ഈ ബ്ലോഗ് തിരയൂ

പല്ലൊട്ടി


''...അന്തേട്ടാ ഒരു പല്ലൊട്ടി...''




  

       ലയിലൊരിത്തിരി മുടിയില്ല എന്ന ഭാവമൊന്നുമില്ല, നല്ല വട്ടത്തിലൊരു കറുത്ത വല തലയില്‍ വച്ചിട്ടാകും അന്തേട്ടനെന്നും കടയിലെത്തുക. ഹൈസ്‌ക്കൂള്‍ പഠനകാലത്ത് പരിചയപ്പെട്ട ഒരു പ്രധാന മുഖം. പഴയ റോള്‍ മോഡല്‍ ഹീറോ സൈക്കിളിലുള്ള സുഖസവാരിയ്‌ക്കൊപ്പം ചെറിയൊരു മൂളിപ്പാട്ടും ഉണ്ടാകും. ഞങ്ങള്‍ കുട്ടികള്‍ക്കന്നൊക്കെ അന്തേട്ടന്‍റെ  കട കഴിഞ്ഞേ വേറെ കടകളുള്ളു.
      സ്‌കൂളിന്‍റെ  ഒരു വശത്ത് മാറി മരപ്പലകകൊണ്ട് കെട്ടിമറച്ച ചെറിയൊരു കട. മഴ പെയ്താലും വെയിലേറിയാലും അന്തേട്ടന്‍റെ  കടയ്ക്കുള്ളിലേയ്ക്ക് ഇവ രണ്ടും പിന്നെ, ഞങ്ങളും സ്ഥിരം കടന്നുചെല്ലും. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്നൊന്നും പറയുന്നില്ല, എന്നാലും ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യം വേണ്ടതൊക്കെ അന്തേട്ടന്‍റെ ആ കുഞ്ഞു കടയില്‍ വാങ്ങിവയ്ക്കുമായിരുന്നു. തന്‍റെ  കുഞ്ഞു കടയിലിരുന്ന് കുട്ടിത്തം വിട്ടുമാറാത്ത പുഞ്ചിരിയുമായി എന്നും കുട്ടികളോടൊപ്പമായിരുന്നു അന്തേട്ടന്‍. വീട്ടില്‍ നിന്നും ബസ്സിനു പോകാനെന്നും പറഞ്ഞ് വാങ്ങുന്ന പൈസ ബസ്സിനു പോകാതെ  ഇന്‍റെര്‍വെല്‍ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം കൂടി മധുരപലഹാരങ്ങള്‍ വാങ്ങികഴിയ്ക്കാന്‍ ഉപയോഗിക്കുന്നത് ഒരു ഹോബിയായി മാറിയിരുന്നു അന്നൊക്കെ.
      ന്തേട്ടന്‍റെ  കടയിലുള്ള ഞങ്ങള്‍ കൂട്ടികളുടെ ഇഷ്ട്ടപ്പെട്ട ഐറ്റം പല്ലൊട്ടി മിഠായി അായിരുന്നു. സുധാര്യമായ ഒരു കവറില്‍ പൊതിഞ്ഞ് കിട്ടുന്ന പല്ലൊട്ടി മിഠായിയ്ക്ക് റോഡൊക്കെ ടാര്‍ ചെയ്യുന്ന ടാറിന്‍റെ  രൂപമാണ്. വായിലിട്ട് നുണയുമ്പോഴേക്കും പെട്ടന്ന് അലിഞ്ഞ് പോകുന്ന രൂപമല്ല ഈ മിഠായിയുടേത്, നാവില്‍ മിഠായിയുടെ രുചിയറിയുമ്പോക്കേും ചുണ്ടിലും സ്‌കൂള്‍ യുണിഫോമിലും ഒക്കെ പല്ലൊട്ടിയുടെ കറ ആയിട്ടുണ്ടാകും. പല്ലൊട്ടി വായിലിട്ട് കടിച്ച് ചവയ്ക്കുമ്പോള്‍ പല്ലില്‍ നിറയെ ഒട്ടിപിടിച്ചിരിക്കും. അങ്ങനെ ഈ മിഠായിയ്ക്ക് പല്ലൊട്ടി മിഠായിന്നു പേരും വന്നു. അന്നൊക്കെ അഞ്ചു പൈസ നിലവില്‍ ഉണ്ടായിരുന്നത് കൊണ്ട് ആ  അഞ്ചുപൈസയേ അന്തേട്ടന്‍ ഒരു പല്ലൊട്ടി മിഠായിയ്ക്ക് ഈടാക്കിയിരുന്നുള്ളു. ബസ് ചാര്‍ജ്ജ് 20 പൈസ കൈയിലുണ്ടായാലും സ്‌കൂളിലേക്ക് കൂട്ടുകാരോടൊത്ത് നടന്നു പോകുന്നതിലാണ് രസം പിടിച്ചത്, ആ പൈസക്ക് മിഠായി വാങ്ങാം എന്ന്. കൂട്ടുകാരൊക്കെ ഒരുമിച്ചു കൂടി മിഠായിയും മറ്റും വാങ്ങുമ്പോഴൊക്കെ അവരില്‍ നിന്നും മാറി നില്‍ക്കാന്നു പറഞ്ഞാലും അന്നൊക്കെ വളരെ വിഷമത്തിലാക്കുന്ന കാര്യമായിരുന്നു. പല്ലൊട്ടി മിഠാിയെ കൂടാതെ വേറെയും നിറയെ മധുരപലഹാരങ്ങള്‍ ഉണ്ടായിരുന്നു അന്തേട്ടന്‍റെ  ആ  കുഞ്ഞുകടയില്‍. ഇന്‍റെര്‍വെല്‍ സമയത്തും ക്ലാസ്സ് കഴിയുന്ന സമയത്തുമൊക്കെ അന്തേട്ടന്‍റെ  കടയില്‍ മാത്രം അത്ര തിരക്കായിരിയ്ക്കും. ബസ് ചാര്‍ജ്ജ് കൂട്ടി വച്ചുണ്ടാക്കുന്ന ചില്ലറ പൈസയ്ക്ക് ഇടയ്ക്കിടെ കൂട്ടുകാര്‍ക്കൊക്കെ പല്ലൊട്ടി മിഠായിയും ചുക്കുണ്ടയും മറ്റും വാങ്ങികൊടുക്കുന്നതും ഒരു സന്തോഷമായിരുന്നു, ഞങ്ങളിലെ സൗഹൃദം കൂടുതല്‍ ദൃഡമാകുന്നതിനും ഇത് സഹായിച്ചിരുന്നു. അന്തേട്ടന്‍റെ  കടയിലെ പല്ലൊട്ടിയും നുകര്‍ന്ന് കൂട്ടുകാരോടൊത്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വായുലൂറുന്ന മധുരം പതിന്മടങ്ങ് കൂടിയിട്ടുണ്ടാകും.

      ''സ്‌കുള്‍ കാലഘട്ടത്തിലെ ഓര്‍മ്മകൂടിനുള്ളില്‍ എന്നും നന്മകള്‍ തുളുമ്പുള്ള ഒരായിരം നിമിഷങ്ങള്‍ക്കൊപ്പം മധുരമേറിയ പല്ലൊട്ടി മിഠായിയ്ക്കും ഞങ്ങളുടെ അന്തേട്ടനും ആ  കുഞ്ഞു വലിയ കടയ്ക്കും ഉള്ള സ്ഥാനം എത്രയോ വലുതാണ്.''


www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
amaldevpd@gmail.com

                                                                        *******

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ