ഈ ബ്ലോഗ് തിരയൂ

2017, ഏപ്രിൽ 30, ഞായറാഴ്‌ച

ലോക തൊഴിലാളിദിനം

        ''ദിനപ്രതിയെന്നോണം നേരവും കാലവുമില്ലാതെ - രാത്രിയും പകലെന്നുമില്ലാതെ, എല്ലുമുറിയെ പണിയെടുത്തിരുന്ന സമൂഹത്തിലെ അടിസ്ഥാന - ജനവിഭാഗങ്ങളുടെ ചോരനീരിറക്കിയ അദ്ധ്വാനത്തിന് വിലകല്പിക്കാത്ത മുതലാളിത്ത ദാർഷ്ട്യത്തിനെതിരേ  കൊടിപിടിക്കാനും ഇൻക്വിലാബ് വിളിക്കാനും തൊഴിലാളികൾ പഠിച്ചത് അവർക്കും അവകാശങ്ങളും നീതിയും ഓകേ ഉണ്ടെന്നുള്ള തിരിച്ചറിവിലൂടെയാണ്.''

        ജോലി സമയം ഒരു നിശ്ചിത സമയക്രമത്തിൽ സ്ഥിരപ്പെടുത്താനും, കൂലിവർദ്ധനവിനും, തൊഴിലിൽ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുമായി  അന്നു തൊട്ടേ പല രാഷ്ട്രീയ - സാമൂഹ്യ - സാംസ്ക്കാരിക സംഘടനകളുടെ നേതൃത്വത്തിൽ മുതലാളിത്തമൂരാച്ചികൾക്കെതിരെ ഉരുക്കുമുഷ്ടി ഉയർത്തി  തൊഴിലാളികൾ സമരങ്ങളും മാർച്ചുകളും നടത്തി. ലോകമെന്പാടുമുള്ള തൊഴിലാളികളെല്ലാവരേയും ഒരേപോലെ നേരിട്ടിരുന്ന ഈ പ്രശ്‌നം ഒരുപരിധിവരെ അവസാനിച്ചത്, എൺപതുകളിലാണ്. എന്നിട്ടും, ഇന്നും ലോകത്തിന്റെ പലയിടങ്ങളിലും തൊഴിലാളികൾക്ക് നേരെയുള്ള ക്രൂരത വർധിച്ചുവരുന്നതായുള്ള വാർത്തകൾ ഓരോ ദിനവും നമ്മൾ കേൾക്കുന്നു.
       എട്ടു മണിക്കൂർ തൊഴിൽ സമയം എന്ന രീതി അംഗീകരിച്ചതിനെ തുടർന്ന് മെയ് ഒന്ന് ലോക തൊഴിലാളിദിനം ആയി ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 80 - കളിൽ 1890 കാലഘട്ടത്തിലാണ്. അതിനെത്തുടർന്ന് തുടർന്നുള്ള വർഷങ്ങളിൽ മുടങ്ങാതെ ആ ചടങ്ങ് തൊഴിലാളികളായ വിവിധ മേഖലകളിൽ ഉള്ളവർ ആഘോഷിച്ചും ആചരിച്ചും വരുന്നു. വർഷത്തിൽ ബാക്കി എല്ലാ ദിവസവും തങ്ങൾ കഠിനാദ്ധ്വാനികളായി അവരവരുടെ ജോലികളിൽ സമയം ചിലവഴിക്കുന്നു എന്ന തൊഴിച്ചാൽ ഇന്ന്,  ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ഒരു ദിവസം കൊടിപിടിക്കാനും, വിനോദയാത്രകൾക്ക് പോകാനും ഒക്കെ സമയം കണ്ടെത്തുന്നത് അത്ര തെറ്റുള്ള കാര്യമല്ലെന്ന് പറയാം. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തങ്ങളുടെ തൊഴിലിന്റെ ഭാഗമായി ഇന്നും നേടിയെടുത്തിട്ടില്ലാത്ത അവകാശങ്ങൾക്കും, നീതിക്കും വേണ്ടി ഒരു വർഷത്തിലെ ഭൂരിഭാഗം ദിവസവും കൊടിപിടിച്ചും, ലീവെടുത്ത് വിദേശരാജ്യങ്ങളിൽ പോയി വ്യാപാരങ്ങൾ ചെയ്തും, അർദ്ധനാരീഭാവം പൂണ്ടുനിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശന്പളം കണക്കുതെറ്റാതെ ബത്തയടക്കം ചോദിച്ചു വാങ്ങുന്ന സർവ്വരാജ്യ തൊഴിലാളികൾക്ക് തൊഴിലിനോടുള്ള മാന്യത ഓരോ മാസവും ഓരോ ആവശ്യങ്ങൾക്കായി പിടിക്കുന്ന കൊടികളിൽ ഉയർന്നു കാണുന്നു എന്നതിൽ ലോക തൊഴിലാളിദിനം എന്തുകൊണ്ടും ആഘോഷിക്കേണ്ടതാണ് എന്ന് നമ്മോട് പറയുന്നു. ഞാനടക്കം വരുന്ന തൊഴിലാളികൾ - വർഷത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന തൊഴിലാളി ദിനമെങ്കിലും  പണിയെടുക്കാതെ മെയ് ദിന റാലിക്കും, വിനോദപരിപാടികൾക്കും, ചുമ്മാ വീട്ടിലിരിക്കുന്നതിനുമായി മാറ്റിവയ്ക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്.
                                                                   *********


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ