയ കെ.വി.ഉണ്ണിയെപോലുള്ള ആളുകള്‍ ജീവിക്കുന്ന രക്തസാക്ഷികളായി ഇന്നും ഇവിടെയുണ്ട്. ഈ സമരഭൂമിയില്‍.
© അമല്‍ദേവ്.പി.ഡി
http://mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
amaldevpd.simplesite.com


2016, ജൂൺ 13, തിങ്കളാഴ്‌ച

വിധി

.........
ന്യായാന്യായമിടത്തൊരു നേരത്ത്
ന്യായാധിപനൊരു വാക്കെറിഞ്ഞു
നേരറിയുന്നോരാളാ,മുറിയുടെ
വാതിലിൻ മറവിൽ ഒളിച്ച നേരം.
പതിരും കതിരും കൊത്തിയ പൈങ്കിളി
കൂടതിൽ കയറി കരഞ്ഞു നിന്നു
കയ്യിൽ വാളും പരിചയുമായി
വക്കീലൊരു നുണക്കഥയെറിഞ്ഞു.
ന്യായം തെറ്റിച്ചിവളൊരു വേശ്യാ-
വൃത്തിയിലെങ്ങുമരങ്ങേറും
വീറും വാശിയുമുള്ളോരവളുടെ
ചേലയഴിക്കും തെറ്റാണോ..?
ചേല തുമ്പിൽ താളം തുള്ളും
നാണവുമൊരു പിടിയില്ലെന്നാൽ
ചാടിതുള്ളും താടകയിവളൊരു,
നാണക്കേടിൻ ഇറ്റില്ലം.
മാന്യന്മാരെ വട്ടം ചുറ്റും
കരിവണ്ടായിവൾ നടന്നീടും
മാന്യരാമീ,നമ്മളുമിവളുടെ
പാട്ടിലൊരൽപ,മലിഞ്ഞാലോ...?
ന്യായം ചൊല്ലും ന്യായാധിപനേ
ചൊല്ലുയിവൾക്കാ,യന്ത്യ മൊഴി
ന്യായം തെറ്റിച്ചിവളാമാന്യരെ
അന്യായത്തിലളന്നെഴുതി..
ന്യായാധിപനായന്തം വിട്ട്
ചെറുചിരിയോടെ മൊഴിഞ്ഞല്ലോ
ന്യായം തെറ്റിച്ചായേലും ഇവൾ
വൃത്തിയോടല്ലേയരങ്ങേറ്റം...
മാന്യൻമാർക്കീ പകൽ വെട്ടത്തിൽ
മാന്യത കൂടും മരിക്കോളം
മാനക്കേടിൻ രോഷം തീർക്കാൻ
ചൊല്ലേണ്ടിവളുടെ പേരിവിടെ.
വെള്ള കോട്ടിന്നുള്ളിലിരിക്കും
കറുത്ത ഹൃദയം പറിച്ചെറിയു,
പെണ്ണെന്നാലത് വേശ്യയാണെന്നൊരു
വികൃതവികാരം തെറ്റല്ലോ,
ന്യായാന്യായമിടയും നേരം
ന്യായാധിപനൊരു വിധി ചൊല്ലി
വീറും വാശിയുമേറെ കാണും
മാന്യന്മാർക്കതിലാവോളം
മാതൃത്വത്തിൻ വിലയറിയാത്തവർ
മാന്യന്മാരായില്ലിവിടെ...
-------------------------------------------
©  അമൽദേവ്.പി.ഡി

2016, ജൂൺ 12, ഞായറാഴ്‌ച

മഴത്തുള്ളി



ഇലമേലെ താളം കൊട്ടി
പുഴതന്നിലലകൾ നെയ്ത്
മഴമേഘശ്രുതി മീട്ടി
മധുരമോരോർമ്മകളായി
ഹൃദയത്തിൻ നോവുകളായി
ഭൂമിതൻ ഹൃദയത്തിൽ
നിറയുന്ന പുതുജീവൻ നീ,
മഴമേഘകീറുകളിൽ
തെളിമാനം കുറുകുന്പോൾ
മഴവില്ലിൻ ചാരുതയിൽ
ഉതിരുന്ന മണിമുത്തേ,
പലതുള്ളി പെരുവെള്ളമായി
നീയോഴുകൂ ഈ വഴിയെന്നും...
------------------------------------------
© അമല്‍ദേവ്.പി.ഡി 

2016, ജൂൺ 4, ശനിയാഴ്‌ച

വഴി മറന്നൊഴുകുന്ന പുഴ

അറിയാതെ തെറ്റിപ്പിരിഞ്ഞുപോകുന്നു നാം
അതിലോലമീ കാവ്യമെഴുതുന്ന രാവിതില്‍
അകലെയൊരുന്മാദ ലഹരിയിലെന്‍ മനം
അടരുന്നു ജീവിതപാതകള്‍ താണ്ടവേ...

പിരിയുന്നു മധുരമാം സ്വപ്‌നങ്ങളൊരുവേള
പകരുന്നു കനമേറുമേകാന്ത നിമിഷങ്ങള്‍
പൊഴിയുന്നു ജീവന്‍റെ തപ്തനിശ്വാസങ്ങള്‍
ചേരുന്നു മണ്ണിതിന്‍ ആത്മഹര്‍ഷങ്ങളായ്.

വഴിമറന്നൊഴുകുന്ന പുഴയായി ഇന്നു നീ
പതിവുകള്‍ തെറ്റിയ കാലത്തിന്‍ വികൃതിയില്‍
പഴിചാരിയലസം ഒഴുകിപ്പരന്നു നീ,
നനവാര്‍ന്ന മണ്ണിനാനന്ദബാഷ്പമായ്...

എതിരേ,കടം കൊണ്ട കനവുകളാര്‍ദ്രമായ്
നിരനിരന്നങ്ങനെ പുല്‍കുന്ന നേരത്ത്
നിന്‍ മിഴിയോരത്ത് തങ്ങിയ നേരത്ത്
നീര്‍മണി തുള്ളികളിറ്റിറ്റു വീണിട്ട്

തപ്തനിശ്വാസങ്ങള്‍ മാറോടു ചേര്‍ന്നിട്ട്
തിക്തമാം പ്രണയത്തിന്‍ വാതില്‍ തുറന്നിട്ട്
നീയിന്നക,ന്നകലെയായ് ചെന്നിട്ട്
വശ്യമാം പുഞ്ചിരി തൂകുന്നു നിത്യവും.

ഈ മണല്‍കാടൊന്നു താണ്ടി ഞാനെത്തവേ
ദൂരെയാ,ചക്രവാളത്തിന്നരികിലായ്
കുങ്കുമവര്‍ണ്ണം വിതറിയ നിന്‍ മുഖം
ചിരിയകന്നൊരു ശൂന്യബിംബമായ് കാണവേ...

മറവിതന്‍ ലഹരിനുണഞ്ഞു കൊണ്ടൊരു വേള
പുതിയൊരു കാവ്യമെഴുതുന്ന നേരത്ത്
പിന്‍തിരിഞ്ഞൊരുവേള നോക്കാതെയിന്നു നി
പോകുന്നു ചക്രവാളങ്ങള്‍ക്കു മകലെയായ്.

അറിയാതെ തെറ്റിപ്പിരിഞ്ഞു പോകുന്നു നീ
അണിയുന്നെന്‍ പ്രേമ,ഹാരങ്ങളെന്തിനോ...
നിന്‍ നിഴലായ് നടക്കുവാനേറെയന്‍ മനമെന്നും
അറിയാതെ,യാശിച്ചു പോകുന്ന നേരത്തും.
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

(കവിത - വഴി മറന്നൊഴുകുന്ന പുഴ, © - അമല്‍ദേവ്.പി.ഡി)








2016, മേയ് 31, ചൊവ്വാഴ്ച

നന്മയുടെ നല്ല പാഠങ്ങൾ..

പുത്തനുടുപ്പും ബാഗും കുടയുമൊക്കെയായി കുഞ്ഞിക്കാലടി വച്ച് ചെറുമഴച്ചാറ്റലിൻ കുളിർമയിൽ അവർ നടന്നു. ഉള്ളിൽ കിലുകിലെ ചിരിക്കുന്ന പുത്തനനുഭവങ്ങളുടെ പെരുമഴയിൽ കുളിചോരുങ്ങാൻ - അക്ഷരങ്ങളുടെ തണൽമരചോട്ടിൽ കളിച്ചുല്ലസിച്ചും പുതിയ കൂട്ടുകാരെ തേടിയും അവർ അവരുടെ ലോകം പടുത്തുയർത്തുന്നു. ''കുഞ്ഞു കണ്ണിൽ ആദ്യമായി വിരിഞ്ഞ പുസ്തകതാളിന്റെ ഗന്ധവും നിറങ്ങളും ക്ലാസ് മുറിയും ചോക്കും സ്ലേറ്റും പെൻസിലും ബെഞ്ചും ഡസ്കകും മണിയടിയും.... ഒക്കെ ഇന്നലെയുടെ ഓർമ്മകളായി മാറ്റി നിർത്തിയ നമുക്ക് , ഇന്നിത് തികച്ചും ആനന്ദം നല്കുന്ന ഒന്നാണ്.''
''അക്ഷരങ്ങളുടെയും അറിവിന്റെയും ആനന്ദത്തിന്റെയും അതിരുകളില്ലാത്ത ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്ന നവമുകുളങ്ങൾക്ക് - നന്മയുടെ പാതയിൽ സഞ്ചരിക്കാനും, നല്ല പാഠങ്ങൾ പഠിക്കാനും, നല്ലൊരു ലോകം പടുത്തുയർത്തുന്നത്തിനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.''

''ഈ മരം ഏങ്കളുടെത്'' '' ഈ പുഴ നമ്മുടെത്''

               
  '' പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളും സമരക്കാരും അതിരപ്പിള്ളിയിൽ ഇതിനകം എത്തിയിട്ടുണ്ട്. കാടിളക്കുന്ന ശബ്ദ ത്തോടെയും, വായ്മൂടികെട്ടിയും ഒക്കെ  സമരം നടത്തിയവർ. ഒരു നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്നത് ആ നാടിന്റെ മുക്കിലും മൂലയിലും പണിതുയർത്തുന്ന ഗോപുരങ്ങളിലും പ്രതിമകളിലും മാത്രമായി ഒതുങ്ങുന്നില്ല. ആ നാടിനു ജീവജലം നല്കുന്ന പുഴയെ, തണലേകുന്ന മരങ്ങളെ, കാടിനേയും പുഴകളെയും നിലനിർത്തുന്ന സസ്യജന്തുജാലങ്ങളെ ഒക്കെ  അതിൽ ഉൾപ്പെടുത്തേണ്ടി വരും. അതിനേക്കാളുപരി കാടിന്റെ മക്കളായി ജീവിച്ചുപോരുന്ന നിരവധി ആദിവാസി ജനവിഭാഗങ്ങൾ. അവർക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ നാം കണ്ടില്ലെന്നു നടിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമാണ്. കാടും പുഴകളും ഇവിടെത്തെ ജീവജാലങ്ങളെയും ഇല്ലാതാക്കി  ചാലക്കുടി പുഴയിൽ ഇനിയൊരു ജല വൈദ്യുതപദ്ധതികൂടി വന്നാൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ട്ടമാകുമോ എന്നതിലുപരി നിരവധി സസ്യജന്തുജാലങ്ങളും അവയുടെ വാസസ്ഥലവും നഷ്ട്ടമാകുന്നു എന്ന ചോദ്യം ഉയർത്തുന്ന ആശങ്കകൾ നാം കണ്ടില്ലെന്നു നടിക്കുന്നത് വേദനാജനകമാണ്. വംശനാശഭീഷണി  നേരിടുന്ന സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാന്പൽ, കടുവ, ആന, ഉരഗ വർഗങ്ങൾ, മത്സ്യങ്ങൾ, ചിത്രശലഭങ്ങൾ  തുടങ്ങി നിരവധി  വരുന്ന വന്യജീവികൾക്കും ജല ജീവികൾക്കും വാസസ്ഥലമില്ലാതാകുന്നതും പദ്ധതി വരുന്നതിൽ ഉയർന്നുവരുന്ന ചോദ്യങ്ങളാണ്. ഡാം പണിതുയർത്തി കഴിഞ്ഞാൽ ഇല്ലാതാകുന്ന ആദിവാസി ഊരുകൾ, കേരളത്തിൽ അവശേഷിക്കുന്ന മഴക്കാടുകളിൽ ഒന്നായ വാഴച്ചാൽ വനമേഖലയിലെ 140 തിലധികം വരുന്ന വനഭൂമി ഈ ഡാം വരുന്നതിലൂടെ ഇല്ലാതാകാൻ പോകുന്നത് ആശങ്കയും അതിലുപരി പേടിപ്പെടുത്തുന്നതും ആണ്.''

                  '' കാടും നാടും സംരക്ഷിക്കേണ്ടത് തന്നെ. അതിൽ കാടിന് നല്കേണ്ട മുൻഗണന തികച്ചും അർത്ഥവത്തായ തീരുമാനമാണ്. നമ്മുടെ ഭൂമിയിലെ സസ്യജന്തുജാലങ്ങളിൽ ഏകദേശം മൂന്നിൽ രണ്ടു ഭാഗം ജീവിക്കുന്നത് മഴക്കാടുകളിലാണ്. അപൂർവ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും കണ്ടുവരുന്നതും ഈ മഴക്കാടുകളിലാണ്. മഴക്കാടുകളുടെ ഊർജ്ജസ്രോതസ്സ് സൂര്യൻ തന്നെയാണ്. മരങ്ങളും പുഴകളും ഇല്ലാതാകുന്നതോടെ മഴക്കാടുകളിൽ എന്നല്ല നഗരപ്രദേശങ്ങളിലും മഴ ലഭിക്കുന്നത് ഇല്ലാതാകുന്നു. ഈ കഴിഞ്ഞ വേനലിൽ നാം ഏറെ അനുഭവിച്ചതും അത്തരത്തിലുള്ള ഒന്നാണ്. സൂര്യതാപമേൽക്കുന്നതും, ഭൂമി വറ്റി വരണ്ടുണങ്ങി കൃഷിയും മറ്റും ഉണങ്ങിക്കരിഞ്ഞു പോകുന്നതും ജന്തുജാലങ്ങളും പക്ഷികളും അടക്കം നിരവധി ജീവജാലങ്ങൾ ചൂട് താങ്ങാനാവാതെ ചത്തു പോകുന്നതും നമുക്ക് കാണേണ്ടി വന്നു.''

  ''ഈ മരം  ഏങ്കളുടെത്'' '' ഈ പുഴ നമ്മുടെത്'' 


                                 

                 ''അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിയിൽ കാണാം വഴിയോരങ്ങളിലെ മരങ്ങളിലെല്ലാം മുളയിൽ എഴുതിവച്ച വാക്കുകൾ. മാറി മാറി വരുന്ന സർക്കാരുകൾ അവരുടെ രാഷ്ട്രീയലാഭം കണക്കിലെടുത്ത് ജനങ്ങളുടെ താല്പര്യം കണക്കിലെടുക്കാതെ ത്വരിതഗതിയിൽ എടുക്കുന്ന തീരുമാനങ്ങൾ അവ എത്രമാത്രം അവിടെത്തെ ജന വിഭാഗങ്ങളെ ബാധിക്കുന്നു എന്ന് ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ്. സമൂഹിക പ്രവർത്തകരിലും, അതുപോലുള്ള ഒരു വിഭാഗം ആളുകളിലും മാത്രം ഒതുങ്ങിപോകുന്നു ഇത്തരം  സമരങ്ങൾ എന്നതും വേദനാജനകമായ ഒന്നാണ്. മുന്പെങ്ങും ഇല്ലാത്ത തരത്തിൽ ജനനന്മ ലക്ഷ്യം വച്ച് ഇത്തരം സാമൂഹ്യപ്രവർത്തനത്തിനു നിരവധി ആളുകൾ മുൻപോട്ടു വരുന്നു എന്നുള്ളത് തികച്ചും സ്വഗതാർഹമായ കാര്യമാണ്. കാടിനേയും മലകളെയും പുഴകളെയും ജീവജാലങ്ങളെയും ഒക്കെ അറിഞ്ഞുകൊണ്ട് ഇന്നത്തെ പുതുതലമുറ നടത്തുന്ന കല - സാംസ്ക്കാരിക പരിപാടികളും വിനാശകരമായ ഇത്തരം പദ്ധതിക്കെതിരായ നല്ലൊരു സമരമാർഗമാണ്. കാടിനേയും പുഴയേയും സ്നേഹിച്ചു  വനയാത്രകൾ സംഘടിപ്പിച്ചും പുതിയ തലമുറക്കാർ സമൂഹത്തിൽ വളർന്നു വരുന്നു.''

   കേരളത്തിലെ ഏറ്റവും വലിയ ജലസ്രോധസ്സുകളിൽ ഒന്നാണ് അതിരപ്പിള്ളി പദ്ധതിക്ക് തിരഞ്ഞെടുത്ത പ്രസ്തുത പ്രദേശം. മനുഷ്യജീവനെന്നല്ല, കാട്ടിലെ ജീവികൾക്കും അവയുടെ ജീവൻ  നിലനിർത്താൻ മരങ്ങളും പുഴകളും എല്ലാം ആവശ്യമാണ്.
നിലപാട് കടുപ്പിക്കും മുന്പ് സർക്കാരിനു അതിരപ്പിള്ളി പദ്ധതി വന്നലുണ്ടാകാവുന്ന നഷ്ട്ടങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിഞ്ഞാൽ കേരളത്തിലെ അവശേഷിക്കുന്ന മഴക്കാടുകളും സസ്യജന്തുജാലങ്ങളും  ആദിവാസി വിഭാഗങ്ങളും എല്ലാം ഇനിയും നിലനില്ക്കും, ഇനിയുള്ള കാലങ്ങളിലും ഈ മനോഹാരിതയും കുളിർമയും മഴയും കാറ്റും എല്ലാം നിലനിൽക്കും എന്നത് യാഥാർത്ഥ്യമാണ്.


 ''ഇനിയില്ല തബ്രാ എങ്കയ്യേ
  ഈ കാടല്ലാതൊരു സന്പാദ്യം
  കുളിർചൊരിയും കാട്ടരുവിയും
  ജീവനേകും പുഴയും
  മലനിരകൾ നിരനിരയായ്
  മഴമേഘം തുടികൊട്ടും
  മഴയില്ലാതൊരു മനമില്ല തബ്രാ...
  പണിയല്ലേ ഇവിടൊരണകെട്ടിന്നു,
  നാളെ മരിക്കും പുഴയും കാടും
  കാടുണർത്തും കിളിയും കാട്ടാനയും
  മഴക്കാത്തിരിക്കും വേഴാംബലും
  ഈ മഴക്കാടിൻ മനോഹാരിത,
  തിങ്ങും മരങ്ങൾതൻ വന്യമെന്നും
  അന്യമാകുന്നൊരു ദിനങ്ങളിന്ന്
  എണ്ണുവാനാകില്ല ഞങ്ങൾക്കിന്നു.
  കാടും പുഴയും നശിച്ചുവെന്നാൽ
  നാടും നഗരവും അകന്നു പോകും...''

  http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal

2016, മേയ് 10, ചൊവ്വാഴ്ച

ഹൃദയമില്ലാത്തവൻ

ഹൃദയമില്ലാത്തൊരുവനാ-
തെരുവിലവളുടെ നിഴൽപറ്റി
മറയില്ലാ, പകൽ വഴിയിൽ
പരതുന്നൊരു ഭ്രാന്തനെ പോലെ.

കനലുറത്ത ജീവിതവഴികളിൽ
കതിരിടുന്ന സ്വപ്നങ്ങളുമായി
നോവുമായമ്മയും മകളും
ഇരുൾ പരന്നൊരൊറ്റമുറിയും...

നടവഴിയിലാഭ്രാന്തനുറഞ്ഞിടുന്നു
വികൃതമാം കാമമോഹങ്ങളേന്തി,
കതിരുകൾ കൊത്തിപ്പെറുക്കി
കനവുകൾ കനലായെരിച്ചു.

ഉടയുന്നിതീ മൺകുടിൽ തന്നിലായ്
ഉണർന്ന സ്വപ്നങ്ങളെല്ലാം
ഉതിരുന്ന കണ്ണുനീർ തുള്ളിപോൽ
അടരുന്നു ജീവിതമെല്ലാം.

ഇരുകാലി മൃഗമായാഭ്രാന്തൻ
ഇരുൾപടർന്ന കണ്ണുകളാലേ
നോക്കിയതാ,മരുമയാം മകളേ
അമ്മയേ, തൻ സോദരിയേ...

കലിപൂണ്ട ദൈവങ്ങളൊക്കെ
വെറുമൊരു വ്യാജസിദ്ധനെ പോലെ
വിമലയാമവളുടെ,യുടൽ ചേർന്നുറങ്ങും
വികൃതമാം കാഴ്ച്ചകൾ കണ്ടു നിന്നു.

പാപനികുഞ്ചത്തിലമരുന്ന രാക്ഷസ,
ചെയ്തികളാഴത്തിലേല്പിച്ച മുറിവുക-
ളാരുമേ കണ്ടില്ല, ചിരിക്കുന്ന
ദൈവങ്ങളാരുമേ കണ്ടില്ല...

കതിരിടും കനവുകൾ ബാക്കിവച്ച്
കനൽ തിന്ന വഴികളെ സാക്ഷിയാക്കി
വെറുമൊരു തുകൽ പാവ പോലെ
ചിരിയകന്നിന്നു നീ കിടക്കയല്ലോ...

മറക്കുവാനാകില്ല ഈ കനലുകൾ
കാലങ്ങളേറെ,ക്കടന്നു പോകും
ഇല്ലാത്തൊരാക്കൽ ഭിംഭങ്ങളെ
വാഴിക്കുമാനുഷ കോലങ്ങളേ..?

പെറ്റമ്മയും മകളും തൻ സോദരിയും
നിനക്കുണ്ണുവാനുള്ള വിഭവമല്ല
കേണിടും നീയുമൊരിക്ക,ലോർക്കും
കാമമൊരസുലഭ നിമിഷമല്ല...
::::::::::::::::::::::::::::::::::::::::::::::::::::::::::::::
അമൽദേവ്.പി.ഡി

http://www.facebook.com/amaldevpd
amaldevpd@gmail.com

2016, മാർച്ച് 21, തിങ്കളാഴ്‌ച

''കുറെയൊക്കെ ഒളിച്ചുവച്ചു
മറച്ചുപിടിക്കാന്‍ കഴിയാഞ്ഞത് പിഴുതെറിഞ്ഞു.
പിന്നെയും ഒളിഞ്ഞും തെളിഞ്ഞും
കാണാനും കാണിക്കാനും എനിക്കൊരു പൂതി... 
കാഴ്ച്ചകളൊക്കെ മുറിഞ്ഞുപോയി,
കാലത്തിന്‍റെ മരുഭൂവില്‍
മുളപൊട്ടിയ കനല്ചീളുകള്‍ തറച്ചു
ഇന്നെന്‍റെ പാദങ്ങള്‍ വിണ്ടുകീറി....
എങ്ങോട്ടെന്നില്ലാത്ത യാത്രകള്‍...
കലിയടങ്ങാത്ത കാലത്തിന്‍റെ
കറുത്തമുഖപടമണിഞ്ഞു
ഞാനായാത്ര തുടര്‍ന്നു...
എന്നോ മറന്നുപോയ കിനാവുകളില്‍ കണ്ട
വഴിപിഴച്ച എന്നെ,
ഒളിപ്പിച്ചുവച്ച കറുത്ത രാത്രികള്‍,
എന്‍റെ സ്വപ്നങ്ങളിലുടക്കിയ
മഞ്ഞുപാളികള്‍ക്ക് മേലെ ഉരുകിയൊലിച്ച്
ആ ചില്ലുകൊട്ടാരം ഉടച്ചുകളഞ്ഞു.
ഒളിഞ്ഞും തെളിഞ്ഞും ഞാനറിഞ്ഞു
മറയില്ലാത്ത ജീവിതയാത്രകളില്‍
വിരല്‍ കവര്‍ന്നെടുത്ത നേര്‍ത്ത സ്പര്‍ശം.''


http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal

2016, ഫെബ്രുവരി 17, ബുധനാഴ്‌ച

രണ്ടു രൂപ

അറിഞ്ഞിരുന്നില്ല കൂട്ടുകാരാ,
നിനക്ക് ഞാനന്യനാകുമെന്ന്.
നീയെനിക്കൊരു കടക്കാരനാകുമെന്ന് .
ദൈവമേ... നിനക്ക് ഞാനിന്ന്
കടമായി തന്ന രണ്ടു രൂപ,
അതെനിക്ക് വേണം...
നിന്റെ ഭണ്ഡാരത്തിലിട്ട
നാണയത്തുട്ടിനിന്നേറെ
ഭാരമുണ്ടെന്നറിഞ്ഞു ഞാൻ.
മറക്കില്ല കൂട്ടുകാരാ,
നീ തിരികെ തന്ന്
കടം വീട്ടിയ രണ്ടു രൂപ.
മറക്കില്ല കൂട്ടുകാരാ,
നിന്റെയീ,യകൽച്ച.

മുൻപേറെനാൾ നിന്നോട്
ചേർന്നു പങ്കുവച്ച സൗഹൃദം
ഇന്നീ മൺ പ്രതിമയ്ക്കായെറിഞ്ഞ
നാണയതുട്ടിലുടക്കി
നിശ്ചലമായി നിന്നു.
പതിവില്ലാത്തൊരീ -
കടം വീട്ടലിന്നെന്റെ
നെഞ്ചു തുളച്ചുകയറിയ
കൂരമ്പുകണക്കെ,
നഗ്നമാമെൻ ശിരസ്സറുത്തീ-
ക്കൽ പ്രതിമയിലൂറ്റിയൊഴിച്ച
രക്ത തുള്ളികൾ പോലെ,
ആർത്തിരമ്പുന്നെന്റെ നെഞ്ചിൽ.

ഇനിയൊരു ദൈവവും
കൊതിയ്ക്കല്ലേയെൻ
കൈകളിൽ കിടന്ന്
കലപില കൂട്ടും
നാണയത്തുട്ടുകളെ...
മറക്കില്ല കൂട്ടുകാരാ ഞാൻ
നീകടമായി കണ്ടൊരാ രണ്ടു രൂപ...
......................................

(അമൽദേവ് .പി .ഡി
കവിത - രണ്ടു രൂപ)
http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
HTTP://www.facebook.com/amaldevpd
amaldevpd@gmail.com

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ഹൃദയത്തിന്റെ നിറമുള്ള പൂക്കൾ

നീയുണരുമീയാകാശത്തോപ്പിൽ
നീരാടുമൊരു വെൺ മേഘമായി
യുഗാന്തരങ്ങളെത്ര,യലഞ്ഞു.
ഞാനന്നറിയാതെ നിന്നിൽ
നട്ടൊരാ, പനിനീർ ചെടിയിലെൻ
ഹൃദയത്തിൻ നിറമുള്ള
ഹൃദയത്തിൻ മണമുള്ള
പൂവൊന്നു കണ്ടുവോ...

മെല്ലെയെന്നരികത്തായ്
ചേർന്നൊരു നിഴൽ പോലെ
തെല്ലിട മാറുന്നു നീ പതുക്കെ,
ഈ വെയിൽചായം
പതിഞ്ഞ നിൻ മുഖമാകെ
വാടിതളർന്നൊട്ടു, വിറയാലെ
ചൊല്ലിയ കവിതയിൽ
ചിരിതൂകിയെന്നും നിൻ
കാർകൂന്തലഴകായി
വിടവാങ്ങാനൊരുങ്ങുന്ന
ഇതളാണു ഞാൻ...

അടരുമോർമ്മകൂടതിൽ
വഴിതെറ്റിയന്നേതോ,
മഴവില്ലു തോൽക്കുമൊ-
രഴകാം, ശലഭമീവഴി വന്നനാൾ.
കൊതിപ്പൂ, നിന്നധരസീമയിൽ
നിന്നൊരുന്മാദ ലഹരി പകരും
മധുര നിമിഷം...
കാത്തിരുന്നു ഞാനെൻ
കവിതയിൽ പാടിയ
കനവൊരുമാത്ര കാണുവാൻ.
തേടുന്നു ഞാനിന്നീ, ധരണിയി-
ലാരോനട്ട സ്വപ്നങ്ങളിൽ വിരിഞ്ഞ
ഹൃദയത്തിൻ നിറമുള്ള പൂവിനെ.
വെയിൽ വീണവഴിയിലായ്
വേനലിൻ വേഗമറിഞ്ഞു ഞാൻ,
പോയ്മറഞ്ഞീടുമാശകൾ
വാടി വീഴുന്നൊരിതളുകൾ...

അലയുന്നു വെറുതെ ഞാൻ
ആനന്ദലഹരിയിൽ
അതിലോലമൊരു പാട്ടിന്ന-
നു,പല്ലവി പോലെ.
ഹൃദയത്തിൻ നിറമതിൽ
ചാലിച്ചെഴുതിയ
ആർദ്രമാം പ്രണയം
കൊതിക്കുന്നു ഞാനും'...


-----------
അമൽദേവ് പി.ഡി.
ഹൃദയത്തിന്റെ നിറമുള്ള പൂക്കൾ.
amaldevpd@gmail.com