ഈ ബ്ലോഗ് തിരയൂ

2016, മേയ് 10, ചൊവ്വാഴ്ച

ഹൃദയമില്ലാത്തവൻ

ഹൃദയമില്ലാത്തൊരുവനാ-
തെരുവിലവളുടെ നിഴൽപറ്റി
മറയില്ലാ, പകൽ വഴിയിൽ
പരതുന്നൊരു ഭ്രാന്തനെ പോലെ.

കനലുറത്ത ജീവിതവഴികളിൽ
കതിരിടുന്ന സ്വപ്നങ്ങളുമായി
നോവുമായമ്മയും മകളും
ഇരുൾ പരന്നൊരൊറ്റമുറിയും...

നടവഴിയിലാഭ്രാന്തനുറഞ്ഞിടുന്നു
വികൃതമാം കാമമോഹങ്ങളേന്തി,
കതിരുകൾ കൊത്തിപ്പെറുക്കി
കനവുകൾ കനലായെരിച്ചു.

ഉടയുന്നിതീ മൺകുടിൽ തന്നിലായ്
ഉണർന്ന സ്വപ്നങ്ങളെല്ലാം
ഉതിരുന്ന കണ്ണുനീർ തുള്ളിപോൽ
അടരുന്നു ജീവിതമെല്ലാം.

ഇരുകാലി മൃഗമായാഭ്രാന്തൻ
ഇരുൾപടർന്ന കണ്ണുകളാലേ
നോക്കിയതാ,മരുമയാം മകളേ
അമ്മയേ, തൻ സോദരിയേ...

കലിപൂണ്ട ദൈവങ്ങളൊക്കെ
വെറുമൊരു വ്യാജസിദ്ധനെ പോലെ
വിമലയാമവളുടെ,യുടൽ ചേർന്നുറങ്ങും
വികൃതമാം കാഴ്ച്ചകൾ കണ്ടു നിന്നു.

പാപനികുഞ്ചത്തിലമരുന്ന രാക്ഷസ,
ചെയ്തികളാഴത്തിലേല്പിച്ച മുറിവുക-
ളാരുമേ കണ്ടില്ല, ചിരിക്കുന്ന
ദൈവങ്ങളാരുമേ കണ്ടില്ല...

കതിരിടും കനവുകൾ ബാക്കിവച്ച്
കനൽ തിന്ന വഴികളെ സാക്ഷിയാക്കി
വെറുമൊരു തുകൽ പാവ പോലെ
ചിരിയകന്നിന്നു നീ കിടക്കയല്ലോ...

മറക്കുവാനാകില്ല ഈ കനലുകൾ
കാലങ്ങളേറെ,ക്കടന്നു പോകും
ഇല്ലാത്തൊരാക്കൽ ഭിംഭങ്ങളെ
വാഴിക്കുമാനുഷ കോലങ്ങളേ..?

പെറ്റമ്മയും മകളും തൻ സോദരിയും
നിനക്കുണ്ണുവാനുള്ള വിഭവമല്ല
കേണിടും നീയുമൊരിക്ക,ലോർക്കും
കാമമൊരസുലഭ നിമിഷമല്ല...
::::::::::::::::::::::::::::::::::::::::::::::::::::::::::::::
അമൽദേവ്.പി.ഡി

http://www.facebook.com/amaldevpd
amaldevpd@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ