ഈ ബ്ലോഗ് തിരയൂ

2020, മാർച്ച് 8, ഞായറാഴ്‌ച

ഏകാന്തതയിലെ തൂക്കുമരം - അമൽദേവ് പി ഡി

ഏകാന്തതയിലെ തൂക്കുമരം - അമൽദേവ് പി ഡി
------------------------------
സ്വപ്നാടനം പാർട്ട് - 1
------------------------------

"പൊട്ടിപൊളിഞ്ഞ സിമൻ്റ് തറയിലൂടെ ഷൂസിട്ട് നടക്കുന്ന ശബ്ദം.
നേരിയതായിരുന്നു, പിന്നെ അത് കനമേറി വന്നു..."

ലാത്തി കൊണ്ട്
ഓരോ ജയിലിൻ്റേയും അഴികളിൽ
ആ പോലീസുകാരൻ
വളരെ മനോഹരമായി
തന്റെ മനസിലെ ശുദ്ധസംഗീതത്തെ ഉണർത്തുുമാറ്
തട്ടിയുരസിയാണ് നടക്കുന്നത്.

നേരം പുലർച്ചെ മൂന്ന് മണിയോടെ ആയിരിക്കുന്നു.
വിധി പകർത്തിയെഴുതിയ ദിവസം.
ഇന്നാണ് എൻ്റെ കഴുത്തിൽ കുരുക്കുവീഴുന്ന ആ സുദിനം.
നേരിയ നിലാവിൻ്റെ വെട്ടം വീണ ജയിലഴികൾക്കിടയിലൂടെ
ഒരു ലാത്തി പിടിച്ച ജയിൽ വാർഡൻ്റെ
കറുത്ത നിഴൽ നീണ്ടു വന്നു.

നീ ഉറങ്ങിയില്ലേ.... ?

നിലാവിൻ്റെ നീലച്ഛായയിൽ മുങ്ങി നീരാടുന്ന രാപക്ഷിയെ പോലെ തോന്നി എനിക്കാ പോലീസുകാരനെ...
( എൻ്റെ ഉത്തരം കിട്ടാതെ വന്നപ്പോൾ വീണ്ടും ചോദിച്ചു. )
ടാ... നീ എന്താ നോക്കി നിൽക്കുന്നേ...?
അഞ്ചു മണിയ്ക്ക് റെഡിയാകണം. ഇന്ന് നീ പോകുവല്ലേ...

ഓർമ്മകളുടെ ലോകത്തേയ്ക്ക് ഓടിക്കയറുന്നത് പോലെ. !

(ചുണ്ടിൽ വിരിഞ്ഞ ക്രൂരമായ എന്നാൽ അതിമനോഹരമായ പുഞ്ചിരിയോടെ പിന്നെയും എന്തൊക്കെയോ പറഞ്ഞു, ആ പോലീസുകാരൻ നടന്നു )

ആരൊക്കെ കാണാൻ വരും...
എൻ്റെ കഴുത്തിൽ കയർ മുറുകുമ്പോൾ എനിക്ക് വേദനിക്കില്ലേ...?

അടുത്ത ജയിൽ മുറിയിലെ സുഹൃത്തിനും
അഞ്ച് മണിയോടെ റെഡിയാകണം.
അവൻ അവനെതന്നെ കൊല്ലുമെന്ന് ഭീഷണിമുഴക്കി, അതിനാണ് അവനീയഴിക്കുള്ളിൽ.

ഇന്ന് അവൻ്റെ സ്വാതന്ത്രത്തെ ഹനിക്കും,
കഴുത്തിൽ കുരുക്കുവീഴും...

എന്ത് അവസ്ഥയാണ് അല്ലെ... സ്വന്തമായി മരിക്കുന്നത് പോലും വലിയ കുറ്റമാണ് ഇവിടെ.

ജീവതത്തെ വിജനമായ ഒരിടമായി കാണാൻ ശ്രമിച്ചു,
അതായിരുന്നു ഞാൻ ചെയ്ത കുറ്റം.
ഒറ്റയ്ക്കിരിക്കാൻ ഞങ്ങൾ സമ്മതിക്കില്ല
എന്ന് അവർ ഇടയ്ക്കിടെ എൻ്റെ ചെവിയിൽ വന്നു പറയുന്നു.

"ചുരുക്കിപ്പറഞ്ഞാൽ ഞങ്ങൾ രണ്ടുപേരും ഒരേദിശയിലായിരുന്നു.
ഒരർത്ഥത്തിൽ ഒരേകുറ്റമായിരുന്നു ചെയ്തത്. "

ഞാൻ നോക്കിയപ്പോഴൊക്കെ
ഞാൻ ഒറ്റയ്ക്ക് തന്നെയായിരുന്നു,
എന്നിട്ടും അവരെന്നെ എന്തിനു വലിച്ചിഴച്ചു കൊണ്ടുപോകുന്നു. ?

ഈ ഇരുട്ട് നിറഞ്ഞ മുറിയിൽ പൂട്ടിയിട്ട്
മൗനത്തിൻ്റെ ഇടമുറിയാത്ത രാവുകൾ പകലുകൾ സമ്മാനിച്ച്
എന്നെ ഉറക്കാതിരുന്നത് എന്തിനായിരുന്നു...
ഇതായിരുന്നോ എനിക്കുള്ള ശിക്ഷ... ?

എനിക്ക് ഏകനായിരിക്കണം,
കവിതയെഴുതണം
ഓർമ്മകളുടെ കാണാകയങ്ങളിൽ മുങ്ങിനിവരണം
അപ്പോഴൊക്കെ ഞാൻ
ഒറ്റയ്ക്കായിരിക്കണം....

ടിക്... ടിക്... ടാ എന്താ സ്വപ്നം കാണുവാണോ...
മതി മതി എഴുന്നേല്ക്ക്...

( നിലാവത്ത് നീന്താനിറങ്ങിയ രാപക്ഷി വീണ്ടും ജനലഴികളിൽ സംഗീതമാലപിച്ചു. )

വീട്ടുകാരും നാട്ടുകാരും വേണ്ടപ്പെട്ടവരും എല്ലാം എത്തിക്കഴിഞ്ഞു,
പരിചയമുള്ള മുഖങ്ങളേക്കാൾ
അപരിചിത മുഖങ്ങളായിരുന്നു കൂടുതലും....

ഞാനും എൻ്റെ തൊട്ടടുത്ത ജയിൽ സുഹൃത്തും ഒരുമിച്ചു നിന്നു.
അവൻ്റെ മുഖം കറുത്ത തുണികൊണ്ടാണ് മറച്ചത്.

പോലീസുകാരൻ എൻ്റെ മുൻപിൽ വന്നു നിന്നു.
വെളുത്തതുണികൊണ്ട് അവരെൻ്റെ മുഖം മറച്ചു.

വേണ്ടപ്പെട്ടവർ സുഹൃത്തുക്കൾ ചിലർ വിളിച്ച് പറഞ്ഞു,
കഴുത്തിൽ കയർ കുരുങ്ങേണ്ടതാണ്,
വേദനിപ്പിക്കണ്ട തുണി കട്ടിയിൽ വച്ചോളു...

നിനക്ക് പേടിയില്ലേ.. അപരിചിതമുഖങ്ങൾക്കിടയിലെ ഒരു മുഖം ചോദിച്ചു.

ഞാൻ ചിരിച്ചു, ഇനിയെങ്കിലും എനിക്ക് ഒറ്റയ്ക്കിരിക്കാലോ സുഹൃത്തേ....

ആറ് മണിയായി...

"കാഴ്ചക്കാരെ മടുപ്പിക്കാതെ സൈറൺ മുഴങ്ങി"

എൻ്റെ ജയിൽ സുഹൃത്തിനെ അവസാനമായി കാണാൻ ആരും വന്നില്ല എന്നത് സങ്കടകരം.

കൃത്യം 6.05 ന് അവന് അവർ സ്വാതന്ത്രം കൊടുത്തു.

ഒരു ചെറിയ കിണർ, അതിന് മുകളിലാണ് എനിക്കുള്ള കുരുക്ക് ഒരുക്കിയത്.
കിണറിന് മുകളിൽ വച്ച പലകയിൽ ഞാൻ കയറിനിന്നു.
കഴുത്തിൽ കുരുക്കിയ കയർ ഇടക്ക് ശ്വാസമെടുക്കുന്നപോലെ..

ആരാച്ചാർ ലിവർ വലിച്ചു.

ഞാൻ എൻ്റെ ഏകാന്തതയിലേയ്ക്ക്
എൻ്റെ കവിതയിലേയ്ക്ക്
എന്റെ ഓർമ്മകളിലേക്ക്
താഴ്ന്നുപോയി... !

കഴുത്തിൽ കുരുക്കിയ കയർപൊട്ടി ഞാൻ കിണറിൻ്റെ ആഴത്തിലേക്ക് ചെന്നുപതിച്ചു.
ചിരിവന്നിട്ട് ഒരു രക്ഷയും ഇല്ല.
കഴുത്തിൽ തടവി ചുറ്റും നോക്കി....
ഇരുട്ടിൽ നിന്നും കയ്യടി കൂടി കൂടി വന്നു...

നീലയും വെള്ളയും കളർ യൂണിഫോം ഇട്ട സ്കൂൾ വിദ്യാർത്ഥികൾ
എൻ്റെ മരണം കാണാൻ വന്നതാണ്.
പഠനത്തിൻ്റെ ഭാഗമാണെന്ന്.
കിണറിൻ്റെ ഉൾവട്ടത്തിൽ ഒരുക്കിയ ഇരിപ്പിടങ്ങളിൽ ഇരുന്ന് അവർ കയ്യടിച്ചുകൊണ്ടിരുന്നു.

ഞാൻ മരിച്ചത് അവർ അറിഞ്ഞില്ല.
കിണറിനു ഉള്ളിൽ നിന്നും മുകളിലേക്ക് നോക്കിയ ഞാൻ പിന്നെയും ചിരിച്ചു...

നിറയെ ഫ്ലാഷ് ലൈറ്റുകൾ എന്നെ ഒപ്പിയെടുത്തു പടമാക്കി.

കഷ്ടപ്പെട്ട് കിണറിന് മുകളിലേയ്ക്ക് കയറിവന്ന്,
ഞാൻ സുഖമായി കിടന്നുറങ്ങി...

ആറുമണിയ്ക്കുള്ള അലാറം അടിച്ചപ്പോൾ സ്വപ്നാടനം മതിയാക്കി എഴുന്നേറ്റു...

കട്ടിലിൽ ഇരുന്ന് ഞാൻ തലേന്നെഴുതിയ കവിതനോക്കി വെറുതെ ചിരിച്ചു.
=========================
"കണ്ട സ്വപ്നത്തെ പകർത്തിയപ്പോൾ കാര്യമായെന്തോ ഉണ്ടെന്നു തോന്നി. ആ തോന്നലളക്കാൻ ഒരു കവിതകൂടി ജനിക്കുമായിരിക്കും. ഓർമ്മകൾക്കുള്ളിൽ അടയിരിക്കുന്ന ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. പൊളിച്ചെഴുതാൻ അറിയാതെ പോയത് പല കഥകളുടെയും കഥകഴിച്ചു. എന്റെ സ്വപ്നത്തിലെ കാഴ്ചകൾ ഇടക്കൊക്കെ ഓർമകളെ ഇങ്ങനെ മുറിച്ചെറിയാറുണ്ട്."
=========================

amaldevpd@gmail.com