ഈ ബ്ലോഗ് തിരയൂ

2021, ജൂൺ 11, വെള്ളിയാഴ്‌ച

വിശപ്പിൻ്റെ സ്വപ്നം

 "വിശപ്പിൻ്റെ സ്വപ്നം"

------------------------------

ചെറുകഥ - പി. ഡി. അമൽദേവ്


           "നിലാവ് വീണുടഞ്ഞ രാത്രി, ആകാശത്ത് മേഘക്കാടുകൾ നിറയെ നക്ഷത്രങ്ങൾ; അവയെ കുറച്ച് നേരം അഭി നോക്കിനിന്നു. ദൂരെയെങ്ങുനിന്നോ ഇരുട്ടിനെ വകഞ്ഞുമാറ്റി വന്ന കുറുനരികളുടെയും നിശാ പക്ഷികളുടെയും കരച്ചിൽ അഭിയുടെ ചെവിയിൽ തുളച്ചുകയറി. പെട്ടെന്ന് കറുപ്പുകലർന്ന മേഘങ്ങക്കീറുകൾക്കിടയിലൂടെ ഒരു കൊള്ളിയാൻ ശരവേഗത്തിൽ പാഞ്ഞു പോയി. അധികം വൈകാതെ മേഘക്കാടുകളിൽ ചിതറിക്കിടന്നിരുന്ന നക്ഷത്രങ്ങൾ പലകൂട്ടങ്ങളായി ചേർന്നു. അഭിയുടെ കണ്ണുകൾ അതിശയം കൊണ്ടു വിടർന്നു. തനിക്ക് ദൃശ്യവിരുന്നൊരുക്കി ആകാശപ്പൊയ്കയിൽ മിന്നും താരങ്ങൾ ഇതാ പലരൂപങ്ങളിൽ തന്റെ മുൻപിൽ. വിശ്വസിക്കാനാവാതെ അഭി ആകാശത്തു നിന്നും കണ്ണെടുക്കാതെ നോക്കിനിന്നു. " 


           ഒരു നക്ഷത്രത്തിന് പുറകിലായി മറ്റു നക്ഷത്രങ്ങൾ അണിചേർന്നു. ആദ്യം ഒരു കുതിരയുടെ രൂപം സ്വീകരിച്ചു. തൊട്ടടുത്ത താരാ കൂട്ടം ഒരു അരയന്നത്തിന്റെ രൂപമായിരുന്നു. ചൂളം വിളിച്ചുകൊണ്ട് തീവണ്ടിയുടെ രൂപത്തിൽ ഇതാ മറ്റൊരു നക്ഷത്രക്കൂട്ടം ചീറിപ്പായുന്നു. പക്ഷികളായി താരാകൂട്ടം കലപിലകൂട്ടി. ഒരു വലിയ വൃക്ഷത്തിന്റെ രൂപം സ്വീകരിച്ച നക്ഷത്രകൂട്ടത്തിൽ നിന്നും ഒരു താരകം താഴെ ഇറങ്ങി വന്നു. അത് കണ്ട് അഭി ഒന്ന് അമ്പരന്നു, രണ്ടടി പുറകോട്ടു മാറി. തന്റെ മുൻപിൽ, ഈ ഭൂമിയിൽ ഒരു നക്ഷത്രം വന്നിരിക്കുന്നു. കണ്ടതൊന്നും വിശ്വസിക്കാനാവാതെ അഭി മിഴിയടയ്ക്കാതെ ആ നക്ഷത്രത്തെ നോക്കിനിന്നു. 


        " അപ്പോൾ, നക്ഷത്രം അഭിയെ നോക്കി പറഞ്ഞു.

          എന്റെ ശിഖരങ്ങളിൽ നിറയെ ഹരിതാഭമായ ഇലകൾ ഉണ്ടായിരുന്നു. എല്ലാവർക്കും തണലായിരുന്നു ഞാൻ. നിറയെ പക്ഷികൾ കൂടു കൂട്ടി എന്നിൽ. അവരുടെ കിളിക്കൊഞ്ചലും എത്ര മനോഹരമായിരുന്നു..."


         വാക്കുകളെ മുറിച്ചു കൊണ്ട് വീശിയടിച്ച പടിഞ്ഞാറൻ കാറ്റിന്റെ സ്പർശനത്താൽ, നരച്ച അലസമായ മുടിയിഴകൾ പറന്നപ്പോൾ അഭി തന്റെ മുന്നിൽ നിൽക്കുന്ന നക്ഷത്രത്തിന്റെ മുഖം വ്യക്തമായി കണ്ടു. ചുളിവ് വീണ തൊലിക്ക് മീതെ ദയനീയ ഭാവം തെളിഞ്ഞുകാണാം. കണ്ണുകൾ കുഴിഞ്ഞ് കവിളൊട്ടിയ മുഖം. ഭക്ഷണം കഴിച്ചിട്ട് കുറേയായി എന്നൊറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. 


           ദയനീയഭാവത്തോടെ ആ മുഖം തുടർന്നു,

ഒരിറ്റു ദാഹജലം കിട്ടിയിട്ട് നാളേറെയായി.

ഇന്നിപ്പോൾ ഇലകൾ കരിഞ്ഞു. 

ശിഖരങ്ങൾ ഉണങ്ങി. 

അടിവേരുകൾ കരയുകയാണ്... 

ഒരിറ്റു ദാഹജലം തരുമോ ?


"മോനേ നല്ല വിശപ്പ്..."


           അഭി തന്റെ നിശ്ചലാവസ്ഥയിൽ നിന്ന് തെന്നിമാറി. പെട്ടെന്ന് ആകാശത്തിലേക്ക് കണ്ണുകൾ പായിച്ചു. നീലവാനിൽ മേഘങ്ങൾ മന്ദം മന്ദം വിവിധ രൂപഭാവങ്ങളോടെ നീങ്ങുന്നു. 


          " നക്ഷത്രങ്ങൾ എവിടെ ? കുതിരയും അരയന്നവും കിളികളും തീവണ്ടിയും മരങ്ങളുമൊക്കെ എവിടെ" ?


             കനത്ത വെയിലാണ്. ചുവപ്പ് സിഗ്നലിൽ നിന്നും പച്ചയിലേക്കുള്ള ഒരു മിനിറ്റിന്റെ കാത്തുനില്പ്. കാറിന്റെ വലതുവശത്തെ ഗ്ലാസിലേയ്ക്ക് ഒരു കൈവിരൽ പതിയെ പതിച്ചു. കറുത്ത് കരിവാളിച്ച ഒരുമുഖം. കൈ നീട്ടുകയാണ്. കവിളൊട്ടി, കണ്ണുകൾ കുഴിഞ്ഞ്, തൊലി ചുളിഞ്ഞ്, കീറിപ്പറഞ്ഞ വസ്ത്രമുടുത്ത ഒരു സ്ത്രീ. ഉച്ചവെയിലിന്റെ കാഠിന്യത്തിലും നടു റോഡിൽ നിന്ന് പ്രതീക്ഷ നിറഞ്ഞ കൈകൾ ഇങ്ങനെ നീട്ടണമെങ്കിൽ അവർക്ക് വിശപ്പിന്റെ രുചി അത്രമാത്രം അറിയാം. ജീവിതം ഇവിടെ അവസാനിക്കേണ്ടതല്ല എന്നറിയാം. നല്ലൊരു ദിനം വരുമെന്ന പ്രതീക്ഷയുണ്ട് ആ കണ്ണുകളിൽ. ഒരുതരത്തിൽ പറഞ്ഞാൽ ചുവപ്പ് സിഗ്നലിൽ നിന്നും പച്ചയിലേക്കുള്ള പ്രതീക്ഷ.


             ഉറക്കത്തിന്റെ ഉന്മാദത്തിൽ നിന്നും ഞെട്ടിയുണർന്ന അഭി നിശബ്ദനായി കുറച്ചുനേരം നേരം കിടന്നു. പുറത്തെ സ്ട്രീറ്റ് ലൈറ്റിന്റെ നേർത്തവെട്ടമേറ്റ് മുറിയിൽ ജനലഴികൾ നിഴൽ വിരിച്ചിരുന്നു. നെഞ്ചിടിപ്പിന്റെ താളം അൽപമൊന്ന് മയപ്പെട്ടപ്പോൾ, കാറിന്റെ കീ കയ്യിലെടുത്ത് പെട്ടെന്ന് ഗോവണികൾ ഓടിയിറങ്ങി. 


            പുലരാൻ രണ്ട് മണിക്കൂറോളം ഇനിയും ബാക്കി. രാത്രിയുടെ നിശബ്ദത തളംകെട്ടിനിൽക്കുന്ന റോഡിലൂടെ ഇരുളിനെ വകഞ്ഞുമാറ്റി തന്റെ കാർ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. അര മണിക്കൂറായി കാണും, പകലിന്റെ തിരക്കേറിയ വേഗപ്പാച്ചിലിന് ശേഷം അൽപനേരം മയങ്ങുന്ന മഹാനഗരത്തിന്റെ നിശാനിഴലിൽ തന്റെ കാർ വന്നു നിന്നു. ആകാശത്തിലെ ഒരു കോണിലൂടെ ആരോ വരച്ചിട്ട ഇരട്ട വരപോലെ മെട്രോ റെയിൽപാലം, സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞവെളിച്ചത്തിൽ കൂടുതൽ മനോഹരമായി. 


             കാറിൽ നിന്നും ഇറങ്ങിയ അഭി

 ഓവർ ബ്രിഡ്‌ജിന് കീഴിലേക്ക് തൻറെ കണ്ണുകൾ പായിച്ചു. " വഴി വിളക്കിന്റെ നിഴലിച്ച ഭാവങ്ങളിൽ അവ്യക്തമായ ഒരുമുഖം ഉറങ്ങാതെയിരിപ്പുണ്ടായിരുന്നു. കണ്ണുകളിൽ വിശപ്പിന്റെ തീനാളവുമായി ഉറക്കമറ്റമുഖം. തന്റെ കുഞ്ഞുങ്ങളെ മടിയിൽ സുരക്ഷിതയാക്കുന്ന ദേഹം."


            റോഡ് മുറിച്ചു കടന്നുകൊണ്ട് രാത്രിയുടെ അന്ത്യയാമത്തിൽ ഇന്നിന്റെ വിശപ്പ് എങ്ങനെയകറ്റാം എന്നയൊറ്റ ചിന്തയോടെയിരുന്ന സ്ത്രീയുടെ അടുത്തെത്തി അഭി നിന്നു. നട്ടുച്ചയ്ക്ക് കാഠിന്യമേറിയ വെയിലിനെ അവഗണിച്ച് വിശപ്പിന്റെ താളം (രൂപം), തനിക്ക് മുൻപിൽ കൈനീട്ടിയത് കാണാതെപോയ തന്റെ കണ്ണുകളെ ഒരു നിമിഷമെങ്കിലും അയാൾ ശപിച്ചിരിക്കാം.


           തന്റെ പേഴ്സിൽ നിന്നും കിട്ടിയ നോട്ടുകൾ അയാൾ ആ സ്ത്രീയുടെ കൈകളിലേക്ക് വച്ചുകൊടുത്തു. കയ്യിൽ കരുതിയ ഭക്ഷണ പൊതിയും സ്ത്രീയുടെ അരികിൽ വച്ചശേഷം തിടുക്കത്തിൽ തിരിഞ്ഞുനടന്നു. 


            റോഡ് മുറിച്ചുകടന്ന് ശരവേഗത്തിൽ അഭി കാറിന്റെ അരികിലെത്തി. കാറിന്റെ ഡോർ തുറന്നുകയറാൻ ഒരുങ്ങവേ അഭി ആകാശത്തേക്ക് വീണ്ടും കണ്ണുകൾ പായിച്ചു. അപ്പോൾ മേഘക്കാടുകൾക്കിടയിൽ ഒരു കൂട്ടം താരാഗണങ്ങൾ ചേർന്നു ഒരു വലിയ മരംവളർന്നു വന്നു. അതിൽ നിറയെ ഹരിതാഭമായ ഇലകൾ ഉണ്ടായിരുന്നു. കായ്കൾ ഉണ്ടായിരുന്നു. ശിഖരങ്ങളിൽ നിറയെ പക്ഷികൾ കൂടുകൂട്ടിയിരുന്നു. ആ കിളികൾ അപ്പോഴുമെന്തിനോ ചിലച്ചിരുന്നു. ആ വൻമരത്തിന്റെ തണലിൽ ഒരു കുതിരയും , അരയന്നവും തണൽ കായുന്നുണ്ടായിരുന്നു. ഓടിത്തളർന്ന തീവണ്ടി മരത്തിനോടുചേർന്ന് നിർത്തിയിട്ടിരുന്നു. ആ തായ്മരത്തിന്റെ അടിവേരുകൾ മണ്ണിലേക്ക് നിമിഷ വേഗത്തിൽ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു.


പി.ഡി.അമൽദേവ്


amaldevpd@Gmail.com

http://www.instagram.com/devaragam_pdamaldev


( മഴയുള്ള ഒരു രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ ഞാൻ കണ്ട സ്വപ്നം )




















2021, ജൂൺ 9, ബുധനാഴ്‌ച

നിണമൊഴുകിയ പ്രണയരേഖകൾ

 നിണമൊഴുകിയ പ്രണയരേഖകൾ

__________________________________


ഇനിയുമെത്ര ദിനങ്ങളീ -

ഭൂമിതൻ

മാറിലമരുന്ന

നോവുകളായി നാം,

ഭാരമേറുന്ന

കണ്ണീർകണങ്ങളെ

കാലമറിയാതെ

കാത്തുവയ്ക്കുന്നുവോ ..... 


നീറുമുന്മാദ

രേണുവിലീറനാം

മൗനരാഗമ -

ലങ്കരിച്ചിന്നലെ,

ഭാവഗായികയായെന്റെ

ജീവനിൽ

പ്രേമഗന്ധം

പരത്തിയതെന്തിന്..... ?


കത്തിയമരുന്ന

ചന്ദനമുട്ടിതൻ

ഗന്ധമാകെപ്പരന്നു,

പാരാകെയായ് ....

ചിത്തഭ്രമം

പിടിച്ചൊരാ ദേഹിതൻ

ചിന്തകളിന്ന്

ചിരിമറന്നീടവേ.


പ്രണയസൂക്തം

വരച്ചിട്ടൊരേടിലായ്

നോവിനാഴ -

മറിയുന്ന വരികളെ

തപ്തരേണുവാൽ

നിറമേകിനീയിന്നു,

നഷ്ടബോധത്തിൻ

നിണരേഖ,തീർത്തുവോ...


എന്തിനായി ,

പ്പിടഞ്ഞുനിന്നാഴങ്ങൾ

ചന്തമറ്റൊരു

സുന്ദരപുഷ്പം പോൽ,

കണ്ണുനീരിൻ

കഥപറഞ്ഞിന്നലെ

പടിയിറങ്ങി നീ

പോകുന്ന നേരത്തു,

ഹൃത്തടത്തിലായ്

നൽകിയ മുറിവിലെ

രക്തമൊഴുകിപ്പരന്നതും

കണ്ടുവോ,.....

കാലമേറെക്കടന്നു -

പോയീവഴി,

വന്നതില്ല

പ്രേമഗന്ധമെൻ ചാരെയായ് .....



...... പി ഡി അമൽദേവ് ...... 

http://www.Instagram.com/devaragam_pdamaldev










2021, ജൂൺ 8, ചൊവ്വാഴ്ച

മഴ

 മഴ

___

വെയിൽമഴ നനഞ്ഞ്
വാടിക്കരിഞ്ഞു,
ഉണ്മയറ്റ ദേഹമായി
പിളർന്ന ഭൂമിയുടെ
അകത്തളത്തിൽ
പാതിയടഞ്ഞ കണ്ണുകളുമായി
ഞാനുറങ്ങവെ....
നിന്നിലെ പ്രണയമഴയേറ്റു-
ണർന്നയെൻ്റെ
തായ്‌വേരിലൂ-
ടൊരുജീവൻ
കിളിർത്തു... വളർന്നു...;
ഇലകളായി... പൂക്കളായി...
കായ്കളായി...
തണൽവിരിച്ചു, കൂടൊരുക്കി.

മഴമാറി,
പിന്നെയും വെയിൽവീണു
ഭൂമി പിളർന്നു
പ്രണയദാഹം
തീരാതെ ഞാൻ തളർന്നിരുന്നു.
വാടിക്കരിഞ്ഞു
മണ്ണോടുച്ചേർന്നു.

അന്ന്;
വീണ്ടുമെന്നിൽ നീ
പെയ്തിറങ്ങി
ചെറുചൂടുപകർന്ന
കണ്ണീരുപ്പുകലർന്ന
മഴയിൽ
ഞാനന്നേറെ നനഞ്ഞു...!


_______പി. ഡി.അമൽദേവ്__
http://www.instagram.com/pdamaldev








2021, ജൂൺ 6, ഞായറാഴ്‌ച

"കുട്ടിക്കാലത്തെ കൗതുകം"

"കുട്ടിക്കാലത്തെ കൗതുകം"

         ആകാശത്തിൻ്റെ അറ്റത്തൂടെ റോക്കറ്റ് അതായത് ജെറ്റ് ( റോക്കറ്റ് പോകുന്നു എന്നാണ് പറയുക ഞങ്ങള് കുട്ടികൾ )  പോകുന്നത് കാണുമ്പോൾ വീടിൻ്റെ പുറകിലെ പാടത്തിൻ്റെ ഒരറ്റത്ത് നീളത്തിലൊഴുകുന്ന തോട്ടിൽ നിന്നും
പൊടിമീനിനെ പിടിക്കുന്ന തിരക്കിലാണെങ്കിലും
ഒരുപറ്റം കണ്ണുകൾ ആശ്ചര്യത്തോടെയും കൗതുകത്തോടെയും മുകളിലേക്ക് പോകും.

         പാടവരമ്പിനോടു  ചേർന്നോഴുകുന്ന കീരിത്തോട്ടിലൂടെ അലസമായി ഒഴുകുന്ന തെളിവെള്ളത്തിന് മീതേവന്ന്
എത്തി നോക്കുന്ന നെറ്റിപ്പൊട്ടനും പരൽ മീനുകൾക്കും എല്ലാം ആ റോക്കറ്റിനോളം വലുപ്പം ഉണ്ടെന്ന തിരിച്ചറിവ് ഒരു പൊട്ടു പോലെ ആകാശത്തോപ്പിലൂടെ പറന്നു പോകുന്ന റോക്കറ്റിനേ കാണുമ്പോൾ ഞങ്ങൾക്കുണ്ടായി. ആ സത്യം മനസ്സിലാക്കിയ ഞങ്ങൾക്ക് മുൻപിൽ പിന്നെ പരലുകൾ ഇത്തിരി അഹങ്കാരത്തോടെ നീന്തി. പിന്നെ ചേമ്പിലത്താളിൽ അനുസരണയോടെ ഇരുന്നെങ്കിലും....

      അതേസമയം, റോക്കറ്റ് പോയ വഴിയേ നിറഞ്ഞ പുക ആകാശത്ത് മറ്റൊരു മേഘവലയം തീർക്കുമ്പോൾ അതിശയത്തിൻ്റെ മറ്റൊരു വാതിൽ കൂടെ തുറന്നിടുകയായിരുന്നു. പിന്നെ പിന്നെ തുടരുന്ന കളികൾക്കിടയിലും സ്കൂൾ വഴികളിലും എല്ലാം ഞങ്ങളുടെ കണ്ണുകൾ ആകാശത്തെ കീറി മുറിച്ചകലുന്ന  റോക്കറ്റിനേ പ്രതീക്ഷിച്ചു. പലപ്പോഴും കണ്ണിന് വിരുന്നൊരുക്കി മഴവില്ലുകൾക്കിടയിലൂടെ ആ പരൽകുഞ്ഞ് പുതിയ മേഘവഴി തീർത്ത് പോകും. അപ്പോഴൊക്കെ ആശ്ചര്യവും ആനന്ദവും കൗതുകവും നിറഞ്ഞ  കണ്ണുകൾ മുകളിലേക്ക് പറക്കും.

    പിന്നെയെപ്പോഴോ മറന്നയിടവഴികൾ, പാടവരമ്പ്,  നെറ്റിപ്പൊട്ടനും പരൽമീനുകളും,  കളികൂട്ടുകാർ അതിനിടയിൽ കാണാൻ മറന്ന ആകാശക്കാഴ്ചകൾ....

   ഇന്ന് ആ കൗതുകം പിന്നെയും ആകാശത്തിൻ്റെ അറ്റത്തൂടെ ഒരു പരൽ മീനിനെ പോലെ നീന്തിയകന്നപ്പോൾ ബാക്കിയായ മേഘവഴികൾ; കുട്ടിക്കാലത്തിൻ്റെ നനുത്ത ഓർമ്മകൾ വിങ്ങുന്ന ഇടവഴികൾ പിന്നിട്ടു.... ❤️❤️❤️

Devaragam Pdamaldev

#മിഴിപകർപ്പുകൾ