" കാലിന് പരിക്കേറ്റ് വനപാലകരുടെ സംരക്ഷണയിൽ കഴിയുന്ന
കോഴിവേഴാമ്പൽ എഴുതുന്നത് "
" തൊണ്ട നനയ്ക്കണം, വിശപ്പകറ്റണം. മനുഷ്യരുടേത് പോലെ മൃഗങ്ങൾക്കും പക്ഷികൾക്കുമുൾപ്പെടെ പ്രകൃതിയിലെ ഏതു ജീവജാലങ്ങൾക്കുമുണ്ട് വിശപ്പ്. ആ വിശപ്പകറ്റാൻ ജീവിതത്തിന്റെ ആകാശവീചിയിലൂടെ തീറ്റതേടി പറന്നു നീങ്ങുന്നതിനിടയിലാണ് എനിക്ക് പരിക്ക് പറ്റുന്നത്. അതിരപ്പിള്ളി - വാഴച്ചാൽ മഴക്കാടുകളാണ് എന്റെ നാട്. പഴങ്ങളാണ് ഞങ്ങൾക്ക് പ്രിയം. തീറ്റതേടി ഒട്ടേറെ ദൂരം ഞങ്ങളലയാറുണ്ട്. നിങ്ങൾ മനുഷ്യർ പ്രവാസികളാവുന്നത് പോലെ. "
" വംശനാശഭീഷണി നേരിടുന്ന കോഴിവേഴാമ്പലാണ് ഞാൻ. നീളമേറിയ കൊക്കുകളും ചാരനിറവും വെള്ളയും കലർന്ന തുവലുകളാണ് എനിക്ക് ചന്തമേറ്റുന്നത്. പാണ്ടൻ വേഴാമ്പലെന്നും മലമുഴക്കിയെന്നും പേരിലുള്ള എന്നേക്കാൾ വലിയ വേഴാമ്പലുകളുണ്ട്. നല്ല ഭംഗിയാണിവർക്ക്. എന്റെ കുടുംബക്കാർ തന്നെ. "
" ഇന്ന് ഞാൻ വനപാലകരുടെ സംരക്ഷണയിലാണ്. എന്റെ കാലുകൾക്ക് മുറിവേറ്റു, നന്മ വിട്ടകലാത്ത ഒരു ഗ്രാമം. മേലൂരിലെ പൂലാനിയെന്ന ഗ്രാമത്തിലെ വലിയ ഒരു കെട്ടിടത്തിന്റെ മുകളിൽ വിരിച്ച പ്ലാസ്റ്റിക് ഷീറ്റുകളിലേക്കാണ് ഞാൻ പരിക്കേറ്റ് പറക്കാനാകാതെ തളർന്നു വീണത്. എന്റെ ദുരിതം വേദനയറിഞ്ഞ് എന്നെ എടുത്ത പലചരക്കുകടയിലെ ജോബി ചേട്ടൻ, കടയിലേക്ക് എത്തിയ കർഷകനും സാമൂഹ്യ പ്രവർത്തകനുമായ മഞ്ജുരാജിന്റെ കൈകളിലേയ്ക്ക് എന്നെ ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ എനിക്ക് സുരക്ഷിതമായൊരിടം തന്നു. എനിക്ക് കുടിക്കാൻ ദാഹമകറ്റാൻ വെള്ളം എന്റെ ചുണ്ടിലേക്കിറ്റിച്ചു തന്നു. എന്റെ കാലിന്റെ മുറിവിലെ വേദന അപ്പോഴും എന്നെ അലട്ടിയിരുന്നു. ഞാനിടക്കിടെ കരഞ്ഞു. എന്റെ കരച്ചിൽ കേട്ടിട്ടാവണം ആ മനുഷ്യൻ എന്നെ രാത്രിമുഴുവൻ പരിപാലിച്ചു. അതിനിടയിൽ വനപാലകരെ വിവരമറിയിച്ചു. "
" പിറ്റേന്ന് രാവിലെയോടെ എന്നെ വനപാലകരുടെ അടുത്തെത്തിച്ചു. ഞങ്ങളടങ്ങുന്ന സമൂഹത്തിന്റെ കാവലാളാണ് വനപാലകർ. ഞങ്ങളോട് അടുത്തിടപെടുന്നവർ. എനിക്ക് കുടിക്കാൻ വെള്ളം തന്ന വനപാലകരുടെ നേത്യത്വത്തിൽ എനിക്ക് വിദഗ്ധരുടെ പരിപാലന ലഭിച്ചു. ഞാനിപ്പോൾ ഇവർക്കൊപ്പം സുഖമായിരിക്കുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ എനിക്ക് പറക്കാം. വീണ്ടും തീറ്റയെടുക്കാൻ മരച്ചില്ലകളിൽ ചേക്കേറാം. എന്റെ കൂട്ടുകാരെ കാണാം, എന്നെ കാത്തിരിക്കുന്ന എന്റെ കുടുംബത്തിലുള്ളവരുടെ അടുത്തെത്താം, എന്റെ കൂടണയാം....
" എന്നെ പരിപാലിച്ച നല്ലവരായ മനുഷ്യരെ കാണാൻ വീണ്ടും ഇരുവഴി ഞാൻ പറക്കും, നിങ്ങളറിയാതെ നിങ്ങളെ നോക്കി നന്ദി അറിയിക്കാൻ.... "
......... അമൽദേവ്. പി. ഡി ....................................
amaldevpd@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ