ഈ ബ്ലോഗ് തിരയൂ

2019, ഡിസംബർ 18, ബുധനാഴ്‌ച

കാത്തിരിപ്പിന്റെ കാലം


കാത്തിരിപ്പിന്റെ കാലം
------------------------


കാലമിങ്ങനെ നടന്നകലുകയാണ്
കനിവുവറ്റിയ
മനസ്സുമായി.
അതിരുകൾപാകിയ
ബന്ധനങ്ങളിൽ നിന്നും
മുക്തിതേടി
ഞാനുമൊപ്പംകൂടി...

കാത്തിരിപ്പിന്റെ
കാലം കൂടിയാണിത്.

വിധിപടർത്തിയ
നോവുകൾക്കപ്പുറം
ചിരിയകന്ന ഒരുമുഖം മാത്രം.
മഴപ്പാടിന്റെ
വേദനകൾക്കൊപ്പം
ഞാനെന്റെ
കണ്ണുനീർ തുള്ളികളെ
മായ്ക്കാൻ
നിന്റെ കരങ്ങളുടെ
സഹായംതേടി...

ഒടുവിലെയാശയതായി
മാഞ്ഞകലുന്ന
നിഴലുകൾ,
ഞാനെന്റെ
കിനാക്കളെ ഉറക്കിക്കെടുത്തി
നിന്നിലേയ്ക്കാഴ്ന്നിറങ്ങി.

നീ നടന്നകന്നവഴികളിൽ
ഞാനാകാല്പാടുകൾ തേടിയലഞ്ഞു.
കാലമൊരശ്രുബിന്ദുവായി
എന്നിലേയ്ക്ക്
പെയ്തിറങ്ങിയപ്പോഴും
ആനന്ദത്തിന്റെ
അതികാലഭാവം
ഞാനറിയുകയായിരുന്നു.


കാത്തിരിപ്പിന്റെ കാലം.
.......................................
അമൽദേവ് .പി.ഡി
.......................................




Photo courtesy google.

Amaldevpd@gmail.com
Http://www.facebook.com/amaldevpd



കഥപറയും മരങ്ങൾ

കഥപറയും മരങ്ങൾ
...................................


മരങ്ങൾക്കുമുണ്ട് കഥപറയാൻ, മുറിവേറ്റ ശിഖിരങ്ങൾ പൊഴിച്ച കണ്ണീർ പൂക്കളുടെ കഥ. കാടുകയറിയ ചിന്തകൾക്കൊപ്പം മുറിവേല്പിച്ച മനുഷ്യനഖങ്ങളുടെ കാരുണ്യമകന്ന കാഴ്ച്ചകളുടെ കഥ.

കാലങ്ങൾ, പെയ്ത മഴയും കൊണ്ട വെയിലും മറക്കില്ല. എന്റെ ഉൾത്തുടിപ്പുകളിൽ മഴുവെറിഞ്ഞ കൈകളെ മാപ്പ്. എന്റെ രക്തമൂറ്റി മഴയായി നിന്റെ ദാഹമകറ്റിയപ്പോഴും നീയറിഞ്ഞില്ല നിന്റെ നാളെകൾ നിനക്കന്യമാകുകയാണെന്ന്.


ഇനിയുമീവഴി കൈകളിൽ മഴുവുമേന്തി മനുഷ്യമണം നടന്നു പോകും. അവന്റെ ചിന്തകളിൽ വിടർന്ന മണിമാളികകൾ, അതിനായവനെന്റെയടിവേരുകൾ ഒന്നൊന്നായി മുറിച്ചുമാറ്റും. ആത്മാവിനേറ്റ മുറിവിന്റെ വേദനസഹിച്ച് ഞാനീമണ്ണിലടർന്നുവീഴും. എന്റെയുടലിനെ നിങ്ങളുയർത്തി കൊണ്ടുപോകും, എന്റെ ശിഖിരങ്ങൾ കൈകൾ ഇവിടെ ബാക്കിയാകും...



" എരിയുന്ന വേനലിൽ ചുടുവേരു തേടി
ഒരു മഴുവിന്നു പറന്നുവന്നു.
മധുരമില്ല പ്രേമം കിനിയുന്ന തണലുമില്ല
കിളികളില്ല ഹൃദയത്തിൽ സ്നേഹമില്ല
നിഴലുകൾ നിഴലുകൾ ഞങ്ങളിന്നു,
മഴപ്പാടുംതേടി നോക്കി നിന്നു."

" അപ്പോഴൊക്കെ ഞാനും നീയുമടങ്ങുന്ന ജന്മങ്ങൾ വെറും നീരുവറ്റിയ തോലുകൾ മാത്രം. "



കലാന്തരങ്ങളായി ഞാനിവിടെ നിൽക്കുന്നു, എന്റെ സഹോദരങ്ങളെ വെട്ടിവീഴ്ത്തിയ നന്മമടങ്ങിയ മനുഷ്യവംശത്തെകുറിച്ചോർത്ത് പരിതപിക്കുകയല്ലാതെ ഞങ്ങൾക്കെന്തു ചെയ്യാൻ കഴിയും. നിങ്ങൾ ഇല്ലാതാക്കുന്നത് നിങ്ങളുടെ തന്നെ ജന്മത്തെ തന്നെയാണ്. നിങ്ങളുടെ ഭാവിയെയാണ്. നിങ്ങളുടെ നീതിയെയാണ്.

അറിയുക അവസാനിക്കുന്നില്ല ഒരു ജന്മവും, ഞാനും നീയും ഈ പ്രപഞ്ചത്തിന്റെ സർവ്വസൃഷ്ടികളും പുനർജനിക്കും. അതാണ് പ്രപഞ്ചനീതി. പ്രപഞ്ചധർമ്മം. അന്ന് നീയൊരുമരമായിരിക്കും. ഞാനൊരു പക്ഷിയോ, മൃഗമോ, മനുഷ്യനോ ആയിരിക്കാം...

നിന്റെ ശിഖിരത്തിൽ പക്ഷിയായിരിക്കുന്ന ഞാൻ കൂടുകെട്ടും. നിന്നിലുള്ള എന്റെ വിശ്വാസമാണ് അത്.

നിന്റെ തണലിൽ മൃഗമായഞാൻ വിശ്രമിക്കും. നിന്നിലുള്ള വിശ്വാസമാണ് അത്.

നിന്റെ ശിഖിരങ്ങളെ നിന്റെ ദേഹത്തെ കണ്ട മനുഷ്യനായ ഞാൻ എന്തു ചെയ്യണം, ഇന്നു നീയെന്റെ തലമുറയോട് ചെയ്തപോലെ ഞാനും മഴുവെറിയട്ടെ, നിന്റെ കണ്ണീരിന് വിലയിടട്ടെ....



"മതിലുകൾക്കിരുവശത്തായി രണ്ടു കണ്ണുകൾ, ചിതലെടുത്ത സ്വപ്നങ്ങളുടെ ചിരിവറ്റിയ നേർസാക്ഷ്യം.... ഒട്ടുദൂരം നടക്കാനുണ്ട്, ഇനിയും ഈ പാതയോരത്ത് തണൽ വിരിക്കാൻ ഒരു വാകമരമായി ഞാൻ ജനിക്കും. അതിൽ നിറയെ ചുവന്ന വാകപ്പൂക്കളുണ്ടാകും. ഒരു പൂവ് നിനക്കുള്ളതാണ്. നിനക്കായി പൊഴിച്ച ആ പൂവെടുത്ത് നിത്യതയുടെ വെള്ളിനൂലിഴകൾ പാകിയ ചക്രവാളസീമയിലേയ്ക്ക് നടക്കണം. അവിടെ ചോരപുരണ്ടകീറത്തുണിയിൽ പൊതിഞ്ഞുകെട്ടിയ രണ്ടു കൈകളുണ്ടാകും, നീയരിഞ്ഞുവീഴ്ത്തിയ എന്റെ ശിഖിരങ്ങളാണ്. നിന്റെ പ്രേമോപഹാരമായി ആ വാകപ്പൂവ് എന്റെ കൈകളിലേയ്ക്ക് വയ്ക്കാം. "



കഥപറയും മരങ്ങൾ.... അമൽദേവ്.പി.ഡി...........


Amaldevpd@gmail.com
Http://www.facebook.com/amaldevpd
Http://www.youtube.com/amaldevpd