ഈ ബ്ലോഗ് തിരയൂ

2017, ജൂലൈ 3, തിങ്കളാഴ്‌ച

എന്തുരസം ഈ മഴയോർമ്മകൾ

................................


മഴയൊച്ച കേൾക്കുവാനെന്തു രസം !
മഴപ്പാട്ടു പാടുവാനെന്തു രസം !
മഴയിൽ നനയുവാനെന്തു രസം !
മഴനൃത്തമാടുവാനെന്തു രസം !

മഴയിൽ നിറയും പെരുവെള്ളച്ചാലിൽ
കളിയാടിനില്ക്കുവാനെന്തു രസം !
മഴതീർത്ത കുളിരിൽ മടിയോടെ മെല്ലേ
നിനവുകൾ നെയ്യുവാനെന്തു രസം !

പാടവരമ്പിലെ പുല്ക്കൊടിനാമ്പിലായ്
മഴമുത്തു ചാർത്തിയ മഴച്ചാറ്റലും,
തൊടിയിലെപ്പൂക്കളിൽ യൗവനം തൂവിയ
ഇടവത്തിൻ മഴമുല്ലമലരുകളും,
ഇടവഴിക്കോണിലെ മഴച്ചാലിനൊപ്പമായ്
തുഴയെറിഞ്ഞെത്തുംപൊടിമീനുകളും,
മഴപെയ്തമാനത്ത് ഏഴു നിറങ്ങളാൽ
മഴവില്ലു തീർക്കുന്ന സന്ധ്യകളും,
തോട്ടിൻകരയിലായ് പരൽമീൻകുരുന്നിനെ
നോക്കിയിരിക്കുംപൊൻമാനുകളും,
പെരുമഴ തീർക്കുന്ന മുറ്റത്തെക്കായലിൽ
കളിയോടമെറിയുന്ന കൗതുകവും,
തൊടിയിലെ പൊട്ടക്കുളത്തിലെത്തവളയെ
പിടികൂടുംകുട്ടിക്കുസൃതികളും.
മഴയ്ക്കൊപ്പമാകാശസ്വപ്നങ്ങളും പേറി,
മഴക്കാലമുത്സവമാക്കി ഞങ്ങൾ.
മഴയുടെ മധുരമാം ഓർമ്മകൾ തളിരിടും
മഴക്കാലമോർക്കുമ്പോഴെന്തു രസം...!

മഴനനഞ്ഞോടിവന്നെത്തുന്ന നേരത്ത്
തുടയിലായ് തരുമമ്മയീർക്കിൽപ്പഴം,
ചേമ്പിലത്താളിലായ് പൊടിമീൻകുരുന്നിനെ
കൊണ്ടുവന്നാലമ്മ തല്ലിടുന്നു,
മുറ്റത്തെത്തോപ്പിലെ മന്ദാരപ്പൂവിനെ
തൊട്ടാലുമമ്മ വഴക്കിടുന്നു,
പാടവരമ്പിലെ മുറിച്ചുണ്ടൻകൊക്കുമായ്
കളിയാടിയാലും വഴക്കിടുന്നു,
നഗ്നപാദങ്ങളാൽ മണ്ണിലൊന്നിറങ്ങിയാൽ
ചൂരലുമായമ്മയടുത്തുവരും,
മുറ്റത്തെത്തൈമാവിൻചോട്ടിലൊരിത്തിരി
നേരമിരിക്കുവാൻ പാടിലത്രേ !

മഴയൊച്ചകേൾക്കുമ്പോൾ മഴപ്പാട്ടു പാടാതെ
മഴയിൽ നനയാതെ മാറിനിന്നു.
മഴപെയ്തു, തൊടിയിലും പാടത്തും മുറ്റത്തും
മഴവില്ലുമേറെ വന്നുപോയി.
മഴയൊച്ച കേട്ടില്ല മഴപ്പാട്ടും പാടീല,
മഴനൃത്തമാടീല, മഴയിൽ നനഞ്ഞീല,
ഇളവെയിൽതോല്ക്കുമാ മഴച്ചാറ്റലുച്ചത്തിൽ
മഴപ്പാട്ടുപാടിവന്നെത്തിടുന്നു...

ഓർമ്മകൾ മെല്ലെ മഴയ്ക്കൊപ്പമായി
മധുവൂറും നോവായും പെയ്തിറങ്ങി.
മഴതന്നൊരോർമ്മയിൽ മധുരമാമോർമ്മയിൽ
നനഞ്ഞൊട്ടിനില്ക്കുവാനെന്തു രസം...!!


...... കവിത.......
എന്തുരസം ഈ മഴയോർമ്മകൾ..............
...... അമൽദേവ്.പി.ഡി.....................


amaldevpd@gmail.com