ഈ ബ്ലോഗ് തിരയൂ

2019, ഡിസംബർ 18, ബുധനാഴ്‌ച

കാത്തിരിപ്പിന്റെ കാലം


കാത്തിരിപ്പിന്റെ കാലം
------------------------


കാലമിങ്ങനെ നടന്നകലുകയാണ്
കനിവുവറ്റിയ
മനസ്സുമായി.
അതിരുകൾപാകിയ
ബന്ധനങ്ങളിൽ നിന്നും
മുക്തിതേടി
ഞാനുമൊപ്പംകൂടി...

കാത്തിരിപ്പിന്റെ
കാലം കൂടിയാണിത്.

വിധിപടർത്തിയ
നോവുകൾക്കപ്പുറം
ചിരിയകന്ന ഒരുമുഖം മാത്രം.
മഴപ്പാടിന്റെ
വേദനകൾക്കൊപ്പം
ഞാനെന്റെ
കണ്ണുനീർ തുള്ളികളെ
മായ്ക്കാൻ
നിന്റെ കരങ്ങളുടെ
സഹായംതേടി...

ഒടുവിലെയാശയതായി
മാഞ്ഞകലുന്ന
നിഴലുകൾ,
ഞാനെന്റെ
കിനാക്കളെ ഉറക്കിക്കെടുത്തി
നിന്നിലേയ്ക്കാഴ്ന്നിറങ്ങി.

നീ നടന്നകന്നവഴികളിൽ
ഞാനാകാല്പാടുകൾ തേടിയലഞ്ഞു.
കാലമൊരശ്രുബിന്ദുവായി
എന്നിലേയ്ക്ക്
പെയ്തിറങ്ങിയപ്പോഴും
ആനന്ദത്തിന്റെ
അതികാലഭാവം
ഞാനറിയുകയായിരുന്നു.


കാത്തിരിപ്പിന്റെ കാലം.
.......................................
അമൽദേവ് .പി.ഡി
.......................................




Photo courtesy google.

Amaldevpd@gmail.com
Http://www.facebook.com/amaldevpd



കഥപറയും മരങ്ങൾ

കഥപറയും മരങ്ങൾ
...................................


മരങ്ങൾക്കുമുണ്ട് കഥപറയാൻ, മുറിവേറ്റ ശിഖിരങ്ങൾ പൊഴിച്ച കണ്ണീർ പൂക്കളുടെ കഥ. കാടുകയറിയ ചിന്തകൾക്കൊപ്പം മുറിവേല്പിച്ച മനുഷ്യനഖങ്ങളുടെ കാരുണ്യമകന്ന കാഴ്ച്ചകളുടെ കഥ.

കാലങ്ങൾ, പെയ്ത മഴയും കൊണ്ട വെയിലും മറക്കില്ല. എന്റെ ഉൾത്തുടിപ്പുകളിൽ മഴുവെറിഞ്ഞ കൈകളെ മാപ്പ്. എന്റെ രക്തമൂറ്റി മഴയായി നിന്റെ ദാഹമകറ്റിയപ്പോഴും നീയറിഞ്ഞില്ല നിന്റെ നാളെകൾ നിനക്കന്യമാകുകയാണെന്ന്.


ഇനിയുമീവഴി കൈകളിൽ മഴുവുമേന്തി മനുഷ്യമണം നടന്നു പോകും. അവന്റെ ചിന്തകളിൽ വിടർന്ന മണിമാളികകൾ, അതിനായവനെന്റെയടിവേരുകൾ ഒന്നൊന്നായി മുറിച്ചുമാറ്റും. ആത്മാവിനേറ്റ മുറിവിന്റെ വേദനസഹിച്ച് ഞാനീമണ്ണിലടർന്നുവീഴും. എന്റെയുടലിനെ നിങ്ങളുയർത്തി കൊണ്ടുപോകും, എന്റെ ശിഖിരങ്ങൾ കൈകൾ ഇവിടെ ബാക്കിയാകും...



" എരിയുന്ന വേനലിൽ ചുടുവേരു തേടി
ഒരു മഴുവിന്നു പറന്നുവന്നു.
മധുരമില്ല പ്രേമം കിനിയുന്ന തണലുമില്ല
കിളികളില്ല ഹൃദയത്തിൽ സ്നേഹമില്ല
നിഴലുകൾ നിഴലുകൾ ഞങ്ങളിന്നു,
മഴപ്പാടുംതേടി നോക്കി നിന്നു."

" അപ്പോഴൊക്കെ ഞാനും നീയുമടങ്ങുന്ന ജന്മങ്ങൾ വെറും നീരുവറ്റിയ തോലുകൾ മാത്രം. "



കലാന്തരങ്ങളായി ഞാനിവിടെ നിൽക്കുന്നു, എന്റെ സഹോദരങ്ങളെ വെട്ടിവീഴ്ത്തിയ നന്മമടങ്ങിയ മനുഷ്യവംശത്തെകുറിച്ചോർത്ത് പരിതപിക്കുകയല്ലാതെ ഞങ്ങൾക്കെന്തു ചെയ്യാൻ കഴിയും. നിങ്ങൾ ഇല്ലാതാക്കുന്നത് നിങ്ങളുടെ തന്നെ ജന്മത്തെ തന്നെയാണ്. നിങ്ങളുടെ ഭാവിയെയാണ്. നിങ്ങളുടെ നീതിയെയാണ്.

അറിയുക അവസാനിക്കുന്നില്ല ഒരു ജന്മവും, ഞാനും നീയും ഈ പ്രപഞ്ചത്തിന്റെ സർവ്വസൃഷ്ടികളും പുനർജനിക്കും. അതാണ് പ്രപഞ്ചനീതി. പ്രപഞ്ചധർമ്മം. അന്ന് നീയൊരുമരമായിരിക്കും. ഞാനൊരു പക്ഷിയോ, മൃഗമോ, മനുഷ്യനോ ആയിരിക്കാം...

നിന്റെ ശിഖിരത്തിൽ പക്ഷിയായിരിക്കുന്ന ഞാൻ കൂടുകെട്ടും. നിന്നിലുള്ള എന്റെ വിശ്വാസമാണ് അത്.

നിന്റെ തണലിൽ മൃഗമായഞാൻ വിശ്രമിക്കും. നിന്നിലുള്ള വിശ്വാസമാണ് അത്.

നിന്റെ ശിഖിരങ്ങളെ നിന്റെ ദേഹത്തെ കണ്ട മനുഷ്യനായ ഞാൻ എന്തു ചെയ്യണം, ഇന്നു നീയെന്റെ തലമുറയോട് ചെയ്തപോലെ ഞാനും മഴുവെറിയട്ടെ, നിന്റെ കണ്ണീരിന് വിലയിടട്ടെ....



"മതിലുകൾക്കിരുവശത്തായി രണ്ടു കണ്ണുകൾ, ചിതലെടുത്ത സ്വപ്നങ്ങളുടെ ചിരിവറ്റിയ നേർസാക്ഷ്യം.... ഒട്ടുദൂരം നടക്കാനുണ്ട്, ഇനിയും ഈ പാതയോരത്ത് തണൽ വിരിക്കാൻ ഒരു വാകമരമായി ഞാൻ ജനിക്കും. അതിൽ നിറയെ ചുവന്ന വാകപ്പൂക്കളുണ്ടാകും. ഒരു പൂവ് നിനക്കുള്ളതാണ്. നിനക്കായി പൊഴിച്ച ആ പൂവെടുത്ത് നിത്യതയുടെ വെള്ളിനൂലിഴകൾ പാകിയ ചക്രവാളസീമയിലേയ്ക്ക് നടക്കണം. അവിടെ ചോരപുരണ്ടകീറത്തുണിയിൽ പൊതിഞ്ഞുകെട്ടിയ രണ്ടു കൈകളുണ്ടാകും, നീയരിഞ്ഞുവീഴ്ത്തിയ എന്റെ ശിഖിരങ്ങളാണ്. നിന്റെ പ്രേമോപഹാരമായി ആ വാകപ്പൂവ് എന്റെ കൈകളിലേയ്ക്ക് വയ്ക്കാം. "



കഥപറയും മരങ്ങൾ.... അമൽദേവ്.പി.ഡി...........


Amaldevpd@gmail.com
Http://www.facebook.com/amaldevpd
Http://www.youtube.com/amaldevpd





2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ചിറക് 1

ചിറക് 1

"അകകാമ്പുകളില്ലാത്ത നോവലിന്റെ നിറംകെട്ട പുറംചട്ടയായി അവരുടെ ദാർഷ്ട്യം ഒരഭംഗിയായി നിലകൊള്ളുന്നു. അതിരുകൾ കെട്ടിത്തിരിച്ച് സ്വയംഭാവത്തിൽ ആനന്ദം കണ്ടെത്തുന്ന ഇവരുടെ കൈകൾ എന്നും ബന്ധനത്തിലാണെന്ന സത്യം അവരറിയാതെ പോകുന്നു."

' ചിലരങ്ങനെയാണ്. ഇതെന്റെ സാമ്രാജ്യമാണ് എന്റെ വഴികളാണ് എന്റെ ചിന്തകളും എന്റെ തീരുമാനങ്ങളുമാണ്... തുടർച്ചയായി സ്വന്തമഹത്തെ ബോധ്യപ്പെടുത്താൻ മറ്റുള്ളവരോട് ഞാനെന്ന ഭാവത്തെ പുകഴ്ത്തിപ്പുകഴ്ത്തി മണ്ണടിയുന്നു. വിട്ടുവീഴ്ച്ചകൾ വിധിയുടെ പാഴ് വേലകളാണെന്ന് കല്പിച്ച് കാലത്തിന് മേൽ കാരിരുമ്പിന്റെ ശക്തിയേറിയ വാക്കുകളെറിഞ്ഞ് സ്വയം നാറുന്നു. ചിലരങ്ങനെയാണ്...'

വെറും പുറംചട്ട മാത്രമാകും അവർ. ഒരു ബ്ലാങ്ക് പേജ്. ഒന്നുമില്ലാത്ത ജീവിതം. ഇതും ഒരു ജീവിതമാണെന്ന് കരുതിക്കൂട്ടി പറഞ്ഞൊപ്പിക്കാൻ പ്രയാസപ്പെടും. പെട്ടന്നുള്ള ദേഷ്യപ്രകടനങ്ങൾ, മുൻകോപങ്ങൾ, കളിയാക്കലുകൾ എല്ലാം ഇവരുടെ സ്വഭാവസവിശേഷതകൾ. പറയണമെന്നുണ്ടാകില്ലെങ്കിലും നിസ്സാരകാര്യങ്ങളെ ചുറ്റി'നൂറുനാവിന്റെ നുണക്കഥകളുണ്ടാകും വിളമ്പാൻ. കേട്ടിരിക്കുന്നവന്റെ മാനസികനില തകർക്കുന്ന വിലകുറഞ്ഞ വാക്പ്പോരുകൾ. ചിലതെല്ലാം അവിടെയും വിധിയുടെ വിദൂരക്കാഴ്ച്ചകളായി അവശേഷിക്കുന്നു.

എന്തിനായിരുന്നു ഞാൻ എന്റെ യാത്ര തുടങ്ങിയത്. ?
ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നതെന്തിന്. ?
ഒട്ടേറെ മുഖങ്ങൾ കണ്ടു. വിവിധങ്ങളായ നിഴലുകൾ...



തുടരും.........

Amaldevpd@gmail.com


2019, ജൂൺ 18, ചൊവ്വാഴ്ച

കടൽ തീരങ്ങൾ താണ്ടി....

കടലിന്റെ ആഴങ്ങളിൽ നിറയെ മുത്തുകൾ ഉണ്ടെന്ന്...!
നല്ല തിളക്കമുള്ള നീലവർണ്ണമുള്ള മുത്തുകൾ...🙂
അവളുടെ മിഴികളിൽ ആ മുത്തെടുക്കാനുള്ള മോഹമാണ്...🤗🤗
തിരകൾ ഇടയ്ക്കിടയ്ക്ക് അവയെ ഈ മണൽപരപ്പിലേയ്ക്ക് കൊണ്ടുവരും...😍
ഞാനത്തെടുത്ത് അവൾക്ക് കൊടുക്കും...🙂
അപ്പോൾ അവൾ ചിരിക്കും...😊😊😊
സ്നേഹമൂറുന്ന മധുരമുള്ള ചിരി... ❤️❤️❤️


cc

conta

എന്നന്പിളിപ്പൂവിനെ കാണാൻ....

മാനത്ത് പൂത്തൊരാ...അന്പിളിപ്പൂവിനെ...
കാണുവാൻ ഞാനാ... തോണിയേറിപോയി....
( മാനത്ത് പൂത്തൊരാ... )

ഓളപ്പരപ്പിലെ താളമായി,
എന്റെ മോഹങ്ങൾ
തുഴയെറിഞ്ഞെങ്ങോപോയി...
( മാനത്ത് പൂത്തൊരാ... )

കായലിനറ്റത്ത് കവിതകുറുക്കുന്ന...
കായലിനറ്റത്ത് കവിതകുറുക്കുന്ന
കരിനീലകണ്ണുള്ള പെണ്ണിന്റെ
കിളിക്കൊഞ്ചൽ കേട്ടു... ഞാൻ...
അവിടെയന്നേരം എത്തിയപ്പോൾ എന്തേ...
ചിരിമണിമുത്തുകൾ ചിരിച്ചുടഞ്ഞു...
അവളുടെ ചിരിമണിമുത്തുകൾ ചിരിച്ചുടഞ്ഞു...
( മാനത്ത് പൂത്തൊരാ... )

രാത്രിതൻ ശീതളഛായയിലവളോരു,
ചാരുമുഖിയായി തെളിഞ്ഞു നിന്നു
എന്റെ അന്പിളി പൂവായി വിടർന്നു നിന്നു...

നീലനിഴൽ വീണ കായൽക്കരയിൽ...
നിദ്രമറന്നു ഞങ്ങൾ പാടിയപാട്ടുകൾ
ആരും കൊതിക്കുന്ന,
ഹൃദ്യമാം പ്രേമത്തിൻ നൂലിഴ പാകിയ നേരം
അവളൊരു ദേവതയായി ഇറങ്ങി വന്നു...
എന്നുള്ളിൽ... നിലാമഴയായി പെയ്‌തിറങ്ങി....

( മാനത്ത് പൂത്തൊരാ... )


contact:    amaldevpd@gmail.com
follow my blog:  http://www.mizhipakarppukal.blogspot.in




2019, ഏപ്രിൽ 8, തിങ്കളാഴ്‌ച

വരിമറന്ന കവിത


...........................

ഉടലാകെ ഉരുകുകയാണ്
പ്രണയത്തിന്റെ
തീപ്പൊള്ളലേറ്റുവെന്തമനസ്സും,

മഴമടങ്ങിയവഴിയോരങ്ങളിൽ
ഒരു യാചകമുഖം
വികൃതമായിചിരിച്ചു.

അവളുടെ ഓർമ്മക-
ലടർന്നുവീണ്
ഭൂമിപിളർന്നു...
അതിന്റെയാഴങ്ങളി-
ലൊരുസൂര്യൻ
തപസ്സിരുന്നു.

നാടുതെണ്ടികിട്ടിയ
നാലണതുട്ടിൽ
അവൾക്കുള്ള
സമ്മാനപ്പൊതിയൊരുക്കി
ആ ഭ്രാന്തൻ
പിന്നെയും ചിരിച്ചു.

മധുരമൊഴുകുന്ന
ചിരിയുമായവൾ
മടിമായാതെ
ഏറ്റുവാങ്ങിയാ...
സമ്മാനങ്ങളൊക്കെയും.

മറവിയുടെ
മാറാലമൂടിയ
പെൺമനസ്സിൽ
പ്രണയമൊരു
ചിതല്പുറ്റുപോലെ
വളർന്നുവന്നു.

വെയിലടർന്നു
മഴവീണുടഞ്ഞപ്പോൾ
ആചിതൽപുറ്റും
മണ്ണിലലിഞ്ഞു.

നിറംമങ്ങിയ
കടലാസുപൂവിനെ
ചിതയിലെറിഞ്ഞു,
കവിതമൂളിയവൾ
പറന്നുപോയി.

പാതിയിൽ,
വഴിയറിയാതെ
ഒഴുക്കുനിലച്ച
പുഴപോലെ
ഞാനാതെരുവിലേകനായി...

വിധിപകർന്ന
വിമൂകതയിൽ
വരിമറന്ന
കവിതപോലെ
ഞാനീമണൽത്തരികളെ
ചുംബിച്ചുകൊണ്ടിരുന്നു....


........... അമൽദേവ് .പി. ഡി.........................................

http://www.facebook.com/amaldevpd


2019, മാർച്ച് 21, വ്യാഴാഴ്‌ച

ചിരിയുടെ തമ്പുരാനൊപ്പം...


ചിരിയുടെ തമ്പുരാനൊപ്പം, എത്രയെത്ര സിനിമകൾ.... ഞങ്ങളെ ചിരിപ്പിച്ച് സന്തോഷത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു പടയോട്ടം തുടർന്നു.

പെട്ടന്നായിരുന്നു ആ വാർത്ത കേട്ടത്....

തിരിച്ചുവരും എന്നറിയാമായിരുന്നു. വിശ്വാസമായിരുന്നു.

തിരിച്ചുവരവിന്റെ ആ ശുഭമുഹൂർത്തത്തിൽ പങ്കുചേരാൻ എനിക്കും കഴിഞ്ഞു.

ചിരിയുടെ തമ്പുരാനൊപ്പം.... :)

2019, ഫെബ്രുവരി 28, വ്യാഴാഴ്‌ച

വന്യതയുടെ സൗന്ദര്യം ആസ്വദിച്ച് ഇത്തിരിനേരം...

വന്യതയുടെ സൗന്ദര്യം ആസ്വദിച്ച് ഇത്തിരിനേരം...

"കാട് എന്നും ഒരു ഹരമാണ്, പച്ചിലപ്പടർപ്പുകളുടെ ഇടതൂർന്ന കാനനഭംഗി. "

ഇടയ്ക്ക് കാട് കയറും, കാടിനെ കുറിച്ചുള്ള ഓർമ്മകൾക്ക് മുന്നിൽ ഇങ്ങനെ നിൽക്കും...

എല്ലാം മറന്ന്, ആ കാവ്യസങ്കല്‌പത്തിന്റെ ഇരുൾ നിറഞ്ഞ വഴികളിലൂടെ നടക്കും. ഓരോ ഇലകളും, മരവും, പൂക്കളും, കായ്ക്കളുമെല്ലാം ആ കാടിന്റെ സൗന്ദര്യമാണ്. കാട്ടരുവികളിൽ കാലിടറാതെ നടക്കണം... 
amaldevpd@gmail.com
Http://www.facebook.com/amaldevpd



2019, ജനുവരി 28, തിങ്കളാഴ്‌ച

പ്രണയം

പ്രണയം
...............


വെയിൽച്ചില്ലകളാടുന്നു
മഞ്ഞിനീറൻ പുൽമെത്തയിൽ
വാടിവീഴുന്നു ചെമ്പകം,
തൊടിയിലാരോനട്ട
മുല്ലവള്ളിയും തളിർത്തു.

വർണ്ണചിറകുകൾ വീശിയൊരു
ശലഭമീവഴിവന്നനേരം
മന്ദാരപൂവിലിരുന്ന
കുഞ്ഞികുരുവിതൻകിന്നരം
കേട്ടുനാണത്തിൻ
നറുതേൻ നുണഞ്ഞവൾ...

ഒരു ചാറ്റൽമഴ
പതിയെ താളത്തിൽപെയ്തിറങ്ങി.
ഈറനണിഞ്ഞ മണ്ണിൽ
പ്രണയിനിയുടെ
കാലൊച്ചകേട്ടു ഞാൻ.

വിടർന്നകണ്ണിൽ
ചുവന്ന ചെമ്പരത്തി വിരിഞ്ഞുനിൽക്കുന്നു,
രണ്ടു മൈനകൾ
അനുരാഗവിവശരായി
ബദാം മരക്കൊമ്പിലിരിക്കുന്നു.
പടിഞ്ഞാറൻ കാറ്റിന്റെ
ശീതളഛായയിൽ
കാച്ചിയഎണ്ണയിട്ട മുടിയിഴകൾ പാറിപ്പറന്നു...

കണ്മഷിപടർന്ന പുരികങ്ങൾ
ഇളം ചുവപ്പാർന്ന ചുണ്ടുകൾ
കാളിദാസന്റെ കവിഭാവനയിൽ വിരിഞ്ഞ
പെണ്ണിന്റെ ഭംഗി,
മധുരം കിനിയുന്ന ചെറുചിരിയമ്പുകൾ...

ചിതലരിച്ച ആണ്മനം
ചിരിവറ്റിയ ചുണ്ടുമായി
ആ പെണ്മനത്തിൻ ഹൃദയമേറ്റുവാങ്ങി.

മാനത്തന്തിവെയിൽ
ഛായംതേച്ചു മിനുക്കിയ സ്വപ്നങ്ങൾതേടി
ആകാശപറവകൾ പറന്നു പോകുന്നു.
പ്രണയം പകർന്ന കൈകളിൽ
ചെറുചൂടു പകർന്ന്
അവൾക്കൊപ്പം ഞാനും...

കവിതയിൽ കുടുങ്ങിയ
കഥപോലെ
അവളുടെ നഗ്നപാദങ്ങൾ
ആ കടൽക്കാരയാകെ നിറഞ്ഞു.
ഞാനെഴുതിതീർത്ത കവിതയായിരുന്നവൾ
ഇനിയും എഴുതാനുണ്ടെന്ന തോന്നൽ
ബാക്കിവച്ച രാത്രികൾ,
പകൽ മായുമ്പോഴൊക്കെ
പരിഭവങ്ങൾ പറഞ്ഞും
പിണങ്ങിയും ഇണങ്ങിയും
നാലുചുവരുകൾക്കുള്ളിലെ പ്രണയം...

അലസമൊഴുകുന്നപുഴപോലെ
ചിലപ്പോലലതല്ലിയടുക്കുന്ന തിരകൾപോലെ,
ഒരു പൂമൊട്ടായ്‌ വിരിഞ്ഞവളെന്റെമാറിൽ
തലചായ്ചുറങ്ങും നേരം,
മധുരം നിറഞ്ഞ
സ്നേഹം നിറഞ്ഞ
ഒരു തലോടലവൾക്കായേകും ഞാൻ.
അവിടെ നിത്യതയുടെ പൂക്കൾ വിടരും
അതൊരു ജീവിതമാണ്
ഒരു പ്രണയമാണ്...

...... അമൽദേവ് . പി. ഡി ............


Http://www.facebook.com/amaldevpd





2019, ജനുവരി 9, ബുധനാഴ്‌ച

അഭിനിവേശം ഒപ്പം അഭിമാനവും 📽️

ഒരുതരം അഭിനിവേശമാണ്, ഒപ്പം
അഭിമാനവും ഉന്മാദവും സന്തോഷവും പകരുന്നതാണ് എനിക്ക് ഈ ജോലി.


വർഷങ്ങൾ കടന്ന് പോയി...

ചാലക്കുടിയിൽ നിന്ന് തുടങ്ങിയ മീഢിയ പ്രവർത്തനം കൊച്ചിയും കോഴിക്കോടും തൃശ്ശൂരും പിന്നിട്ട് വീണ്ടും ചാലക്കുടിയിൽ എത്തി നിൽക്കുന്നു.

ഒപ്പം നിന്ന സൗഹൃദങ്ങൾ,..

ഏറെ സന്തോഷകരം, ഓർമ്മകളുടെ പിന്നാമ്പുറങ്ങളിൽ തടിച്ചുകൂടുന്ന നിമിഷങ്ങൾ ഒപ്പിയെടുക്കാൻ തിടുക്കം കൂട്ടുന്ന എന്റെ വാശി...

തുടരും.....

ഒരുതരം അഭിനിവേശമാണ്, ഒപ്പം
അഭിമാനവും ഉന്മാദവും സന്തോഷവും പകരുന്നതാണ് എനിക്ക് ഈ ജോലി.

Photo clicked by: O.A.Arunbabu.


വർഷങ്ങളേറെ കഴിഞ്ഞു, ഒരു ഏപ്രിൽ 20...


വർഷങ്ങളേറെ കഴിഞ്ഞു, ഒരു ഏപ്രിൽ 20... പതിനൊന്നു മണിയോടടുത്ത സമയം. ജോലി തേടി നടന്ന എന്റെ നിഴലുകൾ അന്ന് ചാലക്കുടിയുടെ മണ്ണിൽ പതിഞ്ഞു.
പിന്നീടാനിഴൽ എ സി വി എന്ന ലോകത്തിന്റെ വാതിൽക്കൽ വന്ന് നിൽക്കുന്നു,...
കണ്ണട വച്ച്, ഒരു പേനതുമ്പിൽ താൻ തീർത്ത വൈവിദ്ധ്യങ്ങൾ നിറഞ്ഞ വാർത്താലോകത്തിന്റെ മാധുര്യം സ്വയം രുചിച്ച് ഇരിക്കുന്ന (ഇപ്പോഴത്തെ ഇൻഫോ നഗരം ) കൊരട്ടിയിലെ കോനൂർകാരൻ ഒ.എ.അരുൺ ബാബു. ആദ്യകാഴ്ച്ചയിൽ തന്നെ സൗഹൃദത്തിന്റെ നാൾവഴികൾ രചിച്ച് യാത്ര തുടർന്നു.
മാധ്യമലോകത്തിലെ സൗഹൃദങ്ങൾക്ക്, നേരമ്പോക്കുകൾക്ക്,  കാര്യഗൗരവങ്ങൾക്ക് എല്ലാം വഴിയൊരുക്കിയ സമസ്തയിലെ തുടക്കക്കാരൻ പിന്നീട് ചാലക്കുടിയും കടന്ന് ദേശങ്ങൾ താണ്ടി മാധ്യമ വിചാരണകൾ ഏറ്റുവാങ്ങിയപ്പോഴും വിധിയൊരുക്കിയത് ആ പഴയകാലത്തിന്റെ നർമ്മവും നീതിയും ഉൾക്കൊള്ളുന്ന ദിനങ്ങളിലേക്കുള്ള തിരിച്ചുവരവാണ്.
നിശ്ഛയദാർഢ്യത്തിന്റെയും ആത്മധൈര്യത്തിന്റെയും വഴിയിലുടെ അന്ന് തുടങ്ങിയ യാത്ര ഇന്നും തുടരുന്നു. ഒട്ടേറെ സൗഹൃദങ്ങൾ കടന്നുപോയി. കടലാസുതോണിപോലെ ചിലതെല്ലാം തകർന്നുപോയി, ചിലത് കരിങ്കല്ലുപോലെ ഉറച്ചു നിന്നു.
കാലങ്ങൾക്ക് ശേഷം ജോലിയുടെ ഭാഗമായി വീണ്ടും ചാലക്കുടിയുടെ മണ്ണിൽ മടങ്ങിയെത്തിയപ്പോൾ ഒരു മടിയും കൂടാതെ ആദ്യം വിളിച്ചതും ഈ സൗഹൃദമായിരുന്നു.
ഇന്നും ഓർമ്മകളുടെ വേലിയേറ്റത്തിൽ ചില സൗഹൃദങ്ങൾ മായാതെ പൊന്തിവരുന്നത് മനസ്സിന് ഏറെ സന്തോഷം പകരുന്നു.

 Friendship is best in life .... ❤️