ഈ ബ്ലോഗ് തിരയൂ

2016, മേയ് 31, ചൊവ്വാഴ്ച

നന്മയുടെ നല്ല പാഠങ്ങൾ..

പുത്തനുടുപ്പും ബാഗും കുടയുമൊക്കെയായി കുഞ്ഞിക്കാലടി വച്ച് ചെറുമഴച്ചാറ്റലിൻ കുളിർമയിൽ അവർ നടന്നു. ഉള്ളിൽ കിലുകിലെ ചിരിക്കുന്ന പുത്തനനുഭവങ്ങളുടെ പെരുമഴയിൽ കുളിചോരുങ്ങാൻ - അക്ഷരങ്ങളുടെ തണൽമരചോട്ടിൽ കളിച്ചുല്ലസിച്ചും പുതിയ കൂട്ടുകാരെ തേടിയും അവർ അവരുടെ ലോകം പടുത്തുയർത്തുന്നു. ''കുഞ്ഞു കണ്ണിൽ ആദ്യമായി വിരിഞ്ഞ പുസ്തകതാളിന്റെ ഗന്ധവും നിറങ്ങളും ക്ലാസ് മുറിയും ചോക്കും സ്ലേറ്റും പെൻസിലും ബെഞ്ചും ഡസ്കകും മണിയടിയും.... ഒക്കെ ഇന്നലെയുടെ ഓർമ്മകളായി മാറ്റി നിർത്തിയ നമുക്ക് , ഇന്നിത് തികച്ചും ആനന്ദം നല്കുന്ന ഒന്നാണ്.''
''അക്ഷരങ്ങളുടെയും അറിവിന്റെയും ആനന്ദത്തിന്റെയും അതിരുകളില്ലാത്ത ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്ന നവമുകുളങ്ങൾക്ക് - നന്മയുടെ പാതയിൽ സഞ്ചരിക്കാനും, നല്ല പാഠങ്ങൾ പഠിക്കാനും, നല്ലൊരു ലോകം പടുത്തുയർത്തുന്നത്തിനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.''

''ഈ മരം ഏങ്കളുടെത്'' '' ഈ പുഴ നമ്മുടെത്''

               
  '' പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളും സമരക്കാരും അതിരപ്പിള്ളിയിൽ ഇതിനകം എത്തിയിട്ടുണ്ട്. കാടിളക്കുന്ന ശബ്ദ ത്തോടെയും, വായ്മൂടികെട്ടിയും ഒക്കെ  സമരം നടത്തിയവർ. ഒരു നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്നത് ആ നാടിന്റെ മുക്കിലും മൂലയിലും പണിതുയർത്തുന്ന ഗോപുരങ്ങളിലും പ്രതിമകളിലും മാത്രമായി ഒതുങ്ങുന്നില്ല. ആ നാടിനു ജീവജലം നല്കുന്ന പുഴയെ, തണലേകുന്ന മരങ്ങളെ, കാടിനേയും പുഴകളെയും നിലനിർത്തുന്ന സസ്യജന്തുജാലങ്ങളെ ഒക്കെ  അതിൽ ഉൾപ്പെടുത്തേണ്ടി വരും. അതിനേക്കാളുപരി കാടിന്റെ മക്കളായി ജീവിച്ചുപോരുന്ന നിരവധി ആദിവാസി ജനവിഭാഗങ്ങൾ. അവർക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ നാം കണ്ടില്ലെന്നു നടിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമാണ്. കാടും പുഴകളും ഇവിടെത്തെ ജീവജാലങ്ങളെയും ഇല്ലാതാക്കി  ചാലക്കുടി പുഴയിൽ ഇനിയൊരു ജല വൈദ്യുതപദ്ധതികൂടി വന്നാൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ട്ടമാകുമോ എന്നതിലുപരി നിരവധി സസ്യജന്തുജാലങ്ങളും അവയുടെ വാസസ്ഥലവും നഷ്ട്ടമാകുന്നു എന്ന ചോദ്യം ഉയർത്തുന്ന ആശങ്കകൾ നാം കണ്ടില്ലെന്നു നടിക്കുന്നത് വേദനാജനകമാണ്. വംശനാശഭീഷണി  നേരിടുന്ന സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാന്പൽ, കടുവ, ആന, ഉരഗ വർഗങ്ങൾ, മത്സ്യങ്ങൾ, ചിത്രശലഭങ്ങൾ  തുടങ്ങി നിരവധി  വരുന്ന വന്യജീവികൾക്കും ജല ജീവികൾക്കും വാസസ്ഥലമില്ലാതാകുന്നതും പദ്ധതി വരുന്നതിൽ ഉയർന്നുവരുന്ന ചോദ്യങ്ങളാണ്. ഡാം പണിതുയർത്തി കഴിഞ്ഞാൽ ഇല്ലാതാകുന്ന ആദിവാസി ഊരുകൾ, കേരളത്തിൽ അവശേഷിക്കുന്ന മഴക്കാടുകളിൽ ഒന്നായ വാഴച്ചാൽ വനമേഖലയിലെ 140 തിലധികം വരുന്ന വനഭൂമി ഈ ഡാം വരുന്നതിലൂടെ ഇല്ലാതാകാൻ പോകുന്നത് ആശങ്കയും അതിലുപരി പേടിപ്പെടുത്തുന്നതും ആണ്.''

                  '' കാടും നാടും സംരക്ഷിക്കേണ്ടത് തന്നെ. അതിൽ കാടിന് നല്കേണ്ട മുൻഗണന തികച്ചും അർത്ഥവത്തായ തീരുമാനമാണ്. നമ്മുടെ ഭൂമിയിലെ സസ്യജന്തുജാലങ്ങളിൽ ഏകദേശം മൂന്നിൽ രണ്ടു ഭാഗം ജീവിക്കുന്നത് മഴക്കാടുകളിലാണ്. അപൂർവ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും കണ്ടുവരുന്നതും ഈ മഴക്കാടുകളിലാണ്. മഴക്കാടുകളുടെ ഊർജ്ജസ്രോതസ്സ് സൂര്യൻ തന്നെയാണ്. മരങ്ങളും പുഴകളും ഇല്ലാതാകുന്നതോടെ മഴക്കാടുകളിൽ എന്നല്ല നഗരപ്രദേശങ്ങളിലും മഴ ലഭിക്കുന്നത് ഇല്ലാതാകുന്നു. ഈ കഴിഞ്ഞ വേനലിൽ നാം ഏറെ അനുഭവിച്ചതും അത്തരത്തിലുള്ള ഒന്നാണ്. സൂര്യതാപമേൽക്കുന്നതും, ഭൂമി വറ്റി വരണ്ടുണങ്ങി കൃഷിയും മറ്റും ഉണങ്ങിക്കരിഞ്ഞു പോകുന്നതും ജന്തുജാലങ്ങളും പക്ഷികളും അടക്കം നിരവധി ജീവജാലങ്ങൾ ചൂട് താങ്ങാനാവാതെ ചത്തു പോകുന്നതും നമുക്ക് കാണേണ്ടി വന്നു.''

  ''ഈ മരം  ഏങ്കളുടെത്'' '' ഈ പുഴ നമ്മുടെത്'' 


                                 

                 ''അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിയിൽ കാണാം വഴിയോരങ്ങളിലെ മരങ്ങളിലെല്ലാം മുളയിൽ എഴുതിവച്ച വാക്കുകൾ. മാറി മാറി വരുന്ന സർക്കാരുകൾ അവരുടെ രാഷ്ട്രീയലാഭം കണക്കിലെടുത്ത് ജനങ്ങളുടെ താല്പര്യം കണക്കിലെടുക്കാതെ ത്വരിതഗതിയിൽ എടുക്കുന്ന തീരുമാനങ്ങൾ അവ എത്രമാത്രം അവിടെത്തെ ജന വിഭാഗങ്ങളെ ബാധിക്കുന്നു എന്ന് ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ്. സമൂഹിക പ്രവർത്തകരിലും, അതുപോലുള്ള ഒരു വിഭാഗം ആളുകളിലും മാത്രം ഒതുങ്ങിപോകുന്നു ഇത്തരം  സമരങ്ങൾ എന്നതും വേദനാജനകമായ ഒന്നാണ്. മുന്പെങ്ങും ഇല്ലാത്ത തരത്തിൽ ജനനന്മ ലക്ഷ്യം വച്ച് ഇത്തരം സാമൂഹ്യപ്രവർത്തനത്തിനു നിരവധി ആളുകൾ മുൻപോട്ടു വരുന്നു എന്നുള്ളത് തികച്ചും സ്വഗതാർഹമായ കാര്യമാണ്. കാടിനേയും മലകളെയും പുഴകളെയും ജീവജാലങ്ങളെയും ഒക്കെ അറിഞ്ഞുകൊണ്ട് ഇന്നത്തെ പുതുതലമുറ നടത്തുന്ന കല - സാംസ്ക്കാരിക പരിപാടികളും വിനാശകരമായ ഇത്തരം പദ്ധതിക്കെതിരായ നല്ലൊരു സമരമാർഗമാണ്. കാടിനേയും പുഴയേയും സ്നേഹിച്ചു  വനയാത്രകൾ സംഘടിപ്പിച്ചും പുതിയ തലമുറക്കാർ സമൂഹത്തിൽ വളർന്നു വരുന്നു.''

   കേരളത്തിലെ ഏറ്റവും വലിയ ജലസ്രോധസ്സുകളിൽ ഒന്നാണ് അതിരപ്പിള്ളി പദ്ധതിക്ക് തിരഞ്ഞെടുത്ത പ്രസ്തുത പ്രദേശം. മനുഷ്യജീവനെന്നല്ല, കാട്ടിലെ ജീവികൾക്കും അവയുടെ ജീവൻ  നിലനിർത്താൻ മരങ്ങളും പുഴകളും എല്ലാം ആവശ്യമാണ്.
നിലപാട് കടുപ്പിക്കും മുന്പ് സർക്കാരിനു അതിരപ്പിള്ളി പദ്ധതി വന്നലുണ്ടാകാവുന്ന നഷ്ട്ടങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിഞ്ഞാൽ കേരളത്തിലെ അവശേഷിക്കുന്ന മഴക്കാടുകളും സസ്യജന്തുജാലങ്ങളും  ആദിവാസി വിഭാഗങ്ങളും എല്ലാം ഇനിയും നിലനില്ക്കും, ഇനിയുള്ള കാലങ്ങളിലും ഈ മനോഹാരിതയും കുളിർമയും മഴയും കാറ്റും എല്ലാം നിലനിൽക്കും എന്നത് യാഥാർത്ഥ്യമാണ്.


 ''ഇനിയില്ല തബ്രാ എങ്കയ്യേ
  ഈ കാടല്ലാതൊരു സന്പാദ്യം
  കുളിർചൊരിയും കാട്ടരുവിയും
  ജീവനേകും പുഴയും
  മലനിരകൾ നിരനിരയായ്
  മഴമേഘം തുടികൊട്ടും
  മഴയില്ലാതൊരു മനമില്ല തബ്രാ...
  പണിയല്ലേ ഇവിടൊരണകെട്ടിന്നു,
  നാളെ മരിക്കും പുഴയും കാടും
  കാടുണർത്തും കിളിയും കാട്ടാനയും
  മഴക്കാത്തിരിക്കും വേഴാംബലും
  ഈ മഴക്കാടിൻ മനോഹാരിത,
  തിങ്ങും മരങ്ങൾതൻ വന്യമെന്നും
  അന്യമാകുന്നൊരു ദിനങ്ങളിന്ന്
  എണ്ണുവാനാകില്ല ഞങ്ങൾക്കിന്നു.
  കാടും പുഴയും നശിച്ചുവെന്നാൽ
  നാടും നഗരവും അകന്നു പോകും...''

  http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal

2016, മേയ് 10, ചൊവ്വാഴ്ച

ഹൃദയമില്ലാത്തവൻ

ഹൃദയമില്ലാത്തൊരുവനാ-
തെരുവിലവളുടെ നിഴൽപറ്റി
മറയില്ലാ, പകൽ വഴിയിൽ
പരതുന്നൊരു ഭ്രാന്തനെ പോലെ.

കനലുറത്ത ജീവിതവഴികളിൽ
കതിരിടുന്ന സ്വപ്നങ്ങളുമായി
നോവുമായമ്മയും മകളും
ഇരുൾ പരന്നൊരൊറ്റമുറിയും...

നടവഴിയിലാഭ്രാന്തനുറഞ്ഞിടുന്നു
വികൃതമാം കാമമോഹങ്ങളേന്തി,
കതിരുകൾ കൊത്തിപ്പെറുക്കി
കനവുകൾ കനലായെരിച്ചു.

ഉടയുന്നിതീ മൺകുടിൽ തന്നിലായ്
ഉണർന്ന സ്വപ്നങ്ങളെല്ലാം
ഉതിരുന്ന കണ്ണുനീർ തുള്ളിപോൽ
അടരുന്നു ജീവിതമെല്ലാം.

ഇരുകാലി മൃഗമായാഭ്രാന്തൻ
ഇരുൾപടർന്ന കണ്ണുകളാലേ
നോക്കിയതാ,മരുമയാം മകളേ
അമ്മയേ, തൻ സോദരിയേ...

കലിപൂണ്ട ദൈവങ്ങളൊക്കെ
വെറുമൊരു വ്യാജസിദ്ധനെ പോലെ
വിമലയാമവളുടെ,യുടൽ ചേർന്നുറങ്ങും
വികൃതമാം കാഴ്ച്ചകൾ കണ്ടു നിന്നു.

പാപനികുഞ്ചത്തിലമരുന്ന രാക്ഷസ,
ചെയ്തികളാഴത്തിലേല്പിച്ച മുറിവുക-
ളാരുമേ കണ്ടില്ല, ചിരിക്കുന്ന
ദൈവങ്ങളാരുമേ കണ്ടില്ല...

കതിരിടും കനവുകൾ ബാക്കിവച്ച്
കനൽ തിന്ന വഴികളെ സാക്ഷിയാക്കി
വെറുമൊരു തുകൽ പാവ പോലെ
ചിരിയകന്നിന്നു നീ കിടക്കയല്ലോ...

മറക്കുവാനാകില്ല ഈ കനലുകൾ
കാലങ്ങളേറെ,ക്കടന്നു പോകും
ഇല്ലാത്തൊരാക്കൽ ഭിംഭങ്ങളെ
വാഴിക്കുമാനുഷ കോലങ്ങളേ..?

പെറ്റമ്മയും മകളും തൻ സോദരിയും
നിനക്കുണ്ണുവാനുള്ള വിഭവമല്ല
കേണിടും നീയുമൊരിക്ക,ലോർക്കും
കാമമൊരസുലഭ നിമിഷമല്ല...
::::::::::::::::::::::::::::::::::::::::::::::::::::::::::::::
അമൽദേവ്.പി.ഡി

http://www.facebook.com/amaldevpd
amaldevpd@gmail.com