ഈ ബ്ലോഗ് തിരയൂ

2017, സെപ്റ്റംബർ 25, തിങ്കളാഴ്‌ച

സാഗരശ്രുതി തേടി ഞാനും....

 .................................................


സാഗരശ്രുതി തേടിഞാനീ തീരമണയുന്നു
കാത്തിരിപ്പിൻ ആഴിയിലെൻ കാലുറയ്ക്കുന്നു...

(സാഗരശ്രുതി തേടിഞാനും തീരമണയുന്നു...)

നിന്റെ മൗനം നീ രചിച്ച നിത്യകാവ്യങ്ങൾ
നീളുമീ... വഴികളിൽ അലസമൊഴുകുന്നു... (നിന്റെ മൗനം..)

അകലെയേതോ അഴകുതീർക്കും വർണ്ണലോകങ്ങൾ
അതിലൊഴുകും ഹൃദയമേനിൻ സുഗന്ധരാഗങ്ങൾ...

(സാഗരശ്രുതി തേടിഞാനും തീരമണയുന്നു.....)

അലകളായ് നിൻ പാട്ടിനീണം തേടും വേളകളിൽ
ഉണരുമെൻ... മാനസം.. കാണും സന്ധ്യകളും.... (അലകളായ്... )

തിരയുമേതോ തിരകളും തിരികെയെത്തീടും..
തരളമാം.. മൊഴികളായ് നീ വിളിച്ചെന്നാൽ....

(സാഗരശ്രുതി തേടി ഞാനും....) 

വിടപറഞ്ഞാപ്പകലൊരു, യാത്ര മെല്ലെ തുടരവേ...
വിധിയിലമരും രാവുകൾ വിടരുമോരോദളങ്ങളായ്... ( വിടപറഞ്ഞാ....) 

സാഗരശ്രുതി തേടിഞാനും തീരമണയുന്നു
കാത്തിരിപ്പിൻ ആഴിയിലെൻ കാലുറയ്ക്കുന്നു...
(സാഗരശ്രുതി തേടിഞാനും തീരമണയുന്നു...)


------ അമൽദേവ്.പി.ഡി-------------------------------------------------



2017, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

അത്താഴം


..................


ആടിത്തിമിർക്കുന്നിതാരരങ്ങിൽ
നീളും നിഴലുപോലത്ഭുതമായ്
താഴെത്തൊഴുകൈയ്യാലാരോ,ഒരാൾ
തേടുന്നു ജീവിതപ്പാതകളും
മായും മനുഷ്യത്വമേലിലേറ്റി
നയനങ്ങളന്ന്യനെ ചൂഴ്ന്നുനോക്കി
കുമ്പിടുമാഭക്തനേകുന്നു ഞാൻ
ദിവ്യമാമശാന്തി,നിറയും വരം...

മണ്ണിൽ മനുജനായാഗതനായ്
വിണ്ണിൽപ്പറക്കുവാനാഗ്രഹമായ്
കണ്ണിൽ കരടുകളേറിവന്നാ-
മനസ്സിൽ കറുപ്പെന്ന വ്യാധിയുമായ്
നീട്ടിയ കൈകളിലേക്കെറിഞ്ഞ,
നാണയമിന്നെന്റെ നഷ്ട്ടങ്ങളായ്.

വഴിവക്കിലൊരുവൃദ്ധജന്മമെന്നെ
ഇരുകൈകൾനീട്ടിയനുഗ്രഹിപ്പൂ.
പിന്നെയും കണ്ണുകൾ തിരയുന്നു ചുറ്റിലും
അന്യർതൻ നോട്ടമേല്ക്കുന്നു സന്തോഷം
നല്ലതാമൊരുകാര്യമിന്നുഞാൻ ചെയ്തതി-
ന്നാരുമേയറിയാതെ പോയതില്ലാശ്വാസം...

പിന്നെയും ഭക്തന് വീണുകിട്ടി
ദൈവങ്ങൾ കൈവിട്ട നാണയങ്ങൾ
ചുറ്റിലും നാലാളുകൂടുമ്പൊഴൊക്കെയും
കൈവിട്ടുദൈവങ്ങൾ നാണയങ്ങൾ.
പിന്നെയുമൊരു,വൃദ്ധജന്മമേറെ
സന്തോഷമോടശ്രു പൊഴിച്ചുനിൽക്കെ,
പകലൊരുമറതേടിയാത്രയായി
പതിവുകൾ പിന്നെയും പതിരുതേടി.

ഇരുളാണ്ടവഴികളിൽ വഴിവിളക്കിൻ ചോട്ടിൽ
ഒരു വൃദ്ധനുണ്ണുന്നു കണ്ണുനീർവാർക്കുന്നു.
പകലിന്റെയധ്വാന വഴികളിൽ വിരിച്ചിട്ട
ഒരുതുണ്ടുതുണിയിലായ് ദൈവങ്ങളെറിഞ്ഞിട്ട,
നാണയത്തുട്ടുകളത്താഴമൊരുക്കിയാ-
വൃദ്ധനിന്നകതാരിലാനന്ദമായ്...


...... അമൽദേവ്.പി.ഡി........ അത്താഴം......

amaldevpd@gmail.com