ഈ ബ്ലോഗ് തിരയൂ

2016, ജൂൺ 4, ശനിയാഴ്‌ച

വഴി മറന്നൊഴുകുന്ന പുഴ

അറിയാതെ തെറ്റിപ്പിരിഞ്ഞുപോകുന്നു നാം
അതിലോലമീ കാവ്യമെഴുതുന്ന രാവിതില്‍
അകലെയൊരുന്മാദ ലഹരിയിലെന്‍ മനം
അടരുന്നു ജീവിതപാതകള്‍ താണ്ടവേ...

പിരിയുന്നു മധുരമാം സ്വപ്‌നങ്ങളൊരുവേള
പകരുന്നു കനമേറുമേകാന്ത നിമിഷങ്ങള്‍
പൊഴിയുന്നു ജീവന്‍റെ തപ്തനിശ്വാസങ്ങള്‍
ചേരുന്നു മണ്ണിതിന്‍ ആത്മഹര്‍ഷങ്ങളായ്.

വഴിമറന്നൊഴുകുന്ന പുഴയായി ഇന്നു നീ
പതിവുകള്‍ തെറ്റിയ കാലത്തിന്‍ വികൃതിയില്‍
പഴിചാരിയലസം ഒഴുകിപ്പരന്നു നീ,
നനവാര്‍ന്ന മണ്ണിനാനന്ദബാഷ്പമായ്...

എതിരേ,കടം കൊണ്ട കനവുകളാര്‍ദ്രമായ്
നിരനിരന്നങ്ങനെ പുല്‍കുന്ന നേരത്ത്
നിന്‍ മിഴിയോരത്ത് തങ്ങിയ നേരത്ത്
നീര്‍മണി തുള്ളികളിറ്റിറ്റു വീണിട്ട്

തപ്തനിശ്വാസങ്ങള്‍ മാറോടു ചേര്‍ന്നിട്ട്
തിക്തമാം പ്രണയത്തിന്‍ വാതില്‍ തുറന്നിട്ട്
നീയിന്നക,ന്നകലെയായ് ചെന്നിട്ട്
വശ്യമാം പുഞ്ചിരി തൂകുന്നു നിത്യവും.

ഈ മണല്‍കാടൊന്നു താണ്ടി ഞാനെത്തവേ
ദൂരെയാ,ചക്രവാളത്തിന്നരികിലായ്
കുങ്കുമവര്‍ണ്ണം വിതറിയ നിന്‍ മുഖം
ചിരിയകന്നൊരു ശൂന്യബിംബമായ് കാണവേ...

മറവിതന്‍ ലഹരിനുണഞ്ഞു കൊണ്ടൊരു വേള
പുതിയൊരു കാവ്യമെഴുതുന്ന നേരത്ത്
പിന്‍തിരിഞ്ഞൊരുവേള നോക്കാതെയിന്നു നി
പോകുന്നു ചക്രവാളങ്ങള്‍ക്കു മകലെയായ്.

അറിയാതെ തെറ്റിപ്പിരിഞ്ഞു പോകുന്നു നീ
അണിയുന്നെന്‍ പ്രേമ,ഹാരങ്ങളെന്തിനോ...
നിന്‍ നിഴലായ് നടക്കുവാനേറെയന്‍ മനമെന്നും
അറിയാതെ,യാശിച്ചു പോകുന്ന നേരത്തും.
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

(കവിത - വഴി മറന്നൊഴുകുന്ന പുഴ, © - അമല്‍ദേവ്.പി.ഡി)








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ