ഈ ബ്ലോഗ് തിരയൂ

2017, മേയ് 31, ബുധനാഴ്‌ച

ഗായത്രീമാധവം


........................

ഗായത്രീമാധവം❤
........................

🌧 "പതിവ് തെറ്റിപ്പെയ്യുന്ന മഴയോട് വഴക്കിട്ടായിരുന്നു അമ്മ വീട്ടിലേക്ക് കയറി വന്നത്.

മാധവാ.... ക്ഷേത്രത്തിൽ പോകേണ്ടത് മറന്നുവോ..... നീ..... ?

    ഉമ്മറത്തിണ്ണയിൽ കാലിന്മേൽ കാലും വച്ചിരുന്ന് നേരം സന്ധ്യയായതറിയാതെ പകൽസ്വപ്നങ്ങൾ മാറിമാറികണ്ട്, അവയൊക്കെ അടവച്ചുവിരിയിക്കാനുള്ള തത്രപ്പാടിലായിരുന്ന എന്റെ തലയ്ക്ക് നല്ലൊരു കിഴുക്കു തന്ന് അമ്മ പറഞ്ഞപ്പോഴാണ് അമ്പലത്തിൽ പോയി രാവിലത്തെ പൂജയുടെ പ്രസാദം വാങ്ങേണ്ട കാര്യം ഓർത്തത്. പിന്നെ ചാടിപ്പിടഞ്ഞെഴുന്നേറ്റ് കുളിയും കഴിഞ്ഞ് ഒരുപിടി ഭസ്മവും നെറ്റിയിൽ വാരിത്തേച്ച് ഇറങ്ങി. മഴ അപ്പോഴേക്കും കുറഞ്ഞതുകൊണ്ടാവാം കുട എടുക്കണ്ടാന്നുവച്ചത്."

   വീടിനോടുചേർന്നുള്ള ഇടവഴി കഴിഞ്ഞ് മെയിൻറോഡിലൂടെ കുറച്ച് വേഗത്തിൽത്തന്നെ നടന്നായിരുന്നു അമ്പലത്തിലേക്ക് പോയത്.

   ഇടവഴികളും മെയിൻറോഡും പിന്നിട്ട് അമ്പലനടവഴിയിലേയ്ക്ക് കയറുമ്പോൾ എപ്പോഴും ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ വേലിയേറ്റമായിരിക്കും. കുട്ടിക്കാലംതൊട്ടേ ഇവിടുത്തെ അമ്പലക്കുളത്തിലും, കല്പടവുകളിലും, അരയാൽച്ചോട്ടിലുമെല്ലാം ഞങ്ങൾ ഓടിക്കളിച്ചിരുന്നത് ഇന്നലെ കഴിഞ്ഞപോലെയായിരുന്നു. എന്നും രാവിലെ ഞാനും സ്നേഹിതരും അമ്പലക്കുളത്തിൽ കുളിക്കാൻ വരുമായിരുന്നു, അതിരാവിലെ വന്നിട്ടും മണിക്കൂറുകളോളം നീന്തിക്കളിച്ചിട്ടേ ഞങ്ങൾ തൊഴാൻ ക്ഷേത്രനടയിലേക്കെത്തുകയുള്ളു. അപ്പോഴേക്കും വീട്ടിലെ പെണ്ണുങ്ങൾ തൊഴുത് തിരിച്ച് വീട്ടിലെത്തീട്ടുണ്ടാകും.

   വാഴയില ചീന്തിയെടുത്ത് കഴുകി, അതിൽ പാലപ്പൂവും, നാട്ടുചെത്തിയും തുളസിയുമൊക്കെയായി ഞാനും എന്റെ സഹോദരിയും അയൽവക്കത്തെ ചങ്ങാതിക്കൂട്ടവും പതിവായി അമ്പലത്തിലേക്ക് പോകുന്ന കാഴ്ച ഇന്നും ഉള്ളിന്റെയുള്ളിൽ കെടാവിളക്ക്പോലെ തിളങ്ങിനില്ക്കുന്നു.

    വർഷങ്ങൾ ഏറെ കഴിഞ്ഞു. പഠനം കഴിഞ്ഞ് ഉദ്യോഗമൊക്കെ നേടി,  ചങ്ങാതിമാരും പലരും പലയിടങ്ങളിലായി ജീവിതം കരുപിടിപ്പിക്കുന്നതിനുള്ള തിരക്കിലായി. തിരക്കിട്ട ജീവിതയാത്രയിൽ, വിധിയെന്നപോലെ ദേശങ്ങളും രാജ്യങ്ങളുംതന്നെ മാറിമാറിയുള്ള യാത്രകൾ. തിരികെ വരാത്ത പഴയ നാളുകൾ, പതിവുകൾ, പ്രണയം, എല്ലാംതന്നെ ഓർമ്മകളുടെ ചില്ലുകൂട്ടിൽ സുഖനിദ്രതേടി.

    ഓർമ്മകൾ തളിരിട്ട നാട്ടിടവഴികളിലും, അമ്പലക്കൽപ്പടവുകളിലും കണ്ടുമുട്ടിയ ഒരു പാവാടക്കാരിയുടെ ഗന്ധം, ചിലപ്പോഴൊക്കെ കേട്ടറിഞ്ഞ അവളുടെ കൊലുസ്സിന്റെ ശബ്ദം, അവളുടെ മുടിയഴക്..... ഗതകാലസ്മരണകളിരമ്പി ഓർമ്മകളുടെ ഞാവൽപ്പഴങ്ങൾ പെറുക്കി ഞാൻ രുചിച്ചുനോക്കി....

    വർഷം ഏറെക്കഴിഞ്ഞു, ഈ നാട്ടിടവഴികളും, നടവഴികളും പിന്നിട്ട് വയൽവരമ്പിലൂടെയൊക്കെ നടന്നിട്ട്. മറവിയുടെ ഇരുണ്ട അകത്തളങ്ങളിലേക്ക് ആ പഴയ നല്ലകാലം ചുരുണ്ടുകൂടുന്നതിന് മുൻപ് ഒരിക്കൽക്കൂടെ ആ മധുരം നിറഞ്ഞ നല്ലകാലത്തിന്റെ സ്മരണകൾ നുകരാൻ ദൈവം തുറന്നിട്ട വഴിയാകാം ഈയൊരു വിശ്രമകാലം... ഒരു തുടർച്ചയെന്നോണം ആ പഴയോർമ്മകളിൽ മുങ്ങിനിവരുമ്പോൾ ഒരു ആനന്ദം എന്നെ വരിഞ്ഞുമുറുകുന്നുണ്ട്.

   ഒർമ്മകൾ വരച്ചിട്ട ക്ഷേത്രക്കുളമിന്ന് അനക്കംതട്ടാതെകിടന്ന്, തന്റെ പ്രതാഭകാലത്തെക്കുറിച്ചോർത്തുകിടന്ന് എണ്ണ വറ്റിയ മൺചിരാത്പോലെ, കാലുകഴുകാൻ ഒരുതുള്ളി വെള്ളമില്ലാതെ വരണ്ടുണങ്ങിക്കിടക്കുന്നു. പുതുക്കിപ്പണിത കുളക്കല്പടവുകളിൽനിന്ന് ചെങ്കല്ലിന്റേയും, ഭസ്മത്തിന്റെയും NO:1 സോപ്പിന്റെയും മണമൊക്കെ അകന്നുപോയി. അമ്പലപ്പറമ്പിലെ പാലമരവും, തെച്ചിയുമെല്ലാം എവിടെയോ പോയ് മറഞ്ഞു.

    ദീപാരാധന കഴിയാതെ പ്രസാദം കിട്ടില്ല എന്ന നമ്പൂതിരിയുടെ പ്രതികരണത്താൽ, കാത്തുനില്ക്കുമ്പോഴായിരുന്നു ആ പഴയ പാവാടക്കാരിയുടെ വരവ്. ഉള്ളിൽ ആ വരവ് പ്രതീക്ഷിച്ചിരുന്നപോലെ,...

   "ക്ഷേത്രക്കുളത്തിൽ മണിക്കൂറുകളോളം നിന്തുന്നതിന്റെ രഹസ്യങ്ങളിൽ ഒന്നിവളാണ്. കുളത്തിൽ നീന്താനിറങ്ങിയാൽ വൈകികയറുന്നതിൽ ഒരു കാരണം ഗായത്രിയായിരുന്നു, എന്നും രാവിടെ എട്ടുമണിയോടടുക്കുമ്പോൾ ചുവന്നതും മഞ്ഞ കലർന്നതുമായ പട്ടുപാവാടയുമണിഞ്ഞ്, ഈറൻ മറാത്ത മുടിയിൽ തുളസിയും ചെത്തിയും തിരുകിവച്ച് ക്ഷേത്രപ്പടവുകളേറുന്ന ഒരു നാടൻപെൺകുട്ടി. അവളെ കാണുന്നതിനായി ഞങ്ങൾ ചങ്ങാതിമാർ മിക്കവാറും ദിനങ്ങളും ക്ഷേത്രദർശനവും പതിവാക്കിയിരുന്നു. എന്തുകൊണ്ടോ അക്കാലങ്ങളിൽ കണ്ണനോടുള്ള ഇഷ്ടം എനിക്കും കൂടിവന്നു."

   നീലക്കരയോടുകൂടിയ തൂവെള്ള  സാരിയുടുത്തായിരുന്നു അവളുടെ വരവ്, വലതുകൈയിലെ ചെമ്പുതളികയിൽ അരളിപൂവും, ചെമ്പകവും, തുളസിയും ചെത്തിയും, എണ്ണയും കരുതിയിരുന്നു. ഇടത്തെ കൈയിൽ അവളോടൊട്ടിച്ചേർന്നുനടക്കുന്ന ചെറുകരിമണിവളകളിട്ട ഒരു കൊച്ചുസുന്ദരിയും....

   ദീപാരാധനയ്ക്കുള്ള സമയമായതിനാൽ വളരെ വേഗംതന്നെ അവൾ ക്ഷേത്രത്തിനകത്തു കയറി. ക്ഷേത്രപ്പടിതൊട്ട് നെറുകയിൽ വയ്ക്കുന്നതിനിടെ മുഖം ചെരിച്ചവളെനിക്ക് ഒരു ചെറുപുഞ്ചിരിയേകി. പുഷ്പങ്ങൾ നടയിൽ വച്ച്, കൈകൂപ്പി കണ്ണടച്ചവൾ കണ്ണനെ തൊഴുതുനിന്നു...

   "ഓർമ്മകൾ എന്നെയുംകൊണ്ട് പിന്നെയും പറന്നുയർന്നു. ചെമ്പകപ്പൂവിന്റ ഗന്ധമായിരുന്നു അവൾക്ക്, താമരയിതളിന്റെ നൈർമല്യമായിരുന്നു അവളുടെ കവിളുകൾക്ക്, ഒരായിരം സൂര്യചന്ദ്രന്മാർ ജ്വലിച്ചുനില്ക്കുമായിരുന്നു അവളുടെ കണ്ണുകളിൽ.... തൻപ്രാണനാഥനോട് മനമുരുകി പ്രാർത്ഥിച്ചുനില്ക്കുന്ന ഗായത്രി എന്നും എനിക്കൊരാവേശമായിരുന്നു. അവളിൽ ഞാനെന്റെ പ്രണയപുഷ്പങ്ങളർപ്പിച്ചപ്പോഴും പ്രാർത്ഥന തുടരുകയായിരുന്നു അവൾ....."

     ണിം... ണീം... ണീം....

     "ദീപാരാധന കഴിഞ്ഞ് അമ്മ പറഞ്ഞ പ്രസാദവും വാങ്ങി ആ കുഞ്ഞിക്കരി മണിവളകളിട്ട കൈകളെ ചേർത്തുപിടിച്ച്  അവളെന്റെ മുൻപിൽ വന്നു. കൊച്ചുസുന്ദരിയെ എന്റെ കൈയിലേക്കു തന്ന്, തളികയിലെ പ്രസാദത്തിൽനിന്നും ചെമന്ന കുറിയെന്റെ നെറ്റിയിൽ ചാർത്തിയവൾ, ചെറുചിരിയോടെ പറഞ്ഞു... 💐
ഗായത്രീമാധവം..❤

-------------- അമൽദേവ്.പി.ഡി------------------------

amaldevpd@gmail.com

2017, മേയ് 29, തിങ്കളാഴ്‌ച

കാണാക്കടൽ



--------------



നിദ്രയിലായിരുന്നിന്നു ഞാനോമലേ
നീന്തുന്നതെന്നുമീക്കടലാഴ മറിയാതെ
കൺതുറന്നന്നു ഞാൻ നോക്കിയനേരത്ത്
കാണാക്കടൽക്കരെ നീവന്നു നില്പതും.


മങ്ങിയക്കാഴ്ച്ചയിൽ നിന്മുഖമത്രയും
പാതിമുറിഞ്ഞൊരാ ചന്ദ്രബിംബംപോലെ,
കൺപാർത്തു നീയന്നുതിരകളെ പുല്കിയൊരു
തീരാവ്യഥയായി നിശ്ചലം താണുപോയ്.


തിരയിളക്കിപ്പായും സാന്ധ്യമേഘങ്ങളും
ചിറകടിച്ചുയരുന്ന രാക്കിളിക്കൂട്ടവും
തേടുന്നൊരാനന്ദ, വീചിയിലൂടെയായ്
മൗനമായ് മെല്ലെപ്പറന്നു പറന്നുപോയ്.

ഉപ്പുകാറ്റേറ്റുപിടയുന്ന മൗനങ്ങൾ
ഉടയുന്നു കാർമേഘത്തൊട്ടിലിലാകെവേ
ആഴിതന്നാഴങ്ങളിലാഴ്ന്നു ചെന്നാരോ,
ആർദ്രമായ് ചൊല്ലിയ കവിതപോലെന്നുമേ...


തീരത്തണഞ്ഞ മണൽത്തരിപ്പുറ്റിലെൻ
തീരാമോഹങ്ങളും നിദ്രയിലാണ്ടുപോയ്.
തിരകളെപ്പുൽകിഞാൻ മന്ദം നടക്കവേ
മണലിലെൻകാല്പ്പാടു മായ്‌ക്കുന്നു കാലവും.


കാത്തിരിപ്പിൻ കടലാഴങ്ങളിലാരോ
കാത്തുവച്ചു ള്ളൊരാ താരാഗണങ്ങളെ
തൊട്ടുതലോടുന്ന മോഹങ്ങളുംപേറി
വിണ്ണിലൊരമ്പിളി ചിരിതൂകി നിൽക്കവേ.


മണ്ണിതിൽ നൊന്തുപിടയും മനസ്സുമായ്
കണ്ണുനീർതൂകിയിത്തീരം കവർന്നു ഞാൻ
മൗനമായ് ജന്മജന്മാന്തരങ്ങളിൽ കാത്തി-
രുന്നീക്കടലാഴങ്ങളിലേകനായ്..



------------ അമൽദേവ്.പി.ഡി. -----
amaldevpd@gmail.com
http://www.facebook.com/amaldevpd