ഈ ബ്ലോഗ് തിരയൂ

2017, ജൂൺ 29, വ്യാഴാഴ്‌ച

തൂലികയിലുണർന്ന താരകം

.............................................

ഉറക്കറയിൽ
ഇരുട്ടിന്റെ തൂലിക
ഉയിരാർക്കുന്നു.
നിശയുടെ മടിശ്ശീലയിൽ
സ്വപ്നമരാളങ്ങൾ
കണ്ണുനീർവാർക്കുന്നു.
കറുപ്പ് പടർന്ന
ആകാശത്തിന്റെ അതിരുകളിൽ
ഒരു രാജാവ് മിഴിതുറന്നിരുന്നു.

ആത്മമന്ത്രങ്ങളുരുവിട്ട്
ആർഭാടപൂർവ്വം
അരങ്ങുകളിൽ ആടിത്തീർത്ത
വേഷങ്ങളിൽ,
ഒറ്റപ്പെട്ടുപോയ ഒരുമുഖം
ചിതലെടുത്ത ഓർമ്മകളുമായി
സംഘട്ടനത്തിലായിരുന്നു.
ഉന്മാദത്തിന്റെ
ശേഷിച്ച ഇലയനക്കങ്ങളിൽ
ചെവിയോർത്ത്,
ലഹരിയുടെ കന്ദകമേറിവരുന്ന
അവളുടെ നീലച്ചനയനങ്ങളെ നോക്കി
ഞാനെന്റെ തൂലിക ചലിപ്പിച്ചു.

കത്തുന്ന കനലുകളൊന്നെടുത്തു
ഞാനെന്റെ ഹൃദയത്തിൽ
കോറിയിട്ട ഇഷ്ടം,
നീ കടംതന്ന
നീ തപസ്സുചെയ്തുണർത്തിയ
പ്രണയമായിരുന്നെന്ന്
ഞാൻ തിരിച്ചറിഞ്ഞു.

ആകാശത്തിന്റെ
ഇരുണ്ട ഇടനാഴികളിൽ
നീയെന്നമന്ത്രം
ചിരിതൂകി നിന്നപ്പോഴും,
ഇരുട്ടറയിൽ തള്ളിയ സ്വപ്നങ്ങളുമായി
കവിതകൾ പങ്കുവച്ചു
ഞാനെന്റെ സ്വർഗ്ഗം തീർത്തു.
അടരില്ലെന്ന നിന്റെ
വാക്കിന്റെ കനത്തിൽ
അരികോളമകലാതെ
ചേർന്നിരുന്നപ്പോഴും
പറയാതെ പോയൊരുകാര്യം,
ചിരിതൂകിഞാനൊരുന്നാളീ-
ആകാശവീഥിയിലലയുമ്പോൾ
മിഴിതുറന്നെന്നെ നോക്കുന്ന
നക്ഷത്രമാകുമന്നുനീ...


.....അമൽദേവ്.പി.ഡി.............
..... തൂലികയിലുണർന്ന താരകം.......

amaldevpd@gmail.com

2017, ജൂൺ 24, ശനിയാഴ്‌ച

അന്ത്യയാത്ര

....................

യാത്രാമൊഴിച്ചൊല്ലിക്കഴിഞ്ഞാലും
എനിക്കുകൂട്ടായെന്റെ അന്ത്യയാത്രയിൽ
എന്റെ കുഴിമാടംവരെ നീയുണ്ടാവണം,
നമുക്കുകൈകൾ കോർത്ത്
ആദ്യപ്രണയത്തിന്റെ രക്തസാക്ഷികളെപോലെ
നടന്നുപോകാം....

വഴിയരികിലെ ഇലകൾകൊഴിഞ്ഞ
ആൽമരച്ചോട്ടിലിരുന്ന്
നമുക്കൊരിക്കൽക്കൂടി ഹൃദയം
പങ്കുവയ്ക്കാം..
പ്രണയോപഹാരമായി നീയെനിക്ക്
ഒരുചുവന്ന ചെമ്പരത്തിപ്പൂവു നല്കണം,
നീയെന്നിൽ ചാർത്തിയ
ഭ്രാന്തനെന്നതൂവലാണു നിന്റെ
പ്രണയോപഹാരമെന്ന് നീയറിയുമല്ലോ,
ഞാനതിന്നേറെ ഇഷ്ടപ്പെടുന്നു.
ഞാനതിന്റെ ഇതളുകൾ
ഹൃദയത്തിലും ശിരസ്സിലുമായി ചൂടാം...

ഞാൻ നിനക്ക് തരുന്നത്
എന്റെ ഹൃദയമാകും,
ഇനിയും മരിക്കാതെ
ഉറഞ്ഞുപോയ പ്രണയത്തിന്റെ
ശേഷിപ്പുകളടങ്ങിയ
ഒരു ചുവന്നഹൃദയം...

വരൂ... നമുക്കൊന്നിച്ച് നടക്കാം
ഈതെരുവുവീഥികളിലൂടെ
ആദ്യാനുരാഗികളായി...

ഒടുവിൽ എന്റെ കുഴിമാടത്തിന്റെ
വാതില്ക്കൽനിന്നു നീ
അന്ത്യയാത്രചൊല്ലി കൊണ്ട്
ഒരു പിടിമണ്ണെന്റെ ഹൃദയത്തിലേക്ക് പകരുമ്പോൾ,
നിന്റെ മറുകൈയ്യിൽ എന്റെ ഹൃദയവും കരുതണം.
പ്രണയിച്ചുകൊതിതീരാത്ത ഭ്രാന്തന്റെ
നെഞ്ചുതുരന്നെടുത്ത ചുവന്നഹൃദയം....


...... (കവിത )... അന്ത്യയാത്ര.......
...... അമൽദേവ്.പി.ഡി.................


amaldevpd@gmail.com

2017, ജൂൺ 16, വെള്ളിയാഴ്‌ച

കാമുകി


.............

ആദ്യമഴയിൽ
മുളപൊട്ടിയ പുല്ക്കൊടി.
നനഞ്ഞ ഭൂമിയുടെ
മാറിലേക്ക്
വേരുകളാഴ്ത്തിയ
തൈമരം.

ക്ലാസ് മുറിയുടെ
ഉത്സവച്ഛായയിൽ
ഒളികണ്ണിനാൽ
നോട്ടമെറിഞ്ഞവൾ.
ഇവഴിയിലെ
ചെറുമഴച്ചാറ്റലിൽ
പങ്കുവച്ച
മാമ്പഴക്കൊതിയുണ്ടവൾ.

വക്കുപൊട്ടിയ
ചിന്തകളുമായി
കലഹിക്കുന്ന
സ്ത്രീജന്മം.
കുടുംബിനിയാകാൻ
വെമ്പുന്ന
പെൺമനസ്സ്.

കാലം
കരുതിവച്ച,
വാർദ്ധക്യത്തിന്റെ
ചുളിവുകൾ വീണവൾ.
മാതൃത്വം
ഭാരമാവാതെ
പ്രണയത്തിന്റെ
രതിസുഖം
പകരുന്നവൾ.

ആറടിമണ്ണിൽ
ഞാനുറങ്ങാൻ തുടങ്ങവേ
ഓർമ്മയിലെ
മധുരംകിനിഞ്ഞ്
പൊട്ടിച്ചിരിച്ചവൾ.
ആരുമേയില്ലാതെ
ഏകയായിരുന്നപ്പോൾ
ഭ്രാന്തിയെന്നാരോ
കളിപ്പേര് ചൊല്ലിയവൾ.

....... കാമുകി.....
....... അമൽദേവ്.പി.ഡി.....

amaldevpd@gmail.com

കടം വാങ്ങിയ പ്രണയം


.....................................


നഗരത്തിരക്കിലെ
നിമിഷവേഗങ്ങളിൽ നിലയുറപ്പിച്ച
എന്റെ നിഴലിനുകൂട്ടായ്,
ഒരു ഔദാര്യംകണക്കെ
എനിക്കു വച്ചുനീട്ടിയ നിന്റെ പ്രണയം;
എനിക്കാവശ്യമില്ല.

പരന്നൊഴുകുന്ന ഈ
ഭൂമിയും ആകാശവുമടക്കം
പ്രപഞ്ചത്തിലെ സർവ്വതിനും
ഞാനൊരു കടക്കാരനാണ്...

ചുട്ടുപൊള്ളുന്ന വെയിലേറ്റ്
അതിന്റെ വേദനയിൽ എന്റെ
ഹൃദയം തിളച്ചുമറിയുന്നത് നീയറിയുന്നെങ്കിൽ,
നിനക്കതിൽ വേദനയുണ്ടെങ്കിൽ;
നിന്റെ തണുത്ത ഹൃദയത്തിൽ നിന്ന്
ഒരുപിടി രക്തമെനിക്ക്
കടമായി പകർന്നുതരണം.
അതെന്റെ ശരീരത്തിൽപ്പടർന്ന്
ശാന്തമാവട്ടെ എന്റെ ഹൃദയം...

കത്തുന്നചൂടിലും
കനംവച്ച മോഹങ്ങളുരുകി
എന്റെ ഹൃദയത്തിന്റെ
മലിനമാകാത്ത ഓടകളിലൂടെ
അലസമൊഴുകിയൊഴുകി നിന്റെ
തണുത്തുമരവിച്ച ഹൃദത്തിലേക്കുള്ള
തടിച്ചഞരമ്പുകളിലൂടെ
ഇളംചൂടുപകർന്ന്
ഞാൻ നിനക്ക് തരും
നീ കടംതന്ന പ്രണയം,
ഒരിറ്റുപോലും ബാക്കിയില്ലാതെ....

പകലിരമ്പങ്ങൾക്കിടയിൽ
തെറ്റിപ്പെയ്ത മഴയിൽ
നഗരവേഗത്തിന്റെ ഇരുണ്ട ഇടനാഴിയിൽ
നമുക്കൊന്നിച്ചിരുന്നു പങ്കുവയ്ക്കാം,
കടംവാങ്ങലുകളുടെ
കവിതകുറിച്ച മുദ്രപത്രങ്ങളിൽ
ഒപ്പുവയ്ക്കാം....


............ അമൽദേവ്.പി.ഡി..........
............ കടം വാങ്ങിയ പ്രണയം.........


amaldevpd@gmail.com

2017, ജൂൺ 12, തിങ്കളാഴ്‌ച

ഒരുരക്തപുഷ്പം വിടരുന്നതും കാത്ത്

............................................................



ഒരു രക്തപുഷ്പം വിടരുന്നതുംകാത്ത്
കാടകങ്ങളിലെ
കനത്ത പച്ചപ്പിൽ
ഇടതൂർന്ന
മഴനാരുകൾക്കിടയിൽ
മൗനമായലയുന്ന
കാറ്റിനൊപ്പം കൂട്ടുകൂടി;
കാലമേറെയായി കാത്തിരുന്നു.
മുളപൊട്ടിവിടരുന്ന
ഇതളുകളെ നോക്കി,
മഴയും വെയിലുമേറ്റ്
മണ്ണിലാഴത്തിൽ വേരുറച്ചുപോയ്..

നിത്യതയുടെ ഹരിതാഭയിൽ
ഒരു രക്തപുഷ്പം
എനിക്കായ് വിടരുന്നതുംകാത്ത്
യുഗങ്ങളായ്
ഞാൻ നില്പു...

വെയിൽച്ചില്ലകളറ്റ
വന്യതയുടെ
ഇടുങ്ങിയ ഇടനാഴികളിൽ,
പ്രണയത്തിന്റെ
രക്തവർണ്ണം ചാലിച്ചെഴുതിയ
ഇതളുകളുമായി
ആദ്യാനുരാഗത്തിന്റെ
തികഞ്ഞ നാണത്തോടെ
അവൾ വിടർന്നു...

മഴയുടെ അതിലാളനയിൽ
കുളിച്ചൊരുങ്ങിയവൾ
നാണത്തിൻ പട്ടുചേലയണിഞ്ഞ്
വെള്ളിനൂലിഴകൾ നെയ്ത,
വെയിൽവളകളിട്ടൊരുങ്ങിനിന്നു.

മണ്ണിലാഴ്ന്ന കൈകളാൽ
മന്ദമവളുമായ് കൈകോർത്ത് ഞാൻ,
പറയാൻ കൊതിച്ചതായിരമായിരം
കാര്യങ്ങൾ മധുരമായ് കാതിലോതി.

കാത്തിരുന്നു യുഗങ്ങളായ്,
കാടകങ്ങളിൽ നിന്നെ ഞാൻ
കാത്തുവച്ചു നിനക്കായ്
ഈ കാടും പുഴയും മലകളും
പൂക്കളും ഇലകളും കായ്കളുമായ്
നിന്നെ തലോടുമിളംകാറ്റുമൊക്കെ;
നിനക്കുള്ളതാമെന്റെ സമ്മാനങ്ങൾ.

ചെഞ്ചോരനിറമുള്ള ഇതളുകളാൽ
സുന്ദരരൂപിണിയായ സന്ധ്യേ,
എന്റെ ഹൃദയത്തിൻനിറമുള്ള നിൻമേനിയിൽ
നിറയുമെൻ പ്രണയത്തിൻ ഗന്ധമെല്ലാം...


.......... അമൽദേവ്.പി.ഡി........................


amaldevpd@gmail.com

2017, ജൂൺ 8, വ്യാഴാഴ്‌ച

മഴനനഞ്ഞവളൊരുകുടം വെള്ളവുമായ്

..............................................................



മഴനനഞ്ഞവളൊരുകുടം വെള്ളവുമായ്
..............................................................

നീലജലാശയത്തിലൊരു വെൺ-
ചന്ദ്രിക താമരതോണി തുഴഞ്ഞെത്തവേ,
നിറകുടം അരയിലൊതുക്കി
ഇടംകൈയാഞ്ഞുതുഴഞ്ഞെൻ ചന്ദ്രികയാളൊരു -
പുതുമഴനനഞ്ഞിളവെയിൽ കൊണ്ടും നടന്നുവന്നു.

മാനം കറുക്കും മഴമേഘമീ തെന്നലിൽ
മാറാപ്പുമായൊഴുകിയാകാശവീഥിയിൽ
മന്ദംമന്ദമായ് മൗനത്തിൻചിറകൊടിച്ചുച്ചത്തി -
ലാർപ്പുവിളികൾ മുഴക്കിയും
വെയിൽബാണമേറ്റന്തരം പൊള്ളീടുമീ,
ഭൂമിതൻ സ്വർണ്ണവർണ്ണചിത്രമെഴുതിയ
നാട്ടിടവഴിയോരത്തെ വയസ്സൻമാവിന്റെ,
ഒട്ടുനാളായുള്ളൊരാ, ദാഹമകറ്റീടുവാൻ
പെയ്തിറങ്ങിയൊരിടവപ്പാതിതന്നാർത്തനാദം
കേട്ടുകൊണ്ടുച്ചത്തിൽ വിളിച്ചോതിയെൻപാതിയും,
മഴതുടങ്ങീ മരങ്ങളും ചെടികളും വേലിക്കലെ ചെത്തിയും
ചെറുമഷിത്തണ്ടും മുളങ്കൂട്ടവുമരയാൽക്കൊമ്പും
നായ്ക്കളുമാടുമാഞ്ചില്ലയേറുമണ്ണാനും കിളികളും
ഇനി പച്ചയാം ഭൂമിതൻ ഹൃത്തടത്തിലൂർന്നിടം
കൊള്ളുംമഴവെള്ളമാർത്തിയോടെ പങ്കിട്ടു,

പിന്നെയുമീ ദുർവ്വിധിയോരോകുടംവെള്ളമേറെ ചുമന്നു,
ഞാൻ വന്നോരോദിനവുമായെത്രയാശ്വാസമീ മഴ.
പെയ്തൊഴിയാതെന്നിലേക്കാഴ്ന്നിറങ്ങട്ടെ;
എന്നുമീ ജീവതീർത്ഥത്തിനൊപ്പമാനന്ദമർന്നിരിപ്പൂ...

......... അമൽദേവ്.പി.ഡി........................

amaldevpd@gmail.com
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal




ഒടുവിലെന്നാശകൾ പൂക്കുംനിലാവത്ത്


.............................................................



ഒടുവിലെന്നാശകൾ പൂക്കുംനിലാവത്ത്
പുതുമഴതേടിയിറങ്ങിഞാനും
പുതിയൊരുപാട്ടിന്റെ വരികളിൽഞാനന്ന്
വെറുതെയായ് വീണുപിടഞ്ഞിരുന്നു,

പതിയെയൊരായിരം താരകളെന്നിലേ-
ക്കെന്തിനോനോട്ടമെറിഞ്ഞിരുന്നു,
ഒടുവിലെന്നാശകൾ പൂക്കുംനിലാവത്ത്
ഏകനായ് ഞാനന്നലഞ്ഞനേരം...

നീലനിലാവിന്റെ നീർമണിമുത്തുകൾ
നീളുന്നനിശയുടെ വനവീചിയിൽ
വിരഹരാഗപ്രേമഋതുഭംഗികൾ കോർക്കു-
മാതിരപ്പൂമ്പൊടിചന്തമോടെ...

നീളെപ്പരന്നുപരന്നൊഴുകുന്ന ഗംഗയാം
നശീദിനിതൻഹൃദയരേണുവിൽ നാം,
നീന്തിതുടിച്ചുകൊണ്ടോമലേ നിശാതന്ത്രിയിൽ
ഭാവാർദ്രമാം രാഗങ്ങളാലപിപ്പൂ...

ഹൃദ്യമാമനുരാഗഗീതികളാലൊരു
നിത്യമാമനുഭൂതി പകർന്നുനൽകി,
മന്ദമെന്നരികിൽനിന്നകലേക്കു മറയുവാൻ
എന്തിനെൻകാമുകി നീകൊതിപ്പൂ.

പിരിയുവാൻവെമ്പുന്ന സ്വപ്നവേഗങ്ങളാ-
മറവിയിലൊരുമഞ്ഞുതുള്ളിപോലെ,
രാത്രിതൻഭാവനാലോകത്തുവന്നവൾ
രാഗാർദ്രമായ് പ്രേമോപഹാരമായി....

ഒടുവിലെന്നാശകൾ പൂക്കുംനിലാവത്ത്
ഏകനായ് ഞാനന്നലഞ്ഞനേരം
പഴയൊരുപാട്ടിന്റെ വരികളാലവളൊരു,
മധുരമാമനുരാഗം പകർന്നുതന്നു....


................. അമൽദേവ്.പി.ഡി................


amaldevpd@gmail.com

2017, ജൂൺ 5, തിങ്കളാഴ്‌ച

വരദാനം 🌳

------------

അമ്മേ, ഭൂമിദേവി...
നിനക്ക് തണലേകാൻ
നിന്റെ സ്വപ്നങ്ങൾക്ക് തണൽ വിരിക്കാൻ
നിന്റെ പ്രാർത്ഥനകൾ സാർത്ഥകമാക്കുവാൻ
ഞാനിതാ പിറന്നിരിക്കുന്നു...

കൊരവള്ളി വരണ്ടുണങ്ങിയ
ഉഗ്രതാപത്തിന്റെ കനൽവഴികളിൽ
നീ സഹിച്ച ത്യാഗങ്ങൾ,
ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ.
അമ്മേ...
നിന്റെ നാളുകളെണ്ണപ്പെട്ടപ്പോഴും
ഒരുതുള്ളി കണ്ണുനീർവാർക്കാതെ
മക്കളെ നീകാത്തുവന്നു...

ഇന്നിതാ നിനക്ക് ലാളിക്കുവാനും
പാലൂട്ടുവാനും, താരാട്ടുപാടിയുറക്കിടാനും
'ഒരുമകൻ'കൂടി പിറന്നിരിക്കുന്നു...

വളരുകയാണ് ഞാൻ
എന്റെകാലുകളാകുന്ന വേരുകൾ
മാതൃഹൃദയം തുരന്ന്
ആഴങ്ങളിൽ സുരക്ഷിതമാണ്...
എന്റെ കൈകൾ
ഇലകളും പൂക്കളും കായ്കളുമായി
ഭൂമിക്ക് തണലേകാനൊരുങ്ങുന്നു,
ഭൂമിയുടെ ദാഹമകറ്റാനൊരുങ്ങുന്നു...

എനിക്ക് വേദനിക്കുന്നമ്മേ....

എന്റെ കൈകൾ ആരോമുറിച്ചെടുത്തു.
എന്നിലെ നിനക്ക് തണലേകിയ
ഇലകൾ, പൂക്കൾ, കായ്കൾ...
ഞാനിന്നൊരു ഭാരമായോ,
എന്റെരക്തമിതാ ഒഴുകുന്നു,
ദേഹം നിറയെ മഴുവിനാലേറ്റ മുറിപ്പാടുകളാണ്.
അടിവയറ്റിലേക്ക് തുളച്ചുകയറിയ
മൂർച്ചയേറിയ മഴു വിലപിക്കുന്നുണ്ട്,
എന്തിനീക്രൂരത...

ഞാൻ പോകുകയാണ്
ഇനിയൊരു മഴയ്ക്കായ് കാത്തുനില്ക്കാതെ
ഇനിയൊരു വെയിലിലും തണലേകാവാതെ
പൂ ചൂടാനിനി ഇലകളോ ചില്ലകളോ ഇല്ല
അവസാനവേരും അറ്റുപോയി
ഇനിയില്ല ഭൂമിതൻമാറുപിളർന്നൊരു
മരമായ് തണലായ് സ്വപ്നമായ് തീരുവാൻ...

-----വരദാനം--- അമൽദേവ്.പി.ഡി ---------

amaldevpd@gmail.com
http://www.facebook.com/amaldevpd