ഈ ബ്ലോഗ് തിരയൂ

2020, സെപ്റ്റംബർ 22, ചൊവ്വാഴ്ച

ഉത്തരം


...............

വിണ്ടുകീറിയ പാദങ്ങൾ
നിശ്ചലമായാടുന്നു.
ഉത്തരത്തിലിരുന്നൊരു;
പല്ലി ചിലച്ചു.
പുറത്ത് മഴ തെറ്റിതെറിച്ചു.
സമയമായവന്റെ,
കടമേറിയോൻ,
നല്ലവൻ,
അടക്കം പറച്ചിലുകൾ
അടുക്കളവാതിൽക്കലെത്തി നിന്നു.
മഴയിലലിഞ്ഞ കണ്ണീരുപ്പുകൾ.
അകത്തളത്തിലശ്രുപൊഴിച്ചാരോ....
മഴമാറി,
നാലുപേർ വന്നു
കുളിപ്പിച്ചു, പൊതിഞ്ഞെടുത്തു
ആരോ അവസാന വായ്ക്കരിയിട്ടു.
മഴമറച്ചകണ്ണീർതുള്ളികൾ
തെറ്റിതെളിഞ്ഞ വെയിലിൽ
ഇടറിവീണു.
മഴനനച്ചമണ്ണിൽ
വേരിറങ്ങിയ ജീവിതം തീർത്ത
പുരയുടെ ഉത്തരത്തിൽ
തീർന്നജന്മം.
പുകയമർന്നു
പുലരിതെളിഞ്ഞു
കരിപടർന്ന ചുവരിലമർന്നു
ചിതലരിച്ചൊരുടയോൻ
ചിരിമറന്നുകിടന്നു....


അമൽദേവ് പി. ഡി

amaldevpd@gmaill.com 


2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

അവൾ

 അവൾ

--------

മഴപോലെന്നെപ്പുണർന്നവൾ
മറവിയുടെയകത്തളത്തിൽ
മറപറ്റിയിരുന്നതെന്തിന്....?

ഞാനെഴുതിയവരികളാൽ
പ്രണയരസമുണ്ടവൾ,
പരിഭവങ്ങൾ പറഞ്ഞ-
നുരാഗം പകർന്നതെന്തിന്... ?


സ്വർഗ്ഗവീഥിയിലെവിടെയോ
കണ്ടുമുട്ടിയ പ്രണയം,
തോരാമഴയായെന്നിൽ
പെയ്തുണർന്നനേരം.
കനവുകളുടച്ചുവാർത്തു
കാത്തിരിപ്പേറിയകാലം !

പ്രണയതീച്ചൂടേറ്റുവെന്ത
ചുണ്ടുകളിൽ
ചുംബനമേകാതെ,
കലിതുള്ളി പെയ്താർത്ത,
മഴയ്ക്കൊപ്പം
പോയതെന്തേ... ?

ഒരു ദുഃഖസൂചികയാ-
മെന്റെ മൗനത്തിൽ,
വാചാലമാം പ്രണയത്തിൻ
തിക്തമാം നോവുക-
ളെറിഞ്ഞവളേ.....
നീയറിയാതെപോയ
വരികളിലുറഞ്ഞുകിടന്ന
നഗ്നമാം വാക്കുകളി-
ലെന്റെ നിത്യപ്രണയത്തിൻ
ഗന്ധമായിരുന്നു ..... !

കനലെരിഞ്ഞു കവിതപൂത്ത
മനസ്സിലേയ്ക്ക്
പിന്നെയുമവൾ പെയ്തിറങ്ങി.
നോവുകടലിലേയ്ക്ക്
മുങ്ങിത്താഴുന്ന കനവുകൾക്ക്
തലോടലേകാനായ് ... ?

..........................................................
അമൽദേവ് പി ഡി
..........................................................


amaldevpd@gmail.com