ഈ ബ്ലോഗ് തിരയൂ

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

സ്വപ്‌നങ്ങള്‍...

''ഇടക്കെപ്പോഴോ മുറിഞ്ഞു പോയ ഗസലിന്‍റെ ഈണം വല്ലാത്തൊരു മൂകതയ്ക്ക് തുടക്കമിട്ടു... കത്തിയമരുന്ന ചന്ദനത്തിരിയുടെഉന്മാദലഹരി പരത്തുന്ന സുഗന്ധം അവിടമാകെ പരന്നു. ജനലഴികള്‍ക്കിടയിലൂടെ എന്‍റെ സ്വപ്നങ്ങള്‍ക്കകംബടിയായി നീല വെളിച്ചം പരന്നൊഴുകി, രാത്രിയുടെ അനന്തതയില്‍ ഉറവവറ്റാത്ത സ്വപ്നതുരുത്തുകളില്‍ അന്തിമയങ്ങുന്ന വണ്ണാത്തിപുള്ളുകള്‍ ആരെയോ തേടി ചിലച്ചുകൊണ്ടേയിരുന്നു...''
''ജനല്‍ പാളികള്‍ ഉറക്കെ വലിച്ചടയുന്ന ശബ്ദം കേട്ടായിരുന്നു ഞാനുണര്‍ന്നത്, മുറിയില്‍ നിറഞ്ഞു നിന്ന ഏകാന്തതയെ മുറിച്ചുകൊണ്ട് മഴയുടെ ദ്രുതതാളം ഇരച്ചു കയറി. നിഴല്‍ : നീയെന്തേ ഉണര്‍ന്നത്..? (മിഴിചിമ്മാതെ ഒരല്പം പേടിയോടെ ഞാന്‍ ആ ശബ്ദം വന്ന ഭാഗത്തേക്ക്‌ നോക്കി... ) നിഴല്‍ : എന്താടാ ഡാ ... പേടിച്ചു പോയോ ..? (ഒന്നും മിണ്ടാനാകാതെ ഞാന്‍ ഇരുന്നു) നിഴല്‍ : നിനക്കറിയില്ലേ, ഈ രാത്രിയുടെ സൗന്ദര്യം...? ഇതൊക്കെ കാണാൻ നിൽകാതെ ഉറങ്ങുകയാണോ നീ...? (എന്‍റെ കണ്ണില്‍ വലിഞ്ഞു കയറിയ ഇരുട്ടിനെ ഞാന്‍ കണ്ണീരില്‍ ഒഴുക്കികളഞ്ഞു...) ''നിമിത്തങ്ങള്‍''... നിങ്ങള്‍ ആരാണ്...? നിഴല്‍ : കണ്ണു തുടയ്ക്കു... (പാതിയഴിഞ്ഞ ഉടുമുണ്ടിന്‍റെ അറ്റം കൊണ്ട് മിഴികളോപ്പി, ജനലഴികള്‍ക്കിടയിലൂടെ ഞാൻ മഴനൃത്തം നോക്കിയിരുന്നു.) നിഴല്‍ : നിനക്ക് എന്താ പറ്റ്യേ, നീയാകെ മാറിപോയല്ലോ... നീ എന്തിനാ പേടിക്കുന്നെ...? ആരെയാ നിനക്ക് പേടി..? ഞാന്‍ : നിങ്ങൾ...? നിഴല്‍ : നീയെന്നെ മറന്നോ..? ഞാന്‍ : ഇല്ല... മറന്നതല്ല... ഓര്‍മ്മയുണ്ട്. മഴയത്ത്.. ഈ രാത്രിയില്‍... എന്താ വന്നെ...? നിഴല്‍ : നിനക്ക് സ്വപ്നം കാണണ്ടേ... മഴയുടെ സൗന്ദര്യം ആസ്വതിക്കണ്ടേ...? നിനക്ക് നിന്‍റെ മാത്രം ലോകത്തേക്ക് പോകണ്ടേ..? ഞാന്‍ : ഉം... പോകണം... മഴ... എന്‍റെ സ്വപ്‌നങ്ങള്‍...? എനിക്ക് സ്വപ്‌നങ്ങള്‍ കാണണം...? നിഴല്‍ : ഉം... വാ, എന്റെ കൂടെ... ഏകാന്തതയുടെ ഉൾച്ചുഴികളിൽ പെട്ടുഴലുന്ന നിന്റെ സ്വപ്നങ്ങളെ തേടി നമുക്ക് പോകാം... ഞാൻ : മഴക്കാലം കഴിയട്ടെ, അതുവരെ എന്റെ ഓർമ്മകളും സ്വപ്നങ്ങളും ഇവിടെ ഈ മഴയ്ക്കൊപ്പം പെയ്തിറങ്ങട്ടെ... നിഴല്‍ : ഈ രാത്രിയിൽ ഇത്രയേറെ നിലാവുള്ള ഈ രാത്രിയിൽ,... ഇതല്ലേ ആ നിമിഷം... (ജനലഴികളിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളിൽ പ്രതിഫലിക്കുന്ന പൂർണ്ണചന്ദ്രന്റെ ഭംഗിയെ നോക്കി ഞാൻ പറഞ്ഞു, ) ഞാൻ : നിങ്ങളായിരുന്നോ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്,...? നിഴല്‍ : ഹ ഹ ഹ... നീ നിന്റെ ഓർമ്മകളെ പൂർണ്ണമായും മറന്നു തുടങ്ങിയോ...? ഞാൻ : നിങ്ങളല്ലേ എന്നെ മറക്കാൻ പഠിപ്പിച്ചത്...? മറവി ഒരനുഗ്രഹമാണെന്നും പറഞ്ഞിരുന്നില്ലേ... നിഴല്‍ : ( എന്‍റെ തോളിൽ കൈവച്ചു കൊണ്ട് ) നീ മരിക്കാതിരിക്കാനാണ് അന്നു ഞാൻ നിന്നെ സ്വപ്നം കാണാനും മറക്കാനും എല്ലാം പഠിപ്പിച്ചത്. നിനക്കറിയില്ലേ, അന്നൊരു മഴയുള്ള ദിവസം ഓർമ്മയില്ലേ... നീയന്ന് ഒരുപാടു കരഞ്ഞു, മഴത്തുള്ളികൾ നിന്റെ കണ്ണീർ മുത്തുകളെ എതിരേറ്റത് എത്ര സ്നേഹത്തോടെയാണ്,... മരണം അനിവാര്യമാണ്, മധുരമായ പ്രതികാരമായും, മടി പിടിച്ച അലസ മനോഭാവത്തോടും മരണമെത്താം. രാത്രിയെന്നില്ല, പകലെന്നില്ല... ഇഷ്ട്ടമുള്ളവരുടേയൊക്കെ അടുത്തേക്ക് അവൻ വിരുന്നു വരും,... തിരികെ പോകുമ്പോൾ കൂട്ടിന് ആ ഇഷ്ട്ടപ്പെട്ടവരും ഉണ്ടാകും... ഞാൻ : എന്നെ,... (കുറച്ച് സമയത്തെ മൗനത്തിന് ശേഷം ) എന്നെ ഇഷ്ട്ടമായിരിക്കില്ലേ,...? നിഴല്‍ : നിന്നെയും ഇഷ്ട്ടമാണ്... അതല്ലേ ഞാൻ നിനക്ക് ഏറ്റവും പ്രിയമുള്ള ഈ മഴയുള്ള രാത്രിയിൽ നിന്നെ കാണാൻ വന്നത്... ഞാൻ : അപ്പോ, ഇന്ന് ഞാൻ മരിയ്ക്കുമോ...? നിഴല്‍ : നിന്‍റെ ആഗ്രഹം അതല്ലേ... ഞാൻ : അതെ, എനിയ്ക്ക് ഇന്ന് മരിയ്ക്കാം, " ഞാൻ ഇന്ന് മരിക്കും" ....  ( മഴയുടെ ചടുലതാളം കുറഞ്ഞു കുറഞ്ഞു വരുന്നു... പാതി വിടർന്ന കണ്ണുകളോടെ ഞാൻ മഴനിലാവിനെ നോക്കി നിന്നു... നിശബ്ദമായ കുറച്ച് സമയത്തിന് ശേഷം )  അപ്പോ, എന്‍റെ സ്വപ്നങ്ങൾ,... എന്‍റെ ഓർമ്മകൾ... ? ഞാനെന്തു ചെയ്യും എന്‍റെ സ്വപ്നങ്ങളും ഓർമ്മകളും എനിക്ക് നഷ്ട്ടമാവില്ലേ, ഞാൻ... ഞാൻ മരിച്ചാൽ...?
നിഴല്‍ : നിന്‍റെ സ്വപ്നങ്ങളും ഓർമ്മളും ഞാൻ കാത്തു വയ്ക്കാം... ഞാൻ : എന്തിന്...? എനിക്ക് നിന്റെ മുഖം കാണണം... ഇരുട്ടാണിവിടെ നിറയെ... ( നിലാവിന്‍റെ നേർത്ത വെള്ളി നൂലിഴകൾ പതിക്കുന്ന മുറിയുടെ ഒരു ഭാഗത്തേക് അല്പമൊന്ന് മാറി ആ നിഴൽ നിന്നു. ) നിഴല്‍ : നിനക്ക് നിന്നെ തന്നെ തിരിച്ചറിയാതായോ... മരണത്തിന്‍റെ അവസാന നിമിത്തങ്ങൾ നിന്നെ ബാധിച്ചു തുടങ്ങി...? നിന്‍റെ ശബ്ദം തന്നെ നീ മറന്നു. നീ ഇനി എന്‍റെ കൂടെ വന്നേ കഴിയു,... ( ഭീതിജനകമായ ഇടിമിന്നലിൽ ഞെട്ടലോടെ ഞാൻ ആ രൂപത്തെ നോക്കി) ഞാൻ : അന്ന് ആ മഴയുള്ള ദിവസം... അന്നാണ് ഞാനെന്‍റെ ഇഷ്ട്ടം അറിയുന്നത്, നീയല്ലേ എന്നെ തടഞ്ഞത്... മരിക്കാനായിരുന്നു അന്നെനിക്കിഷ്ട്ടം, നീ... നീയാണ് എന്നെ തടഞ്ഞത്, എന്നിട്ട്, ഇപ്പോൾ... വേണ്ട, എനിക്കിനി മരിക്കണ്ട, എനിക്ക് ജീവിക്കണം... പോകു ഇവിടുന്ന്. നിഴല്‍ : നീയെന്താ എന്നെ കണ്ട് പേടിച്ചോ...? ഞാൻ : എനിക്ക് പേടിയാണ്,... നിഴല്‍ : എന്തിന്...? ഞാൻ : മരിക്കാൻ നിഴല്‍ : ഹ ഹ ഹ... നീ പേടിക്കണ്ട, ഈ മഴക്കൊപ്പം നീയും പെയ്തൊഴിയും... മറവിയുടെ അഗാധതയിലേക്ക്... നിന്‍റെ നിന്‍റെ മാത്രമായ സ്വപ്ന ലോകത്തേക്ക്‌,... ഞാൻ : വേണ്ട,.. നീ പോയ്ക്കോളു,... എനിക്ക് മരിക്കണ്ട... നിഴല്‍ : അതെങ്ങിനെ സാധിക്കും, ഇന്ന് വെളുക്കുന്നത് വരേയേ നിന്‍റെ സ്വപ്നങ്ങളുള്ളു... നിന്‍റെ ഓർമ്മകളുള്ളു... ഞാൻ നിന്നെ കൂട്ടാതെ എങ്ങനെ പോകും...? ഞാൻ : മരണത്തെ എനിക്കിഷ്ട്ടമാണ്, പക്ഷെ എന്‍റെ സ്വപ്നങ്ങൾ, എന്‍റെ ഓർമ്മകൾ, എന്‍റെ കുടുംബം, എന്‍റെ കൂട്ടുകാർ,... എനിക്ക് മരിക്കണ്ട... നീയാരാണ്..? ഈ മഴ, രാത്രി, നിലാവ്, നിറയെ ഏകാന്തത എനിക്കിത് മതി... ഇവിടെയാണ് എന്‍റെ സ്വപ്നങ്ങളും ഒർമ്മകളും... ഇവിടെയാണ് എന്‍റെ ലോകം... മരിക്കുന്നത് ഓർക്കുമ്പോൾ എനിക്ക്‌ പേടി തോന്നുന്നു, മരിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ എവിടെയാകും...? ഇല്ല, എനിക്ക് മരിക്കണ്ട... ( വേച്ചു വേച്ചു വന്ന ഒരു ഗസൽ രാഗം എവിടെയോ വന്നു തട്ടി... നിത്യതയുടെ പരിപാവനമായ പ്രണയത്തിന്റെ കൊടും വരൾച്ചയിൽ തെളിനീരെന്ന പോലെ എന്നിലേക്ക് ആഴ്ന്നിറങ്ങിയ അവളുടെ ചോദ്യം കേട്ട് പകച്ചു നിന്നു ഒരു നിമിഷം ഞാൻ... "ഒരു മഴക്കാലത്ത് എന്നിലേക്ക് വന്ന നീ ഈ പെരുമഴയിൽ സ്വപ്നങ്ങളും ഓർമ്മകളും എല്ലാം ഉപേക്ഷിച്ച് പോകൂ,... നിന്‍റെ ഓർമ്മകളെ എനിക്ക് സമ്മാനിക്കു,"... ) നിഴല്‍ : എന്തു തീരുമാനിച്ചു,... ഞാൻ : ഉറങ്ങണം,... (പുറത്ത് മഴ തോർന്നിരുന്നു, പെട്ടന്ന് ആ നിഴൽ എന്നിലേക്ക് ഒട്ടിച്ചേർന്നു. മുറിയാകെ മരണത്തിന്‍റെ ചന്ദനഗന്ധം പരന്നു, ഞാവൽ മരചോട്ടിൽ ഞങ്ങളെ കാത്ത് നിറയെ ഞാവൽ പഴങ്ങൾ വീണു കിടക്കുന്നുണ്ടാകും, അതിരാവിലെ തന്നെ പോയില്ലെങ്കിൽ അവർ എല്ലാം കൊണ്ടു പോകും... ) (ഡാ... പറമ്പില് വെള്ളം കയറിട്ടുണ്ട്, തോർത്തെടുത്ത് വാ, മീൻ പിടിക്കാം... തോർത്തുമെടുത്ത് നേരെ ചെന്ന് തോട്ടിലേക്ക് ചാടി,... കട്ടിലിന്‍റെ അടുത്ത് വെളളം കുപ്പി വച്ചിരുന്നു അത് തുറന്നു വെള്ളം പുറത്തു പോയി... വീണത് ആരും അറിഞ്ഞില്ല എന്നു കരുതി വീണ്ടും പുതുപ്പെടുത്ത് മൂടിപ്പുതച്ച് കിടന്നതും മുറിയിൽ ലൈറ്റ് ഓൺ ആയതും ഒരുമിച്ച്... എന്തു പറ്റീടാ... ഏയ് കട്ടിലിന്ന് വീഴാൻ പോയതാ... ഹ ഹ... ഒക്കെ, ( വീണ്ടും ഇരുട്ടടഞ്ഞ മുറിയിലേക്ക് അരിച്ചിറങ്ങിയ നീല വെളിച്ചത്തിൽ ഒരു കറുത്ത നിഴൽ ഒളിച്ചു നിൽക്കുന്നതറിയാതെ പാതിയിൽ മുറിഞ്ഞു പോയ സ്വപ്നം കൂട്ടി ചേർക്കാൻ ശ്രമിച്ച് സുഖമായി കിടന്നുറങ്ങി... എപ്പോഴോ എനിക്ക് സമ്മാനിച്ച മൂകതയെ കീറി മുറിച്ച് ആ ഗസൽ അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു...)

amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ