ഈ ബ്ലോഗ് തിരയൂ

2014, നവംബർ 28, വെള്ളിയാഴ്‌ച

വേരറുക്കുന്നു...

സ്വപ്നങ്ങൾ എന്നും സ്വപ്നങ്ങളാണ്. മരിച്ചു മണ്ണടിയുംബോഴും, പ്രതീക്ഷകൾക്കൊത്ത് ഉയരാനാകാതെ തളർന്നു വീഴുന്ന നൊമ്പരങ്ങൾ... ഒരു പിടി സ്വപ്നങ്ങളും മോഹങ്ങളും ബാക്കി വച്ച് മറിഞ്ഞു വീഴുമ്പോഴും തന്നിൽ ബാക്കിയാകുന്ന ജീവനുകൾക്ക് ഒരു ലോകം നഷ്ട്ടമാകുന്ന കാഴ്ച്ച. തന്റെ വളർച്ചക്ക് അതിരുകൾ നിശ്ചയിക്കുമ്പോഴും, ആ നിശ്ചയങ്ങൾക്കുപോലും തണലേകുന്ന മാതൃത്വം... തന്റെ കുഞ്ഞുങ്ങളെ തന്നിൽ നിന്നുമകറ്റി  മാതൃത്വത്തെ ചുട്ടു കരിക്കുന്ന മനസ്സ് മരിച്ചവർ, ഇവിടെ സ്വന്തം ജീവനുമേൽ വരുന്ന മരണഭീതിയെ പോലും  അറിയാതെ  വേരറുക്കുന്നു, നാളെയുടെ സ്വപ്നങ്ങളെ കുഴിച്ചു മൂടുന്നു...
മരം ഒരു വരം...

2014, നവംബർ 26, ബുധനാഴ്‌ച

മിഴിപകർപ്പുകൾ...: തുളസി...

മിഴിപകർപ്പുകൾ...: തുളസി...

തുളസി...

നാട്ടുവൈദ്യങ്ങളിൽ എന്നും  ശ്രേഷ്ഠമായിരിക്കുന്നത്. ഒട്ടേറെ ഔഷധ ഗുണം ഉള്ള തുളസി ചെടി വളരെ പരിപാവനമായി കണ്ടുവരുന്നു. പുണ്ണ്യകർമങ്ങളിൽ എന്നും തുളസിയില പ്രധാനമാണ്.

amaldevpd@gmail.com, http://mizhippakarppukal.blogspot.in, http://www.facebook.com/amaldevpd

2014, നവംബർ 17, തിങ്കളാഴ്‌ച

ചുംബനരസം കവിത - (അമൽദേവ് പി.ഡി)


പുഞ്ചിരിയും ചുംബനരസവും 

ഉത്തരാധുനികതയിലെ പ്രണയമർമ്മരങ്ങളും... 
ഒളിപ്പോരാട്ടമല്ല, തുറന്ന യുദ്ധം...
ഒളിച്ചിരിക്കുന്നവന്
അത് കണ്ടാസ്വദിക്കാം...
വിഫലമായ പൊള്ളത്തരങ്ങൾ
നിരത്താതെ മനുഷ്യ...
നീ മനുഷ്യനാകു...
അടർന്നു വീണാലും
അവളുടെ സ്വപ്നങ്ങൾക്ക്
താങ്ങായി ഞാനുണ്ടാകും...
എന്റെ ജീവിതമുണ്ടാകും...
കനലുകൾ വാരിയിട്ടാണ്
അവളുടെ സ്വപ്നങ്ങളെ
നിങ്ങളകറ്റിയത്...
തുരുമ്പിച്ച കണ്ണുകളുമായി
നിങ്ങളവളെ കാഴ്ച്ചവസ്തുവാക്കി.
അവളുടെ കണ്ണുകളിലെ
പ്രണയം...
നിറഞ്ഞൊഴുകുന്ന സ്നേഹം...!
അഴുകിയ മനസ്സുമായി
കാട്ടുനീതി നടപ്പാക്കുന്നവരെ
നിന്റെയും എന്റെയും അല്ല,
ഈ മണ്ണ്‌ നമ്മുടെതാണ്‌...
നിന്റെ ഇഷ്ട്ടങ്ങളും നോവുകളും
ഞാനെന്ന ഭാഗമാകുമ്പോൾ
നാല് ചുമരുകൾക്കുള്ളിലെ
ദ്വിഭാഷാ-നാടകം മാത്രമാകും
ആ നിമിഷം...
നീനിന്റെ ശൂന്യതയെ
അറിയാൻ ശ്രമിക്കു,
നീയൊന്നുമല്ലെന്നറിയു
നിനക്ക് മുൻപേ നിന്റെ
അഹം പോകുന്നു,
നീയൊരു അഴുകിയ
നോവുമാത്രമാണ്‌,
നീയറിയുന്നത്‌ നിന്റെ അറിവല്ല.
ഒരുക്കങ്ങളില്ലാതെ
ഞങ്ങളറിഞ്ഞു,
എന്റെ സ്വപ്നങ്ങൾക്ക്
നിറമേകിയവൾ
വർഷവും വേനലും മഞ്ഞുമെല്ലാം
ഞങ്ങളുടെ പ്രണയത്തിന്റെ
ആത്മാവിഷ്ക്കാരങ്ങളായി...
ഞങ്ങൾ ജീവിതമെന്തെന്നറിഞ്ഞു.
എന്റെ പുലരികളെ
അവൾ ചുംബനം തന്നുണർത്തി
ഹൃദയങ്ങൾ കൈമാറി...
നിങ്ങളറിയുന്നോ
പ്രണയത്തിന്റെ
രതി വേഗങ്ങളെ...
നിങ്ങളറിയുന്നോ
ജീവിതമെന്ന
ശൂന്യതയെ...
നിങ്ങളറിയുന്നത്
നിത്യതയുടെ നന്മവസന്തത്തേയല്ല,
നിത്യതയുടെ ആത്മവഞ്ചനയെയാണ്...
കപടവാദമുഖങ്ങളുമായി
നിങ്ങൾ മനുഷ്യമുഖം
അണിയുന്നു...
ചുംബനരസങ്ങളെ
നീയും അറിയുന്നു...
പ്രണയത്തിന്റെ
അമൂർത്തഭാവം
നിന്റെയും കണ്ണുകളിൽ കാണാം...
കുഴിച്ചുമൂടാനാകില്ലെന്നു
നിങ്ങൾക്കുമറിയാം
എന്നിട്ടും നിങ്ങൾ
വാരിക്കുഴി തീർക്കുന്നു...
അപ്പോഴും,
ഇനിയും കത്തിതീരാത്ത,
കൈത്തിരി നാളമായി
പ്രണയവും ജീവിതവും
മധുരമാം ചുംബനലഹരിയും
ഇഴപിരിഞ്ഞു കിടക്കുന്നു...
ഒരു കാപട്യവും ഇടകലരാതെ.
 


 http://www.facebook.com/amaldevpd
email- amaldevpd@gmail.com

2014, നവംബർ 8, ശനിയാഴ്‌ച

വട്ടുചിന്തകൾ..

വട്ടുചിന്തകൾ വികൃതമായ കയ്യെഴുത്തുകളെ പിന്താങ്ങുന്നു. കണ്ണടച്ചുപോലും കവിതയെഴുതാൻ ഈ വൈരൂപ്യത്തിനാകുന്നുണ്ട്...!
നേർത്ത നർമ്മരസങ്ങൾ മനസ്സിൽ കോർത്തുവച്ച് ഇരട്ടവരയിട്ടോരേടിലേക്ക് ഒഴുക്കിയ വട്ടുചിന്തകളിൽ ഒരു കടലാഴം വേരുകൾ അടിയുറച്ചിരുന്നു...

രാത്രിയുടെ ആത്മാവ്

കവിത -  രാത്രിയുടെ ആത്മാവ്.... (അമല്‍ദേവ് പി.ഡി )
__________________________________________________
മഴയുടെ ആദിതാളം
രാത്രിയുടെ നിശബ്ദതയില്‍
തുള്ളി തുള്ളിയായി,
എന്നിലേക്കവള്‍ പെയ്തിറങ്ങി...
മുടിയില്‍ ചൂടിയ
മുല്ലപൂവിനെ തലോടി,
കൂട്ടിന് ഇളം തെന്നലും.
കൊയ്ത്തൊഴിഞ്ഞ പാടത്ത്
നാളെയുടെ സ്വപ്‌നങ്ങള്‍ മുളപൊട്ടുന്നു.
ഇല ചീന്തുകളില്‍ ഇറ്റിറ്റുവീഴുന്ന
മഴത്തുള്ളികളില്‍ വീണുടയുന്ന
സ്വപ്നങ്ങളും...
നിശയുടെ നൂലിഴകള്‍
പകലകന്ന വഴികളിലൂടെ നടന്നകന്നു.
എവിടെയോ ആയിരുന്നു ഞാനും,
രതിയുടെ വാള്‍ മുനകളില്‍
കോര്‍ത്തെടുത്ത സ്വപ്‌നങ്ങള്‍...
രാത്രിയുടെ അന്ത്യയാമാത്തിലെപ്പോഴോ
ഞാനറിഞ്ഞു,
വിചനമായ അനന്തതയിലെവിടെയോ
ഒരാത്മാവിന്‍റെ തേങ്ങലും...
അകലെയെവിടെയോ
നിശയുടെ നിശബ്ദവീചികളെ കീറിമുറിച്ച്
കുറുനരികളുടെ ഓരിയിടലും.
പേടിപ്പെടുത്തുന്ന,
അനിയന്ത്രിതമായ വിചനതയുടെ
നിശ്ചലദ്രിശ്യങ്ങള്‍.
ശ്വാസം മുട്ടുന്നുണ്ടായിരുന്നു,
അന്യമായിരുന്നില്ല
ഈ നിശ്ചലത... എങ്കിലും
എവിടെയൊക്കെയോ ആ ഓര്‍മ്മപെടുത്തലുകള്‍.
ആത്മനിര്‍വൃതി തേടി,
അലയുകയായിരുന്നു ഞാനും
ആ നിത്യതയിലൂടെ...
മഴയില്‍ കുളിച്ച നിമിഷങ്ങളായിരുന്നു
ഒറ്റക്കായിരുന്നില്ല
അദൃശ്യമായ കരവലയം ഞാനറിഞ്ഞിരുന്നു...
ഇരുളില്‍ പൊഴിഞ്ഞ സ്വപ്നവുംതേടി,
കണ്ണീര്‍കുടഞ്ഞവള്‍ പാടിയിരുന്നു;
മൗനം കവര്‍ന്ന നിശ്ചലതയിലും
അവരുടെ കണ്ണീരിനെ മായ്ച്ചുകൊണ്ടാ-
രാത്രിമഴ പെയ്തിറങ്ങി...
എവിടെയൊക്കെയോപോയ്, അറിയില്ല
ഒറ്റക്കായിരുന്നില്ല;
കായലോരങ്ങള്‍ - പൂന്തോട്ടങ്ങള്‍ - വയലേലകളും
മേഘങ്ങളും പിന്നിട്ടു,
അടുത്തിരുന്ന മൊബൈല്‍
തലയ്ക്കു ഭ്രാന്തുപിടിച്ചപോലെ അലറി
ചിതറിയ വളപൊട്ടുകള്‍ പോലെ
പാതിയ്ക്ക് മുറിഞ്ഞ സ്വപ്നത്തിലെ
സുന്ദരമായ ദ്രിശ്യാവിഷ്ക്കാരം,
വെറുതെ ഓര്‍ത്തോര്‍ത്ത് വീണ്ടും കിടന്നു,
നിലാവും നിശബ്ദതയും കലഹം തുടര്‍ന്നു
കണ്മുന്നിലൂടെ ഓടിമറിഞ്ഞ,
രാത്രിയുടെ സ്വപ്‌നങ്ങള്‍...
കണ്ണിലേക്കരിച്ചിറങ്ങിയ ആ നനുത്ത വെട്ടം,
മഴയില്‍ നനഞ്ഞ്
രാത്രിയുടെ അനന്തതയെ ഇല്ലാതാക്കിയ
ആ കരവലയം, എവിടെ...?
നിശബ്ദത പിന്നെയും ചുറ്റിവരിഞ്ഞു
മിഴിചിമ്മാതെ നോക്കി ഞാനും...
ജനലഴികളിലൂടെ
ആ അദൃശ്യത പിന്നെയും ആസ്വാദ്യകരമാക്കി
ഒരു നിഴല്‍ ഓടിമറയുന്നു,
ഒരു പക്ഷെ ആ നിഴല്‍
അവളായിരിക്കാം,
രാത്രിയുടെ പ്രേമരസങ്ങളെ
നിത്യതയുമായി ചേര്‍ത്തുവച്ചവള്‍,
നിശയുടെ അനന്തമായ നിശ്ചലതയിലേക്ക്
പെയ്തിറങ്ങിയാതാകാം...
ഈ രാത്രിയുടെ ആത്മാവായിരിക്കാം,
മാഞ്ഞു പോയിരുന്നു
പിന്നെയും ഓടിമറയുന്ന നിഴലുകള്‍ക്കിടയില്‍
ഞാനും... ഇരുളും...നിശബ്ദതയും മാത്രം...
__________________________________________________
കവിത -  രാത്രിയുടെ ആത്മാവ്.... (അമല്‍ദേവ് പി.ഡി )
__________________________________________________
രണ്ടു വര്‍ഷം മുന്‍പ് എഴുതിയ ഒരു കവിത ആണ്, കുറച്ച മാറ്റങ്ങളോടെ ഇപ്പോള്‍ പുറത്തെടുത്തു...

2014, നവംബർ 7, വെള്ളിയാഴ്‌ച

കല്‍വിളക്ക്‌



കല്‍വിളക്ക്‌...       (അമല്‍ദേവ്.പി.ഡി)



എന്തിനു നീയെന്‍റെ മധുരക്കിനാക്കളില്‍
മുന്തിരിച്ചാറെന്നപോലൊരു പ്രണയത്തിന്‍
ലഹരിയെന്‍ ഹൃദയത്തിന്നാഴത്തിലേക്കൊരു,
മധുരമാം നോവായ്‌ പകര്‍ന്നു തന്നു സഖീ...

കാര്‍മുഘില്‍ ചന്ദ്രിക തന്നിലായ് തീര്‍ത്തൊരാ -
നോവിന്‍റെ മാറാല മെല്ലെ നനച്ചവള്‍
പ്രേമത്തില്‍ ശൃംഗാര നൃത്തവുമായെന്‍റെ
കണ്‍കളിലനുരാഗ, മധുരിമ തീര്‍ത്തതും...

എന്തിനാണോമലേ, എന്‍ ഹൃദയരേണുവില്‍
പിച്ച വെയ്ക്കുമനുരാഗത്തിന്‍ നോവിലായ്
നട്ടുവളര്‍ത്തിയ ചപലമോഹങ്ങള്‍ തന്‍
കരികുഘില്‍ മാലകള്‍ ചാര്‍ത്തിയതമ്പിളി...

ഒരുവട്ടമല്ലൊരുപാടു നോവുകള്‍, നീയെന്‍റെ
ഹൃദയത്തിന്നാഴത്തിലേക്കെറി-
ഞ്ഞനുരാഗമെന്തെന്ന ചോദ്യശരങ്ങളില്‍
നിഴല്‍ വേഗമോടെന്നെ കെട്ടിപ്പുണര്‍ന്നതും

ഒരുവേള മധുരമാം പ്രണയനൊമ്പരങ്ങള്‍ പോല്‍
മനസ്സൊരു മായിക ലോകത്തെ തേടുകില്‍
മനനത്തിലും മിഴിപൂട്ടാത്തൊരോര്‍മ്മകള്‍
പ്രേയസ്സി നിന്നാത്മ സുഗന്ധം പോലവേ...

ഒരു നിലാകുളിര്‍കാറ്റായ് നീയെന്നുമെന്‍ ചാരത്തായ്
നീറുന്നൊരോര്‍മ്മതന്‍ നിഴലായി ഞാനും ,
നീളുന്നൊരാത്മമാം മാനസമീരാവില്‍
ആരെയോ തേടുന്നു
നിലാമഴയായ്...

രാവിന്‍റെയനുരാഗ, ഗാനമഞ്ജീരത്തില്‍
രാഗേന്ദുകിരണങ്ങള്‍ ചൊരിയുകയായ്
രാമഴയൊരുദീപ്ത പ്രണയത്തിന്‍ ഗന്ധവുമായ്
രാവിതുനീളെ പെയ്യുകയായ്...

നീയെന്‍റെ ഹൃദയത്തിന്നാര്‍ദ്രയായ് തീര്‍ന്നതില്‍ 
എന്നുമെന്നോര്‍മ്മകള്‍ക്കുന്മകളേകിയ,
ഓമലെ നീയൊരു പൂവായി തീര്‍ന്നതില്‍
തേനൂറുമോര്‍മ്മകള്‍ നിരനിരയായ്...

കാലമൊരനുഭൂതി പടര്‍ത്തിയ കഥയിലെ
കാര്‍മുഘില്‍ മെല്ലെ പെയ്തൊഴിഞ്ഞു,
പ്രിയ സഖി തന്നുടെ കവിളത്തു നുള്ളിയ
മഴത്തുള്ളിയായി ഞാന്‍ വീണുടഞ്ഞു...

ഇവടെയൊരാര്‍ദ്രയാമമ്പിളിതന്‍, ഹൃദയ -
നോവിന്‍റെ ചിതയില്‍ തീ പകര്‍ന്നീടവേ...
കത്തുന്ന കനലിലാ മുഖമൊന്നമര്‍ത്തിയാ-
പ്രണയത്തിന്‍ ഋതുക്കള്‍ പിന്നേയുമൊഴുകവേ

ഇനിയുമീവഴിത്താരയോര്‍ക്കുമീയിടവഴി-
തേടുന്ന മൃദുലമാം മര്‍മ്മരങ്ങള്‍,
കാലത്തിന്‍ കൈകളില്‍ കത്തിച്ചു വച്ചൊരാ-
ക്കല്‍വിളക്കിന്നൊരടയാളമായ്...


കല്‍വിളക്ക്‌...     (അമല്‍ദേവ് പി.ഡി )



kalvilakku  (poem - amaldevpd)

2014, നവംബർ 6, വ്യാഴാഴ്‌ച

പ്രണയം... ഒരു കലാപം

       "ഇരുളും വെളിച്ചവും, മാറി മാറി എന്നെ സ്പര്‍ശിച്ചുകൊണ്ടേയിരുന്നു. നിത്യതയുടെ ആത്മമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ഞാന്‍ നിതാന്തമായ കാല്പനീക  ജീവിത ശൈലിയുടെ ഭാഗമായി. അരങ്ങില്‍ ആട്ടം തകര്‍ക്കുന്നു. കണ്ണുകളിലെ കലാപവേഗത അവളുടെ ഹൃദയമിടിപ്പ്‌ ദ്രുതഗതിയിലാക്കി. ഉള്‍ഞ്ഞെരുക്കങ്ങളില്‍ കത്തിയമരുന്ന രതിവേഗങ്ങള്‍ നിശ്ചയിച്ച  ആത്മഹത്യകള്‍"
        "കലാപ ഭൂമിയെ കാല്പനീകതയുടെ കവിതകള്‍ പഠിപ്പിച്ചു,  അവളുടെ വേദന. ചുണ്ടിലൂടൊഴുകിയിറങ്ങിയ കണ്ണുനീര്‍ മുത്തുകളില്‍ നോവിന്‍റെ കയ്പ്പുരസം നുകര്‍ന്നവള്‍.  പിടഞ്ഞെഴുന്നേറ്റവള്‍ ഉടഞ്ഞുപോയ ജീവിതത്തിന്‍റെ ബാക്കി വിത്തുകളെ തേടിയിറങ്ങി..."
       'എന്‍റെ സാഫല്ല്യം, അത് നിന്നോടുള്ള പ്രേമത്താല്‍ മുകരിതമാണ്. നിന്‍റെ സ്നേഹം ഒന്നു മാത്രമാണ് എന്‍റെ ജീവന്‍റെ നെടുംതൂണ്‍, എന്‍റെ ഉണ്മകളില്‍ നിന്‍റെ ചിത്രം തെളിയും, അത് എനിക്ക് നിന്നോടുള്ള ഇഷ്ട്ടം ഒന്നുമാത്രമാണ്... കളങ്കിതമായ എന്‍റെ കണ്ണുകളില്‍ നീ ചാലിച്ചെഴുതിയ പ്രണയം വരണ്ട ഭൂമിയിലേക്ക്‌ ഇറ്റിറ്റുവീണ മഴതുള്ളികള്‍ പോലെ തിളങ്ങി നിന്നു.'
       'പാതിവൃത്യം പടികടത്തിയ പഴമൊഴികളില്‍ നിന്നും കടമെടുത്ത നിന്‍റെ സ്വപ്നങ്ങളില്‍ വശ്യതയുടെ നേര്‍ത്ത നൂലിഴകള്‍ പാകി എന്‍റെ നിശ്വാസം... ഹൃദ്യമായ പ്രണയസാക്ഷാത്കാരം നേടി നീ നിന്‍റെ ഹൃദയസ്വരം കൈമാറിയപ്പോള്‍, വിടരുവാന്‍ വെമ്പുന്ന നാലുമണിപ്പൂവുപോലെ കാത്തിരിപ്പായിരുന്നു ഞാന്‍... ഉള്‍വലിഞ്ഞ നോവുകള്‍ക്ക്‌ മീതെ നീ വരച്ചു വച്ച കിനാവുകള്‍, നിശ്ചലതയുടെ നിമിത്തങ്ങളായി. നിന്‍റെ കണ്ണില്‍ ജ്വലിച്ച പ്രണയദീപ്തം ഒരു കൊടുങ്കാറ്റായി വന്നു ഞാന്‍ കെടുത്തിയിരുന്നു. ഇനിയൊരു നോവിന്‍റെ കഥയുമായി നിന്‍റെ കണ്ണുനീര്‍ വീണുടയുമ്പോള്‍, അതെന്‍റെ ചിതയുടെ  മേലുയരുന്ന പുകയായിരിക്കും... അന്നും നിന്‍റെ മനസ്സൊരു പ്രണയത്തിന്‍റെ സിന്ദൂരം അണിഞ്ഞിരിക്കും.

http://mizhippakarchakal.blogspot.in

                                                                                                             (അമല്‍ദേവ്.പി.ഡി)