ഈ ബ്ലോഗ് തിരയൂ

2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ചിങ്ങനിലാവ്....

ചിങ്ങനിലാവൊരു ചന്ദന തേരിലേറി ചന്തമോടെന്നരികിൽ വരുന്ന നേരം, ചന്ദ്രികയാളൊരു പാൽ മണം തൂകുന്ന പൊന്നോണ നിലാവുമായ് ഒരുങ്ങി നിന്നു,... തുമ്പപ്പൂ ചൂടിയാ പൊന്നിൻ പുലർക്കാലം പഴയൊരോണക്കാല കഥ പറഞ്ഞു... കളിമണ്ണിൻ കവിതയിൽ കനകാംബര വർണ്ണമോ- ടവിരാമം വാഴുന്ന തമ്പുരാനും, കനകത്തിൻ ഋതു ശോഭ, യണിയുന്ന നെയ്ത്തിരി നാളമായീ,പുലർവേള ജ്വലിച്ചു നിന്നു... പുത്തനാംകോടിയണിഞ്ഞും കൊണ്ടോരോരോ, മുഗ്ധമാംകാഴ്ച്ചകൾ കണ്ടു നിൽക്കേ, മുറ്റത്ത് നിൽക്കുന്ന തുമ്പയും തുളസിയും, തെച്ചിയും മന്ദാര പൂക്കളും ചേർന്നാ, പൊന്നോണത്തപ്പന് കോടി ചുറ്റി... അരിമാവിൻ കോലത്തി- ലെഴുന്നള്ളും ഭഗവാനെ ആർപ്പുവിളികളായ് സ്വീകരിക്കേ, പൊന്നിൻ കതിർക്കുല ചൂടിയതിരുവോണ, സദ്യയതായ് പിന്നെ സ്വാദേറെയായ്.... ഇലയിട്ടു വിളമ്പിയ തുമ്പപൂ ചോറും സാമ്പാറുമച്ചാറും പച്ചടി കിച്ചടി കാളന്‍ ഓലനും തോരനും അവിയലും പപ്പടം പഴം പായസമുപ്പേരിയു, മിങ്ങനെയോണ വിഭവങ്ങളേറെ ചേർന്നൊരാ ഓണസദ്യയേറെ ഗംഭീരമായ്. പിന്നെയാ,ഓണ വെയിലിൻ ചോട്ടിലൊരിത്തിരി നേരം ഓണക്കോടിയും ചുറ്റി നടന്നനാൾ... നന്മകളേറെ നിറഞ്ഞ നാൾ, ശാന്തി സമാധാന സമ്പത് സമൃദ്ധിയും സന്തോഷമേറെ കൈവന്ന നാളുകൾ...
:::::::::::::::::::::::::::::::::::::::::::::::::::::::::::::::


ചിങ്ങനിലാവ്....   (അമല്‍ദേവ് പി.ഡി)
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
www.mizhipakarppukal.blogspot.in
amaldevpd@gmail.com



2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ചിറകറ്റഓര്‍മ്മകള്‍...

നിറമണിയുമീയാകാശ,ച്ചെരുവിലായ്
നിണമൊഴുകും ചക്രവാളശോഭയില്‍,
പറന്നെത്തുമെന്‍റെ പ്രണയത്തിന്‍
പാഴ്ശ്രുതി മീട്ടുന്ന ഓര്‍മ്മകള്‍...
ഇനിയീപാഴ്മരുഭൂവിന്‍റെ
പ്രിയമാം കണ്‍കോണിലെവിടെയോ
മുളപൊട്ടുമീറന്‍ കിനാവുപോല്‍
തെളിയുന്നു നിന്‍റെയോര്‍മ്മകള്‍...

ചിറകറ്റുപായുന്ന ജന്മത്തിന്‍
ചിതയില്‍ വെന്തുരുകുന്ന മോഹങ്ങള്‍
പാഴ്നിലം തേടിയലഞ്ഞെന്നാല്‍
മുളപൊട്ടുമാ,ജന്മവിത്തുകള്‍...
നിധികാക്കുമസ്തമയ സൂര്യനായ്
ഇരുളാണ്ടവഴികളിലാകവേ
നിലതെറ്റിയിടറിവീഴുന്ന
വെള്ളിനൂലിഴപോലെന്‍റെ,യോര്‍മ്മകള്‍...

പലതുണ്ടുമണ്ണില്‍ മുളയ്ക്കുവാന്‍
പ്രിയമാര്‍ന്ന സ്വപ്നങ്ങളൊക്കെയും
പിരിയുന്നനേരത്തു ചൊല്ലിയ,
പുനര്‍ജനിയിലൂഴ്ന്ന ജന്മങ്ങളായ്.
തെളിയും എണ്ണത്തിരിയായ്
തീരുമപ്രാണസ്വരൂപം
കരിയായ് ധൂമമായ്
ജന്മാന്തരങ്ങളൊന്നായൊഴിയവേ...

::::::::::::::::::::::::::::::::::::::::::::::
ചിറകറ്റഓര്‍മ്മകള്‍...   (അമല്‍ദേവ്.പി.ഡി)
























Photo Courtesy:- Google.


2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

മുല്ല പൂക്കുന്ന തെരുവ്...

 മുല്ല പൂക്കുന്ന തെരുവ്...

::::::::::::::::::::::
അര പട്ടിണി
ഉടയാടയഴിക്കുന്ന
ആര്‍ദ്രതയെപ്പുല്‍കുന്ന ഗന്ധം.
മിഴിക്കുമ്പിളില്‍
നിറകുടം തൂവുന്ന
മിഴിനീര്‍കണമാണ് സ്‌നേഹം.
നീര്‍തെറ്റി തെറിച്ച
പ്രണയശിഖിരങ്ങളിലുടക്കിയ
തൂവെള്ള വസ്ത്രങ്ങളില്‍
തൂവിയ രക്തതുള്ളികള്‍ പോലെ
തിക്തമായ അവളുടെ ഭാഷയെ
ഒരു മുല്ല വിരിയുന്നതിനോടു
പമിക്കു രാത്രികള്‍...
കാലം തേര്‍തെളിച്ച
യൗവനയുക്തമായ യാത്രയില്‍
ശിരോവസ്ത്രമിട്ട നാണക്കാരി,
തെല്ലൊന്നു മാറിനടന്ന വേളയില്‍
അവളെപ്പൊതിഞ്ഞത്
മൂര്‍ച്ചയേറിയ കറുത്ത കണ്ണുകളായിരുന്നു.
ഉള്ളില്‍ മയങ്ങുന്ന നഗ്നതയെ
ഉള്‍ക്കണ്ണുകൊണ്ടവള്‍ അളന്നെടുത്തു.
മറച്ചു വച്ച സ്വകാര്യതകളില്‍
ഒരു പണത്തുക്കം എറിഞ്ഞുകൊടുത്തു.
കറുത്ത കയ്യാമങ്ങള്‍
അവളുടെ മേനിയഴകിനെ അളന്നുതിട്ടപ്പെടുത്തി,
അവളെയവര്‍ ഒരു തെരുവുവേശ്യയാക്കി...
മണിയറകളിലവള്‍ക്കായ്
മുല്ലപന്തലുകളൊരുങ്ങി,
ചന്തമേറുന്ന മുടയഴകില്‍
അവള്‍ക്കായ് മുല്ലമാലകളൊരുങ്ങി,
കനം വച്ച രാത്രികളില്‍
രതിയുടെ ലഹരി നുണഞ്ഞു
നിലാവിനെ വെറുക്കുന്ന കണ്ണുകളുമായി
ഇരുട്ടവളെ വാരിപ്പുണര്‍ന്നിരുന്നു.
അളന്നുവച്ച മേനിയിലൊതുങ്ങുന്ന
പണക്കിഴികളില്‍
അവളുടെ ഉടയാട അഴിഞ്ഞു വീണിരുന്നു.
സായം സന്ധ്യയുടെ ചെരുവുകളില്‍
മുല്ല പൂത്ത ഗന്ധമോടവള്‍
ഒഴുകിനടന്നു...
രാത്രിയുടെ കൂര്‍ത്ത കുന്തമുനകളാലേറ്റ
മുറിപ്പാടുകളില്‍ നിന്നുതിര്‍ന്ന
രക്തതുള്ളികളില്‍ തീരുന്ന കച്ചവടക്കോണില്‍
മറച്ചുവച്ച വേദനയിലൊഴുകുന്ന
മിഴിനീര്‍കണത്തിലുറങ്ങുന്ന,
സ്‌നേഹനൊമ്പരത്തെ ഊട്ടിയുറക്കുന്ന
തെരുവിനെയവളേറെ സ്‌നേഹിച്ചിരുന്നു...


:::::::::::::::::::::::::::::::::::::::::::::::::::::::
കവിത -   മുല്ല പൂക്കുന്ന തെരുവ്... (അമല്‍ദേവ് . പി .ഡി)

http://www.facebook.com/amalevpd
www.mizhipakarppukal.blogspot.in
amaldevpd@gmail.com
https://wordpress.com/read/post/feed/36472073/776242461
http://www.facebook.com/blankpage.entekavithakal


2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

പക്ഷം... ഒരു പക്ഷം...

ഉള്ളില്‍ ഉന്മാദലഹരി പടര്‍ത്തുന്ന നിശയുടെ ശൂന്യതയില്‍  ആഴ്ന്നിറങ്ങി   കലുഷിതമായ ഓര്‍മ്മകളെ പിച്ചിചീന്തി രക്തമൂറ്റി കുടിച്ച്, മുന്‍പെപ്പോഴോ മനസ്സില്‍ തികട്ടിയ എണ്ണമറ്റ വിചാര- വികാരങ്ങളെ കോര്‍ത്ത്‌, ഞാനിരുന്നു...
     '' പഠിച്ചെടുത്ത അക്ഷരങ്ങള്‍, അനിയന്ത്രിതമായി വിഹരിക്കുന്ന ഹൃദയത്തിന്‍റെ അകത്തളത്തിലെ തണ്ടുണങ്ങിയ താമരയിലയില്‍, കുറിച്ചുവച്ച സ്വപ്നങ്ങളെ താങ്ങി നിര്‍ത്താന്‍ ശക്തി പോരാതെ വന്ന വാക്കുകള്‍ക്കു വരച്ചു വയ്ക്കാന്‍ കഥകളോ, കവിതയോ ഒന്നുമില്ല... ചിലപ്പോഴൊക്കെ നോവുനീറി പഴുത്ത ഉല്‍ക്കണ്ണിലെ എണ്ണ  വറ്റിയ മണ്‍ചിരാതില്‍ വീണുടയുന്ന മഴത്തുള്ളികള്‍ക്കൊപ്പം പുറത്തേക്ക് തെറിക്കുന്ന വാക് ശകലങ്ങളെ പാകമായ-പക്വതയേറിയ-കനം വച്ച രീതികളോട് ചേര്‍ത്തുവയ്ക്കാന്‍ ഇടമില്ലെന്നറിഞ്ഞിട്ടും, കിട്ടിയ തിരിച്ചറിവൊന്നും തന്‍റെ രീതിയെ - തന്‍റെ കവിതയെ മറ്റൊരുപക്ഷം ചേര്‍ത്തു പറയാന്‍ തന്‍റെ വാക്കുകള്‍ക്കാകില്ല , അതിനു ഒരുപക്ഷമേ ഉള്ളു എന്നുള്ളതിന് ഉയര്‍ന്ന  എതിര്‍പ്പിന്‍റെ മങ്ങിയ നിഴല്‍ പതിച്ച ഇടപെടലുകളില്‍ അടിപതറാതെ  സ്വാഭിപ്രായത്തില്‍ മുന്നോട്ടു പോകാന്‍ എടുത്ത തീരുമാനം ഒന്നുകൊണ്ട് ,  പിന്നീട്   പച്ചയായ ജീവിതത്തിലെ  നേരറിഞ്ഞ  നേര്‍ക്കാഴ്ചകളെ വരച്ചുകാട്ടാന്‍ കഴിഞ്ഞു...''


2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

ഇന്നെന്‍റെ പ്രണയം നിന്നോടാണ്...

ഇന്നെന്‍റെ പ്രണയം നിന്നോടാണ്...
നീ തന്ന ലഹരിയോടാണ്...
നിന്നിലുറഞ്ഞു കിടക്കുന്ന ചപല മോഹങ്ങളോടാണ്...
മടുപ്പിക്കുന്ന ലഹരി പകരുന്ന കടുത്ത ഭ്രാന്ത്...
ഈ  പകലിനെ ഭയക്കുന്ന നിന്‍റെ കണ്ണുകളോടാണ്...

2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

മധുരം നുണയുന്ന ഓര്‍മ്മകള്‍

മധുരമാമോര്‍മ്മകള്‍ മുട്ടിവിളിക്കുന്ന
മഴമുകിലൊരു വര്‍ണ്ണ കുടനിവര്‍ത്തി,
മഴയില്‍ കുളിച്ചൊരാ ബാല്യമതോര്‍മ്മയില്‍
നനയുന്നു പിന്നെയും കണ്‍തടങ്ങള്‍...
പെയ്തൊഴിയും മഴയും മഴക്കാലവും
മഴ തന്ന നിമിഷവും, തളിരിടും മോഹവും
സ്വപ്നങ്ങളും പിന്നെ നോവിന്‍ ക്ഷതങ്ങളും
നരവന്നൊരോര്‍മ്മയും കുസൃതികളങ്ങളും
നുണയുന്നു ഞാനിന്നീയിടവഴി തന്നിലായ്
നടന്നകലുന്ന ബാല്യത്തിന്‍ നീറുന്നൊരോര്‍മ്മകള്‍...

തൊടിയിലെ വാടാമല്ലികള്‍ പൂത്തനാള്‍
ചെറുമഴ കൊണ്ടൊരു കളിയാടി നില്‍ക്കവേ
നാട്ടുമാഞ്ചില്ലയില്‍ കോര്‍ത്തൊരൂഞ്ഞാലയില്‍
ആടിടും ബാല്യത്തിന്‍ നഷ്ട്ടസ്വപ്നങ്ങളും.
കുസൃതിക്കളങ്ങളില്‍ കൈകോര്‍ത്തനേരവും
ഒന്നായിട്ടൊരുമഴ ചാലിലായ്
കടലാസു തോണിയിറക്കിയ നേരവും
പൊട്ടക്കുളത്തിലെ പരല്‍മീന്‍കുരുന്നിനെ
കുഞ്ഞുകൈകുമ്പിളില്‍ കോരിയെടുത്തതും,
പാടവരമ്പിലെ പച്ചതവളയും
തോട്ടിന്‍കരയിലെ പൊന്മാന്‍ കിളികളെ
പേടിച്ചൊളിക്കും പൊടിമീനിന്‍ കൂട്ടവും
വേനലില്‍  വറ്റിവരളുന്ന പുഴയുടെ മാറിലായ്
കളിയോടമെറിയുന്ന കുട്ടി കുസൃതിയും,..
കുഞ്ഞുകൈവെള്ളയിലാദ്യമായ് കിട്ടിയ
മൂവാണ്ടന്‍ മാങ്ങയും ഞാവല്‍ പഴങ്ങളും
പങ്കിട്ടെടുത്തൊരാ-ബാല്യകാലത്തിന്‍റെ
നന്മയും നേരും നിറയുന്ന നാളുകള്‍
പോയ്മറഞ്ഞീടുന്നു  ഓര്‍മ്മകളായിന്ന്...

നാള്‍വഴി തോറും നിറയുന്ന  നിസ്വാര്‍ത്ഥ
മോഹങ്ങളൊക്കെയും ചെമ്പിത്താതാളിലായ്
ചേര്‍ത്തു പിടിക്കുന്ന ബാല്യത്തിന്‍ ഓര്‍മ്മയില്‍
ചെറുമഴയൊരുപ്പെരുമഴയായി പെയ്യവേ,
മധുരം കിനിയുന്ന കുഞ്ഞുകവിള്‍തടം
പതിവായി കൊതിക്കുന്ന ഒരു കുഞ്ഞുചുംബനം.
ചെറുമഷി തണ്ടൊന്നൊടിച്ചു കൊണ്ടവള്‍ മെല്ലെ
ചെറുതായി ചിരിതൂകി അരികത്തുവന്നനാള്‍,
ചിതറിയ ഓര്‍മ്മകള്‍ക്കിടയില്‍ നിന്നൊരുകൊച്ചു
മധുരമാം ചുംബനമേകിയ നിമിഷവും...

പിന്നെയും മധുരമാം ഓര്‍മ്മകളോരോന്നായ്
പതിവായി വിരുന്നു വരുന്നൊരു നേരമായ്
അന്തിനിലാവിന് ചാരുതയേകിയ
കണ്‍ചിമ്മുമാതിരപ്പൂവിനെ തൊട്ടനാള്‍,
പ്രിയമൊരു ചെമ്പകപൂവിന്‍ സുഗന്ധമായ്‌
മഴയായ് കാറ്റായ് അരികില്‍ വരുന്നിതാ,
കളിവാക്കൊന്നോതിയാകുരുന്നു കിനാവിന്‍റെ
നിറമുള്ള കാഴ്ച്ചയില്‍ നിറയുന്നു ഞാനെന്നും
മഴമാറു മിടവേളയറിയാതെ മണ്ണില്‍
മഴവില്ലിന്‍ കൂടാരം പണിയുന്ന ബാല്യം
മധുരമാമാശകള്‍ പൂക്കുന്ന കാലം...

ഇനിയൊരു സ്വര്‍ഗ്ഗമില്ലില്ലയിവിടം
തിരികെയില്ലാത്തൊരാ ബാല്യത്തിന്‍ നന്മയും
പൂവിടും സ്വപ്‌നങ്ങള്‍തന്‍ കൊച്ചുഗേഹവും
തരളമൊരോര്‍മ്മയില്‍ ചിറകിലേറുന്നിതാ
മധുരം കിനിയുന്ന നിമിഷങ്ങളാകവേ,...


കവിത -  മധുരം നുണയുന്ന ഓര്‍മ്മകള്‍...    (അമല്‍ദേവ്.പി.ഡി)


http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
amaldevpd@gmail.com
Photo Courtesy: Google









2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

സ്വപ്‌നങ്ങള്‍...

''ഇടക്കെപ്പോഴോ മുറിഞ്ഞു പോയ ഗസലിന്‍റെ ഈണം വല്ലാത്തൊരു മൂകതയ്ക്ക് തുടക്കമിട്ടു... കത്തിയമരുന്ന ചന്ദനത്തിരിയുടെഉന്മാദലഹരി പരത്തുന്ന സുഗന്ധം അവിടമാകെ പരന്നു. ജനലഴികള്‍ക്കിടയിലൂടെ എന്‍റെ സ്വപ്നങ്ങള്‍ക്കകംബടിയായി നീല വെളിച്ചം പരന്നൊഴുകി, രാത്രിയുടെ അനന്തതയില്‍ ഉറവവറ്റാത്ത സ്വപ്നതുരുത്തുകളില്‍ അന്തിമയങ്ങുന്ന വണ്ണാത്തിപുള്ളുകള്‍ ആരെയോ തേടി ചിലച്ചുകൊണ്ടേയിരുന്നു...''
''ജനല്‍ പാളികള്‍ ഉറക്കെ വലിച്ചടയുന്ന ശബ്ദം കേട്ടായിരുന്നു ഞാനുണര്‍ന്നത്, മുറിയില്‍ നിറഞ്ഞു നിന്ന ഏകാന്തതയെ മുറിച്ചുകൊണ്ട് മഴയുടെ ദ്രുതതാളം ഇരച്ചു കയറി. നിഴല്‍ : നീയെന്തേ ഉണര്‍ന്നത്..? (മിഴിചിമ്മാതെ ഒരല്പം പേടിയോടെ ഞാന്‍ ആ ശബ്ദം വന്ന ഭാഗത്തേക്ക്‌ നോക്കി... ) നിഴല്‍ : എന്താടാ ഡാ ... പേടിച്ചു പോയോ ..? (ഒന്നും മിണ്ടാനാകാതെ ഞാന്‍ ഇരുന്നു) നിഴല്‍ : നിനക്കറിയില്ലേ, ഈ രാത്രിയുടെ സൗന്ദര്യം...? ഇതൊക്കെ കാണാൻ നിൽകാതെ ഉറങ്ങുകയാണോ നീ...? (എന്‍റെ കണ്ണില്‍ വലിഞ്ഞു കയറിയ ഇരുട്ടിനെ ഞാന്‍ കണ്ണീരില്‍ ഒഴുക്കികളഞ്ഞു...) ''നിമിത്തങ്ങള്‍''... നിങ്ങള്‍ ആരാണ്...? നിഴല്‍ : കണ്ണു തുടയ്ക്കു... (പാതിയഴിഞ്ഞ ഉടുമുണ്ടിന്‍റെ അറ്റം കൊണ്ട് മിഴികളോപ്പി, ജനലഴികള്‍ക്കിടയിലൂടെ ഞാൻ മഴനൃത്തം നോക്കിയിരുന്നു.) നിഴല്‍ : നിനക്ക് എന്താ പറ്റ്യേ, നീയാകെ മാറിപോയല്ലോ... നീ എന്തിനാ പേടിക്കുന്നെ...? ആരെയാ നിനക്ക് പേടി..? ഞാന്‍ : നിങ്ങൾ...? നിഴല്‍ : നീയെന്നെ മറന്നോ..? ഞാന്‍ : ഇല്ല... മറന്നതല്ല... ഓര്‍മ്മയുണ്ട്. മഴയത്ത്.. ഈ രാത്രിയില്‍... എന്താ വന്നെ...? നിഴല്‍ : നിനക്ക് സ്വപ്നം കാണണ്ടേ... മഴയുടെ സൗന്ദര്യം ആസ്വതിക്കണ്ടേ...? നിനക്ക് നിന്‍റെ മാത്രം ലോകത്തേക്ക് പോകണ്ടേ..? ഞാന്‍ : ഉം... പോകണം... മഴ... എന്‍റെ സ്വപ്‌നങ്ങള്‍...? എനിക്ക് സ്വപ്‌നങ്ങള്‍ കാണണം...? നിഴല്‍ : ഉം... വാ, എന്റെ കൂടെ... ഏകാന്തതയുടെ ഉൾച്ചുഴികളിൽ പെട്ടുഴലുന്ന നിന്റെ സ്വപ്നങ്ങളെ തേടി നമുക്ക് പോകാം... ഞാൻ : മഴക്കാലം കഴിയട്ടെ, അതുവരെ എന്റെ ഓർമ്മകളും സ്വപ്നങ്ങളും ഇവിടെ ഈ മഴയ്ക്കൊപ്പം പെയ്തിറങ്ങട്ടെ... നിഴല്‍ : ഈ രാത്രിയിൽ ഇത്രയേറെ നിലാവുള്ള ഈ രാത്രിയിൽ,... ഇതല്ലേ ആ നിമിഷം... (ജനലഴികളിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളിൽ പ്രതിഫലിക്കുന്ന പൂർണ്ണചന്ദ്രന്റെ ഭംഗിയെ നോക്കി ഞാൻ പറഞ്ഞു, ) ഞാൻ : നിങ്ങളായിരുന്നോ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്,...? നിഴല്‍ : ഹ ഹ ഹ... നീ നിന്റെ ഓർമ്മകളെ പൂർണ്ണമായും മറന്നു തുടങ്ങിയോ...? ഞാൻ : നിങ്ങളല്ലേ എന്നെ മറക്കാൻ പഠിപ്പിച്ചത്...? മറവി ഒരനുഗ്രഹമാണെന്നും പറഞ്ഞിരുന്നില്ലേ... നിഴല്‍ : ( എന്‍റെ തോളിൽ കൈവച്ചു കൊണ്ട് ) നീ മരിക്കാതിരിക്കാനാണ് അന്നു ഞാൻ നിന്നെ സ്വപ്നം കാണാനും മറക്കാനും എല്ലാം പഠിപ്പിച്ചത്. നിനക്കറിയില്ലേ, അന്നൊരു മഴയുള്ള ദിവസം ഓർമ്മയില്ലേ... നീയന്ന് ഒരുപാടു കരഞ്ഞു, മഴത്തുള്ളികൾ നിന്റെ കണ്ണീർ മുത്തുകളെ എതിരേറ്റത് എത്ര സ്നേഹത്തോടെയാണ്,... മരണം അനിവാര്യമാണ്, മധുരമായ പ്രതികാരമായും, മടി പിടിച്ച അലസ മനോഭാവത്തോടും മരണമെത്താം. രാത്രിയെന്നില്ല, പകലെന്നില്ല... ഇഷ്ട്ടമുള്ളവരുടേയൊക്കെ അടുത്തേക്ക് അവൻ വിരുന്നു വരും,... തിരികെ പോകുമ്പോൾ കൂട്ടിന് ആ ഇഷ്ട്ടപ്പെട്ടവരും ഉണ്ടാകും... ഞാൻ : എന്നെ,... (കുറച്ച് സമയത്തെ മൗനത്തിന് ശേഷം ) എന്നെ ഇഷ്ട്ടമായിരിക്കില്ലേ,...? നിഴല്‍ : നിന്നെയും ഇഷ്ട്ടമാണ്... അതല്ലേ ഞാൻ നിനക്ക് ഏറ്റവും പ്രിയമുള്ള ഈ മഴയുള്ള രാത്രിയിൽ നിന്നെ കാണാൻ വന്നത്... ഞാൻ : അപ്പോ, ഇന്ന് ഞാൻ മരിയ്ക്കുമോ...? നിഴല്‍ : നിന്‍റെ ആഗ്രഹം അതല്ലേ... ഞാൻ : അതെ, എനിയ്ക്ക് ഇന്ന് മരിയ്ക്കാം, " ഞാൻ ഇന്ന് മരിക്കും" ....  ( മഴയുടെ ചടുലതാളം കുറഞ്ഞു കുറഞ്ഞു വരുന്നു... പാതി വിടർന്ന കണ്ണുകളോടെ ഞാൻ മഴനിലാവിനെ നോക്കി നിന്നു... നിശബ്ദമായ കുറച്ച് സമയത്തിന് ശേഷം )  അപ്പോ, എന്‍റെ സ്വപ്നങ്ങൾ,... എന്‍റെ ഓർമ്മകൾ... ? ഞാനെന്തു ചെയ്യും എന്‍റെ സ്വപ്നങ്ങളും ഓർമ്മകളും എനിക്ക് നഷ്ട്ടമാവില്ലേ, ഞാൻ... ഞാൻ മരിച്ചാൽ...?
നിഴല്‍ : നിന്‍റെ സ്വപ്നങ്ങളും ഓർമ്മളും ഞാൻ കാത്തു വയ്ക്കാം... ഞാൻ : എന്തിന്...? എനിക്ക് നിന്റെ മുഖം കാണണം... ഇരുട്ടാണിവിടെ നിറയെ... ( നിലാവിന്‍റെ നേർത്ത വെള്ളി നൂലിഴകൾ പതിക്കുന്ന മുറിയുടെ ഒരു ഭാഗത്തേക് അല്പമൊന്ന് മാറി ആ നിഴൽ നിന്നു. ) നിഴല്‍ : നിനക്ക് നിന്നെ തന്നെ തിരിച്ചറിയാതായോ... മരണത്തിന്‍റെ അവസാന നിമിത്തങ്ങൾ നിന്നെ ബാധിച്ചു തുടങ്ങി...? നിന്‍റെ ശബ്ദം തന്നെ നീ മറന്നു. നീ ഇനി എന്‍റെ കൂടെ വന്നേ കഴിയു,... ( ഭീതിജനകമായ ഇടിമിന്നലിൽ ഞെട്ടലോടെ ഞാൻ ആ രൂപത്തെ നോക്കി) ഞാൻ : അന്ന് ആ മഴയുള്ള ദിവസം... അന്നാണ് ഞാനെന്‍റെ ഇഷ്ട്ടം അറിയുന്നത്, നീയല്ലേ എന്നെ തടഞ്ഞത്... മരിക്കാനായിരുന്നു അന്നെനിക്കിഷ്ട്ടം, നീ... നീയാണ് എന്നെ തടഞ്ഞത്, എന്നിട്ട്, ഇപ്പോൾ... വേണ്ട, എനിക്കിനി മരിക്കണ്ട, എനിക്ക് ജീവിക്കണം... പോകു ഇവിടുന്ന്. നിഴല്‍ : നീയെന്താ എന്നെ കണ്ട് പേടിച്ചോ...? ഞാൻ : എനിക്ക് പേടിയാണ്,... നിഴല്‍ : എന്തിന്...? ഞാൻ : മരിക്കാൻ നിഴല്‍ : ഹ ഹ ഹ... നീ പേടിക്കണ്ട, ഈ മഴക്കൊപ്പം നീയും പെയ്തൊഴിയും... മറവിയുടെ അഗാധതയിലേക്ക്... നിന്‍റെ നിന്‍റെ മാത്രമായ സ്വപ്ന ലോകത്തേക്ക്‌,... ഞാൻ : വേണ്ട,.. നീ പോയ്ക്കോളു,... എനിക്ക് മരിക്കണ്ട... നിഴല്‍ : അതെങ്ങിനെ സാധിക്കും, ഇന്ന് വെളുക്കുന്നത് വരേയേ നിന്‍റെ സ്വപ്നങ്ങളുള്ളു... നിന്‍റെ ഓർമ്മകളുള്ളു... ഞാൻ നിന്നെ കൂട്ടാതെ എങ്ങനെ പോകും...? ഞാൻ : മരണത്തെ എനിക്കിഷ്ട്ടമാണ്, പക്ഷെ എന്‍റെ സ്വപ്നങ്ങൾ, എന്‍റെ ഓർമ്മകൾ, എന്‍റെ കുടുംബം, എന്‍റെ കൂട്ടുകാർ,... എനിക്ക് മരിക്കണ്ട... നീയാരാണ്..? ഈ മഴ, രാത്രി, നിലാവ്, നിറയെ ഏകാന്തത എനിക്കിത് മതി... ഇവിടെയാണ് എന്‍റെ സ്വപ്നങ്ങളും ഒർമ്മകളും... ഇവിടെയാണ് എന്‍റെ ലോകം... മരിക്കുന്നത് ഓർക്കുമ്പോൾ എനിക്ക്‌ പേടി തോന്നുന്നു, മരിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ എവിടെയാകും...? ഇല്ല, എനിക്ക് മരിക്കണ്ട... ( വേച്ചു വേച്ചു വന്ന ഒരു ഗസൽ രാഗം എവിടെയോ വന്നു തട്ടി... നിത്യതയുടെ പരിപാവനമായ പ്രണയത്തിന്റെ കൊടും വരൾച്ചയിൽ തെളിനീരെന്ന പോലെ എന്നിലേക്ക് ആഴ്ന്നിറങ്ങിയ അവളുടെ ചോദ്യം കേട്ട് പകച്ചു നിന്നു ഒരു നിമിഷം ഞാൻ... "ഒരു മഴക്കാലത്ത് എന്നിലേക്ക് വന്ന നീ ഈ പെരുമഴയിൽ സ്വപ്നങ്ങളും ഓർമ്മകളും എല്ലാം ഉപേക്ഷിച്ച് പോകൂ,... നിന്‍റെ ഓർമ്മകളെ എനിക്ക് സമ്മാനിക്കു,"... ) നിഴല്‍ : എന്തു തീരുമാനിച്ചു,... ഞാൻ : ഉറങ്ങണം,... (പുറത്ത് മഴ തോർന്നിരുന്നു, പെട്ടന്ന് ആ നിഴൽ എന്നിലേക്ക് ഒട്ടിച്ചേർന്നു. മുറിയാകെ മരണത്തിന്‍റെ ചന്ദനഗന്ധം പരന്നു, ഞാവൽ മരചോട്ടിൽ ഞങ്ങളെ കാത്ത് നിറയെ ഞാവൽ പഴങ്ങൾ വീണു കിടക്കുന്നുണ്ടാകും, അതിരാവിലെ തന്നെ പോയില്ലെങ്കിൽ അവർ എല്ലാം കൊണ്ടു പോകും... ) (ഡാ... പറമ്പില് വെള്ളം കയറിട്ടുണ്ട്, തോർത്തെടുത്ത് വാ, മീൻ പിടിക്കാം... തോർത്തുമെടുത്ത് നേരെ ചെന്ന് തോട്ടിലേക്ക് ചാടി,... കട്ടിലിന്‍റെ അടുത്ത് വെളളം കുപ്പി വച്ചിരുന്നു അത് തുറന്നു വെള്ളം പുറത്തു പോയി... വീണത് ആരും അറിഞ്ഞില്ല എന്നു കരുതി വീണ്ടും പുതുപ്പെടുത്ത് മൂടിപ്പുതച്ച് കിടന്നതും മുറിയിൽ ലൈറ്റ് ഓൺ ആയതും ഒരുമിച്ച്... എന്തു പറ്റീടാ... ഏയ് കട്ടിലിന്ന് വീഴാൻ പോയതാ... ഹ ഹ... ഒക്കെ, ( വീണ്ടും ഇരുട്ടടഞ്ഞ മുറിയിലേക്ക് അരിച്ചിറങ്ങിയ നീല വെളിച്ചത്തിൽ ഒരു കറുത്ത നിഴൽ ഒളിച്ചു നിൽക്കുന്നതറിയാതെ പാതിയിൽ മുറിഞ്ഞു പോയ സ്വപ്നം കൂട്ടി ചേർക്കാൻ ശ്രമിച്ച് സുഖമായി കിടന്നുറങ്ങി... എപ്പോഴോ എനിക്ക് സമ്മാനിച്ച മൂകതയെ കീറി മുറിച്ച് ആ ഗസൽ അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു...)

amaldevpd@gmail.com