ഈ ബ്ലോഗ് തിരയൂ

2017, ജനുവരി 27, വെള്ളിയാഴ്‌ച

കടലുവറ്റി കണ്ണീരുവറ്റി

കടലുവറ്റി കണ്ണീരുവറ്റി കനിവിന്‍റെ കടലാസുതോണി മുങ്ങി. കതിരുലഞ്ഞു വെയില്‍വെട്ടമെത്തി മഴയുടെ നീര്‍ച്ചാലു,കഥകളായി... ഇടിവെട്ടി മഴപെയ്ത നാളുകളില്‍ മഴയെനിക്കുത്സവമായിരുന്നു. കാത്തുവയ്ക്കാനൊരു തുള്ളിപോലും മാറ്റിവയ്ക്കാതന്നതാരെടുത്തു... മറയുന്ന മാനവസ്വപ്‌നങ്ങളില്‍ ഒരു തുള്ളിയാരോ കടംപറഞ്ഞു. വിധിയുടെ വേനല്‍പ്പുതപ്പിനുള്ളില്‍ ഒരുമഴക്കാലമുറക്കമായി... വെട്ടിവെളുപ്പിച്ചൊടുക്ക,മടക്കിയാ- പച്ചയാം ഭൂമിതന്‍ മാറിലെന്നും, മഞ്ഞിന്‍തണുപ്പേറ്റുപൊഴിയുവാന്‍ ചില്ലമേല്‍ ഇലകളില്ല കാട്ടുപൂക്കളില്ല. സ്വയമാ ചിതയിലായ് ഭൂമിയെങ്ങും കനലുപോലെരിയുന്നതാരറിവു, മരണക്കിടക്കയിലൊരു വൃദ്ധകോമാളി കണ്ണുനീര്‍ വാര്‍ക്കുന്നതെന്തിനിന്ന്. കാടും പുഴയും കാട്ടുതേനും നാടുമിടവഴിക്കോണുകളും പൂവും പുതുമഴഗന്ധമെന്നും പാട്ടില്‍പ്പതിയുന്നൊരോര്‍മ്മകളായ്... കനിവാര്‍ന്ന പ്രകൃതിതന്‍ സമ്മാനമായ് കതിരുകള്‍ പൂത്തുവിടര്‍ന്നുനിന്നു, ചപലമോഹങ്ങള്‍തന്‍ വേലിപ്പടര്‍പ്പുകള്‍ അതിരുകെട്ടി,ക്കതിരുകൊയ്‌തെടുത്തു. വെറുംവാക്കിലൊഴുകിപ്പരക്കുന്ന മോഹങ്ങള്‍ തീരത്തണയുന്ന തിരകള്‍പോലെ ആഴക്കയത്തിലേക്കൊഴുകിപ്പരക്കുന്ന, കണ്ണുനീര്‍ത്തുള്ളികള്‍ സ്വപ്‌നങ്ങളായ്... ................................................................... എഴുതിയത് - അമല്‍ദേവ്.പി.ഡി


http://www.facebook.com/amaldevpd

amaldevpd@gmail.com








2017, ജനുവരി 11, ബുധനാഴ്‌ച

കാവ്യാമൃതം " കവിത സമാഹാരത്തിൽ "മിച്ചഭൂമിയിലെ കനൽചിറകുകൾ "

ഹൃദയപൂർവ്വം...
......................

കവിതകൾ എഴുതാറുണ്ടെങ്കിലും അത് പ്രസിദ്ധീകരിച്ച് വരുന്നത് ആദ്യമായാണ്. ഓൺലൈൻ മാഗസിനുകളിലും മറ്റും വന്നിട്ടുണ്ടെങ്കിലും ഇത് ഹൃദ്യം.... ഫേസ്ബുക്ക് കൂട്ടായ്മയായ വായനപ്പുരയ്ക്കും കാവ്യാമൃതം എന്ന കവിതാ സമാഹാരത്തിലെ അണിയറപ്രവർത്തകർക്കും സ്നേഹപൂർവ്വം നന്ദി ...... :)

വായനപ്പുരയും , കെ കെ  ബുക്സും ചേർന്ന്  പ്രസിദ്ധീകരിച്ച  " കാവ്യാമൃതം " എന്ന കവിതാ സമാഹാരത്തിൽ  "മിച്ചഭൂമിയിലെ കനൽചിറകുകൾ " എന്ന ഞാനെഴുതിയ ഒരു ചെറിയ കവിതയും ഉൾപ്പെട്ടിട്ടുണ്ട്. എല്ലാവരും കാവ്യാമൃതം വായിക്കണം. കവിതകളെല്ലാം വായിച്ച് അഭിപ്രായം പറയണം.

വായനപ്പുര കൂട്ടായ്മയിൽ ഇടുന്ന കവിതകൾ വായിച്ച് അതിലെ തെറ്റുകളും, ശരികളും ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കുന്ന സ്നേഹംനിറഞ്ഞ വായനക്കാർക്കും സ്നേഹം.
........................................................................





2017, ജനുവരി 8, ഞായറാഴ്‌ച

അനുരാഗമാനസം



...............................


അനുരാഗമെന്തെന്ന് നാമറിഞ്ഞു
മധുവൂറും തേൻനിലാവായിരുന്നു.
മനതാരിലനുരാഗം പൂവണിഞ്ഞു
അതിലാരുടെ മാനസ്സം വീണുടഞ്ഞു.

മിഴിയോളമെത്തിയ നിൻ നിഴലിൽ
എൻ, കനവൂർന്നു വീണതും നീയറിഞ്ഞോ...

ആതിരപ്പൂമൊട്ടിൻ ചന്തമോടെ
രാവിൻ നിലാവിൽ നീയരികിൽ വരും,
നാളുകളെണ്ണി ഞാൻ കാത്തിരുന്നു
ഇന്നും, നീ മാത്രമീവഴി വന്നീലാ....

കാത്തിരുന്നു.. ഞാൻ... കാത്തിരുന്നു...
കാലമറിയാതെ, കനവുകളില്ലാതെ
നിന്നോർമ്മകളെന്തിനോ കൂട്ടിരുന്നു....

മറയുന്ന യൗവന താരകങ്ങൾ
മറ്റൊരു ഭാവനപുഷ്പങ്ങളായ്,
മണ്ണിലെയനുരാഗ സ്വപ്നങ്ങളിൽ
ഒരു പുൽകൊടിയായുണർന്നു വന്നു.

...............................................................