ഈ ബ്ലോഗ് തിരയൂ

2015, ഏപ്രിൽ 14, ചൊവ്വാഴ്ച

കണ്ണനെ കണികാണുന്ന കുഞ്ഞു വാവ...


"..കണികാണും നേരം
കമല നേത്രന്‍റെ
നിറമേഴും മഞ്ഞ
തുകിൽ ചാർത്തി.
കനക കിങ്ങിണി
വളകൾ മോതിരം
അണിഞ്ഞു കാണേണം
ഭഗവാനെ...

മലർമതിൻ കാന്തൻ
വാസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി.
ചിലു ചിലേ എന്നു
കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടിവാ കണികാണാൻ."

"കുഞ്ഞു കണ്‍ തുറന്നവൻ കണ്ണനെ കണ്ടു,
കുഞ്ഞു കളികളും പിണക്കവും
ഇണക്കവുമൊക്കെയായി
കണ്ണനൊപ്പം ചിരിതൂകിയവനും.
കുഞ്ഞു കൈകളിൽ
ആദ്യമായ് വാങ്ങിയ
നന്മയേറുന്ന വിഷുകൈനീട്ടവുമായി,
കുഞ്ഞു മിഴികൾ
ചിരിതൂകി നിന്നു..."

 കണ്ണനെ കണികാണുന്ന കുഞ്ഞു വാവ...!


"...നന്മയുടെ നറുപുഞ്ചിരിയുമായി ഐശ്വര്യത്തിന്‍റെയും  സ്നേഹത്തിന്‍റെയും
കാർഷിക സമൃതിയുടെയും പുതിയ ലോകത്തേക്ക്  ഞങ്ങളുടെ കുഞ്ഞു വാവ കണ്ണു തുറന്നു, അച്ചാച്ചന്‍റെ  കയ്യിലിരുന്നവന്‍  കണ്ണനെ കണികണ്ടുണർന്നു. വാവയ്ക്ക് ഞങ്ങളുടെ ഒരായിരം നന്മ നിറഞ്ഞ വിഷുദിനാശംസകൾ നേരുന്നു..."


2015, ഏപ്രിൽ 9, വ്യാഴാഴ്‌ച

റേപ്പിസ്റ്റ്...



ആദ്യമൊന്നു മടക്കി
പിന്നെ ഒടിച്ചു,
പിടഞ്ഞും ഞെരങ്ങിയും
അവളൊച്ച വച്ചു...
വികൃതമായ വാക്കുകൾ
അവൾക്കു മേലെ
തെറിയഭിഷേകം നടത്തി,
ഉടച്ചു വാർക്കാൻ
പഴയ സ്വപ്നങ്ങളും
ഓർമ്മകളും മാത്രം...
അക്ഷരപ്പെരുമഴയുടെ
തലയുറച്ച തറവാട്ടു പെരുമയിൽ
അഭിലാഷത്തോടെ
അവളുരുകിയുണർന്നു.
കുറുകെ കണ്ട നീർച്ചാലുകൾ
കവച്ചു വച്ചവൾ
വിധിയൊരുക്കിയ,
കറപുരണ്ട കൈകളെ
മാറോടണച്ചു.
കടിച്ചു കീറിയ സ്വപ്നങ്ങളെ,
കൂട്ടിച്ചേർക്കാൻ
ഉദിർന്നു വീണ
കണ്ണുനീർ തുള്ളികളുമായി
പിന്നെയും
അവളൊരുമ്പിട്ടിറങ്ങി.
മടിച്ചു നിൽക്കാതെ
ഞാനെന്റെ മിന്നൽ പിണറുകളെ
അവളിലേക്ക്‌ പായിച്ചു,
സ്വപ്നം വിതച്ചവൾ
വില്പ്പനക്കൊരുങ്ങി
ഉയർന്നു പൊങ്ങിയ
ഉഷ്ണകാറ്റിനെ
വകഞ്ഞു മാറ്റി,
ഊർന്നിറങ്ങിയ പ്രേമഭാവത്തെ
ആസ്വാതനത്തിന്റെ
അഭിലാഷത്തിന്റെ
നീർച്ചുഴിയിലേക്കെറിഞ്ഞു.
പടർന്നു പന്തലിച്ച
കനം വച്ച വാക്കുകൾ
വീശിയെറിഞ്ഞു ഞാൻ
ചിതലരിച്ചൊരോർമ്മകളെ
വീണ്ടും ചതച്ചരച്ചു.
ഉടഞ്ഞു വീണ
വാക്കുകൾക്കു മീതെ
തെളിഞ്ഞ വരികളിൽ
പടർന്ന പതിവുകൾ മറന്നു
ഞാനെന്റെ കവിതയെ പിന്നെയും മാനഭംഗപ്പെടുത്തി.


(കവിത - റേപ്പിസ്റ്റ്...
അമൽദേവ് .പി.ഡി)

www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
Amaldevpd@gmail.com





2015, ഏപ്രിൽ 5, ഞായറാഴ്‌ച

അമ്മമധുരം...


മാനത്ത് വിരിഞ്ഞ
അമ്പിളിമാമനെ ചൂണ്ടി
പണ്ടമ്മപറഞ്ഞ
കഥകളിലെ പ്രിയമേറിയ
സ്മൃതിപദങ്ങളെ തൊട്ടുണര്‍ത്തി,
ഇന്നെന്‍റെയോര്‍മ്മകള്‍
മധുരം വിളമ്പുന്നു.

വേരറ്റുപോയ
സ്വപ്നങ്ങളെ തേടി
ആകാശഗോപുരങ്ങളും
സ്വര്‍ഗ്ഗകവാടങ്ങളും കടന്ന്
അനന്തമായ
ഏകാന്തതയുടെ ആഴങ്ങളിലേക്ക്
കാലിടറിയപ്പോള്‍...
നിതാന്തമായ
ജീവിതപരപ്പിലേയ്ക്കൊരു,
കൈതാങ്ങെന്നപോലെ
മധുരമേറിയ
വാക്കുകളാലെന്നെ -
പ്പുണര്‍ന്ന ജന്മം.

നോവുകലര്‍ന്ന
കണ്‍കോണുകളില്‍ നിന്നാര്‍ദ്ര--
മായുദിര്‍ന്ന ചുടുനീരു
തുടയ്ച്ചുകൊണ്ടെന്നും
പിടയുന്ന നെഞ്ചുമായ്
പകരുന്ന സാന്ത്വനം...

മഴവില്‍ ചിറകിലേറി
പറന്നുയരുമെന്‍റെ
ജീവനില്‍ തൊടുന്ന ലഹരിയായ്
മാറുമീ മറവിതന്‍
ചില്ലുകൂടൊന്നുടയ്ക്കുമീ--
മധുരമാ, മമ്മതന്‍ വാക്കുകള്‍...


അമ്മമധുരം...
(കവിത -    അമല്‍ദേവ് .പി .ഡി )

http://www.facebook.com/blankpage.entekavithakal
http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
contact:-     amaldevpd@gmail.com


2015, ഏപ്രിൽ 4, ശനിയാഴ്‌ച

റമ്പൂട്ടാൻ

 

 photo courtesy :- google

   ''.. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പതിവുപോലെ അച്ഛന്‍ ജോലി കഴിഞ്ഞു വീട്ടില്‍ വരുമ്പോള്‍ കൈയ്യില്‍ ഒരു സഞ്ചി നിറയെ അതുവരെ രുചിയറിഞ്ഞിട്ടില്ലാത്ത  റമ്പൂട്ടാൻ  കൊണ്ട് വന്നു. അന്നുവരെ കണ്ടിട്ടില്ലാത്ത ആ പഴം ഞങ്ങള്‍ ആവോളം കഴിച്ചു.  പിന്നെ, റമ്പൂട്ടാന്‍റെ കായ് മുറ്റത്ത്‌ കിടന്നു മുളപൊട്ടി വളര്‍ന്നുവരുമ്പോള്‍ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, അന്നു  കഴിച്ച റമ്പൂട്ടാന്‍ പഴത്തിന്‍റെ തൈ ആണ് വളരുന്നതെന്ന്.  വളര്‍ന്നു വലുതായി ആദ്യമായി റമ്പൂട്ടാന്‍ മരം പൂവിട്ടപ്പോള്‍ വളരെ കുറച്ചു  റമ്പൂട്ടാൻ  മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ നല്ല കായ്ഫലം തന്നുകൊണ്ട് റമ്പൂട്ടാന്‍ മരം ഞങ്ങളുടെ വീടിന്‍റെ മുറ്റത്ത് നിറഞ്ഞു നിന്നു..''

 photo by :- amaldevpd
    ''.. ഇന്ന് , വീണ്ടും  റമ്പൂട്ടാൻ മരം പൂവിട്ടിരിക്കുന്നു.  മെയ് - ജൂണ്‍ മാസത്തോടു കൂടി പാകമാകുന്ന റമ്പൂട്ടാൻ    വിപണിയില്‍ നല്ല  വിലയുള്ള പഴങ്ങളില്‍ ഒന്നാണ്.'' 
    
  കുറച്ചു വിവരണങ്ങൾ:
  കടപ്പാട്: വിക്കിപീഡിയ

     '' സമൃദ്ധമായ നാരുകളോടുകൂടി ചുവന്ന നിറത്തില്‍ കാണുന്ന റമ്പൂട്ടാന്‍ പഴങ്ങള്‍ സ്വാദിഷ്ട്ടവും പോഷകസമ്പുഷ്ട് വുമാണ്. ഏഴു വര്‍ഷം പാകമായ മരങ്ങളാണ് കൂടുതലും കായ്ച്ചുതുടങ്ങുന്നത്.  'പഴങ്ങളിലെ രാജകുമാരി' എന്നും 'ദേവതകളുടെ ഭക്ഷണം'  എന്നും വിശേഷിപ്പിക്കപെടുന്ന റമ്പൂട്ടാൻ  ഔഷധമായും  ഉപയോഗിക്കുന്നു.   ചുവപ്പ്, കടും മഞ്ഞ, മഞ്ഞ എന്നീ നിറങ്ങളിൽ റമ്പൂട്ടാന്‍ കാണപ്പെടുന്നു. പൂർണ്ണമായും ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യാവുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.
      ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്.  പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. ഇങ്ങനെ പുഷ്പിക്കുന്ന സസ്യങ്ങൾ പരാഗണം വഴി കായ് ആയ മാറി ഏകദേശം മേയ് - ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു.
      മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നർത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്.

  photo by :- amaldevpd
  റമ്പൂട്ടാൻ
www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
contact: amaldevpd@gmail.com
              amaldevpd@yahoo.in