ഈ ബ്ലോഗ് തിരയൂ

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ഭാഗ്യതാരകം


ഇത്തിരി  പ്രണയമെന്‍ ചുണ്ടിലിറ്റിച്ച
തപ്ത  നിശ്വാസ താരമേ,
വിണ്ണില്‍ നിന്നൊരു ദൂതുമായെന്നു
വന്നു നില്‍ക്കുമെന്‍ ചാരെ നീ...
മണ്ണിതില്‍ പ്രേമഹാരവുമാ-
യെന്‍ തപം നീണ്ടു പോകിലും,
ആതിരേ, നോവുമാര്‍ദ്രയാം നിന്‍റെ
ഓര്‍മ്മകള്‍ കൂട്ടിനില്ലയോ...

പെയ്തൊഴിഞ്ഞോരാ മഴക്കാലവും 
മഞ്ഞുമൂടിയ പുല്‍നാമ്പിലും 
വേനലിന്‍ വരണ്ട സ്വപ്നമായ് 
വസന്തമായ്‌ കാറ്റിലാടിയും 
കൂട്ടുകൂടി നാമൊന്നായ്
ചേര്‍ന്നുകണ്ടൊരാ സ്വപ്നങ്ങളും...

ഭാഗ്യതാരകം പോലെ മിന്നുമീ,
വിണ്ണിലേകയായ്‌ നീ  തിളങ്ങുന്നു
യാത്ര ചൊല്ലാതെ നീ  മടങ്ങിയെന്നാ-
തിരപ്പൂവടര്‍ന്നു വീണനാള്‍,
നിന്‍ നിഴല്‍ വീണോരെന്‍
ഹൃത്തടത്തിലന്നാദ്യമായ് 
പൊടിഞ്ഞ  വേദന....

കാര്‍മുഘില്‍ കാറ്റിലാടിയി-
ന്നേറെ ദൂരമലയവേ,
നീളുമീ നിശതന്നിലായ്
നീന്തുന്നു നീയെന്‍ പ്രേമതാരകം.
തിരി താഴുമാര്‍ദ്ര സന്ധ്യയില്‍ 
തുടരുന്നതിന്നീ മൗനവും,
നിഴലായ് കൂടുമോര്‍മ്മതന്‍ 
കൂട്ടുകൂടി ഞാനുമിന്നീ മണ്ണിലായ്....
::::::::::::::::::::::::::::::::::::::::::

(കവിത - ഭാഗ്യതാരകം, എഴുതിയത് -അമല്‍ദേവ് പി.ഡി )

© Copy Right Amaldev.P.D
All Rights Reserved ©


2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

വഴിപോക്കൻ...

എന്‍റെ മക്കൾക്ക് ഞാനിന്നൊരു വഴിപോക്കൻ, ഇത്തിരിയന്നത്തിനായി കെഞ്ചേണ്ടി വന്നിരിക്കുന്നു... അവരുടെ കാൽകീഴിലിരുന്ന് യാചിക്കുമ്പോൾ വലിച്ചെറിഞ്ഞു തരുന്ന ഇത്തിരി വറ്റുകൾ...
ഒരു കാലത്ത് പട്ടിണി കിടക്കയിൽ ഞങ്ങൾ കിടക്കുമ്പോഴും അവരറിഞ്ഞിട്ടില്ല, വിശപ്പിന്‍റെ കനലെരിയുന്ന നിമിഷങ്ങൾ... വിശപ്പറിയാതെ വളർന്നവർ, ഇന്നിപ്പോൾ സ്വന്തം മക്കളോടു തന്നെ കൈനീട്ടി യാചിക്കേണ്ട ഗതികേട്...
ഇന്നീ തെരുവിൽ കിടക്കുമ്പോൾ, വെയിലും മഴയും കൊണ്ട് തൊണ്ട നനയ്ക്കാനിത്തിരി വെള്ളത്തിനായി തെണ്ടി നടക്കുമ്പോൾ, വളർന്നു പന്തലിച്ച മക്കളുടെ ആകാശ കോട്ടയിലെ ചവറ്റുകൊട്ടയിൽ നിന്നും വലിച്ചെറിയുന്ന ഒറ്റ രൂപാനാണയത്തിനും ഇന്ന് പറയാൻ വിശപ്പിന്‍റെ കഥകളേറെ...
നാണക്കേടോർത്തവർ എന്നെ വൃദ്ധമന്ദിരത്തിലാക്കാമെന്നും വർഷാവർഷ സന്ദർശനവും കരാറൊപ്പുവച്ചു. വരിഞ്ഞുമുറുകിയ ചങ്ങലകെട്ടുകൾ വലിച്ചെറിഞ്ഞ് ഞാൻ തെരുവിലിറങ്ങി, തെരുവാണെനിക്ക് അച്ഛനും അമ്മയും അവിടെയെന്‍റെ ജീവിതം സുരക്ഷിതം... സ്വന്തം മക്കളോട് ഒരു നേരത്തെ അന്നമിര ക്കുന്നതിനേക്കാൾ എനിക്കിഷ്ട്ട മിന്നീ തെരുവിലെ തണൽ പറ്റി കിടക്കാനാണ്.... ഇന്നീ തെരുവിൽ അഴുക്കു നിറഞ്ഞ ഓടകൾക്ക് മുകളിൽ കിടന്ന് വഴിയേ കടന്നു പോകുന്ന വഴിപോക്കരോടീ, വഴി പോക്കൻ ഭിക്ഷയാചിക്കുന്നു... ::::::::::::::::::::::::::::::::::::::::
വഴിപോക്കൻ... (അമൽദേവ്.പി.ഡി)




2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

പോയ്‌ മറഞ്ഞ ദിനങ്ങള്‍.....

ആഘോഷരാവുകളെയെല്ലാം അതിഭീകരവും ഭയാനകരവും ചിലപ്പോഴൊക്കെ സമാധാനപരവുമായ ചിന്തകളും വിചാരങ്ങളും പകൽ സ്വപ്നങ്ങളുമൊക്കെയായി, ഇരുൾ മൂടി കനം വച്ച ഒറ്റമുറിയുടെ ഏകാന്തതയിൽ തളച്ചിട്ടു... ഉത്സവപ്രതീതി തീർക്കുന്ന ഓർമ്മകളുടെ ഒടിഞ്ഞു തൂങ്ങിയ മരച്ചില്ലയിൽ ഞാനെന്റെ ഓർമ്മകളുമൊത്ത് ഊഞ്ഞാലയാടിക്കളിച്ചു... വിധിയുടെ വിരൽ തുമ്പിൽ പിടിച്ച് എനിക്ക് മുൻപേ നടന്ന ദേഹം, തലമുറയായി കൈമാറികിട്ടിയ സ്നേഹകരലാളനകളും പ്രതീക്ഷമുളപൊട്ടി വിടരുന്ന മനസ്സാന്നിധ്യവുമായി കൂടെ നിന്നിരുന്നു... ദിനങ്ങളോരോന്നും എണ്ണിയെണ്ണി പാതി തുറന്ന ജാലക കോണിൽ നിന്നു മടർന്നു വീഴുന്ന വെള്ളി നൂലിഴകളുടെ നീളമകന്ന്, മുൻപെപ്പോഴോ വിതച്ച സ്വപ്നങ്ങളെ, രാത്രിയുടെ പാതിയിലെപ്പോഴോ കൊയ്തെടുക്കുന്ന നിമിഷങ്ങൾ... വിരുന്നെത്തിയ ചിങ്ങനിലാവിനും മടി, അത്തം പത്തെണ്ണിയില്ല, മുറ്റത്ത് പൂക്കളമിട്ടില്ല, തിരുവോണ മെത്തിയതറിഞ്ഞുമില്ല, വേലിക്കലോളം വന്നെത്തി നോക്കി തിരികെ പോയ മഹാബലി തമ്പുരാനും ഒരിറ്റു കണ്ണുനീർ പൊഴിച്ചു കടന്നു പോയ്... പകലുകൾ രാത്രികൾ ദിനങ്ങളോരോന്നും പടി കടന്നു, തിരികെ കിട്ടാത്ത നല്ല ദിനങ്ങളും നിമിഷങ്ങളും ഓർമ്മകളിൽ നിറച്ച് വീണ്ടും നാളെയുടെ സ്വപ്നങ്ങളെ കൂട്ടുപിടിച്ച് ജീവിത വ്യാപാരം തുടരുന്നു..

http://www.facebook.com/amaldevpd
http://www.facebook.com/amaldevpd.deva
http://www.facebook.com/blankpage.entekavithakal
www.mizhipakarppukal.blogspot.in
amaldevpd@gmail.com