ഈ ബ്ലോഗ് തിരയൂ

2016, ജൂൺ 30, വ്യാഴാഴ്‌ച

മിച്ചഭൂമിയിലെ കനല്‍ചിറകുകള്‍

---------------------------------------------
ഹൃദ്യമീ വരികളെന്നാലുമുണ്ടതില്‍ വര്‍ത്തമാനത്തിന്‍ തെറ്റും ശരികളും വക്കുപൊട്ടിയ ചിന്തകളോരോന്നും വീണുരുളുന്നീയൊഴിഞ്ഞ മൂലയില്‍. വ്യക്തമാം ദൃഷ്ടിയെറിയുന്നു ദിക്കിലും വക്രമാം നോട്ടമെറിയുന്ന പാവകള്‍ നഗ്നമാം വിരല്‍ തൊട്ടുണര്‍ത്തുന്ന നഷ്ടബോധത്തില്‍ നിഴല്‍വീണ ജന്മങ്ങള്‍.
മൃത്യുവേ, മിഴിപൂട്ടിയടുക്കുന്ന മിച്ചഭൂവിലെ ഇരുകാലിഞാനെന്നും മര്‍ത്യരാം ഗുണശ്യൂന്യരോ നിങ്ങള്‍തന്‍ തിക്തമാം പൂനര്‍ദൃശ്യങ്ങളേതുമേ, കണ്ണറിയാതെയേതോ,വിജനമാം വിണ്‍മതില്‍കെട്ടകന്നിന്നു പോകവേ, ഇപ്പഴങ്കൂടുതേടുന്ന പക്ഷിയായ് ചിറകടിച്ചുയരുന്നു ഞാനുമിന്നേകനായ്
നിന്‍ ചിരിയോളമെത്തിയവരികളില്‍ പെട്ടുപോയൊരാ താരാഗണങ്ങളും നീട്ടിനില്‍ക്കുന്ന ചോദ്യശരങ്ങളില്‍ തട്ടിയുടയുന്ന ഭാഷാവിതാനവും മുക്തമായൊരാ നര്‍മ്മസല്ലാപത്തെ വെൺ ചിരിയാലെയുടച്ചുകളഞ്ഞ നാള്‍ കണ്‍തുറന്നിന്നു ഞാനടുക്കുന്നു മിച്ചഭൂവിലെ കനലായെരിയുവാന്‍.
------------------------------ © അമല്‍ദേവ്.പി.ഡി ------------------------------

2016, ജൂൺ 27, തിങ്കളാഴ്‌ച

നിലാവിന്‍റെ ഗന്ധം

____________

മഞ്ഞണിമുറ്റ,ത്തിളവെയിൽ കായുന്ന
മന്ദാരപൂങ്കുയിലേ
മാനം ചുവക്കുന്ന നേരത്തു നിന്നോട്
കിന്നരം ചൊല്ലിയതാര്.
തളിർമുല്ലപ്പടർപിലൊഴുകുന്ന ഗാന്ധർവ
സൗന്ദര്യ പാൽനിലാവിൽ
ചേരുന്ന മുഗ്ദ്ധമാം പ്രണയത്തിൻ ഗന്ധമെൻ
ഹൃദയത്തിൽ പകർന്നതാര്.

നിൻ പ്രേമാഹാരം ചാർത്തിയ നേരത്ത്
ചിരിതൂകി നിന്നവളാരോ,
മധുരമാം നൊമ്പരകാറ്റിന്‍റെ ശ്രുതിയിൽ
മഴയായ് പെയ്തവളാരോ.
മൊഴിയകന്നിന്നൊരു വാടിയപൂവിന്‍റെ
ഇതളായ് മാറിയതെന്തേ
പകരുമെന്നാത്മാവിൻ ഗാനമഞ്ജീരത്തിൽ
മഴവില്ലു തീർക്കുവാനല്ലേ...

പകൽമായുമാർദ്രയാമമ്പിളി  ചൂടുന്ന
നീളും നിശാവേളയിൽ ഞാൻ
തേടുന്നു നിഴലായി നീല നിലാവായി
നീരാടും നിൻ ഗന്ധമെന്നും.
അകലെയെങ്ങോ മാഞ്ഞുപോകും മേഘരാഗമായ്
മഴയായ് പെയ്തൊഴിയുന്നു, വിണ്ണിൽ
വെൺതാരകം നീ കൺതുറന്നു
എന്നും, നിലാവായ് എന്നെ പുണർന്നു...

Photo Courtesy:  Google.
© അമല്‍ദേവ്.പി.ഡി
http://www.facebook.com/amaldevpd
http://mizhipakarppukal.blogspot.com
http://www.facebook.com/blankpage.entekavithakal
www.amaldevpd.simplesite.com
amaldevpd@gmail.com

2016, ജൂൺ 23, വ്യാഴാഴ്‌ച

തീണ്ടല്‍പ്പലക - കുട്ടംകുളം സമരചരിത്രം

കടപ്പാട്: കുട്ടംകുളം സമരത്തെ കുറിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കിയതിന് Google, Wikipedia നന്ദി.

       ''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ക്രിമിനല്‍ നടപടി 125- അാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാല്‍  കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതില്‍ക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയില്‍കൂടിയും ഹിന്ദുക്കളില്‍ തീണ്ടല്‍ ജാതിക്കാര്‍ സഞ്ചരിക്കുന്നതിനാല്‍ ക്ഷേത്രവും അതിനകത്തുള്ള തീര്‍ഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാല്‍ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാല്‍ മേല്പറഞ്ഞ വഴികളില്‍കൂടി തീണ്ടല്‍ ജാതിക്കാര്‍ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാല്‍ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു.''
(1946 വരെ കുട്ടംകുളത്തിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ''തീണ്ടല്‍പ്പലക'' യില്‍ എഴുതിയിരുന്നത്.) 
_________________________________________________________________________________

   കൊച്ചിയില്‍ സഞ്ചാര സ്വാതന്ത്രത്തിനും ജാതിവിരുദ്ധ ചിന്തകളുടെ പ്രചാരണത്തിനുമൊക്കെയായി നടത്തപ്പെട്ട സമരമാണ് കുട്ടംകുളം സമരം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്‍വശമുള്ള നടപ്പാത അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുക്കുവാന്‍ 1910 - ല്‍ ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിയ്ക്കപ്പെട്ടിരുന്ന ഒരു തീണ്ടല്‍പ്പലക മാറ്റികിട്ടുവാനും ആയി നടത്തിയ ചരിത്രസമരമാണ് കുട്ടംകുളം സമരം. സവര്‍ണ്ണമേധാവിത്വത്തിനു മാത്രമായി രേഖപ്പെടുത്തിയ അവകാശം. നടക്കാനും തങ്ങളുടെ വാഹനങ്ങള്‍ കടന്നുപോകുവാനും സവര്‍ണ്ണര്‍ക്ക് മാത്രം അനുമതി. തൊട്ടുകൂടായ്മയും ജാതിവിരുദ്ധചിന്തകളും ഇനിയും ഈ സമൂഹത്തെ വിട്ടുപോയിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അടുത്തകാലത്ത് ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വഴി അടച്ചുകെട്ടി യാത്ര നിഷേധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം നടത്തിയത്. കുട്ടംകുളം സമരത്തിന് എഴുപത് വയസ്സാകുമ്പോഴും ഇന്നും അവര്‍ണ്ണര്‍ക്ക ് സഞ്ചാര സ്വാതന്ത്രം പൂര്‍ണ്ണമായും ലഭിച്ചിട്ടില്ലെന്നുള്ളത് തീര്‍ത്തും നാരാശാജനകമാണ്.
 
 
  ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക സാമൂഹ്യ ചരിത്രത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന പേരാണ് കുട്ടംകുളം. കൂടല്‍കാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സ്ഥിതി ചെയ്യുന്ന കുട്ടംകുളം നിരവധി സമരചരിത്രങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അയിത്തോച്ചാടനത്തിന്റെ ഭാഗമായി നടന്ന ഐതിഹാസിക സമരമാണ് കുട്ടംകുളം സമരം. കേരളത്തില്‍ ബ്രിട്ടീഷ് പോലീസിന്റെ മര്‍ദ്ദനത്തിന്റെ അടിച്ചമര്‍ത്തലിന്റെ പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള സമരമാണ് കുട്ടംകളും സമരം. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1946 ജൂലായ് മാസത്തിലാണ് ചരിത്രത്തിലിടം നേടിയ സമരം ഇരിങ്ങാലക്കുടയുടെ മണ്ണില്‍ ഉണ്ടായത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ വഴിയില്‍ കൂടി അന്ന് പിന്നാക്കവിഭാഗക്കാര്‍ക്ക് നടക്കുവാനും ഗതാഗതത്തിനും അവകാശമുണ്ടായിരുന്നില്ല. സവര്‍ണ്ണ വിഭാഗത്തിനു മാത്രമായി ആ അവകാശം രേഖപ്പെടുത്തി. ഈ നീതി നിഷേധത്തിനെതിരായി പ്രജാമണ്ഡലം, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകളുടെ സമരം നടന്നു. ഇരിങ്ങാലക്കുടയിലെ ഇന്നത്തെ നഗരസഭ ഓഫീസിനു മുമ്പിലുള്ള പ്രശസ്തമായ അയ്യങ്കാവു മൈതാനത്തുനിന്നുമാണ് കേരളം സാക്ഷ്യം വഹിച്ച കുട്ടംകുളം സമരത്തിന് തുടക്കമാകുന്നത്. സംഘടന പ്രവര്‍ത്തകര്‍ അയ്യങ്കാവില്‍ നിന്ന് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടവഴിയിലേക്ക് ജാഥ നടത്തുവാന്‍ തീരുമാനിക്കുകയും, ജാഥ നടത്തുകയും ചെയ്തു.

  അയ്യങ്കാവില്‍ നിന്നാരംഭിച്ച ജാഥയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജാഥ കുട്ടംകുളത്തിന് കിഴക്കു വശത്ത് വച്ച് പോലീസ് തടയുകയും, പോലീസ് വലയം ഭേദിച്ച് മുന്നോട്ട് പോകുവാന്‍ ശ്രമിച്ച ജാഥയെ പോലീസ് വളഞ്ഞിട്ട് ക്രൂരമായി തല്ലിയൊതുക്കുകയായിരുന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമര്‍ദ്ദനമായിരുന്നു തുടര്‍ന്നവിടെ അരങ്ങേറിയത്. ജാഥ നയിച്ച നേതാക്കന്മാരടക്കം നിരവധിയാളുകളെ പോലീസ് കുട്ടംകളത്തിന്റെ തൂണിലും മതില്ക്കലുമൊക്കെയായി കെട്ടിയിട്ടു തല്ലി. മര്‍ദ്ദനമേറ്റ് ചിതറിയോടിയവരെ പിടികൂടി ഇരിങ്ങാലക്കുട ജയിലില്‍ എത്തിക്കുകയും അവിടെ വച്ച് അവര്‍ മനുഷ്യത്വരഹിതമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരകളായി. ചരിത്രത്തിന്റെ എടുകളില്‍ സഞ്ചാരസ്വാതന്ത്രത്തിനും ജാതി-മത വിരുദ്ധ ചിന്തകളുടെ പ്രചാരണത്തിനുമായി നടത്തപ്പെട്ട ഈ സമരം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ ദിനമായി കുറിച്ചുവയ്ക്കപ്പെട്ടു.

  തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ കൂടുല്‍മാണിക്യ ക്ഷേത്രപരിസരത്തുകൂടി അധസ്തിതര്‍ക്കു നടക്കുവാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ ചോരവീണ ഒരധ്യായം കുട്ടംകുളം സമരം. ഒരു ജനകീയ പോരാട്ടത്തെ മര്‍ദ്ദിച്ചൊതുക്കാമെന്ന ധാരണ വിഡ്ഢിത്തമാണെന്ന് കുട്ടംകുളവും തെളിയിക്കുകയായിരുന്നു.  കേരളം പ്രബുദ്ധവും സാക്ഷരവുമാണ്, ഇവിടെ ജാതീയ ചിന്തകളോ വിവേചനമോ ഇല്ല - ഇതാണ് നമ്മുടെ അവകാശവാദം. എന്നിട്ടും പ്രബുദ്ധവും സാക്ഷരവുമായ ഈ കേരളത്തിലെ തന്നെ എത്രയിടങ്ങളില്‍ ജാതിമതില്‍കെട്ടുകളും സവര്‍ണ്ണ-അവര്‍ണ്ണ വ്യത്യാസവും നിലനില്‍ക്കുന്നതായി നാം കാണുന്നു. പിന്നാക്കക്കാരനെ ഒരു രണ്ടാംകിട പൗരനെന്ന നിലയിലാണ് അക്കാലത്ത് കൊച്ചിയില്‍ കണ്ടിരുന്നത്. ഇത്തരം കാഴ്ച്ചപാടിനെതിരെയുള്ള ഒരു ചോദ്യം ചെയ്യല്‍ കൂടിയായിരുന്നു കൂട്ടംകുളം സമരം. ഭാരതം ഒട്ടുക്കെ നടന്ന സ്വാതന്ത്ര സമരത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ആ സമര ചരിത്രത്തിന്റെ എാടുകളിലേക്ക് ഇരിങ്ങാലക്കുടയിലെ ധീരദേശാഭിമാനികള്‍ നല്‍കിയ സംഭാവനയാണ് കുട്ടംകുളം സമരം. ഇരിങ്ങാലക്കുടയിലെ സമരങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ അതിലെ രക്തം പൊടിഞ്ഞ ഒരേടായ കുട്ടംകുളം സമരത്തിന് നേതൃത്വം നല്‍കിയ കെ.വി.ഉണ്ണിയെപോലുള്ള ആളുകള്‍ ജീവിക്കുന്ന രക്തസാക്ഷികളായി ഇന്നും ഇവിടെയുണ്ട്. ഈ സമരഭൂമിയില്‍.
© അമല്‍ദേവ്.പി.ഡി
http://mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
amaldevpd.simplesite.com


2016, ജൂൺ 13, തിങ്കളാഴ്‌ച

വിധി

.........
ന്യായാന്യായമിടത്തൊരു നേരത്ത്
ന്യായാധിപനൊരു വാക്കെറിഞ്ഞു
നേരറിയുന്നോരാളാ,മുറിയുടെ
വാതിലിൻ മറവിൽ ഒളിച്ച നേരം.
പതിരും കതിരും കൊത്തിയ പൈങ്കിളി
കൂടതിൽ കയറി കരഞ്ഞു നിന്നു
കയ്യിൽ വാളും പരിചയുമായി
വക്കീലൊരു നുണക്കഥയെറിഞ്ഞു.
ന്യായം തെറ്റിച്ചിവളൊരു വേശ്യാ-
വൃത്തിയിലെങ്ങുമരങ്ങേറും
വീറും വാശിയുമുള്ളോരവളുടെ
ചേലയഴിക്കും തെറ്റാണോ..?
ചേല തുമ്പിൽ താളം തുള്ളും
നാണവുമൊരു പിടിയില്ലെന്നാൽ
ചാടിതുള്ളും താടകയിവളൊരു,
നാണക്കേടിൻ ഇറ്റില്ലം.
മാന്യന്മാരെ വട്ടം ചുറ്റും
കരിവണ്ടായിവൾ നടന്നീടും
മാന്യരാമീ,നമ്മളുമിവളുടെ
പാട്ടിലൊരൽപ,മലിഞ്ഞാലോ...?
ന്യായം ചൊല്ലും ന്യായാധിപനേ
ചൊല്ലുയിവൾക്കാ,യന്ത്യ മൊഴി
ന്യായം തെറ്റിച്ചിവളാമാന്യരെ
അന്യായത്തിലളന്നെഴുതി..
ന്യായാധിപനായന്തം വിട്ട്
ചെറുചിരിയോടെ മൊഴിഞ്ഞല്ലോ
ന്യായം തെറ്റിച്ചായേലും ഇവൾ
വൃത്തിയോടല്ലേയരങ്ങേറ്റം...
മാന്യൻമാർക്കീ പകൽ വെട്ടത്തിൽ
മാന്യത കൂടും മരിക്കോളം
മാനക്കേടിൻ രോഷം തീർക്കാൻ
ചൊല്ലേണ്ടിവളുടെ പേരിവിടെ.
വെള്ള കോട്ടിന്നുള്ളിലിരിക്കും
കറുത്ത ഹൃദയം പറിച്ചെറിയു,
പെണ്ണെന്നാലത് വേശ്യയാണെന്നൊരു
വികൃതവികാരം തെറ്റല്ലോ,
ന്യായാന്യായമിടയും നേരം
ന്യായാധിപനൊരു വിധി ചൊല്ലി
വീറും വാശിയുമേറെ കാണും
മാന്യന്മാർക്കതിലാവോളം
മാതൃത്വത്തിൻ വിലയറിയാത്തവർ
മാന്യന്മാരായില്ലിവിടെ...
-------------------------------------------
©  അമൽദേവ്.പി.ഡി

2016, ജൂൺ 12, ഞായറാഴ്‌ച

മഴത്തുള്ളി



ഇലമേലെ താളം കൊട്ടി
പുഴതന്നിലലകൾ നെയ്ത്
മഴമേഘശ്രുതി മീട്ടി
മധുരമോരോർമ്മകളായി
ഹൃദയത്തിൻ നോവുകളായി
ഭൂമിതൻ ഹൃദയത്തിൽ
നിറയുന്ന പുതുജീവൻ നീ,
മഴമേഘകീറുകളിൽ
തെളിമാനം കുറുകുന്പോൾ
മഴവില്ലിൻ ചാരുതയിൽ
ഉതിരുന്ന മണിമുത്തേ,
പലതുള്ളി പെരുവെള്ളമായി
നീയോഴുകൂ ഈ വഴിയെന്നും...
------------------------------------------
© അമല്‍ദേവ്.പി.ഡി 

2016, ജൂൺ 4, ശനിയാഴ്‌ച

വഴി മറന്നൊഴുകുന്ന പുഴ

അറിയാതെ തെറ്റിപ്പിരിഞ്ഞുപോകുന്നു നാം
അതിലോലമീ കാവ്യമെഴുതുന്ന രാവിതില്‍
അകലെയൊരുന്മാദ ലഹരിയിലെന്‍ മനം
അടരുന്നു ജീവിതപാതകള്‍ താണ്ടവേ...

പിരിയുന്നു മധുരമാം സ്വപ്‌നങ്ങളൊരുവേള
പകരുന്നു കനമേറുമേകാന്ത നിമിഷങ്ങള്‍
പൊഴിയുന്നു ജീവന്‍റെ തപ്തനിശ്വാസങ്ങള്‍
ചേരുന്നു മണ്ണിതിന്‍ ആത്മഹര്‍ഷങ്ങളായ്.

വഴിമറന്നൊഴുകുന്ന പുഴയായി ഇന്നു നീ
പതിവുകള്‍ തെറ്റിയ കാലത്തിന്‍ വികൃതിയില്‍
പഴിചാരിയലസം ഒഴുകിപ്പരന്നു നീ,
നനവാര്‍ന്ന മണ്ണിനാനന്ദബാഷ്പമായ്...

എതിരേ,കടം കൊണ്ട കനവുകളാര്‍ദ്രമായ്
നിരനിരന്നങ്ങനെ പുല്‍കുന്ന നേരത്ത്
നിന്‍ മിഴിയോരത്ത് തങ്ങിയ നേരത്ത്
നീര്‍മണി തുള്ളികളിറ്റിറ്റു വീണിട്ട്

തപ്തനിശ്വാസങ്ങള്‍ മാറോടു ചേര്‍ന്നിട്ട്
തിക്തമാം പ്രണയത്തിന്‍ വാതില്‍ തുറന്നിട്ട്
നീയിന്നക,ന്നകലെയായ് ചെന്നിട്ട്
വശ്യമാം പുഞ്ചിരി തൂകുന്നു നിത്യവും.

ഈ മണല്‍കാടൊന്നു താണ്ടി ഞാനെത്തവേ
ദൂരെയാ,ചക്രവാളത്തിന്നരികിലായ്
കുങ്കുമവര്‍ണ്ണം വിതറിയ നിന്‍ മുഖം
ചിരിയകന്നൊരു ശൂന്യബിംബമായ് കാണവേ...

മറവിതന്‍ ലഹരിനുണഞ്ഞു കൊണ്ടൊരു വേള
പുതിയൊരു കാവ്യമെഴുതുന്ന നേരത്ത്
പിന്‍തിരിഞ്ഞൊരുവേള നോക്കാതെയിന്നു നി
പോകുന്നു ചക്രവാളങ്ങള്‍ക്കു മകലെയായ്.

അറിയാതെ തെറ്റിപ്പിരിഞ്ഞു പോകുന്നു നീ
അണിയുന്നെന്‍ പ്രേമ,ഹാരങ്ങളെന്തിനോ...
നിന്‍ നിഴലായ് നടക്കുവാനേറെയന്‍ മനമെന്നും
അറിയാതെ,യാശിച്ചു പോകുന്ന നേരത്തും.
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

(കവിത - വഴി മറന്നൊഴുകുന്ന പുഴ, © - അമല്‍ദേവ്.പി.ഡി)