ഈ ബ്ലോഗ് തിരയൂ

2020, സെപ്റ്റംബർ 22, ചൊവ്വാഴ്ച

ഉത്തരം


...............

വിണ്ടുകീറിയ പാദങ്ങൾ
നിശ്ചലമായാടുന്നു.
ഉത്തരത്തിലിരുന്നൊരു;
പല്ലി ചിലച്ചു.
പുറത്ത് മഴ തെറ്റിതെറിച്ചു.
സമയമായവന്റെ,
കടമേറിയോൻ,
നല്ലവൻ,
അടക്കം പറച്ചിലുകൾ
അടുക്കളവാതിൽക്കലെത്തി നിന്നു.
മഴയിലലിഞ്ഞ കണ്ണീരുപ്പുകൾ.
അകത്തളത്തിലശ്രുപൊഴിച്ചാരോ....
മഴമാറി,
നാലുപേർ വന്നു
കുളിപ്പിച്ചു, പൊതിഞ്ഞെടുത്തു
ആരോ അവസാന വായ്ക്കരിയിട്ടു.
മഴമറച്ചകണ്ണീർതുള്ളികൾ
തെറ്റിതെളിഞ്ഞ വെയിലിൽ
ഇടറിവീണു.
മഴനനച്ചമണ്ണിൽ
വേരിറങ്ങിയ ജീവിതം തീർത്ത
പുരയുടെ ഉത്തരത്തിൽ
തീർന്നജന്മം.
പുകയമർന്നു
പുലരിതെളിഞ്ഞു
കരിപടർന്ന ചുവരിലമർന്നു
ചിതലരിച്ചൊരുടയോൻ
ചിരിമറന്നുകിടന്നു....


അമൽദേവ് പി. ഡി

amaldevpd@gmaill.com 


2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

അവൾ

 അവൾ

--------

മഴപോലെന്നെപ്പുണർന്നവൾ
മറവിയുടെയകത്തളത്തിൽ
മറപറ്റിയിരുന്നതെന്തിന്....?

ഞാനെഴുതിയവരികളാൽ
പ്രണയരസമുണ്ടവൾ,
പരിഭവങ്ങൾ പറഞ്ഞ-
നുരാഗം പകർന്നതെന്തിന്... ?


സ്വർഗ്ഗവീഥിയിലെവിടെയോ
കണ്ടുമുട്ടിയ പ്രണയം,
തോരാമഴയായെന്നിൽ
പെയ്തുണർന്നനേരം.
കനവുകളുടച്ചുവാർത്തു
കാത്തിരിപ്പേറിയകാലം !

പ്രണയതീച്ചൂടേറ്റുവെന്ത
ചുണ്ടുകളിൽ
ചുംബനമേകാതെ,
കലിതുള്ളി പെയ്താർത്ത,
മഴയ്ക്കൊപ്പം
പോയതെന്തേ... ?

ഒരു ദുഃഖസൂചികയാ-
മെന്റെ മൗനത്തിൽ,
വാചാലമാം പ്രണയത്തിൻ
തിക്തമാം നോവുക-
ളെറിഞ്ഞവളേ.....
നീയറിയാതെപോയ
വരികളിലുറഞ്ഞുകിടന്ന
നഗ്നമാം വാക്കുകളി-
ലെന്റെ നിത്യപ്രണയത്തിൻ
ഗന്ധമായിരുന്നു ..... !

കനലെരിഞ്ഞു കവിതപൂത്ത
മനസ്സിലേയ്ക്ക്
പിന്നെയുമവൾ പെയ്തിറങ്ങി.
നോവുകടലിലേയ്ക്ക്
മുങ്ങിത്താഴുന്ന കനവുകൾക്ക്
തലോടലേകാനായ് ... ?

..........................................................
അമൽദേവ് പി ഡി
..........................................................


amaldevpd@gmail.com

2020, ജൂൺ 18, വ്യാഴാഴ്‌ച

വായനദിനം പോസ്റ്റ്



ബാല്യകാലദുരിതങ്ങൾ ചാടി കടന്ന് ലോകസിനിമയുടെ നെറുകയിലെത്തിയയാൾ.
ഒരുകാലത്ത് തന്റെ കഥകൾ തള്ളിക്കളഞ്ഞവർക്ക് മുന്നിലൂടെ, വാചികാഭ്യാസനത്തിലൂടെ, ഹാസ്യത്തിന്റെ സ്വാഭാവിക ആവിഷ്കാരസിദ്ധിയിലൂടെ മുൻനിരയിലെത്തി സ്വന്തമായ ഇടം കണ്ടെത്തിയ മനുഷ്യൻ.

ഒറ്റയിരിപ്പിന് വായിച്ചു തീർക്കണം എന്ന ആഗ്രഹത്തോടെയായിരുന്നു ചാർലി ചാപ്ലിന്റെ - എന്റെ ആത്മകഥ എന്ന പുസ്തകം വായിക്കാൻ തുടങ്ങിയത്.

വായിച്ചു തുടങ്ങിയിട്ട് ഒരു വർഷത്തോളമായി.

ഇപ്പോൾ റബ്ബർബാൻഡ് ഇട്ട ഭാഗം വരെ എത്തി.









     കെ ആർ മീരയുടെ ആരാച്ചാർ, നാഗന്മാരുടെ രഹസ്യവും മെലുഹയിലെ ചിരഞ്ജീവികൾ തുടങ്ങിയ പുസ്തകങ്ങൾ ഒറ്റയിരിപ്പിന് വായിച്ചിട്ടുള്ളതാണ്.

ഈ വായനദിനത്തിൽ ഇനിയും വായിച്ചുതീർക്കാത്ത ചാർലി ചാപ്ലിന്റെ - എന്റെ ആത്മകഥ എന്ന പുസ്തകം രണ്ടുപേജുകൂടെ വായിച്ചുതീർത്തു മാറ്റിവെച്ചു.

വായനാദിനത്തിൽ പങ്കുചേർന്നു.

"വായനദിനത്തിൽ പൊടിതട്ടിയെടുത്ത പുറംചട്ടകളിൽ വിരിഞ്ഞ വായനയുടെ അതിഭാവുകത്വങ്ങൾ സ്റ്റാറ്റസുകളായി നിറയുന്ന ഈ കാലഘട്ടത്തിൽ വായനയുടെ പ്രാധാന്യം മാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും അറിയാൻ കഴിയുന്നു എന്ന ആശ്വാസം"




amaldevpd@gmail.com

2020, ജൂൺ 10, ബുധനാഴ്‌ച

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ❤️


നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ❤️
°
°
അകലെയാണ്
അതിരുകൾ
പാകിയ
ഓർമ്മകളുടെ താഴ് വാരം.

ആനന്ദത്തിന്റെ
അതിഗൂഢമായ
മൗനം
ഒളിച്ചിരിപ്പുണ്ട്
അവിടെ.

ആത്മാനുരാഗത്തിന്റെ
തിരുശേഷിപ്പ്
ആ മൗനത്തിൽ
അലിഞ്ഞുചേർന്നിരുന്നു.

നിതാന്തമായ നിശബ്ദത !!
കാലത്തിനുംമീതെ
ആരോയെഴുതിവച്ച മോഹങ്ങൾ
തല്ലിക്കെടുത്തി
വിധിവരച്ച
വഴിയിലൂടെ
ഞാൻ നടന്നു...

അനന്തമാണ്
ആഴമേറും,
മുറിവേറ്റ
മനസ്സിലെ
ഇഷ്ടങ്ങളെ
ഈ മാനസസരസ്സിൽ
വലിച്ചെറിഞ്ഞു ഞാൻ...

കാലങ്ങൾ
കടന്നുപോകുമ്പോൾ,
നിഴൽവീണ വഴികളിൽ
അവശേഷിച്ച
കാല്പാടുകൾ നോക്കി
ഏകനായി
ഞാൻനിന്നു...

അതെ,
ഇടം
തരാത്ത
സ്വപ്നങ്ങൾക്കും.
ഇടറിവീണ
വാക്കുകൾക്കും
മീതെയൊരു,
കനപ്പെട്ട
കവിത
മുളപൊട്ടിയിരുന്നു.
ഈനിശബ്ദ താഴ് വരയിൽ
ആകെട്ടുകഥ
ഒരശരീരിയായി
ഉയർന്നുവന്നു.
എന്റെ മൗനത്തിന്റെ
അതിരുകൾ
മറികടന്ന്...
••••••••••••••••
അമൽദേവ്.പി.ഡി.

PhotoCreditz:  #arunbabuoa


.

2020, ജൂൺ 5, വെള്ളിയാഴ്‌ച

നന്പർ പാറയിലെത്തിയ വന്യതയുടെ കൂട്ടുകാരൻ: അമൽദേവ് പി ഡി



മിഴിപകർപ്പുകൾ:

നമ്പർ പാറയിലെത്തിയ വന്യതയുടെ കൂട്ടുകാരൻ:  അമൽദേവ് പി ഡി



 "മനസ്സുറപ്പിക്കുകയായിരുന്നു. മൗനം നിറച്ച ഏകാന്തതയ്ക്കുള്ളിൽ സർവ്വവും സമർപ്പിച്ച നിമിഷം. കണ്ണിൽ തറച്ച കാഴ്ച്ചകൾ വാക്കുകളായി പകർത്തിയപ്പോൾ അവിടെ ഒരു നിഗൂഢമായ വഴി തുറന്നിട്ടു.... "

 "മനസ്സൊന്നുപതറി, കിഴക്കുനിന്നും പശ്ചിമഘട്ട മലനിരകളെ തഴുകി അലസമായി സുന്ദരിപ്പൂക്കളെ മുത്തമിട്ട് മൗനത്തിന്റെ തിരമുറിയാത്ത നൊന്പരങ്ങളെ ആവാഹിച്ച് ആ വന്യതയുടെ ആത്മാവിലേക്ക് പറന്നെത്തിയ കാറ്റ് പിന്നെയെത്തിയത് എന്നിലേക്കാണ്. തെല്ലൊന്നു കാലിടറിയാൽ പിടിവിട്ട ജീവിതം കണക്കെ അഗാധതയിലേയ്ക്ക്. കാറ്റിന്റെ സംഗീതം ആവോളമാസ്വദിച്ച് മനസ്സിന്റെ, ചിന്തകളുടെ അതിരുകൾഭേദിച്ച് ഞാനലിഞ്ഞുചേർന്നു. ഇടയ്ക്കെപ്പോഴോ തോന്നി ആ വശ്യതയിലേയ്ക്ക് എന്നെ ആരോ ക്ഷണിക്കുന്നതായി. കാറ്റിനൊപ്പം ചിട്ടയറ്റ ചിന്തകൾക്കൊപ്പം ഞാനൊരുയാത്രപോകുകയായി. "



 പ്രതീക്ഷകളെത്താത്തിടം, അവിചാരിതമായാണ് ആ യാത്ര ആനന്ദത്തിന്റെ ഉഗ്രപർവ്വത്തിലെത്തിയത്. മിഴികളിൽ എന്തെന്നില്ലാത്ത പകർത്തെഴുത്ത് അനുഭപ്പെടുന്നു. ഓരോ കാൽവയ്പ്പിലും ആത്മാവിന്റെ അതിഗൂഢമായ മൗനത്തിന്റെ അലയൊലികൾ തീർക്കുന്നു. വന്യതയുടെ ഉൾച്ചുഴിയിൽപ്പെട്ടപോലെ.

    
  കേരള - തമിഴ്നാട് അതിർത്തിയിൽ പ്രകൃതിയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് നമ്പർ പാറ. വനം വകുപ്പിന്റെ കീഴിലുള്ള പ്രദേശം സന്ദർശകർക്ക് അതുമതിയില്ലാത്ത പ്രദേശം കൂടിയാണ്. വിനോദ സഞ്ചാരത്തിന് പച്ചക്കൊടി നാട്ടാത്ത ഇടമായതിനാൽ തന്നെ പ്രകൃതി സമ്മാനിച്ചവ അതേപടി നിലനില്ക്കുന്ന ഇവിടം പച്ചപ്പിന്റെ കേളീരവമാണ്. ചുറ്റും മലനിരകളാണ്. അങ്ങുദൂരെ കാണാം വശ്യമായ സൗന്ദര്യത്തിൽ കാനനഭംഗിയെ ആവാഹിച്ചൊഴുകുന്ന ഇടമലയാർകുടി അണകെട്ടും ആറും. 




 മലക്കപ്പാറ എന്ന കേരള സംസ്ഥാന അതിർത്തി ഗ്രാമത്തിലേക്കുള്ള യാത്രക്കിടയിലാണ് നന്പർ പാറയെ കുറിച്ചു അറിയുന്നതും പോകാൻ തീരുമാനിച്ചതും. ചാലക്കുടിയിൽ നിന്ന് അതിരാവിലെ തന്നെ ഞങ്ങൾ യാത്ര പുറപ്പെട്ടു. സുഹൃത്തുക്കളായ  മധു സന്പളൂർ, ബാബു, ദിലീപ് നാരായണൻ, അഷിൻ പോൾ ഞാനുമടങ്ങുന്ന അഞ്ചംഗസംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്. മാധ്യമ പ്രവർത്തകരായതിനാൻ യാത്രയ്ക്ക് വാർത്തകളുടെ രുചിയും മണവും ഏറും. യാത്രയുടെ തുടക്കത്തിൽ തന്നെ കാഴ്ച്ചയുടെ വിരുന്നൊരുക്കി എണ്ണപ്പന തോട്ടത്തിൽ മേയാനെത്തിയ പുള്ളിമാൻ കൂട്ടം ഞങ്ങളെ വരവേറ്റു. ചെറുചൂടു പകർന്ന ചായ കുടിച്ച് യാത്ര തുടർന്നു. അതിരപ്പിള്ളിയും വാഴച്ചാലും കടന്ന് ബ്രിട്ടീഷ് അധിനിവേശത്തിന്റെ അവശേഷിപ്പായ ഇരുന്പുപാലത്തിലൂടെ ഞങ്ങളുടെ ഫോർ ഇൻടു ഫോർ താർ മിതമായ വേഗതയിൽ നീങ്ങി. 


      മലയണ്ണാനും മയിലും കാട്ടുകോഴിയും വേഴാന്പലും സിംഹവാലനുമെല്ലാം കാട്ടിടവഴികളിൽ ഞങ്ങൾക്ക് ദൃശ്യവിരുന്നൊരുക്കി. ലോക്ക് ഡൗണിൽ വാഹനങ്ങളില്ലാതായതോടെ റോഡിലേക്ക് വളർന്ന് നിൽക്കുന്ന കാട്ടുചെടികൾ. മഴനനഞ്ഞ് കാട് കൂടുതൽ സുന്ദരിയായിരിക്കുന്നു. ഇരുൾ നിറഞ്ഞ വഴികളിൽ ചീവിടിന്റെ ശബ്ദം വന്യതയുടെ പേടിപ്പെടുത്തുന്ന ഭാവമായി. വഴികളിൽ കാണാം കൊന്പൻമാർ ചവിട്ടിയരച്ച ഈറ്റച്ചെടിയും മരച്ചില്ലകളും.  കാടിന്റെ ഉള്ളിലൂടെ യാത്രതുടർന്നു.  ഉൾക്കാടുകളിൽ നിന്ന് മരച്ചില്ലകളും ഈറ്റയും ഒടിയുന്ന ശബ്ദത്തിനൊപ്പം ആനച്ചൂര് മൂക്കിലേക്ക് ഇരന്പിക്കയറി.  ആകാംഷയുടെ പേടിപ്പെടുത്തലുകളുടെ ആനച്ചൂരും ആനപിണ്ടവും . 


    കേരളം വിറച്ച ആദ്യപ്രളയം, 2018 ൽ തങ്ങളുടെ ആനക്കയത്തെ കോളനിയെ തുടച്ചുനീക്കി, പ്രളയത്തിന് ശേഷം മയിലട്ടും പാറയിലെ പാറപ്പുറത്തേക്ക് പാലായനം ചെയ്ത ആദിവാസി ജനവിഭാഗത്തേയും യാത്രയിൽ കണ്ടു. രണ്ടു വർഷം പിന്നിട്ടു മറ്റൊരു അതിവർഷം കാടുകയറാൻ നിൽക്കുന്പോഴും കുടിലുകെട്ടാൻ ഒരു തുണ്ടു ഭൂമിയ്ക്കായി കൈനീട്ടിയ തങ്ങൾക്ക് അധികാരികൾ നൽകിയ വാക്കുകൾ പാഴ് വാക്കുകളായെന്ന് ആദിവാസി മൂപ്പനടങ്ങുന്ന സംഘം ഞങ്ങളോട് വീണ്ടുമാവർത്തിച്ചു. വേനലിൽ ചാലക്കുടി പുഴത്തീരത്തേക്ക് മാറിയ ഇവർ വരാൻ പോകുന്ന പ്രളയഭീഷണിയിൽ വീണ്ടും പാറപ്പുറത്തേക്ക് താമസം മാറ്റി, എന്നാൽ നഷ്ടമായ കുരയ്ക്കു പകരം ഒരു കുടിൽ സ്വപ്നമായി അവശേഷിക്കുന്നു എന്ന ദുഃഖം ഇവരുടെ മുഖങ്ങളിൽ കാണാം.


    കേരള ഷോളയാർ ഡാമിന്റെ സൗന്ദര്യം ആസ്വദിച്ച് കുറച്ചുനേരം. കരിങ്കുരങ്ങും വിവിധയിനം കിളികളും ഡാമിനോട് ചേർന്ന വനപ്രദേശത്ത് ധാരാളമായുണ്ട്. രാവിലെ 11 മണിയോടെ മലക്കപ്പാറയിലെത്തിയ ഞങ്ങൾ പ്രഭാതഭക്ഷണത്തിന് ശേഷം തേയിലത്തോട്ടത്തിലൂടെ അതിർത്തിയിലേക്ക്. ഓറഞ്ച് നിറത്തിൽ മനോഹരിയായ ചെങ്കീരികൾ ധാരാളമുള്ളയിടമാണ് മലക്കപ്പാറ. ചാലക്കുടിയിൽ നിന്നും 88 കിലോമീറ്റർ ദൂരമുള്ള മലക്കപ്പാറയിൽ എപ്പോഴും തണുത്ത കാറ്റ് വീശികൊണ്ടിരിക്കും. മൂന്നാറിലെ കാലാവസ്ഥയ്ക്ക് ഒപ്പം നിൽക്കില്ലെങ്കിലും മലക്കപ്പാറ വാൽപ്പാറ തേയില തോട്ടം മേഖല മറ്റൊരു മൂന്നാറിനെ അനുസ്മരിപ്പിക്കും വിധം മനോഹരിയാണ്. തമിഴ്നാട് വാൽപ്പാറ ചെക്ക് പോസ്റ്റിൽ പറഞ്ഞ് ഞങ്ങൾ നന്പർ പാറയിലേക്കുള്ള യാത്ര തുടങ്ങി. ഇടുങ്ങിയ വന്യമായ കാട്ടുവഴികളാണ്. ഏറെ ദൂരം തേയില തോട്ടത്തിലൂടെ യാത്ര. പിന്നെ പിന്നെ വഴികൾ ചെറുതായി. കല്ലുകൾ നിറഞ്ഞ വഴികളിലൂടെ ഞങ്ങളുടെ വാഹനം ഇരച്ചുകയറി.  എസ്റ്റേറ്റുകൾ വഴിയാണ് ഞങ്ങളുടെ യാത്ര. 



   കേരള സംസ്ഥാനത്തിന്റെ അതിർത്തിയിലെ അവസാന വീടിന്റെ മുന്നിലെത്തി. വീട്ടുകാരോട് വിശേഷങ്ങൾ പങ്കുവച്ചു. വളരെ മനോഹരമായി പൂന്തോട്ടമൊരുക്കിയിട്ടുണ്ട് അവർ. എസ്റ്റേറ്റു ജോലിക്കാരാണ്, അതുകൊണ്ടുതന്നെ എസ്റ്റേറ്റിനുള്ളിൽ തന്നെ ക്വാർട്ടേഴ്സുകളിൽ താമസം. 


    തേയില തോട്ടങ്ങളിൽ തേയിലച്ചെടികൾ പൂത്ത മനോഹരകാഴ്ച്ചകളും അവിടെ കണ്ടു.

     തേയില തോട്ടങ്ങൾക്കിടയിലൂടെ ഞങ്ങളുടെ വാഹനം പതിയെ നീങ്ങി. അതിർത്തിയെ കാണിക്കുംവിധം പാകിയ വലിയ കല്ലിനരികിൽ ഞങ്ങളുടെ വാഹനം നിന്നു. വാഹനം അവിടെ വരെ മാത്രം. ഇനി നടക്കണം. തേയില തോട്ടത്തിനിടയിലൂടെ കുറച്ച് ദൂരം. പുള്ളി പുലികൾ കൂടുതലും ഒളിച്ചിരിക്കുന്നത് തേയില തോട്ടത്തിനുള്ളിലാണ്. അതിമനോഹരമാണ് ഇവിടുത്തെ തേയില തോട്ടങ്ങൾ. അതിർത്തി തിരിച്ച വലിയ അതിർത്തിക്കല്ലിന് സമീപം മൂപ്പെത്തിയ ഒരു തേയിലച്ചെടിയുടെ ചുവട്ടിൽ മലദൈവങ്ങളുടെ ഫോട്ടോയും ശില്പങ്ങളും, തോട്ടം മേഖലകളിൽ ജോലിക്ക് വരുന്നവർ നിത്യവും വിളക്ക് വക്കാറുണ്ട് ഇവിടെ. ജോലിക്കിടയിലെ വന്യജീവി ആക്രമണം പോലുള്ള അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ മലദൈവങ്ങൾ കൂടെയുണ്ടെന്ന വിശ്വാസം. വാഹനം നിർത്തിയയിടത്ത് നിന്ന്‌ ഞങ്ങൾ തേയിലത്തോട്ടത്തിലൂടെ നടന്ന് തുടങ്ങി. പുലിമടകൾ ഒരുപാടുളളയിടം, കാണാൻ പോകുന്ന കാഴ്ച്ചയുടെ പറഞ്ഞറിവുകൾ ഉള്ളിൽ താളമിട്ടു തുടങ്ങി. മനസ്സിൽ കുളിരുന്ന കാഴ്ച്ചകൾ. മലനിരകളുടെ നീണ്ടനിര കാണാം. മലദൈവങ്ങളെ സാക്ഷിയാക്കി പ്രകൃതിയുടെ മായാവലയത്തിലേക്ക് നടന്നടുത്തു.



  അതിർത്തിക്കല്ലുകൾ നിരനിരയായി തോട്ടങ്ങൾക്കിടയിലൂടെ പാകിയിട്ടുണ്ട്. അവസാനത്തെ അതിർത്തിക്കല്ലിന്റെയരികിലെത്തിയപ്പോൾ ആനച്ചൂരിന്റേയും സുന്ദരിപ്പൂവിന്റെയും തേയിലത്തോട്ടത്തിലെ ഇലകൾ ചീഞ്ഞ മടുപ്പിക്കുന്ന ഗന്ധവും ഇടകലർന്ന കാറ്റ് മുഖത്തേക്ക് വീശിയടിച്ചു. 
വർണ്ണനകൾക്കപ്പുറത്ത് കാഴ്ച്ചയുടെ അനിർവചനീയമായ ലോകം മുന്നിലെത്തിയിരിക്കയാണ്. നന്പർ പാറ.
    പാറക്കല്ലുകൾ നിറഞ്ഞ പ്രദേശമാണ്. നിറയെ സുന്ദരിപ്പൂക്കൾ ( കാട്ടുസുന്ദരി ) വിരിഞ്ഞു നിൽക്കുന്നു. കാറ്റിലാകെ അതിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നു. അഗാധമായ ഗർത്തമാണ് മുന്നിൽ. പാറക്കല്ലുകൾക്കരികിലൂടെ ഭയപ്പെടുത്തുന്ന കാറ്റിനൊപ്പം ആ അഗാധമായ വന്യതയിൽ നോക്കി നടന്നു. തെല്ലൊന്നു കാലിടറിയാൽ ഉൾക്കാടുകൾക്കുള്ളിലേക്ക്, ആ വന്യതയുടെ അഗാധഗർഭത്തിലേക്ക് വീഴും. 

      മനനം ചെയ്തെടുത്ത ഏകാന്തതയെ ആവാഹിച്ചെടുത്ത് ആ നിഗൂഢതയിൽ അലിഞ്ഞുചേരാൻ വെന്പുന്ന മനസ്സുമായി മലനിരകളിൽതട്ടിയുടയുന്ന മേഘപടലങ്ങളെ നോക്കി, ദൂരെ വശ്യതയുടെ പര്യായമായി അതിസുന്ദരിയായി പരന്നൊഴുകുന്ന ഇടമലയാർ പുഴയുടെ ഭംഗി ആസ്വദിച്ച് നന്പർ പാറയിലെ ഉയർന്ന ഒരു പാറപ്പുറത്ത് ഞാനിരുന്നു. മനോഹരമാണ് ഇവിടം. സന്ദർശക പ്രവാഹമില്ലാത്തതിനാൽ ഇവിടം ഇപ്പോഴും സ്വർഗ്ഗമാണ്.



 "ജീവന്റെ ആദിതാളം മൊട്ടിട്ട ഈ കാടകങ്ങളിൽ, ചെവിയോർത്താൽ കേൾക്കാം. സ്വപ്നങ്ങളുടെ മോഹങ്ങളുടെ പ്രതീക്ഷകളുടെ മൗനസ്വരങ്ങളെ. ഇടയ്ക്കൊന്നു പതറിയ മനസ്സിനെ തിരിച്ചെടുത്ത് മനസ്സില്ലാമനസ്സോടെ ആ വശ്യതയിൽ നിന്നും തിരികെ നടന്നു. പിന്നിട്ട കാല്പാടുകൾ അവശേഷിക്കും. കാലം ഒരോർമ്മക്കുറിപ്പായി ഇവിടേയ്ക്ക്, ഈ തീരാസൗന്ദര്യത്തിലേക്ക് തിരികെ വിളിക്കും എന്ന പ്രത്യാശയിൽ ആത്മാവറ്റദേഹം കണക്കെ ഞാൻ നടന്നു. തിരിഞ്ഞു നോക്കിയില്ല. ഒരു നിഴൽ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. ആനന്ദത്തിന്റെ നിഗൂഢമായ മൗനം, ഉടച്ചുവാർക്കുന്ന സ്വപ്നങ്ങളെ, പ്രതീക്ഷകളെ ഒക്കെ ഓർത്ത് സിരകളിൽ ഒരു ലഹരിയായി നിറഞ്ഞ ആ കാഴ്ച്ചകളെ ഓർമ്മച്ചെപ്പിലടച്ചു ഭദ്രമായി വച്ചു യാത്ര തുടർന്നു."

    തേയില തോട്ടമിറങ്ങി. കാനനഭംഗിയുടെ പകൽ വെളിച്ചത്തിലേക്ക് പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൗനം അരിച്ചിറങ്ങി തുടങ്ങി. ഷോളയാർ റിസർവോയർ ഭാഗത്തെത്തിയപ്പോൾ ഞങ്ങളുടെ ഒരു ദിനത്തെ ധന്യമാക്കും വിധം ആ യാത്രയുടെ ഭാഗമാവാൻ സഹ്യന്റെ മക്കൾ വിരുന്നെത്തി. കൊമ്പൻമാർ കുട്ടികൊന്പൻമാരുമൊത്ത് വെള്ളം കുടിക്കാനായി ജലാശയത്തിനരുകിലേക്ക് വന്നതാണ്. ഇരുൾ വീണു കഴിഞ്ഞു. മ്ലാവുകളും പുള്ളിമാൻ കൂട്ടവും പതിവുപോലെ ഇരുളിഭേദിച്ച് കടന്നുപോകുന്ന ഞങ്ങളുടെ വാഹനത്തിന്റെ പ്രകാശവലയത്തിൽപ്പെട്ടു. കാടിറങ്ങി, നാടിന്റെ അലോസരപ്പെടുത്തുന്ന വേഗതയിലേയ്ക്ക് തിരക്കിലേയ്ക്ക്.... 


 " നന്പർ പാറയിലെത്തിയ വന്യതയുടെ കൂട്ടുകാരൻ"








2020, മേയ് 23, ശനിയാഴ്‌ച

കാല്പാടുകൾ - എഴുതിയത് - അമൽദേവ് പി. ഡി

കാല്പാടുകൾ
.....................

സ്വപ്നങ്ങൾക്ക് മീതെവിരിച്ച
പട്ടുകുപ്പായങ്ങൾ
ചിതലരിച്ചിരുന്നു.
ഭൂതകാലത്തിന്റെ സ്മരണകളിരമ്പുന്ന
ചിറകറ്റ ഓർമ്മകൾക്ക് നടുവിൽ
നഗ്നനായി ഞാൻകിടന്നു.
അഭ്രപാളികളിൽ മിന്നിമറയുന്ന
വേഷങ്ങൾപോലെ,
ഞാനെടുത്തണിഞ്ഞമുഖം
ഏറെ വികൃതമായിരുന്നു.

മോഹങ്ങൾക്കടയിരിക്കാൻ
ജീവിതവണ്ടിയിലേറിയുള്ള
യാത്രകളിടം നൽകിയില്ല.
സമയചക്രത്തിന്റെ വേഗതയിൽ
ലക്ഷ്യമറ്റചിന്തകളുമായി
വിയർപ്പൊപ്പി യാത്രതുടർന്നു.

ഒടുവിൽ നഷ്ടബോധത്തിന്റെ
കണക്കുപുസ്തകത്തിൽ
പൂജ്യങ്ങൾ സമ്മാനിച്ച ജീവിതം .

കൈവിട്ടുപോയകനലുകൾ
തീഗോളമായാളിപ്പടർന്നപ്പോൾ
ചിരിപടർന്നമുഖങ്ങളെനോക്കി,
വൃഥാകരഞ്ഞുതീർത്തു.

നിത്യസത്യമായവശേഷിച്ച
കാല്പാടുകൾക്കരികിലിരുന്ന്
കഥമെനഞ്ഞ നിഴലുകൾ,
കനലെരിഞ്ഞുതീർന്ന
മനസ്സിന്റെ നൊമ്പരപ്പാടുകൾ
കാണാതെപോയതെന്തേ ?

............................................................
അമൽദേവ് പി. ഡി
.............................................................
amaldevpd@gmail.com
http://www.facebook.com/amaldevpd


2020, മേയ് 22, വെള്ളിയാഴ്‌ച

വന്യതയുടെ കാഴ്ച്ചകൾ പകർന്ന് കാടകങ്ങൾ: അമൽദേവ്.പി.ഡി

വന്യതയുടെ കാഴ്ച്ചകൾ പകർന്ന് കാടകങ്ങൾ:  അമൽദേവ്.പി.ഡി
------------------------------------------------------------------------------------

     '' ഒരു അന്താരാഷ്ട്ര ​ജൈവ​വൈവിധ്യ ദിനം കൂടി കടന്നുപോകുന്പോൾ നാമോർക്കേണ്ടത്, ഈ ഭൂമി നമ്മുടേത് മാത്രമല്ല, ഒട്ടേറെ ജന്തുജൈവവൈവിധ്യങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്. കരുതലാകണം നമ്മൾ.... ''















" വന്യമീഭൂമിതൻ
   മാറിലായ് മുളയിടും
   ഇലകളും പൂക്കളുമാരണ്യവും,
   കാറ്റിനോടോതി
   കടങ്കഥപോലവെ...
   കാലവും പ്രകൃതിയും പണ്ടേ പണ്ടേ
   മാനും മയിലും
   ശലഭവുമാനയുമണ്ണാനും കാട്ടുപോത്തും
   ചേരുന്നഗേഹമീ കാനനം"




   
      " മഴയാർത്തുപെയ്യുകയാണ്, മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ മടിത്തട്ടിലേക്ക് പുനർജനിപോലെ അവൾ പെയ്തിറങ്ങി, നാടും നഗരവും കാടും ഉൾക്കാടുകളും എല്ലാം അവളുടെ സ്പർശനത്തിൽ നനഞ്ഞുണർന്നു "

     
          കാനനം എന്നും ഒരു അതിശയമാണ്. ഒരുപാട് ഒളിച്ചുവയ്ക്കലുകളുടെ, ഓർമ്മപ്പെടുത്തലുകളുടെ ആകെത്തുകയാണെന്ന് പറയാം. ഹരിതവർണ്ണം കൂടുതൽ കനമേറി ഉൾക്കാടുകളിൽ ഇരുളലകൾ നെയ്ത് പേടിപ്പെടുത്തുന്ന വന്യമായ സൗന്ദര്യം ആരെയും പിടിച്ചുലയ്ക്കും. വീണ്ടും വീണ്ടും കാടിനെയറിയാൻ കാടകങ്ങളെ പുല്കാൻ കൊതിക്കും.

        അകലെയായിരുന്നു കാടും കാട്ടുമൃഗങ്ങളുമെല്ലാം ഇതുവരെ. ഇന്നിപ്പോൾ കാടിനെയറിയാൻ സംരക്ഷിക്കാൻ വഴികൾ തുറന്നിടുന്നു. ഇലകളിൽ തട്ടി വൻമരങ്ങള പുല്കി കാട്ടരുവികളിലിറങ്ങി ആ വശ്യമായ സൗന്ദര്യത്തെ ആവോളമാസ്വദിക്കാൻ കൊതിയേറെയാണ്.

വേനലിന്റെ താപമേറ്റ് ഉണങ്ങിവരണ്ട പാറക്കെട്ടുകളും, വാടിത്തളർന്ന് കരിഞ്ഞുണങ്ങിയ ഇലകളും പൂക്കളും, ആദ്യ മഴയെ കാത്ത് മണ്ണിനടിയിൽ മുളയ്ക്കാൻ വെമ്പിനില്ക്കുന്ന വേരുകളും വിത്തുകളും എല്ലാം മഴയുടെ കരുതലിൽ ഉണർന്നു. അസ്ഥിപഞ്ജരമായി മാറിയ മരങ്ങൾ ഇന്ന് പച്ചിലക്കാടുകളാണ്. ഉണങ്ങിവരണ്ട പാറക്കെട്ടുകളിൽ നീരുറവകൾ സുലഭമായി.
കാനനച്ഛായയിൽ പൂത്തുനില്ക്കുന്ന വൈവിദ്ധ്യമാർന്ന പുഷ്പങ്ങളിൽ വർണ്ണങ്ങൾ വാരിവിതറിയ ചേലിൽ ശലഭങ്ങളും ചെറുപ്രാണികളും പാറിപ്പറക്കുന്നു. സുന്ദരമാണീ വന്യത. മടുപ്പിക്കാത്ത കാഴ്ച്ചകൾ, അറിവുകൾ പകർന്നു തരും ഓരോ കാടും കാടകങ്ങളും.




         " നിശബ്ദമാണ് ഇവിടം. സ്ഥിരതയുടെ കാല്പാടുകൾ താണ്ടി കാലങ്ങൾ പിന്നിട്ടവേരുകൾ മണ്ണിൽ ഉറച്ചു കിടപ്പുണ്ട്. സത്യമുളളതാണ് ഇവിടുത്തെ കാറ്റും വെള്ളവും വെളിച്ചവും ഇരുട്ടുമെല്ലാം. ഓരോ കാൽ വയ്പ്പിലും പേടിക്കണം. ഒളിച്ചിരിപ്പുണ്ട് കറുത്തകാടിന്റെ നിശബ്ദമായ ഹൃദയമിടിപ്പ്. കനലൊന്നുമതി അതില്ലാതാക്കാൻ."


       വെറുതെ ഒരു യാത്ര, അതാവരുത് കാട്ടുവഴികളിലൂടെ നമ്മൾ നടന്നു തുടങ്ങുന്പോൾ ഉണ്ടാകേണ്ടത്. മുളക്കാടുകളിൽ കാറ്റ് താളം പിടിക്കുന്പോൾ ചെവിയോർക്കണം. ഇലകളിൽ തട്ടിയുടയുന്ന മഴത്തുള്ളികളെ പുല്കണം. വന്യതയുടെ ഉള്ളകങ്ങളിൽ നിന്ന് എത്തിനോക്കുന്ന കാടി​ന്റെ മക്കളെ ഗൗനിക്കണം. അവരും അവരുടെ ലോകമായ വനത്തിൽ ജീവിക്കുകയാണ്. തടസ്സമാവരുത് നാമവർക്ക്.

       കാട് എന്നും എന്നെ മാടിവിളിക്കാറുണ്ട്. വന്യമായ ആ ഹരിതകലോകം ഒരു ആവേശമാണ്. കനമേറിയ ചിന്തകൾക്കടിമപ്പെട്ട് അലസമായി നടന്ന എനിക്ക് കാട് തന്നത് തെളിഞ്ഞ മനസ്സും ചിന്തകളും. വികൃതമായ വഴികളിൽ ഞാനെ​ന്റെ മനസ്സിനെ മേയാൻ‍ വിട്ടിരുന്നു, പിന്നീടൊരിക്കൽ ഞാനാവന്യതയിൽ മതിമറന്നു. കാടാണ് ജീവിതം, കാടുറങ്ങിയാൽ നാടുറങ്ങും.


     ''അതിരപ്പിള്ളി - വാഴച്ചാൽ മഴക്കാടുകൾ. പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ മഴക്കാടുകൾ. അതിരപ്പിള്ളി വഴി തമിഴ്നാട്ടിലെ വാൽപ്പാറയിലേക്കുള്ള യാത്ര ആരേയും മനംകുളിർപ്പിക്കും. പ്രകൃതിയുടെ കരവിരുത് ആവോളം തുന്നിചേർത്ത സൗന്ദര്യം വഴിഞ്ഞൊഴുകുന്ന വാഴച്ചാൽ അതിരപ്പിള്ളി കാനനയാത്രയിലെ കാഴ്ച്ചകൾ അത്രയേറെ മനോഹര​മാണ്. ചാലക്കുടിയിൽ നിന്ന് തുടങ്ങുന്ന യാത്ര തുന്പൂർമുഴിയിൽ തുടങ്ങുന്നു കാഴ്ച്ചയുടെ വിരുന്നുകൾ.  അതിരപ്പിള്ളി വെള്ളച്ചാട്ടം, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടം കഴിഞ്ഞ് പുളിയിലപ്പാറയും പെരിങ്ങൽകുത്ത് ഡാമും  ആനക്കയവും കേരള ഷോളയാറും കടന്ന് മലക്കപ്പാറയുടെ കാപ്പിതോട്ടങ്ങളും തേയിലതോട്ടങ്ങളും കടന്ന് വാൽപ്പാറയിലേക്ക്. എത്രയെത്ര യാത്രകൾ പോയാലും മതിവരാത്ത ഇടങ്ങൾ. വീണ്ടും വീണ്ടും കാഴ്ച്ചയുടെ സുന്ദര നിമിഷങ്ങൾ മുന്നിൽ നിറഞ്ഞുനിൽക്കും.''

   ''നിരവധി വരുന്ന അതിനോടൊപ്പം അന്യം നിന്നുപോകുന്നതും  വംശനാശഭീഷണി നേരിടുന്നതുമായ  ഒ​ട്ടേറെയിനം ജീവജാലങ്ങൾ അതിവസിക്കുന്ന ഇടമാണ് അതിരപ്പിള്ളി വാഴച്ചാൽ മഴക്കാടുകൾ. ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ പ്രദേശങ്ങൾ. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാന്പൽ മുതൽ വിവിധയിനം പക്ഷികളും മൃഗങ്ങളും ചെറുജീവജാലങ്ങളും ഇവിടെ വസിക്കുന്നു. കാടിനെ നിലനിർത്തുന്നത് ഇവരാണ്. ഇവരില്ലെങ്കിൽ കാടില്ല, നാടും. അതിരപ്പിള്ളി ജലപാതത്തിന് ചുറ്റുമായി നിലകൊള്ളുന്ന നിബിഢവനം അപൂർവ്വ ​ജൈവ​വൈവിധ്യങ്ങളുടെ കലവറയാണ്. അവയെ സംരക്ഷിക്കേണ്ടതി​ന്റെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും സാമൂഹ്യവിരുദ്ധരുടെ ഇടപെടൽ ഒരുപരിതിവരെ കാടിനേയും അതിലെ വിവിധങ്ങളായ സസ്യജന്തുജാലങ്ങളേയും അവരുടെ ആവാസവ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നു എന്നുള്ളത് വാസ്തവമായ കാര്യമാണ്.''

     പുഴകളും അരുവികളും ഒരുപാടുണ്ട്. ചാലക്കുടി പുഴ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ​ജൈ​വ​വൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ് തൃശ്ശൂർ എറണാകുളം ജില്ലകളിലൂടെ  114 കിലോമീറ്റർ ദൂരത്തിൽ ഒഴുകുന്ന ചാലക്കുടി പുഴ. ​വൈ​വിധ്യമാർന്ന മത്സ്യസന്പത്താണ് ആനമല മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലുള്ളത്. ഉത്ഭവസ്ഥാനത്തുനിന്നും തുടങ്ങി നിരവധി​കൈവഴികളായി ഒഴുകിയാണ് ചാലക്കുടി പുഴ പുഴയായിമാറുന്നത്.  പുഴയും കടലും കായലുമെല്ലാം  ഭൂമിയുടെ ഒരു വരദാനമാണ്. പ്രളയം പുഴയുടെ ഒഴുക്കിനെ പലയിടങ്ങളിലും ദിശമാറ്റിയൊഴുകാൻ‍ കാരണമാക്കി. മരണത്തിലേക്ക് ഒഴുകിയടുക്കുകയാണ് പുഴകൾ. തിരി​ച്ചെടുക്കണം പുഴകളെ, അരുവികളെ, കാട്ടാറുകളെ....



     മഴക്കാലമാണ് പശ്ചിമഘട്ടകാഴ്ച്ചകൾക്ക് കൂടുതൾ  ചാരുത നൽകുന്നത്. ആർത്തലച്ചുപെയ്യുന്ന മഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ‍ നല്ല ഭംഗിയാണ്. മഴക്കാടുകളിലൂടെ ഒരു മഴക്കാലയാത്ര ആരും ആസ്വദിക്കുന്നതാണ്. മഴക്കാലത്തി​ന്റെ സമൃദ്ധിയിൽ നിറഞ്ഞൊഴുകുന്ന സുന്ദരി ചാർപ്പ ജൂൺ ജൂ​ലൈ മാസങ്ങളോടെ കൂടുതൽ ​മനോഹരിയാകും. മഴക്കാലത്തി​​ന്റെ മറ്റൊരു സുന്ദരകാഴ്ച്ചയാണ് വാഴച്ചാൽ വെള്ളച്ചാട്ടം. പച്ചിലകൾ തുന്നിച്ചേർത്ത വനഭാഗത്തുകൂടിയുള്ള യാത്രയിൽ കാണാം സഹ്യ​ന്റെ മക്കളെ, കാട്ടുകൊന്പൻ‍മാർ ഒറ്റയ്ക്കും കൂട്ടമായും  ഈറ്റകാടുകൾ വഴി കടന്നുപോകുന്നത് വിനോദയാത്രികർക്ക് നവ്യാനുഭവം പകരും.



        വനഭാഗത്തെ എണ്ണപ്പനതോട്ടങ്ങളിലും കശുമാവിൻ‍തോട്ടങ്ങളിലും കൂട്ടമായെത്തുന്ന പുള്ളിമാനുകൾ മനോഹരമായ കാഴ്ച്ചകളാണ്. കാട്ടുപോത്തും, മ്ലാവുകളും മലയണ്ണാനും കോഴിവേഴാന്പലും വിവിധയിനം കിളികളും കരിങ്കുരങ്ങ് ഉൾപ്പെടെയുള്ള കുരങ്ങുവർഗ്ഗങ്ങളും സന്ദർശകർക്ക് വന്യതയിലും സുന്ദരമായ വിരുന്നൊരുക്കും. വർണ്ണക്കാഴ്ച്ചകളൊരുക്കി ചിത്രശലഭങ്ങളും വഴിനീളെ സഞ്ചാരികളെ വരവേല്ക്കാൻ‍ കാത്തുനില്പുണ്ടാകും.
മഴക്കാലം ശക്തിപ്രാപിക്കുന്നതോടെ യാത്രയിലുടനീളം  കാണാവുന്ന പാറക്കെട്ടുകളിൽ നിന്നും, മലമുകളിൽ നിന്നും ചിരിയുദിർത്ത്  തുള്ളിച്ചാടിയൊഴുകി വരുന്ന ചെറുവെള്ളചാട്ടങ്ങൾ മനസ്സിന് മറക്കാത്ത അനുഭവം പകർന്നുതരുന്ന കാഴ്ച്ചയാണ്.

     



        ''മെയ് 22-  ലോകം നേരിടുന്ന കൊറോണമഹാമാരിയ്ക്കൊപ്പം ഒരു അന്താരാഷ്ട്ര ​ജൈവ​വൈവിധ്യ ദിനം കൂടി കടന്നുപോകുന്പോൾ നാമോർക്കേണ്ടത്, ഈ ഭൂമി നമ്മുടേത് മാത്രമല്ല. ആനയും, പുലിയും, മാനും, മയിലും, അണ്ണാനും, ചിത്രശലഭങ്ങളും, ചെറുജീവജാലങ്ങളും പുഴകളും അരുവികളും മരങ്ങളും പൂക്കളും മണ്ണും വിണ്ണും മടങ്ങളുന്ന സർവ്വസസ്യജന്തുജീവജാലങ്ങളുടേയും കൂടി സ്വത്താണ്, ജീവിതമാണ് ഈ ഭൂമി. മാനവരാശിയുടെ നിലനിൽപ്പി​ന്റെ പ്രധാന ഉറവിടമായ ​ജൈവ​വൈവിധ്യങ്ങളുടെ കലവറയായ കാടിനെ കാട്ടുജീവജാലങ്ങളെ സംരക്ഷിക്കണം, അല്ലാത്തപക്ഷം ഈയൊരുഭൂമിയുടെ ജീവനും അപകടത്തിലാകും. സർക്കാരുകളുടേയും സംഘടനകളുടേയും മാത്രം കടമയല്ല കാടിനേയും ജൈവ​വൈവിധ്യങ്ങളെയും സംരക്ഷിക്കുക എന്നത്. നാമോരോരുത്തരുടേയും കടമയാണ് ജോലിയാണ് അത് എന്നുകൂടി ഓർമിപ്പിക്കുന്നു ഈ ​ജൈ​വ​വൈവിധ്യ ദിനത്തിൽ.''







     ''കാടകങ്ങളിൽ നിശബ്ദനീക്കങ്ങൾ തുടരുകയാണ്. നീർത്തടങ്ങളിൽ കാട്ടുമൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്നു. ഒരോയാത്രയും ഒട്ടേറെ വ്യത്യസ്ഥമായ അനുഭവങ്ങളാണ് പകർന്നുതന്നത്. കാടിനെ അറിഞ്ഞ് നാടിനെ മറക്കാതെ ജീവ​ന്റെ തുടിപ്പുകൾ അവശേഷിക്കുന്ന ഉൾവനങ്ങളുൾപ്പെടെയുള്ള വനഭാഗങ്ങളെ സംരക്ഷിക്കേണ്ട ആവശ്യകതയറിഞ്ഞും, വന്യതയുടെ മഹാസൗന്ദര്യത്തെ ഹൃദയത്തിലാവാഹിച്ച്, ആത്മസംതൃപ്തിപകർന്ന ഉൾക്കാഴ്ച്ചകളെ ​മനനം ചെയ്തെടുത്ത് മടങ്ങാം നമുക്ക്, കഴിഞ്ഞുപോയകാലത്തി​ന്റെ കാടകങ്ങളി​ലാണ് നമ്മളിപ്പോൾ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളെന്ന തിറിച്ചറിവിൽ, ഇനിയും വേട്ടതുടരണോ എന്ന തിരിച്ചറിവിൽ.......''

വന്യതയുടെ കാഴ്ച്ചകൾ പകർന്ന് കാടകങ്ങൾ:  അമൽദേവ്.പി.ഡി
-------------------------------------------------------------------------------------------------

Contact:  amaldevpd@gmail.com
http://www.facebook.com/amaldevpd


2020, മേയ് 21, വ്യാഴാഴ്‌ച

വേഴാമ്പലിനെ പരിചരിക്കുന്നു


പരിക്കേറ്റ വേഴാമ്പലിനെ രക്ഷിച്ച നാട്ടുകാരും വനപാലകരും പരിപാലിക്കുന്നു:
വീഢിയോ കാണാം: >>>>
https://youtu.be/IcWMKohkK64
Subscribe Mychannel©

amaldevpd@gmail.com


വേഴാമ്പലാണ് ഞാൻ... എന്നെ പരിപാലിച്ച സ്നേഹിച്ച നിങ്ങൾക്ക് നന്ദി.


              " കാലിന് പരിക്കേറ്റ് വനപാലകരുടെ സംരക്ഷണയിൽ കഴിയുന്ന 
കോഴിവേഴാമ്പൽ  എഴുതുന്നത് "





" തൊണ്ട നനയ്ക്കണം, വിശപ്പകറ്റണം. മനുഷ്യരുടേത് പോലെ മൃഗങ്ങൾക്കും പക്ഷികൾക്കുമുൾപ്പെടെ പ്രകൃതിയിലെ ഏതു ജീവജാലങ്ങൾക്കുമുണ്ട് വിശപ്പ്. ആ വിശപ്പകറ്റാൻ ജീവിതത്തിന്റെ ആകാശവീചിയിലൂടെ തീറ്റതേടി പറന്നു നീങ്ങുന്നതിനിടയിലാണ് എനിക്ക് പരിക്ക് പറ്റുന്നത്. അതിരപ്പിള്ളി - വാഴച്ചാൽ മഴക്കാടുകളാണ് എന്റെ നാട്. പഴങ്ങളാണ് ഞങ്ങൾക്ക് പ്രിയം. തീറ്റതേടി ഒട്ടേറെ ദൂരം ഞങ്ങളലയാറുണ്ട്. നിങ്ങൾ മനുഷ്യർ  പ്രവാസികളാവുന്നത് പോലെ. "


    " വംശനാശഭീഷണി നേരിടുന്ന കോഴിവേഴാമ്പലാണ് ഞാൻ. നീളമേറിയ കൊക്കുകളും ചാരനിറവും വെള്ളയും കലർന്ന തുവലുകളാണ് എനിക്ക് ചന്തമേറ്റുന്നത്. പാണ്ടൻ വേഴാമ്പലെന്നും മലമുഴക്കിയെന്നും പേരിലുള്ള എന്നേക്കാൾ വലിയ വേഴാമ്പലുകളുണ്ട്. നല്ല ഭംഗിയാണിവർക്ക്. എന്റെ കുടുംബക്കാർ തന്നെ. "

      " ഇന്ന് ഞാൻ വനപാലകരുടെ സംരക്ഷണയിലാണ്. എന്റെ കാലുകൾക്ക് മുറിവേറ്റു, നന്മ വിട്ടകലാത്ത ഒരു ഗ്രാമം. മേലൂരിലെ പൂലാനിയെന്ന ഗ്രാമത്തിലെ വലിയ ഒരു കെട്ടിടത്തിന്റെ മുകളിൽ വിരിച്ച പ്ലാസ്റ്റിക് ഷീറ്റുകളിലേക്കാണ് ഞാൻ പരിക്കേറ്റ് പറക്കാനാകാതെ തളർന്നു വീണത്. എന്റെ ദുരിതം വേദനയറിഞ്ഞ് എന്നെ എടുത്ത പലചരക്കുകടയിലെ ജോബി ചേട്ടൻ, കടയിലേക്ക് എത്തിയ കർഷകനും സാമൂഹ്യ പ്രവർത്തകനുമായ മഞ്ജുരാജിന്റെ കൈകളിലേയ്ക്ക് എന്നെ ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ എനിക്ക് സുരക്ഷിതമായൊരിടം തന്നു. എനിക്ക് കുടിക്കാൻ ദാഹമകറ്റാൻ വെള്ളം എന്റെ ചുണ്ടിലേക്കിറ്റിച്ചു തന്നു. എന്റെ കാലിന്റെ മുറിവിലെ വേദന അപ്പോഴും എന്നെ അലട്ടിയിരുന്നു. ഞാനിടക്കിടെ കരഞ്ഞു. എന്റെ കരച്ചിൽ കേട്ടിട്ടാവണം ആ മനുഷ്യൻ എന്നെ രാത്രിമുഴുവൻ പരിപാലിച്ചു. അതിനിടയിൽ വനപാലകരെ വിവരമറിയിച്ചു. "

    " പിറ്റേന്ന് രാവിലെയോടെ എന്നെ വനപാലകരുടെ അടുത്തെത്തിച്ചു. ഞങ്ങളടങ്ങുന്ന സമൂഹത്തിന്റെ കാവലാളാണ് വനപാലകർ. ഞങ്ങളോട് അടുത്തിടപെടുന്നവർ. എനിക്ക് കുടിക്കാൻ വെള്ളം തന്ന വനപാലകരുടെ നേത്യത്വത്തിൽ എനിക്ക് വിദഗ്ധരുടെ പരിപാലന ലഭിച്ചു. ഞാനിപ്പോൾ ഇവർക്കൊപ്പം സുഖമായിരിക്കുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ എനിക്ക് പറക്കാം. വീണ്ടും തീറ്റയെടുക്കാൻ മരച്ചില്ലകളിൽ ചേക്കേറാം. എന്റെ കൂട്ടുകാരെ കാണാം, എന്നെ കാത്തിരിക്കുന്ന എന്റെ കുടുംബത്തിലുള്ളവരുടെ അടുത്തെത്താം, എന്റെ കൂടണയാം.... 

    " എന്നെ പരിപാലിച്ച നല്ലവരായ മനുഷ്യരെ കാണാൻ വീണ്ടും ഇരുവഴി ഞാൻ പറക്കും, നിങ്ങളറിയാതെ നിങ്ങളെ നോക്കി നന്ദി അറിയിക്കാൻ.... " 

......... അമൽദേവ്. പി. ഡി .................................... 









amaldevpd@gmail.com

2020, മേയ് 11, തിങ്കളാഴ്‌ച

നീ.....

കവിത - നീ......

നീയൊരു വേനലായിരുന്നു.
തളിരിട്ടയെ​​​ന്റെ
സ്വപ്നങ്ങളെ കരിച്ചുകളഞ്ഞ
കറുത്തവേനൽ.
നിന്നിലെ, ചുവന്നസുര്യ​ന്റെ
കിരണങ്ങളേറ്റുഞാൻ‍ തളർന്നു.
നിന്നിലൂടെ പുഴകൾ വറ്റി
നിന്നിലൂടെ ഇലകൾ കരിഞ്ഞു
നിന്നിലൂടെ വേരുകളുണങ്ങി
നിന്നിലൂടെ തീപടർന്നു.
-------------------------------------------
അമൽദേവ്.പി.ഡി
-------------------------------------------
http://www.facebook.com/amaldevpd
http://www.mizhipakarppukal.blogspot.in
amaldevpd@gmail.com

2020, മേയ് 2, ശനിയാഴ്‌ച

പൂരനാളിൽ ഓർമ്മകൾ കൊട്ടിക്കയറുമ്പോൾ

പൂരനാളിൽ ഓർമ്മകൾ കൊട്ടിക്കയറുമ്പോൾ
______________________________________________



പൂരമൊഴിഞ്ഞ മണ്ണിൽ
കാത്തിരിപ്പിന്റെ
ഹൃദയതാളം മാത്രം.

ഇലഞ്ഞിത്തറയിൽ
വെയിൽച്ചില്ലകൾക്കൊപ്പം
ഇലകൾ
നൃത്തമാടുന്നു.

തെക്കേഗോപുരനടയിൽ
ഇന്നും കേൾക്കാം
നിശബ്ദതയിലും ഒരു മേളപ്പെരുക്കം.



മഠത്തിൽവരവിന്റേയും
ഇലഞ്ഞിത്തറമേളത്തിന്റേയും
മേളപ്പെരുപ്പത്തിനൊപ്പം,
കുടമാറ്റത്തിന്റെ
വർണ്ണക്കാഴ്ച്ചകൾ നിറഞ്ഞ
വടക്കുന്നാഥന്റെ മണ്ണിൽനിന്ന്
കാതോർക്കുകയാണ്....

ശക്തന്റെ മണ്ണിൽ
അലിഞ്ഞുചേർന്ന
പൂരപ്പുറപ്പാടിന്റെ
താളമേളവാദ്യഘോഷങ്ങൾക്ക്
ചുവടുറപ്പിക്കാൻ
വടക്കുന്നാഥന്റെ തട്ടകത്തിൽ
മനസ്സുകൊണ്ടുണ്ട്
എന്ന പ്രത്യാശയിൽ...

പൂരക്കാലത്തിന്റെ
ഓർമ്മകൾ
കൊട്ടിക്കയറുമ്പോൾ,
ആൽമരച്ചോട്ടിൽ നിന്ന്
ആയിരങ്ങളുടെ
ആർപ്പുവിളികൾ
ഉയർന്നുപൊങ്ങുമ്പോൾ
അടുത്തപൂരത്തിന്
കാണാമെന്ന്
ഉപചാരം
ചൊല്ലിപ്പിരിയാൻ
കൊമ്പന്മാരും
ആൾക്കൂട്ടവും
വരുമെന്ന പ്രതീക്ഷയോടെ !


http://www.facebook.com/amaldevpd
amaldevpd@gmail.com