ഈ ബ്ലോഗ് തിരയൂ

2016, ജൂൺ 23, വ്യാഴാഴ്‌ച

തീണ്ടല്‍പ്പലക - കുട്ടംകുളം സമരചരിത്രം

കടപ്പാട്: കുട്ടംകുളം സമരത്തെ കുറിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കിയതിന് Google, Wikipedia നന്ദി.

       ''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ക്രിമിനല്‍ നടപടി 125- അാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാല്‍  കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതില്‍ക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയില്‍കൂടിയും ഹിന്ദുക്കളില്‍ തീണ്ടല്‍ ജാതിക്കാര്‍ സഞ്ചരിക്കുന്നതിനാല്‍ ക്ഷേത്രവും അതിനകത്തുള്ള തീര്‍ഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാല്‍ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാല്‍ മേല്പറഞ്ഞ വഴികളില്‍കൂടി തീണ്ടല്‍ ജാതിക്കാര്‍ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാല്‍ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു.''
(1946 വരെ കുട്ടംകുളത്തിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ''തീണ്ടല്‍പ്പലക'' യില്‍ എഴുതിയിരുന്നത്.) 
_________________________________________________________________________________

   കൊച്ചിയില്‍ സഞ്ചാര സ്വാതന്ത്രത്തിനും ജാതിവിരുദ്ധ ചിന്തകളുടെ പ്രചാരണത്തിനുമൊക്കെയായി നടത്തപ്പെട്ട സമരമാണ് കുട്ടംകുളം സമരം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്‍വശമുള്ള നടപ്പാത അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുക്കുവാന്‍ 1910 - ല്‍ ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിയ്ക്കപ്പെട്ടിരുന്ന ഒരു തീണ്ടല്‍പ്പലക മാറ്റികിട്ടുവാനും ആയി നടത്തിയ ചരിത്രസമരമാണ് കുട്ടംകുളം സമരം. സവര്‍ണ്ണമേധാവിത്വത്തിനു മാത്രമായി രേഖപ്പെടുത്തിയ അവകാശം. നടക്കാനും തങ്ങളുടെ വാഹനങ്ങള്‍ കടന്നുപോകുവാനും സവര്‍ണ്ണര്‍ക്ക് മാത്രം അനുമതി. തൊട്ടുകൂടായ്മയും ജാതിവിരുദ്ധചിന്തകളും ഇനിയും ഈ സമൂഹത്തെ വിട്ടുപോയിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അടുത്തകാലത്ത് ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വഴി അടച്ചുകെട്ടി യാത്ര നിഷേധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം നടത്തിയത്. കുട്ടംകുളം സമരത്തിന് എഴുപത് വയസ്സാകുമ്പോഴും ഇന്നും അവര്‍ണ്ണര്‍ക്ക ് സഞ്ചാര സ്വാതന്ത്രം പൂര്‍ണ്ണമായും ലഭിച്ചിട്ടില്ലെന്നുള്ളത് തീര്‍ത്തും നാരാശാജനകമാണ്.
 
 
  ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക സാമൂഹ്യ ചരിത്രത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന പേരാണ് കുട്ടംകുളം. കൂടല്‍കാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സ്ഥിതി ചെയ്യുന്ന കുട്ടംകുളം നിരവധി സമരചരിത്രങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അയിത്തോച്ചാടനത്തിന്റെ ഭാഗമായി നടന്ന ഐതിഹാസിക സമരമാണ് കുട്ടംകുളം സമരം. കേരളത്തില്‍ ബ്രിട്ടീഷ് പോലീസിന്റെ മര്‍ദ്ദനത്തിന്റെ അടിച്ചമര്‍ത്തലിന്റെ പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള സമരമാണ് കുട്ടംകളും സമരം. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1946 ജൂലായ് മാസത്തിലാണ് ചരിത്രത്തിലിടം നേടിയ സമരം ഇരിങ്ങാലക്കുടയുടെ മണ്ണില്‍ ഉണ്ടായത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ വഴിയില്‍ കൂടി അന്ന് പിന്നാക്കവിഭാഗക്കാര്‍ക്ക് നടക്കുവാനും ഗതാഗതത്തിനും അവകാശമുണ്ടായിരുന്നില്ല. സവര്‍ണ്ണ വിഭാഗത്തിനു മാത്രമായി ആ അവകാശം രേഖപ്പെടുത്തി. ഈ നീതി നിഷേധത്തിനെതിരായി പ്രജാമണ്ഡലം, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകളുടെ സമരം നടന്നു. ഇരിങ്ങാലക്കുടയിലെ ഇന്നത്തെ നഗരസഭ ഓഫീസിനു മുമ്പിലുള്ള പ്രശസ്തമായ അയ്യങ്കാവു മൈതാനത്തുനിന്നുമാണ് കേരളം സാക്ഷ്യം വഹിച്ച കുട്ടംകുളം സമരത്തിന് തുടക്കമാകുന്നത്. സംഘടന പ്രവര്‍ത്തകര്‍ അയ്യങ്കാവില്‍ നിന്ന് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടവഴിയിലേക്ക് ജാഥ നടത്തുവാന്‍ തീരുമാനിക്കുകയും, ജാഥ നടത്തുകയും ചെയ്തു.

  അയ്യങ്കാവില്‍ നിന്നാരംഭിച്ച ജാഥയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജാഥ കുട്ടംകുളത്തിന് കിഴക്കു വശത്ത് വച്ച് പോലീസ് തടയുകയും, പോലീസ് വലയം ഭേദിച്ച് മുന്നോട്ട് പോകുവാന്‍ ശ്രമിച്ച ജാഥയെ പോലീസ് വളഞ്ഞിട്ട് ക്രൂരമായി തല്ലിയൊതുക്കുകയായിരുന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമര്‍ദ്ദനമായിരുന്നു തുടര്‍ന്നവിടെ അരങ്ങേറിയത്. ജാഥ നയിച്ച നേതാക്കന്മാരടക്കം നിരവധിയാളുകളെ പോലീസ് കുട്ടംകളത്തിന്റെ തൂണിലും മതില്ക്കലുമൊക്കെയായി കെട്ടിയിട്ടു തല്ലി. മര്‍ദ്ദനമേറ്റ് ചിതറിയോടിയവരെ പിടികൂടി ഇരിങ്ങാലക്കുട ജയിലില്‍ എത്തിക്കുകയും അവിടെ വച്ച് അവര്‍ മനുഷ്യത്വരഹിതമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരകളായി. ചരിത്രത്തിന്റെ എടുകളില്‍ സഞ്ചാരസ്വാതന്ത്രത്തിനും ജാതി-മത വിരുദ്ധ ചിന്തകളുടെ പ്രചാരണത്തിനുമായി നടത്തപ്പെട്ട ഈ സമരം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ ദിനമായി കുറിച്ചുവയ്ക്കപ്പെട്ടു.

  തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ കൂടുല്‍മാണിക്യ ക്ഷേത്രപരിസരത്തുകൂടി അധസ്തിതര്‍ക്കു നടക്കുവാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ ചോരവീണ ഒരധ്യായം കുട്ടംകുളം സമരം. ഒരു ജനകീയ പോരാട്ടത്തെ മര്‍ദ്ദിച്ചൊതുക്കാമെന്ന ധാരണ വിഡ്ഢിത്തമാണെന്ന് കുട്ടംകുളവും തെളിയിക്കുകയായിരുന്നു.  കേരളം പ്രബുദ്ധവും സാക്ഷരവുമാണ്, ഇവിടെ ജാതീയ ചിന്തകളോ വിവേചനമോ ഇല്ല - ഇതാണ് നമ്മുടെ അവകാശവാദം. എന്നിട്ടും പ്രബുദ്ധവും സാക്ഷരവുമായ ഈ കേരളത്തിലെ തന്നെ എത്രയിടങ്ങളില്‍ ജാതിമതില്‍കെട്ടുകളും സവര്‍ണ്ണ-അവര്‍ണ്ണ വ്യത്യാസവും നിലനില്‍ക്കുന്നതായി നാം കാണുന്നു. പിന്നാക്കക്കാരനെ ഒരു രണ്ടാംകിട പൗരനെന്ന നിലയിലാണ് അക്കാലത്ത് കൊച്ചിയില്‍ കണ്ടിരുന്നത്. ഇത്തരം കാഴ്ച്ചപാടിനെതിരെയുള്ള ഒരു ചോദ്യം ചെയ്യല്‍ കൂടിയായിരുന്നു കൂട്ടംകുളം സമരം. ഭാരതം ഒട്ടുക്കെ നടന്ന സ്വാതന്ത്ര സമരത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ആ സമര ചരിത്രത്തിന്റെ എാടുകളിലേക്ക് ഇരിങ്ങാലക്കുടയിലെ ധീരദേശാഭിമാനികള്‍ നല്‍കിയ സംഭാവനയാണ് കുട്ടംകുളം സമരം. ഇരിങ്ങാലക്കുടയിലെ സമരങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ അതിലെ രക്തം പൊടിഞ്ഞ ഒരേടായ കുട്ടംകുളം സമരത്തിന് നേതൃത്വം നല്‍കിയ കെ.വി.ഉണ്ണിയെപോലുള്ള ആളുകള്‍ ജീവിക്കുന്ന രക്തസാക്ഷികളായി ഇന്നും ഇവിടെയുണ്ട്. ഈ സമരഭൂമിയില്‍.
© അമല്‍ദേവ്.പി.ഡി
http://mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
amaldevpd.simplesite.com


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ