ഈ ബ്ലോഗ് തിരയൂ

2017, മേയ് 29, തിങ്കളാഴ്‌ച

കാണാക്കടൽ



--------------



നിദ്രയിലായിരുന്നിന്നു ഞാനോമലേ
നീന്തുന്നതെന്നുമീക്കടലാഴ മറിയാതെ
കൺതുറന്നന്നു ഞാൻ നോക്കിയനേരത്ത്
കാണാക്കടൽക്കരെ നീവന്നു നില്പതും.


മങ്ങിയക്കാഴ്ച്ചയിൽ നിന്മുഖമത്രയും
പാതിമുറിഞ്ഞൊരാ ചന്ദ്രബിംബംപോലെ,
കൺപാർത്തു നീയന്നുതിരകളെ പുല്കിയൊരു
തീരാവ്യഥയായി നിശ്ചലം താണുപോയ്.


തിരയിളക്കിപ്പായും സാന്ധ്യമേഘങ്ങളും
ചിറകടിച്ചുയരുന്ന രാക്കിളിക്കൂട്ടവും
തേടുന്നൊരാനന്ദ, വീചിയിലൂടെയായ്
മൗനമായ് മെല്ലെപ്പറന്നു പറന്നുപോയ്.

ഉപ്പുകാറ്റേറ്റുപിടയുന്ന മൗനങ്ങൾ
ഉടയുന്നു കാർമേഘത്തൊട്ടിലിലാകെവേ
ആഴിതന്നാഴങ്ങളിലാഴ്ന്നു ചെന്നാരോ,
ആർദ്രമായ് ചൊല്ലിയ കവിതപോലെന്നുമേ...


തീരത്തണഞ്ഞ മണൽത്തരിപ്പുറ്റിലെൻ
തീരാമോഹങ്ങളും നിദ്രയിലാണ്ടുപോയ്.
തിരകളെപ്പുൽകിഞാൻ മന്ദം നടക്കവേ
മണലിലെൻകാല്പ്പാടു മായ്‌ക്കുന്നു കാലവും.


കാത്തിരിപ്പിൻ കടലാഴങ്ങളിലാരോ
കാത്തുവച്ചു ള്ളൊരാ താരാഗണങ്ങളെ
തൊട്ടുതലോടുന്ന മോഹങ്ങളുംപേറി
വിണ്ണിലൊരമ്പിളി ചിരിതൂകി നിൽക്കവേ.


മണ്ണിതിൽ നൊന്തുപിടയും മനസ്സുമായ്
കണ്ണുനീർതൂകിയിത്തീരം കവർന്നു ഞാൻ
മൗനമായ് ജന്മജന്മാന്തരങ്ങളിൽ കാത്തി-
രുന്നീക്കടലാഴങ്ങളിലേകനായ്..



------------ അമൽദേവ്.പി.ഡി. -----
amaldevpd@gmail.com
http://www.facebook.com/amaldevpd

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ